Tuesday, September 11, 2007

മോഹന്‍ലാല്‍ - പുനര്‍ചിന്തനത്തിലെ സാംഗത്യം

സിനിമാശാലകളിലെ നിലയ്ക്കാത്ത ആരവങ്ങള്‍ക്കും ആര്‍പ്പു വിളികള്‍ക്കും മദ്ധ്യേ തിരശ്ശീലയില്‍ മിന്നിമായു നടനഇതിഹാസം. മലയാളസിനിമയുടെ ആസ്വാദനശീലങ്ങള്‍ക്കും അഭിനയസങ്കേതങ്ങള്‍ക്കും നവീനഭാഷ്യങ്ങള്‍ ചമച്ച അഭിനയവിസ്മയം. വര്‍ണ്ണനകള്‍ക്കും വേഷവൈവിധ്യങ്ങള്‍ക്കും അതീതനായ മോഹന്‍ലാല്‍ എന്ന മഹാനടന്‍ മലയാളത്തിന്റെ കളിയരങ്ങില്‍ അരങ്ങേറിയിട്ട്‌ വര്‍ഷമേറെയായി. മറക്കാനാകാത്ത ഒട്ടനവധി അഭിനയമുഹൂര്‍ത്തങ്ങള്‍ മലയാളസിനിമയ്ക്കു നല്‍കിയ ഈ നടന്‌ ഇന്നത്തെ മലയാളസിനിമ തിരികെ നല്‍കുത്‌ എന്താണ്‌? ആശയദാരിദ്യ്രത്തിന്റെ ചുഴിയില്‍പ്പെട്ടുലയുന്ന തിരക്കഥാകൃത്തുക്കളും സംവിധായകരും ശ്രദ്ധ പതിപ്പിക്കേണ്ട ഒരു വിഷയമാണിത്‌. ഇല്ലെങ്കില്‍ ഒരു പക്ഷേ ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെട്ട നടന്‍മാരുടെ കൂട്ടത്തില്‍ നാം മോഹന്‍ലാലിനെ പ്രതിഷ്ഠിക്കുന്ന കാലം വിദൂരമല്ല.

ഒരു സുപ്രഭാതത്തില്‍ ഉദിച്ചുയര്‍ന്ന താരമല്ല മോഹന്‍ലാല്‍. എണ്‍പതുകളിലെ ആദ്യപകുതിയില്‍ വില്ലനായും സഹനടനായുമൊക്കെ ഏറെ അഭിനയിച്ചതിനു ശേഷമാണ്‌ ലാല്‍ മലയാളത്തിന്റെ ഓന്നാം കിട നടനായി മാറുന്നത്‌. ഹരിഹരന്‍, പത്മരാജന്‍, സത്യന്‍ അന്തിക്കാട്‌, പ്രിയദര്‍ശന്‍ എന്നീ സംവിധായകര്‍ വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ ലാല്‍ എന്ന നടനെ വാര്‍ത്തെടുക്കുകയായിരുന്നു. ഇവരുടെയൊക്കെ കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കൊപ്പം തന്നെയൊണ്‌ ലാലിന്റെ താരമൂല്യം വര്‍ധിപ്പിച്ച 'രാജാവിന്റെ മകന്‍' പോലുള്ള ചിത്രങ്ങളും പുറത്തിറങ്ങിയത്‌. 86-93 കാലഘട്ടം മലയാളസിനിമയുടെ എന്ന പോലെത്തെ ലാലിന്റെയും മികച്ച വര്‍ഷങ്ങളായിരുന്നു. കിരീടത്തിലെ സേതുമാധവന്‍, നാടോടിക്കാറ്റിലെ ദാസന്‍, തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍, ഭരതത്തിലെ കല്ലൂറ്‍ രാമനാഥന്‍, കിലുക്കത്തിലെ ജോജി - വൈവിധ്യമാര്‍ന്ന വേഷങ്ങളായിരുന്നു ലാലിനെത്തേടിയെത്തിയിരുത്‌.

നിമിഷനേരത്തിന്റെ ഞൊടിയിടയില്‍പ്പോലും സൂക്ഷ്മമായ ഭാവപ്പകര്‍ച്ചകള്‍ വിരിയിച്ചെടുക്കാന്‍ കഴിവുള്ള അപൂര്‍വ്വം നടന്‍മാരില്‍ ഒരാളാണു ലാല്‍. മിതത്വത്തിന്റെ ഭാഷയിലൂടെ വികാരവിക്ഷോഭങ്ങളെ നിയന്ത്രിച്ച്‌ വല്ലാത്തൊരു അസ്വസ്ഥതയാണ്‌ തന്റെ ശോകാഭിനയത്തിലൂടെ ലാല്‍ പ്രേക്ഷകര്‍ക്ക്‌ പകര്‍ന്നു നല്‍കാറ്‌. ഇത്ര വിദഗ്ദ്ധമായി 'അണ്ടര്‍ പ്ളേ' ചെയ്യു മറ്റൊരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ പോലും ഇല്ല തന്നെ. 'ലാല്‍ സലാം' എന്ന ചിത്രത്തിലെ അവസാന രംഗത്തില്‍ മുരളിയുടെ മരണത്തോട്‌ ഒരിറ്റു കണ്ണീരും ഒരു കണ്‍ചിമ്മലും കൊണ്ടു മാത്രം പ്രതികരിച്ച്‌ പിന്‍വാങ്ങു നെട്ടൂരാന്‍ എന്ന കഥാപാത്രം ഈ രീതിയ്ക്ക്‌ ഏറ്റവും നല്ല ദൃഷ്ടാന്തമാണ്‌. പ്രേക്ഷകന്റെ വേദനകള്‍ കൂടിയേറ്റേടുത്ത്‌ അവയുടെ വൈകാരികതയെ തന്റെ അഭിനയം കൊണ്ടു വെള്ളിത്തിരയില്‍ അനുഭവവേദ്യമാക്കു രീതിയാണ്‌ കമലഹാസന്റേതെങ്കില്‍ (മൂന്നാം പിറ, രാജപാര്‍വൈ ഉദാ:) നേരെ മറിച്ചാണ്‌ ലാലിന്റെ രീതി. അതു കൊണ്ടു തന്നെ ഒരു അഭിനയം എന്ന ഫീല്‍ ലാലിന്റെ പ്രകടനങ്ങളില്‍ പലപ്പോഴും കാണാറില്ല. ഹാസ്യമാകട്ടെ, ശോകമാകട്ടെ, വീരമാകട്ടെ മിതത്വം കലര്‍ത്തിയ സ്വാഭാവികതയാണ്‌ ലാലിന്റെ ശക്തിയും ദൌര്‍ബല്യവുമെല്ലാം. അതു കൊണ്ടു തന്നെ പല രംഗങ്ങളിലും ആദ്യ ടേക്കില്‍ കിട്ടുന്ന പൂര്‍ണ്ണത പിന്നീടെടുക്കുമ്പോള്‍ കുറഞ്ഞു പോകുന്നതായ്‌ സംവിധായകര്‍ അഭിപ്രായപ്പെടാറുണ്ട്‌. ഈ പൂര്‍ണ്ണതയില്‍ ആശ്ചര്യഭരിതരായി 'കട്ട്‌' പറയാന്‍ മറന്ന സംവിധായകരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ സിനിമയുടെ 'ഷോ മാന്‍ ഡയറക്ടര്‍' മണിരത്നവും പെടും.

ഏതു തരം വേഷവും കൈകാര്യം ചെയ്യാനുള്ള വൈവിധ്യമാണ്‌ ലാലിനെ അപൂര്‍വ്വമായൊരു പ്രതിഭയാക്കുത്‌. ഹാസ്യം(കിലുക്കം, ചിത്രം), ശോകം (ഭരതം), വീരം (സ്ഫടികം, ആറാം തമ്പുരാന്‍), പ്രണയം (നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍) എിങ്ങനെ ഒട്ടനവധിയുണ്ട്‌ ഉദാഹരണങ്ങള്‍. ഒരു രണ്ടാം കിട-മൂന്നാം കിട ചിത്രമായാല്‍പ്പോലും അസാധാരണമായ മെയ്‌വഴക്കവും സ്വാഭാവികതയും ചടുലതയും കൊണ്ട്‌ അവയെ സ്മരണീയമായ അഭിനയമുഹൂര്‍ത്തങ്ങളാക്കി മാറ്റാന്‍ ലാലിനു കഴിഞ്ഞിട്ടുണ്ട്‌. 'അധിപന്‍', 'നമ്പര്‍ ൨൦ മദ്രാസ്‌ മെയില്‍', 'താളവട്ടം' എന്നീ ചിത്രങ്ങളിലെ രംഗങ്ങള്‍ ഇവയ്ക്ക്‌ സാക്ഷ്യം. മലയാള സിനിമ ഒരു കാലത്ത്‌ വളരെയധികം പ്രയോജനപ്പെടുത്തിയ ഈ സിദ്ധിയാണ്‌ ഇന്ന്‌ ദുരുപയോഗം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്‌.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുഴങ്ങിക്കേള്‍ക്കുന്ന ഒരു ചോദ്യമാണ്‌ പഴയ ലാലിനെന്തു പറ്റി എന്നത്‌. ഒരിടക്കാലത്ത്‌ ലാല്‍ ചിത്രങ്ങളെ പ്രേക്ഷകര്‍ കൈവിട്ടപ്പോള്‍ ഈയൊരു അവകാശവാദവുമായി ഒട്ടേറെ ചിത്രങ്ങള്‍ പുറത്തു വരികയുണ്ടായി. ലാലിന്റെ 'സ്ക്രീന്‍ പ്രസന്‍സ്‌' ചൂഷണം ചെയ്യുക എന്ന ഒരൊറ്റ ദുരുദ്ദേശ്യത്തോടെ തട്ടിക്കൂട്ടിയിറക്കിയ 'താണ്ഡവം' തുടങ്ങിയ ചിത്രങ്ങളാണ്‌ ലാലിനെ ഈയ്യൊരു ഗതികേടില്‍ കൊണ്ടെത്തിച്ചത്‌ എന്ന്‌ പറയാതെ വയ്യ. കഴമ്പുള്ള കഥയോ അഭിനയമുഹൂര്‍ത്തങ്ങളോ ഒന്നും തന്നെ ഇല്ലാതെ നാഴികകള്‍ നീളമുള്ള നെടുങ്കന്‍ സംഭാഷണങ്ങള്‍ കുത്തി നിറച്ച ഇത്തരം ചിത്രങ്ങള്‍ കൊണ്ട്‌ മലയാള സിനിമ എന്തു നേടി? ഇത്തരം പരാജയങ്ങള്‍ തുടര്‍ക്കഥയാകന്‍ തുടങ്ങിയപ്പോളാണ്‌ ലാല്‍ എന്ന ഹാസ്യനടന്റെ പുനരാവിഷ്കാരം എന്ന അവകാശവുമായി തുളസീദാസിന്റെ 'മിസ്റ്റര്‍ ബ്രഹ്മചാരി', സോനു ശിശുപാലിന്റെ 'വാമനപുരം ബസ്‌ റൂട്ട്‌' എീ ചിത്രങ്ങള്‍ തിയ്യേറ്ററുകളിലെത്തിയത്‌. അവയ്ക്ക്‌ എന്തു സംഭവിച്ചു എന്നു പോലും ഇന്ന്‌ പ്രേക്ഷകര്‍ ഓര്‍ക്കുന്നില്ല.

ഇവിടെ പ്രസക്തമായൊരു ചോദ്യമുണ്ട്‌. പഴയ ലാലിനെ തിരികെ കൊണ്ടു വരണമെന്ന്‌ ആര്‍ക്കാണ്‌ ഇത്ര വാശി? പഴയ കാല ചിത്രങ്ങളുമായൊരു താരതമ്യമാണ്‌ ഈ ആവശ്യത്തിനു പുറകിലെങ്കില്‍ അവ ചാനലുകളില്‍ വീണ്ടും വീണ്ടും കാണുമ്പോള്‍ പ്രേക്ഷകന്‍ സ്വയം ചോദിക്കുകയാണ്‌ - എന്തിനൊരു പുനരാവിഷ്കരണം? അന്നത്തെ നല്ല കഥാപാത്രങ്ങളും നല്ല സിനിമകളും ഒട്ടേറെ പ്രതിഭാധനരുടെ ശ്രമഫലമാണ്‌. ഇന്ന്‌ അത്തരമൊരു സ്ഥിതിവിശേഷമല്ല മലയാള സിനിമയിലുള്ളത്‌. കഥയുടേയും തിരക്കഥയുടേയും സംവിധാനത്തിന്റേയും പോരായ്മകള്‍ മോഹന്‍ലാല്‍ എന്ന നടനിലൂടെ മറച്ചു വയ്ക്കാനാണ്‌ സിനിമാപ്രവര്‍ത്തകര്‍ ഇന്നു ശ്രമിക്കുത്‌. ശരാശരി നിലവാരം പോലുമില്ലാത്ത പല ചിത്രങ്ങളും ഇറക്കിയ കാശെങ്കിലും തിരിച്ചു പിടിക്കുത്‌ ഈ നടന്റെ ബലത്തില്‍ മാത്രമാണ്‌. ഇത്തരം ഉദ്യമങ്ങള്‍ പലപ്പോഴും ഏച്ചു കെട്ടിയാതു പോലെ മുഴച്ചു നില്‍ക്കാറുമുണ്ട്‌ (ഉടയോന്‍ എ ദുരന്തം മറക്കാറായിട്ടില്ല). കഴിഞ്ഞ ഒരു വര്‍ഷക്കാലം കൊണ്ട്‌ വന്നു പോയ ചിത്രങ്ങള്‍, 'തന്‍മാത്ര' ഒഴിച്ചു നിര്‍ത്തിയാല്‍, ലാല്‍ എന്ന നടന്‌ എത്ര മാത്രം ഗുണം (സാമ്പത്തികമൊഴികെ) ചെയ്തു? നൂറു ദിവസങ്ങള്‍ തിയ്യേറ്ററുകളില്‍ നിറഞ്ഞോടിയ 'രസതന്ത്രം', 'വടക്കുാഥന്‍' എന്നിവ നല്‍കു ചില സന്ദേശങ്ങള്‍ കണ്ടില്ലെന്നു നടിച്ചു കൂടാ - നിലവാരം താഴേക്കു പതിക്കുമ്പോഴും കിട്ടുന്നതു കൊണ്ടു തൃപ്തരാകാന്‍ പ്രേക്ഷകര്‍ ശീലിച്ചു തുടങ്ങുകയാണ്‌.

ഇവിടെയാണ്‌ 'ഉദയനാണു താരം' എന്ന ചിത്രം വ്യത്യസ്തമാകുത്‌. പോയ രണ്ട്‌ വര്‍ഷങ്ങളില്‍ മോഹന്‍ലാലിന്റെ ഏറ്റവും മികച്ച പ്രകടനം ഈ ചിത്രത്തിലായിരുന്നു. നാനാ വിധ കാരണങ്ങളാലാണ്‌ ഈ ചിത്രം പബ്ളിസിറ്റി നേടിയതെങ്കിലും പ്രസ്തുത ചിത്രത്തിലെ ലാലിന്റെ പരിപൂര്‍ണ്ണമായ പ്രകടനം അത്ര കണ്ട്‌ ശ്രദ്ധിക്കപ്പെടാതെ പോയോ എൊരു സംശയം. ഉദയഭാനു എ കഥാപാത്രത്തെ വാര്‍ത്തെടുത്ത റോഷന്‍ ആന്‍ഡ്രൂസും ശ്രീനിവാസനും അതിന്റെ ക്രെഡിറ്റ്‌ അവകാശപ്പെടാം. ഒരു സിനിമ നാന്നാകണമെങ്കില്‍ അതിന്റെ എല്ലാ ഘടകങ്ങളും നാന്നാകണമെന്ന്‌ ഈ ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്നത്‌ ബധിരകര്‍ണ്ണങ്ങളിലാണോ പതിച്ചത്‌? കഥാപാത്രത്തിനു വേണ്ടിയാണ്‌ നടനെ തെരഞ്ഞെടുക്കേണ്ടത്‌. മറിച്ചാകരുത്‌.

ഒരു 'ചിത്രം', 'നാടോടിക്കാറ്റ്‌' എിവയൊന്നും ഇനി തിരികെ വരാന്‍ പോകുന്നില്ല. ഈ യാഥാര്‍ത്യത്തോട്‌ താദാത്മ്യം പ്രാപിക്കുകയാണ്‌ ചലച്ചിത്രപ്രവര്‍ത്തകരും പ്രേക്ഷകരും ആദ്യം ചെയ്യേണ്ടത്‌. ലാല്‍ എന്ന നടന്‍ അഭിനയത്തിന്റെ പാതയിലൂടെ ഏറെ സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. ആരംഭകാലത്തെ മെയ്‌വഴക്കവും കൃത്യതയും അദ്ദേഹത്തിന്‌ കൈമോശം വന്നിട്ടുണ്ട്‌. ഇത്‌ മോഹന്‍ലാല്‍ എന്ന നടന്റെ മാത്രം കാര്യമല്ല. ഒരു 'സകലകലാവല്ലവനും' 'അപൂര്‍വ്വ സഹോദരര്‍കളു' മൊന്നും പുന:സൃഷ്ടിക്കാന്‍ ഇനി കമലഹാസനും കഴിയില്ല. ഒരു 'പ്രമദവനം' അതേ കൃത്യതയോടും സൂക്ഷ്മതയോടും വൈകാരികതയോടും കൂടി ആലപിക്കുവാന്‍ യേശുദാസിനും കഴിയില്ല. ഓരോ കലാകാരനേയും സംബന്ധിച്ചിടത്തോളം ഒരു 'പീക്‌ ക്രിയറ്റിവിറ്റി പിര്യേഡ്‌' ഉണ്ട്‌. അത്‌ കടന്നു വന്നിരിക്കു ഒരു നടനാണ്‌ മോഹന്‍ലാല്‍. തന്റെ പൂര്‍വ്വകാലപ്രകടനങ്ങളോടും കഥാപാത്രങ്ങളോടും നീതി പുലര്‍ത്തുന്ന തരത്തിലുള്ള വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്‌. ഇത്തരം ശ്രമങ്ങള്‍ അദ്ദേഹം നടത്തുന്നേയില്ല എന്നു പറയാന്‍ കഴിയില്ലെങ്കിലും ('പരദേശി','ആകാശഗോപുരം' എന്നീ ചിത്രങ്ങളെക്കുറിച്ചു കേള്‍ക്കുന്നു) ഒരു 'അലിഭായി', 'ഹലോ' എന്നിവ ചെയ്യുന്നതിനു മുന്‍പ്‌ അദ്ദേഹം രണ്ടാവര്‍ത്തി ചിന്തിക്കേണ്ടിയിരിക്കുന്നു. 'ഹലോ' എന്ന ചിത്രം കണ്ടപ്പോള്‍ മോഹന്‍ലാലിനോട്‌ സഹതാപമാണ്‌ തോന്നിയത്‌ - തന്റെ അഭിനയമികവ്‌ എവിടെ പ്രകടമാക്കണമെന്ന്‌ നിശ്ചയമില്ലാതെ ഉഴറുന്ന ഒരു നടന്‍.

മോശം കഥാപാത്രങ്ങളുടേയും ചിത്രങ്ങളുടേയും വെളിച്ചത്തിലാണെങ്കില്‍ പോലും മോഹന്‍ലാല്‍ കമ്മേര്‍സ്യല്‍ സിനിമയില്‍ വിട്ടു നില്‍ക്കണമെന്ന്‌ മലയാള സിനിമ ആഗ്രഹിക്കുന്നില്ല. അതു പ്രതിസന്ധികളില്‍പ്പെട്ടുഴലുന്ന മലയാള സിനിമയെ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക്‌ തള്ളി വിടുകയേ ഉള്ളൂ. അത്തരം ചിത്രങ്ങളുടെ എണ്ണം കുറയ്ക്കുകയും മോഹന്‍ലാല്‍ എന്ന നടന്റെ കഴിവുകള്‍ ഒപ്പിയെടുക്കാന്‍ കഴിവുള്ള കഥകളും തിരക്കഥകളും തെരഞ്ഞെടുക്കുകയുമാണ്‌ അദ്ദേഹം ചെയ്യേണ്ടത്‌. കമലഹാസന്‍ ഇവിടെ ലാലിനൊരു മാതൃകയകേണ്ടതാണ്‌. ഒരു കമ്മേര്‍സ്യല്‍ ചിത്രമായാലും കലാമൂല്യമുള്ള ചിത്രമായാലും വ്യത്യസ്തതയ്ക്കും പൂര്‍ണ്ണതയ്ക്കും പുതുമയ്ക്കുമുള്ള അടങ്ങാത്ത അഭിനിവേശമാണ്‌ അദ്ദേഹത്തിന്റെ ഒരോ ചിത്രവും. 'മുംബായ്‌ എക്സ്പ്രസ്സ്‌', 'വേട്ടയാട്‌ വിളയാട്‌' വരാന്‍ പോകു 'ദശാവതാരം' എന്നിവ ഒിനൊന്നു വ്യത്യസ്തമായ ചിത്രങ്ങളാണ്‌. സംവിധായകന്‍, നിര്‍മ്മാതാവ്‌, അഭിനേതാവ്‌ എിങ്ങനെ ഒരു ബഹുമുഖപ്രതിഭയായ കമലഹാസനുമായൊരു താരതമ്യം അനുചിതമാണെങ്കിലും അദ്ദേഹത്തിന്റെ മേല്‍പ്പറഞ്ഞ സംരഭങ്ങള്‍ ലാലിനു മാതൃകയാക്കാവുന്നതാണ്‌.

ഇന്നത്തെ സംവിധായകരോടും പ്രേക്ഷകരോടും ഫാന്‍സ്‌ അസോസിയേഷനുകളോടും ഉള്ള ഒരു അഭ്യര്‍ഥന - ഒരു 'സൂപ്പര്‍ താരം' എന്ന ഇമജില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടനെ നിങ്ങള്‍ തളച്ചിടാതിരിക്കുക. അദ്ദേഹത്തിന്റെ നല്ല ചിത്രങ്ങളത്രയും ഈയൊരു ഇമേജ്‌ ഇല്ലാതിരുന്ന കാലത്താണ്‌ പുറത്തിറങ്ങിയിരുന്നതെന്ന സത്യം മറക്കരുത്‌. 'അലിഭായ്‌' ഒരു മഹാസംഭവമാക്കി മാറ്റാന്‍ അതിന്റെ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതായറിഞ്ഞു. മലയാളസിനിമയുടെ രജനീകാന്തായി മോഹന്‍ലാലിനെ മാറ്റാതിരുന്നാല്‍ നന്ന്‌. ആ നടനില്‍ നിന്നും മലയാള സിനിമയും പ്രേക്ഷകരും ഇനിയും ഒരു പാടു പ്രതീക്ഷിക്കുന്നു.

6 Comments:

Blogger myexperimentsandme said...

നല്ല ലേഖനം. അദ്ദേഹത്തെ ഒന്ന് അഭിനയിക്കാന്‍ അനുവദിക്കുകയാണ് സംവിധായകരും പങ്കകളും അത്യാവശ്യമായി ചെയ്യേണ്ടത്. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പല സിനിമകളും കാണുമ്പോള്‍ അഭിനയിക്കാന്‍ അദ്ദേഹം മറന്നുപോകുന്നോ എന്ന് പോലും തോന്നിപ്പോകുന്നു. ഉജ്ജ്വലമായ അഭിനയമുഹൂര്‍ത്തങ്ങള്‍ ഇനിയും കാഴ്ചവെയ്ക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ.

Wednesday, September 12, 2007 3:49:00 AM  
Blogger കുട്ടന്‍സ്‌ | S.i.j.i.t.h said...

നിഖില്‍, വളരെ നന്നായിട്ടുണ്ട്..

മോഹന്‍ലാല്‍ എന്ന മഹാ നടന്റെ ജന്മസിദ്ധമായ അഭിനയശേഷി പൂര്‍ണ്ണമായും ചൂഷണം ചെയ്യുന്ന ചിത്രങ്ങള്‍ എത്രകണ്ട് ഇനി പുറത്തിറങ്ങും എന്ന് കണ്ടറിയണം..
പ്രതിഭാധനരായ തിരക്കഥാകൃത്തുക്കളുടെയും,സംവിധായകരുടേയും അഭാവം തന്നെയായിരിക്കാം അതിനുള്ള മൂലകാരണം..
ചവറു സിനിമകള്‍ മാത്രം എടുത്തിട്ടുള്ള ഷാജി കൈലാസ്,തുളസീദാസ് തുടങ്ങിയ സംവിധായകരുടെ(അങ്ങിനെ വിളിക്കാമോ എന്തോ..) ചിത്രങ്ങളില്‍ അഭിനയിക്കില്ല എന്നു തീരുമാനിച്ചാല്‍ തന്നെ ലാല്‍ രക്ഷപ്പെടും..

നല്ല എഴുത്തുകാര്‍ വരട്ടെ..നല്ല സിനിമകള്‍ പിറക്കട്ടെ..
മൂല്യമില്ലാത്ത ഒരു സിനിമയും വിജയിക്കില്ല..വിജയിക്കരുത്..

Wednesday, September 12, 2007 9:48:00 AM  
Blogger ശ്രീഹരി::Sreehari said...

very nice article.... good presentation

Wednesday, September 12, 2007 10:38:00 AM  
Blogger എതിരന്‍ കതിരവന്‍ said...

നൊഖില്‍:
വളരെ നല്ല അവലോകനം.
സംവിധായക-നിര്‍മ്മാതാവ്-ഡിസ്റ്റ്രിബ്യൂടര്‍-കൂട്ടുകെട്ടിലാണ്‍ മോഹന്‍ലാല്‍ കഴിഞ്ഞ കുറെ കൊല്ലങ്ങളിലായി നിലനില്‍ക്കാന്‍ ശ്രമിക്കുന്നത്. പിന്നെ ഫാന്‍സ് ക്ലബ്ബിലും. എന്തു ചെയ്താലും ആരാധകവൃന്ദം പുറകെ ഉണ്ടായിരിക്കുമെന്ന വിശ്വാസം മലയാള സിനിമയെ ത്തന്നെ ബാധിച്ചു. തന്റെ ദേഹ വലിപ്പം ആരും കാണുന്നില്ലെന്നും അത് പാത്രസൃഷ്ടിക്കു വിഘാതമാകുന്നെന്നും അദ്ദേഹം വിശ്വസിക്കുന്നില്ല. കഷ്ടപ്പെടുന്ന ഒരു ആവറേജ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്റെ ശരീരമല്ല അദ്ദേഹത്തിനുള്ളതെന്ന് ബ്ലെസ്സിയും അദ്ദേഹവും മറന്നു പോയത് ഉദാഹരണമാണ്. ലോകസിനിമ ഇപ്പോള്‍ എല്ലാവരുടേയും കണ്മുന്‍പിലാണ്, സാങ്കേതികതയുടെ പ്രചാരം മൂലം. പോപുലാരിറ്റിയ്ക്കു ഒട്ടു കാരണമായ പ്രത്യേക മാനെറിസം വിട്ടുകളയാന്‍ തയാറാകുന്നുമില്ല. ഇദ്ദേഹത്തിന്റെ കാലശേഷം ഏറ്റവും ആക്ഷേപിക്കപ്പെടുന്ന ഒരു നടനാകാന്‍ സാ‍ാധ്യതയുണ്ട്. (പ്രേം നസീറിന്റെ വലിയ വിഗും ജയന്റെ മാനെരിസങ്ങളും ബെല്‍ബോട്ടവും കളിയാക്കപ്പെടുന്നപോലെ) ഇപ്പോള്‍ തന്നെ നൃത്തം ചെയ്യുന്നതിലെ ആഭാസത്തെപ്പറ്റി ചെറു തലമുറ കളിയാക്കിത്തുടങ്ങിയുട്ടുണ്ട്. അലിഭായിലെ നൃത്തരംഗം കാണുക.
മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് കരുത്തുനല്‍കിയ മോഹന്‍ലാല്‍ തന്നെ സിനിമയെ തിരുനക്കരെ കെട്ടിയിട്ട വഞ്ചിയാക്കുകയാണ്.
മാധ്യമങ്ങള്‍ ഒന്നും തുറന്നു പറയാന്‍ ധൈര്യപ്പെടുന്നില്ല.

നിഖില്‍ എഴുതിയതു പോലെ കാലം മാറുന്നു എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നെങ്കില്‍!

Saturday, September 22, 2007 4:37:00 PM  
Anonymous Anonymous said...

I think the problem is with Mohanlal himself he's choosing mediocre roles, where you have excess monologues. We have scarcity of original scripts and stories in Malayalam cinema. Tamil cinema is far ahead in experimenting with story ideas. Srini-Sathyan combination can revive Mohanlal. Somebody should encourage MT to write scripts once in a while. The problem with Mohanlal is his coterie around him I think they are giving wrong advices to him. That's why Mohanlal is knowingly avoiding to act with Thilakan. Bhadran had written the script keeping in mind Thilakan as the father and Mohanlal as the son. I think the coterie adviced Mohanlal to opt for double roles. Remeber Mohanlal and Thilakan in Kireedom and somany other films. I really mis those films. Santosh

Friday, August 15, 2008 4:35:00 PM  
Blogger AdamZ said...

Thanks Nikhil,

Nalla Lekhanam

Reg,
Adarsh

Sunday, August 31, 2008 2:57:00 AM  

Post a Comment

Subscribe to Post Comments [Atom]

<< Home