Thursday, April 17, 2008

ഗായികയ്ക്ക്‌ ഒരു കത്ത്‌

പ്രിയപ്പെട്ട ഗായിക വായിച്ചറിയുവാന്‍ ഒരു പാവം പ്രേക്ഷകന്‍ എഴുതുന്ന കത്ത്‌..

എന്തെന്നാല്‍... ഒരു ചിങ്ങമാസത്തില്‍ തന്നെ മലയാള പിന്നണി ഗാനാലാപനശാഖയിലേക്ക്‌ കടന്നു വന്ന ഗായികയാണ്‌ താങ്കള്‍. പിന്നീട്‌ സ്റ്റേജ്‌ ഷോകളിലെ ഒരു മുഖ്യ ആകര്‍ഷണമായി മാറി താങ്കളുടെ സാന്നിധ്യം. സ്റ്റേജില്‍ താങ്കളുള്‍പ്പടെയുള്ള യുവഗായിക നിര തുടങ്ങി വച്ച 'ആടിപ്പാടല്‍' കേരളമൊട്ടാകെ പ്രചുരപ്രചാരം നേടുകയും താങ്കള്‍ക്ക്‌ ഒട്ടേറെ ആരാധകരെ നേടിത്തരികയും ചെയ്തു എന്നത്‌ പരമമായ ഒരു സത്യം മാത്രമാണ്‌. ഇതില്‍ ഈ പാവം പ്രേക്ഷകന്‌ എന്തു കാര്യം എന്നു ചിന്തിക്കുന്നുണ്ടാകും. കാര്യമുണ്ട്‌...

പാടുന്നതിനൊപ്പം ആടുന്നത്‌ ഒരു കുറ്റമാണോ എന്ന ചോദ്യത്തെ മുന്‍നിര്‍ത്തി ഇന്ന്‌ മലയാളദേശത്തങ്ങോളമിങ്ങോളം, എന്തിന്‌ മറുനാടന്‍ മലയാളികള്‍ക്കിടയില്‍പോലും, ചൂടേറിയ വാഗ്വാദങ്ങള്‍ ഒട്ടനവധി നടന്നു വരുന്നതിനാല്‍, അതിലേക്ക്‌ കൂടുതല്‍ എരിവു പകരാനോ അഭിപ്രായം പറയുവാനോ അടിയന്‍ മുതിരുന്നില്ല. ഈ ജല്‍പനത്തിണ്റ്റെ മുഖ്യ കാരണം ഈയ്യിടെ വിഡ്ഡിപ്പെട്ടിയില്‍ കാണാനിടയായ താങ്കളുടെ ഒരു പാട്ടാണ്‌. പാട്ടിനെ ഇഷ്ടപ്പെടുന്ന പാവം മലയാളികള്‍ അറിഞ്ഞോ അറിയാതെയോ പാട്ടുമായ്‌ ബന്ധപ്പെട്ട എന്തെങ്കിലും കണ്ടാല്‍ ഉടനെ ശ്രദ്ധിക്കും.. അങ്ങിനെ ശ്രദ്ധിക്കാനിടയായതാണ്‌. അല്ലാതെ മന:പൂര്‍വ്വമല്ല... താങ്കള്‍ ക്ഷമിക്കുക.

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പുറത്തു വന്ന 'അഗ്നിനക്ഷത്രം' എന്ന തമിഴ്‌ ചിത്രത്തില്‍ ഇളയരാജ ഈണമിട്ട്‌ ചിത്ര പാടി അനസ്വരമാക്കിയ 'നിന്നുക്കോരീ വര്‍ണ്ണം' എന്ന ഗാനത്തിണ്റ്റെ ചിങ്ങമാസം പതിപ്പിനെ ക്കുറിച്ചാണ്‌ ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്യമിക്കുന്നത്‌. ഏതായാലും ഒരു കാര്യത്തില്‍ താങ്കളോട്‌ നന്ദി രേഖപ്പെടുത്തട്ടെ - ഈ ഗാനം ഇങ്ങനേയും ആലപിക്കാം എന്നത്‌ അടിയങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അറിവു തന്നെയാണ്‌. പിന്നെ ഭാഗ്യവശാല്‍ ഓര്‍ക്കെസ്റ്റ്രയുടെ ഗുണം കൊണ്ടും പല്ലവിയില്‍ ഒത്തു വന്ന തമിഴ്‌ വരികളുടെ സ്ഫുടത കൊണ്ടും മാത്രമാണ്‌ ഗാനമേതെന്ന്‌ തിരിച്ചറിയാന്‍ അടിയങ്ങള്‍ക്ക്‌ കഴിഞ്ഞത്‌.. അത്ര മാത്രം 'ഇമ്പ്രൊവസേഷന്‍' ഈ ഗാനത്തില്‍ കൊണ്ടു വരാന്‍ താങ്കള്‍ക്കു കഴിഞ്ഞതില്‍ പരമമായ അഭിനന്ദനം.

ഇനി വളരെ അനൌപചാരികമായ്‌ ഒന്നു ചോദിച്ചോട്ടെ - ഇതിലും ഭേദം ഈ പാട്ട്‌ സൃഷ്ടിച്ച വാലി-ഇളയരാജ-ചിത്ര എന്നിവരുടെ മുഖത്തേക്ക്‌ ഒരല്‍പം ചെളി വാരി എറിയുന്നതല്ലേ? അവരെ മാത്രമാക്കേണ്ട. വര്‍ഷങ്ങളായ്‌ ഈ ഗാനാങ്ങള്‍ മനസ്സില്‍ താലോലിക്കുന്ന അസംഖ്യം ഗാനാസ്വാദകരേയും ഉള്‍പ്പെടുത്താം.. വൃത്തികേടായ്‌ മാത്രമേ പാടൂ എന്ന വാശിയാണോ അതോ ഗാനം സൃഷ്ടിച്ചവരോടുള്ള പുച്ഛം കലര്‍ന്ന ധാര്‍ഷ്ട്യമാണോ അതല്ല ശരിക്കു പാടേണ്ടതെങ്ങിനെയാണെന്ന അറിവില്ലായ്മയാണോ താങ്കളുടെ പ്രകടനത്തിനു പിന്നിലെ ചേതോവികാരമെന്നത്‌ അടിയയനറിയില്ല. അറിയേണ്ട കാര്യവുമില്ല. എന്നാല്‍ പരിചിതമായ ഈണങ്ങള്‍ സ്റ്റേജില്‍ വികൃതമായി പുനരാവിഷ്കരിക്കപ്പെടുമ്പോള്‍ അതിനോട്‌ പ്രതികരിക്കാനുള്ള ബാധ്യത ഒരു ആസ്വാദകെണ്റ്റെ അവകാശമാണ്‌.

താങ്കളുടെ പ്രകടനത്തോടുള്ള രോഷം പുകയുന്നത്‌ ഈയൊരൊറ്റ ഗാനത്തിണ്റ്റെ പശ്ചാത്തലത്തില്‍ മാത്രമല്ല. തേനും വയമ്പും, വാന്‍മേഘം എന്നിങ്ങനെ ഒട്ടനവധി 'പ്രകടനങ്ങള്‍' താങ്കളുടേതായ്‌ സ്റ്റേജില്‍ അരങ്ങറിയപ്പോള്‍ മുതല്‍ അക്കമിട്ടു വച്ചതാണ്‌. പണ്ടുള്ളവര്‍ കഷ്ടപ്പേട്ട്‌, ബുദ്ധിമുട്ടി സൃഷ്ടിച്ചു വെച്ച ഗാനങ്ങള്‍ ഇന്ന്‌ ആര്‍ക്ക്‌ വേണമെങ്കിലും എടുത്ത്‌ എങ്ങിനെ വേണമെങ്കിലും അമ്മാനമാടാം എന്നാണോ? എങ്കില്‍ സമീപഭാവിയില്‍ തന്നെ മോക്ഷമു ഗലദ യും വാതാപിയും വെങ്കിടാചലനിലയവുമൊക്കെ ഇങ്ങനെ അന്‍പതു പേര്‍ നൃത്തം ചെയ്യുന്ന ഒരു സദസ്സില്‍ പുനരവതരിക്കുമോ? അല്ല, അവ കൂടെ ദര്‍ശിക്കുവാനുള്ള ഭാഗ്യം അടിയങ്ങള്‍ക്കു കിട്ടുമോ എന്നറിയാന്‍ വേണ്ടി ചോദിച്ചു പോയതാണ്‌.

ഈയ്യടുത്ത്‌ മലയാളികള്‍ കഥകള്‍ കണ്ട്‌ കരഞ്ഞു മടുത്തപ്പോള്‍ പാട്ടിണ്റ്റെ പേരില്‍ കരയാന്‍ അവസരമൊരുക്കിത്തന്ന ഒരു 'യഥാര്‍ഥ ഷോ' കാണാനിടയായി. താങ്കള്‍ ഒരു ഗായിക മാത്രമല്ല ഒരു ദാര്‍ശനിക കൂടിയാണെന്ന്‌ വളരെ വൈകിയാണ്‌ അടിയനറിവായത്‌. അതില്‍ പങ്കെടുത്ത്‌ കരയാന്‍ വന്ന ഒരു മത്സരാര്‍ഥിയോട്‌ താങ്കള്‍ ഉപദേശിച്ചു കൊടുത്ത കാര്യങ്ങള്‍ കേട്ടപ്പോള്‍ രോമാഞ്ചകഞ്ചുകിതനായി എന്നു മാത്രമേ ലളിതമായ്‌ പറയേണ്ടൂ.. അതായത്‌ അവാര്‍ഡുകളേക്കാള്‍ നിര്‍വൃതി തരുന്നത്‌ പാട്ടു കേട്ട്‌ കയ്യടിക്കുന്നവരുടെ കരഘോഷമാണെന്നുള്ള താങ്കളുടെ ഉല്‍ബോധനം വളരെ നന്നായി. ചുരുക്കിപ്പറഞ്ഞാല്‍ സംഗീതത്തെക്കുറിച്ച്‌ അല്‍പമെങ്കിലും വിവരമുള്ള ചിലര്‍ അഭിപ്രായം പറഞ്ഞ്‌ അങ്ങിനെ നല്‍കപ്പെടുന്ന അവാര്‍ഡുകളേക്കാള്‍(അവാര്‍ഡുകള്‍ കുറ്റമറ്റ സംവിധാനമല്ലെങ്കില്‍ക്കൂടി) തിളക്കമുള്ളതാണ്‌ വെറും നൈമിഷിക ആസ്വാദനത്തിനായ്‌ (എല്ലായ്പ്പോഴും എന്ന വിവക്ഷ ഇല്ല) ഒത്തു കൂടുന്ന ഒരു കൂട്ടം ജനാവലി മുഴക്കുന്ന കരഘോഷമെന്ന്‌. (അവാര്‍ഡുകള്‍ കിട്ടാത്തതു കൊണ്ടാണ്‌ താങ്കള്‍ അതു പറഞ്ഞതെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അതവരുടെ അസൂയ കൊണ്ടാണെന്നു കരുതിയാല്‍ മതി) കൊള്ളാം. പാടിത്തെളിഞ്ഞു വരുന്ന യുവതലമുറയ്ക്കു പകര്‍ന്ന്‌ നല്‍കാന്‍ പറ്റിയ സന്ദേശം. നാളെ റോക്കറ്റ്‌ സയന്‍സിനെ ക്കുറിച്ച്‌ പ്രബന്ധമെഴുതുന്നവന്‍ പ്രസ്തുത വിഷയത്തെക്കുറിച്ച്‌ അറിവുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക്‌ വില കല്‍പ്പിക്കുന്നതിനേക്കാള്‍ വഴിയിലൂടെ നടന്നു പോകുന്ന നാലു പേരെ വിളിച്ചു കൂട്ടി വായിച്ചു കേള്‍പ്പിച്ച്‌ അവരുടെ കയ്യടി നേടിയാല്‍ മതിയായിരിക്കും. ജീവിതം ധന്യമാകും. നേരെ ചൊവ്വേ പാടരുത്‌, വളഞ്ഞു പുളഞ്ഞു മാത്രമേ പാടാവൂ എന്ന ധ്വനി താങ്കളുടെ അഭിപ്രായങ്ങള്‍ക്ക്‌ മാറ്റു കൂട്ടുന്നു. ഗംഭീരം.

അതിലും ഗംഭീരമായത്‌ ഒരു പ്രമുഖ പത്രത്തിനു നല്‍കിയ അഭിമുഖമാണ്‌. വിമര്‍ശകര്‍ പാടിക്കൊണ്ട്‌ നൃത്തം ചെയ്തു നോക്കട്ടെ, അപ്പോളറിയാം അതിണ്റ്റെ ബുദ്ധിമുട്ടെന്ന്‌ വിമര്‍ശകവൃന്ദത്തിണ്റ്റെ മുഖം നോക്കി വിളിച്ചു പറയാന്‍ എത്ര പേര്‍ ധൈര്യം കാണിച്ചിട്ടുണ്ട്‌? അതായത്‌ എന്നെ തല്ലണ്ടമ്മാവാ..ഈ ജന്‍മത്ത്‌ ഞാന്‍ നന്നാകാന്‍ പോകുന്നില്ല എന്നത്‌ തന്നെ. വളര്‍ച്ചയുടെ ചവിട്ടുപടികളിലൊന്നാണ്‌ വിമര്‍ശനമെന്നത്‌ താങ്കള്‍ക്ക്‌ ഒരു പക്ഷെ അറിയില്ലായിരിക്കും.

നൃത്തം ചെയ്തു കൊണ്ടു മാത്രമേ പാടൂ എന്ന വാശി നല്ലതു തന്നെയാണ്‌ - ചിങ്ങമാസം, ധൂം മചാലേ ധൂം, കറുപ്പിനഴക്‌ എന്നിങ്ങനെയുള്ള ഗാനങ്ങള്‍ ആലപിക്കുമ്പോള്‍. അത്തരം ഗാനങ്ങള്‍ നിങ്ങള്‍ സ്വേച്ഛ പോലെ ആലപിച്ചു കൊള്‍ക. ചോദിക്കാനും പറയാനുമൊന്നും ആരും വരില്ല. രവീന്ദ്രനേയും ഇളയരാജയേയുമൊക്കെ വെറുതേ വിടുക. ഇതൊരപേക്ഷയാണ്‌. ചിത്രയേയും സുജാതയേയും പോലൊന്നും പാടിയില്ലെങ്കിലും ഒരു ഗാനത്തോട്‌ കാണിക്കാവുന്ന ഏറ്റവും കുറഞ്ഞ ആദരവെങ്കിലും കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതു സ്ഥലങ്ങളില്‍ അവ പാടാതിരിക്കുക. അതാണ്‌ നിങ്ങള്‍ക്ക്‌ നിങ്ങളുടെ ബഹുമാന്യരായ സംഗീതഗുരുക്കള്‍ക്കു നല്‍കാവുന്ന ഏറ്റവും വില കൂടിയ ആദരവും സമ്മാനവും.

ഈ കത്ത്‌ താങ്കള്‍ വായിക്കുമെന്ന പ്രതീക്ഷയൊന്നും ഈയുള്ളവന്‍ വച്ചു പുലര്‍ത്തുന്നില്ല. എങ്കിലും ഒരു ആസ്വാദകന്‍ എന്ന നിലയ്ക്ക്‌ പ്രതികരിക്കേണ്ടത്‌ അടിയണ്റ്റെ കടമയാണ്‌. ബാധ്യതയും.

എന്ന്‌ വിധേയന്‍,പാവം ഗാനാസ്വാദകന്‍.

9 Comments:

Blogger അനില്‍ശ്രീ... said...

ഈ പറഞ്ഞതിനെല്ലാം കൂടി ഒരു കയ്യടി ...

Thursday, April 17, 2008 4:40:00 PM  
Blogger Rafeeq said...

എന്റെയും ഒരു കയ്യടി.. എന്റെ കയ്യില്‍ അവാര്‍ഡൊന്നുമില്ലേ.. :( അതു കൊണ്ടാ... :(

Thursday, April 17, 2008 5:30:00 PM  
Blogger ~nu~ said...

ഞാനും എങ്ങിനെ പ്രതികരിക്കാതിരിക്കുന്നതെങ്ങിനെ... ഒരു കൂട്ട കയ്യടി അങ്ങു വെച്ചോ... പാട്ടുകാരായാല്‍ എന്തുമാവാമെന്നണോ?

Thursday, April 17, 2008 5:56:00 PM  
Blogger പ്രിയ said...

ഹിറ്റ് എഫ് എമ്മില് ( എന്ന് പറഞ്ഞാ ദുബായിലെ ഒരു റേഡിയോ ചാനല് ആണേ ) ഒരിക്കല് കെ എസ് ചിത്രയുടെ ഒരു അഭിമുഖം കേള്ക്കാന് ഇടയായി. അതില് അവരോട് റിയാലിറ്റി ഷോകളെ കുറിച്ചു ചോദിച്ചപ്പോള് പറഞ്ഞിരുന്നു "കുഞ്ഞുങ്ങളെ ഇങ്ങനെ ഡാന്സ് ചെയ്യിപ്പിച്ച് പാട്ട് പാടിച്ചാല് ആ കുട്ടികളുടെ ശബ്ദത്തിനെ അതൊത്തിരി ബാധിച്ചേക്കാം" എന്ന്.

കഴിഞ്ഞൊരു ദിവസം ജീവന് ടീ വിയുടെ റിയാലിറ്റി ഷോയില് കെ എസ് ചിത്രയെ ജഡ്ജ് ആയി കണ്ടു. തുടക്കം മാത്രം ആയതിനാല് ആണോ എന്നറിയില്ല അതില് ഒരിടത്ത് നിന്നു തന്നെയാ പാടുന്നത് കണ്ടത്. അങ്ങനെ തന്നെ ആയിരിക്കുമോ എന്നും? അതോ ചിത്രചേച്ചിയും പറഞ്ഞതു മറന്നു റിയാലിറ്റി ആക്കുമോ?

( അത് കണ്ട അന്നേ എന്റെ മനസില് ഈ സംശയം ഉള്ളതാ. കാത്തിരുന്നു കാണാം / കാണണം എന്നോര്ക്കുന്നു. ഈ പോസ്റ്റ് കണ്ടപ്പോള് പറഞ്ഞു എന്ന് മാത്രം )

Thursday, April 17, 2008 6:27:00 PM  
Blogger ഹരീഷ് തൊടുപുഴ said...

കൊള്ളാം കെട്ടൊ!! നന്നായി......

Thursday, April 17, 2008 10:08:00 PM  
Blogger അനാമിക said...

valare nalla post. Ee gayikayodu enikkum palappozhum thonniyitulla vikaramanu thankal paranjathu. Ivarude progam vannal njan TV off cheyyukayanu pathivu.

Well done!!

Friday, April 18, 2008 12:38:00 PM  
Anonymous Anonymous said...

theerchayayum thankalude prathikaranam sarithanneyanu..
abhinandanangal.......

Saturday, April 19, 2008 11:53:00 AM  
Blogger നിലാവര്‍ നിസ said...

പലതവണ മനസ്സില്‍ വന്ന ഒരു സംഗതി... അതിനെ ഇത്ര ഭംഗിയായി പറഞ്ഞതു നന്നായി.. സംഗീതം ഭൂവില്‍ നരക ജീവിതം എന്നൊക്കെ പറഞ്ഞു പോകലാണ് ഇത്തരം കൂത്തുകള്‍ കാണുമ്പോള്‍..

Saturday, April 19, 2008 12:47:00 PM  
Blogger കണ്ണൂസ്‌ said...

ഈയടുത്ത കാലത്ത് ഞാന്‍ ഒരു സിനിമാ ഗാനം കേട്ട് കുറേനേരം ചിരിച്ചിട്ടുള്ളത് പുരുഷ ശബ്ദത്തില്‍ "കുട്ടിത്തേവാങ്കേ, കോലം കെട്ടിത്തുള്ളാതെ" എന്ന വരി കേട്ടിട്ടാണ്‌. ആ പാട്ടിലെ സ്ത്രീശബ്ദം ആരുടെയാണെന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരി നിര്‍ത്താന്‍ പറ്റുന്നില്ല.

Monday, April 21, 2008 3:16:00 PM  

Post a Comment

Subscribe to Post Comments [Atom]

<< Home