Wednesday, March 05, 2008

മണിരത്നം - അതിശയോക്തിയുടെ സാങ്കേതികത

മണിരത്നം - ഇന്ത്യയിലെ സിനിമാസംവിധാന കലയുടെ ബ്രാണ്റ്റ്‌ അംബാസ്സഡര്‍ എന്നു വിശേഷിപ്പിക്കാവുന്ന സംവിധായകന്‍. സംവിധാനം ചെയ്ത ചിത്രങ്ങളുടെ ഏണ്ണത്തോടൊപ്പം തന്നെ വര്‍ദ്ധിക്കുന്ന ആരാധകവൃന്ദം ഇന്ത്യയില്‍ത്തന്നെ മറ്റൊരു സംവിധായകനും അവകാശപ്പെടാവുന്നതല്ല. ഇത്രയധികം ആകാംക്ഷാപൂര്‍വ്വം മറ്റൊരു സംവിധായകണ്റ്റെ ചിത്രവും ഇവിടെ വരവേല്‍ക്കപ്പെടുന്നില്ല തന്നെ. മണിരത്നം എന്ന സംവിധയകന്‍ ഇന്ത്യയുടെ മുഖ്യധാരാസിനിമാസരണിയില്‍ ചെലുത്തിയിട്ടുള്ള സ്വാധീനവും പ്രഭാവവും അങ്ങിനെ എളുപ്പത്തില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒന്നല്ല. ഇഴ കീറി പരിശോധിക്കപ്പേടുമ്പോള്‍ വൈവിധ്യവും വ്യത്യസ്തവുമെന്ന പ്രതീതി ജനിപ്പിക്കുന്ന മണിരത്നം ചിത്രങ്ങള്‍ അകമേ പ്രകടമാക്കുന്ന ചില പ്രത്യേകതകളും സ്വഭാവ സവിശേഷതകളും സ്വഭാവ വൈരുധ്യങ്ങളുമുണ്ട്‌. അവ വിരല്‍ ചൂണ്ടുന്നത്‌ ഈ സംവിധായകണ്റ്റെ അനിഷേധ്യമായ ജനസമ്മിതിയുടെ യുക്തിവിശേഷങ്ങളിലേക്കാണ്‌.

കാലഘട്ടങ്ങളിലൂടെ കടന്നു വന്നിട്ടുള്ള മണിരത്നം ചിത്രങ്ങള്‍ അതാതു കാലഘട്ടങ്ങളിലെ കമ്മേര്‍സ്യല്‍ മസാല ചിത്രങ്ങളുടെ പൊതു സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതായ്‌ കാണാം. 1983 -ല്‍ തീരെ ശ്രദ്ധ നേടാതെ പോയ 'പല്ലവി അനുപല്ലവി' എന്ന കന്നഡ ചിത്രത്തിലൂടെ സംവിധാന കലയില്‍ ഹരിശ്രീ കുറിച്ച മണിരത്നതിന്‌ തണ്റ്റെ ആദ്യ ചുവടു പിഴയ്ക്കുകയാണുണ്ടായത്‌. പ്രതിപാദിക്കാന്‍ ഉദ്യമിച്ച ഇതിവൃത്തത്തിണ്റ്റെ സങ്കീര്‍ണ്ണതകള്‍ കൊണ്ടും മറ്റും പ്രസ്തുത ചിത്രം ജനശ്രദ്ധയാകര്‍ഷിക്കാതെ പോയി. ഛായാഗ്രഹണം- ബാലു മഹേന്ദ്ര, സംഗീതം- ഇളയരാജ എന്നീ സാങ്കേതിക മികവുകള്‍ക്കും അനില്‍ കപൂറും ലക്ഷ്മിയും മുഖ്യവേഷങ്ങളിലെത്തിയ ഈ ചിത്രത്തെ രക്ഷിക്കാനായില്ല. ഒരു സമാന്തരചിത്രമെന്ന പ്രതീതി ജനിപ്പിക്കുന്നതും എന്നാല്‍ ഒരു കമ്മേര്‍സ്യല്‍ ചിത്രത്തിണ്റ്റെ ഘടനാശൈലി നിലനിര്‍ത്തിപ്പോരുന്നതുമായ ഒരു ഇടത്തരം ശൈലിയാണ്‌ 'പല്ലവി അനുപല്ലവി' യുടേത്‌. ദക്ഷിണേന്ത്യയില്‍ ബാലു മഹേന്ദ്ര, മഹേന്ദ്രന്‍, ഭരതന്‍, പത്മരാജന്‍ എന്നിവര്‍ തുടങ്ങി വച്ച ഒരു പ്രത്യേക തരം രസക്കൂട്ടിണ്റ്റെ മണിരത്നം പതിപ്പ്‌. എന്നാല്‍ മേല്‍പ്പറഞ്ഞവരുടെ ചിത്രങ്ങളില്‍ പ്രകടമാകുന്ന പൂര്‍ണ്ണതയോ കമ്മേര്‍സ്യല്‍ സര്‍ക്യൂട്ടിലെ പ്രമുഖരായ എസ്‌.പി. മുത്തുരാമന്‍, ഐ.വി.ശശി എന്നിവരുടെ ചിത്രങ്ങളില്‍ കണ്ടു വരുന്ന ആര്‍ഭാടങ്ങളോ ഈ ചിത്രത്തിലൊട്ടു പ്രകടമായതുമില്ല. അങ്ങിനെ മനോഹരമായ മൂന്നു ഗാനങ്ങള്‍ ജനപ്രീതി നേടിയപ്പോഴും ചിത്രം സാമ്പത്തികമായ്‌ ചിത്രം പരാജയപ്പെട്ടു.

പിന്നീട്‌ മണിരത്നം ഭാഗ്യം പരീക്ഷിക്കാനിറങ്ങിയത്‌ മലയാളത്തിലായിരുന്നു. അന്നത്തെ മുന്‍നിരനടന്‍മാരെ വച്ച്‌ തുന്നിച്ചേര്‍ത്തുണ്ടാക്കിയ 'ഉണരൂ' എന്ന ചിത്രം എത്ര പേര്‍ കണ്ടെന്നതു പോലും സംശയമാണ്‌. അങ്ങിനെ ആദ്യരണ്ടു ശ്രമങ്ങളും പരാജയപ്പെട്ടതിനു ശേഷം 'പകല്‍ നിലവ്‌', 'ഇദയക്കോവില്‍' എന്നീ രണ്ട്‌ ചിത്രങ്ങളിലൂടെ മണിരത്നം തമിഴിലിലേക്കു ചുവടു മാറ്റി. ഈ രണ്ടു ശരാശരി(സാമ്പത്തികം) ചിത്രങ്ങള്‍ക്കു ശേഷമാണ്‌ 1986 -ഇല്‍ ഒരു സംവിധായകന്‍ എന്ന നിലയ്ക്ക്‌ മണിരത്നത്തിന്‌ ഒരു വ്യക്തിത്വം നേടിക്കൊടുത്ത 'മൌനരാഗം' പുറത്തിറങ്ങുന്നത്‌. പിന്നീടൊരിക്കലും മണിരത്നത്തിന്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചെയ്ത ചിത്രങ്ങളത്രയും, മൂന്നോ നാലോ ഒഴിച്ചാല്‍, വാന്‍ സാമ്പത്തിക വിജയങ്ങളാകുകയും അതില്‍ മിക്കവയും ഹിന്ദിയിലേക്കു മൊഴി മാറ്റം ചെയ്യപ്പെടുകയോ പുനര്‍ നിര്‍മ്മിക്കപ്പെടുകയോ ചെയ്തു. 'നായകന്‍' (1987), 'അഗ്നിനക്ഷത്രം' (1988), 'ഗീതാഞ്ജലി' (തെലുങ്ക്‌, 1989), 'അഞ്ജലി' (1990), 'ദളപതി' (1991), 'റോജാ' (1992), 'തിരുടാ തിരുടാ'(1993), 'ബോംബേ' (1995), 'ഇരുവര്‍' (1997), ദില്‍ സേ(ഹിന്ദി, 1998), അലൈപായുതേ(2000), കണ്ണത്തില്‍ മുത്തമിട്ടാല്‍(2002), 'അയുത എഴുത്ത്‌' (2004), 'ഗുരു' (ഹിന്ദി, 2007) എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിണ്റ്റെ കരിയര്‍ഗ്രാഫ്‌.

ഈ ജനസമ്മിതിയുടെ ഉള്ളറകള്‍ തേടിച്ചെലുമ്പോള്‍ ന്യായമായും ഉയര്‍ന്നു വരുന്ന ചില ചോദ്യങ്ങളുണ്ട്‌. എന്താണ്‌ മണിരത്നം എന്ന സംവിധായകണ്റ്റെ കരസ്പര്‍ശം? അദ്ദേഹത്തിണ്റ്റെ ചിത്രങ്ങളുടെ മേന്‍മ അവയുടെ വിജയങ്ങളെ ന്യായീകരിക്കുന്ന ഒന്നാണോ? ഇല്ലെന്നു വേണം പറയാന്‍. ഇത്രയും ജനസമ്മിതി നേടിയ ഒരു സംവിധായകനെക്കുറിച്ച്‌ അങ്ങിനെ ഒരഭിപ്രായം രൂപീകരിക്കന്നതിനു മുന്‍പ്‌ അദ്ദേഹത്തിണ്റ്റെ ചില 'സംവിധാന സ്പര്‍ശങ്ങളി' ലേക്കു കടന്നു ചെല്ലാം.

'മൌനരാഗം' അക്ഷരാര്‍ഥത്തില്‍ ഒരു ട്രെന്‍ഡ്‌ സെറ്റര്‍ തന്നെയാണെന്നു സമ്മതിക്കാം. പുതുമയുടെ കുളിരുന്ന ദൃശ്യാനുഭവമായിരുന്നു ഇതിലെ ഓരോ ഫ്രെയിമും. പി.സി.ശ്രീറാമിണ്റ്റെ അതുല്യമായ ഛായഗ്രഹണം പ്രത്യേക പരമാര്‍ശം അര്‍ഹിക്കുന്നു. ലൈറ്റിംങ്ങിണ്റ്റെ അപാരസാധ്യതകള്‍ അന്നോളം മറ്റാരും കടന്നു ചെല്ലാത്ത ഒരു മേഖലയില്‍ക്കൂടെ അനാവരണം ചെയ്യുകയായിരുന്നു ശ്രീറാം. ഓരോ ഷോട്ടിലും ഈ 'ശ്രീറാം ടച്ച്‌' പ്രകടമായിരുന്നു. മറ്റൊരു മികവ്‌ സംഗീതമാണ്‌. അതുല്യമായ ഗാനങ്ങളും അതിലുപരി വൈകാരികതയുടെ നോട്ടുകള്‍ ചാലിച്ചെടുത്ത പശ്ചാത്തലസംഗീതവും ചിത്രത്തെ മറ്റൊരു പ്രതലത്തിലേക്കുയര്‍ത്തി. ഇവിടെ മണിരത്നം എന്ന സംവിധായകണ്റ്റെ സംഭാവന മോശമെന്നു പറയാന്‍ കഴിയാത്ത, എന്നാല്‍ എടുത്തു പറയത്തക്ക പ്രത്യേകതകളൊന്നുമില്ലാത്ത കഥയും തിരക്കഥയും മാത്രമാണ്‌.

ഒരു കമ്മേര്‍സ്യല്‍ ചിത്രമെന്നതിനുപരി കമലഹാസനു ദേശീയ അംഗീകാരം നേടിക്കൊടുത്ത 'നായകന്‍' മറ്റെന്തു വിശേഷണമാണര്‍ഹിക്കുന്നത്‌. കമലഹാസണ്റ്റെ അതുല്യമായ അഭിനയമുഹൂര്‍ത്തങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ ഒരു ചിത്രം എന്ന നിലയ്ക്ക്‌ 'നായകന്‍' പ്രേക്ഷകനോട്‌ പൂര്‍ണ്ണമായും നീതി പുലര്‍ത്തി എന്നു പറയാനാകില്ല. മണിരത്നം ചിത്രങ്ങളുടെ പൊതുസ്വഭാവമായ അതിവൈകാരൈകതയും അതിഭാവുകത്വവും മസാലച്ചേരുവകളും തന്നെയാണ്‌ 'നായകണ്റ്റെ' ദൌര്‍ബല്യങ്ങള്‍. കഥാസന്ദര്‍ഭങ്ങള്‍ അര്‍ഹിക്കാത്ത ഗാനരംഗങ്ങള്‍, പ്രത്യേകിച്ചും ആഭാസച്ചുവയുള്ള 'നിലാ അതു വാനത്തു മേലെ' പോലുള്ള ഗാനങ്ങള്‍, കമലഹാസന്‍ തണ്റ്റെ അഭിനയമികവു കൊണ്ട്‌ ചിത്രത്തിനു നേടിക്കൊടുത്ത നിലവാരസ്പര്‍ശത്തിണ്റ്റെ തിളക്കം നഷ്ടപ്പെടുത്തുന്നതായിരുന്നു. കഥാഘടനയുടെ ശരീരഭാഷ ലവലേശം പ്രകടിപ്പിക്കാത്ത കഥാപാത്രങ്ങളായിപ്പോയി സൂര്യയും (നിഴല്‍കല്‍ രവി), കമ്മീഷണറും (നാസര്‍). അതിഭാവുകത്വം കൊണ്ട്‌ അരോചകമായ പാത്രസൃഷ്ടി. എന്നാല്‍ മേല്‍പ്പറഞ്ഞ പോരായ്മകളത്രയും നിഷ്പ്രഭമാക്കുന്ന കമലിണ്റ്റെ പ്രകടനം ഒന്നു മാത്രമാണ്‌ ഇവിടെ ചിത്രത്തെ രക്ഷിക്കുന്നത്‌. കമല്‍ എന്ന നടണ്റ്റെ അഭിനയസാധ്യതകള്‍ പൂര്‍ണ്ണമായും ഒപ്പിയെടുക്കാന്‍ പാകത്തില്‍ ഒരുക്കിയ ചില 'ലോംഗ്‌ സീക്വന്‍സ്‌ ഓഫ്‌ ഷോട്ട്സ്‌' ആവിഷ്കരിച്ചു എന്നതാണ്‌ ഒരു സംവിധായകന്‍ എന്ന നിലയ്ക്ക്‌ മണിരത്നത്തിണ്റ്റെ സംഭാവന. 'നായകന്‍' പരിപൂര്‍ണ്ണമായും ഒരു കമല്‍ ചിത്രമാണ്‌. ഒരു മണിരത്നം ചിത്രമെന്നതിലുപരി. (ഇതേ പ്രമേയങ്ങള്‍ തന്നെ കൈകാര്യം ചെയ്തിട്ടുള്ള പ്രിയദര്‍ശണ്റ്റെ 'ആര്യന്‍' ഉം 'അഭിമന്യു' വുമൊക്കെ, കമലഹാസണ്റ്റെ സാന്നിധ്യം ഒഴിച്ചു നിര്‍ത്തിയാല്‍, മറ്റെന്ത്‌ കാരണം കൊണ്ട്‌ 'നായകനു' പകരമാവില്ല?)

കമ്മേര്‍സ്യല്‍ മസാല സര്‍ക്യൂട്ടില്‍ എസ്‌.പി.മുത്തുരാമന്‍ ശൈലി അപ്പാടെ അനുകരിച്ചു കൊണ്ട്‌ ഒരുക്കിയ 'അഗ്നിനക്ഷത്രം' വെറുമൊരു മൂന്നാം കിട ചിത്രം മാത്രമാണ്‌. കുറേ ഗാനങ്ങളും കണ്ണില്‍ ഇരുട്ടു കയറുന്ന തരത്തിലുള്ള ക്യാമറാ ടെക്നിക്കുകളും (അവ മോശമെന്ന വിവക്ഷ ഇല്ല) ലൈംഗികതയുടെ അതിപ്രസരമുള്ള ഗാനചിത്രീകരണവും കൂട്ടിക്കുഴച്ചുണ്ടാക്കിയ ഒരു 'തറ' പടം ഇന്ത്യയുടെ സംവിധായകകലയുടെ പ്രതീകമായ മണിരത്നം തന്നെ ഒരുക്കിയ ഈ ചിത്രം തികഞ്ഞ അവജ്ഞ മാത്രമാണര്‍ഹിക്കുന്നത്‌. കാണുന്നവരോടൊക്കെ 'നമുക്കൊളിച്ചോടിപ്പോകാം' എന്നു പറയുന്ന നായികയാണ്‌ 'ഗീതാഞ്ജലി' യുടെ പ്രത്യേകത. 'തറ വളിപ്പ്‌' എന്ന നാടന്‍ പ്രയോഗം കൊണ്ടു വിശേഷിപ്പിക്കാവുന്ന ഹാസ്യരംഗങ്ങള്‍ വേറെ. സംഗീതം കൊണ്ടു മാത്രം ഓടിയ ഒരു ചിത്രമാണ്‌ ഗീതാഞ്ജലി.

മേല്‍പ്പറഞ്ഞ ചിത്രങ്ങളിലൊക്കെയും പ്രകടമാകുന്ന അതിഭാവുകത്വവും പലപ്പോഴും അവിശ്വസനീയതയും ഒക്കെയാണ്‌ അഞ്ജലി, ദളപതി എന്നിവയിലെല്ലാം നിറഞ്ഞു നില്‍ക്കുന്നത്‌. മികച്ചൊരു പ്രമേയമായിരുന്നു 'അഞ്ജലി' യുടേത്‌. ഇത്രയും പക്വതയും പ്രായത്തില്‍ക്കവിഞ്ഞ പ്രായോഗിക ബുദ്ധിയും പ്രകടമാക്കുന്ന കുട്ടികള്‍ ലോകത്തെവിടെയെങ്കിലും ഉണ്ടോ എന്നതു വേറെ കാര്യം ('കണ്ണത്തില്‍ മുത്തമിട്ടാല്‍' എന്ന ചിത്രത്തിലെ 'അഴകി' എന്ന കഥാപാത്രം പ്രസ്തുത സ്വഭാവത്തിണ്റ്റെ ഉത്തമോദാഹരണമാണ്‌). ദേശസ്നേഹം വിറ്റു കാശാക്കാമെന്ന തിരിച്ചറിവാണ്‌ മണിരത്നത്തെ 'റോജ' യിലും 'ബോംബെ' യിലും 'ദില്‍ സേ' യിലും ഒക്കെ എത്തിച്ചത്‌. അല്ലാതെ പ്രമേയത്തോട്‌ നീതി പുലര്‍ത്താമെന്ന പ്രതിജ്ഞാബദ്ധത കൊണ്ടൊന്നുമല്ല. (ദില്‍ സേ യുടെ റിലീസിംഗ്‌ വേളയില്‍ ഇന്ത്യയില്‍ തീവ്രവാദം പെരുകുന്നതു കണ്ട്‌ ഒരു സംവിധായകന്‍ എന്ന നിലയ്ക്ക്‌ വെറുതെയിരിക്കാന്‍ കഴിയില്ല എന്നു വീമ്പിളക്കിയ മണിരത്നം അര്‍ഹിച്ച ഒരു പരാജയമായിരുന്നു പ്രസ്തുത ചിത്രം)

വലിയ അവകാശവാദങ്ങളൊന്നുമില്ല എന്നതാണ്‌ 'അലൈപായുതേ' എന്ന ചിത്രത്തിണ്റ്റെ സവിശേഷത. അതു കൊണ്ടു തന്നെ ആദ്യന്തം കണ്ടാസ്വദിക്കാവുന്നതും ('സെപ്റ്റംബര്‍ മാതം' ഒഴിച്ചു നിര്‍ത്താം) മണിരത്നം ചിത്രങ്ങളില്‍ വച്ചേറ്റവും മെച്ചപ്പെട്ടതുമായൊരു ചിത്രമാണ്‌ 'അലൈപായുതേ'. എന്നാല്‍ പശ്ചാത്തലം വ്യത്യസ്തവും റൊമാന്‍സിണ്റ്റെ അംശം കുറവാണെങ്കിലും പ്രിയദര്‍ശന്‍ അവതരിപ്പിച്ച 'മിഥുനം' എന്ന ചിത്രവുമായ്‌ പ്രമേയപരമായൊരു സാമ്യം ഇതിനുണ്ട്‌. നിരുപദ്രവകരമായൊരു ചിത്രം എന്ന നിലയ്ക്ക്‌ അതു പൊറുക്കാം. എങ്കിലും നിരുപദ്രവം - അതില്‍ക്കവിഞ്ഞ ഒരു വിശേഷണവും 'അലൈപായുതേ' അര്‍ഹിക്കുന്നില്ല. (യുവതലമുറയിലെ കമിതാക്കളുടെ ഒരു ഒബ്സെഷന്‍ ആയി ഈ ചിത്രം എങ്ങിനെ മാറി?)

ചരിത്രപരമായ യാഥാര്‍ഥ്യങ്ങളുടേയും തമിഴ്‌ രാഷ്ട്രീയ-സിനിമാ പിന്നാമ്പുറ കഥകളുടേയും പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച 'ഇരുവര്‍' ആയിരിക്കണം മണിരത്നത്തിണ്റ്റെ 'മാസ്റ്റര്‍ പീസ്‌'. മോഹന്‍ലാലും പ്രകാശ്‌ രാജും കയ്മെയ്‌ മറന്നഭിനയിച്ച 'ഇരുവര്‍' മണിയുടെ ചിത്രങ്ങളില്‍ മികച്ചതും എന്നാല്‍ സാമ്പത്തികമായ്‌ തീരെ വിജയിക്കാതെ പോയതുമായൊരു ചിത്രമാണ്‌.

മേല്‍പ്പറഞ്ഞ ചിത്രങ്ങളുടെ പശ്ചാത്തലം കൊണ്ടു മാത്രം ഈ സംവിധായകണ്റ്റെ നിലവാരം വിലയിരുത്താമോ? ആദ്യന്തം കറ കളഞ്ഞ ഒരു ചിത്രമെടുക്കാന്‍ മണിരത്നത്തിന്‌ ഇവ കൊണ്ടൊന്നും സാധിച്ചിട്ടില്ല. വിമര്‍ശനവിധേയമായ ഘടകങ്ങള്‍ സമകാലീനരായ മറ്റു സംവിധായകരുടെ ചിത്രങ്ങളിലും പ്രകടമല്ലേ എന്ന ചോദ്യത്തിന്‌ അതെ എന്നു തന്നെയാണുത്തരം. ബാലു മഹേന്ദ്രയുടെ മൂടുപനി, ഇരട്ടൈ വാല്‍ കുരുവി, നീങ്കള്‍ കേട്ടവൈ, കെ.ബാലചന്ദറിണ്റ്റെ പുന്നകൈ മന്നന്‍, പുതു പുതു അര്‍ത്ഥങ്കള്‍, ഭാരതിരാജയുടെ കൊടി പറക്ക്ത്‌, ടിക്‌ ടിക്‌ ടിക്‌ എന്നിങ്ങനെ ശരാശരിയോ അതില്‍ താഴെയോ മാത്രം നിലവാരം പുലര്‍ത്തുന്ന ചിത്രങ്ങള്‍ തമിഴില്‍ അതാതു സംവിധായകരില്‍ നിന്നും ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ അവയ്ക്കെല്ലാം പകരം വയ്ക്കാന്‍ ഒരു '൧൬ വയതിനിലേ' (ഭാരതിരാജ), വീട്‌, മൂന്നാം പിറൈ (ബാലു മഹേന്ദ്ര), എതിര്‍ നീച്ചല്‍, സിന്ധു ഭൈരവി(കെ ബാലചന്ദര്‍), ഉതിരിപ്പൂക്കള്‍(മഹേന്ദ്രന്‍) എന്നീ കിടയറ്റ ചിത്രങ്ങള്‍ അവരുടെ ക്രെഡിറ്റിലവകാശപ്പെടാനുണ്ട്‌. അങ്ങിനെ ഒരു 'ക്ളാസ്സിക്‌' മണിരത്നത്തിണ്റ്റെ ലിസ്റ്റിലുണ്ടോ? മോശമല്ല, സാങ്കേതികമായ്‌ മികച്ചത്‌, നല്ല കഥ എന്നീ വിശേഷണങ്ങളൊന്നും ഒരു മികച്ച സംവിധായകണ്റ്റെ മുദ്രയ്ക്കു പകരമാകില്ല. മലയാളത്തിലെ സമകാലീനരായ ഭരതണ്റ്റേയും പത്മരാജണ്റ്റേയും എന്തിന്‌ മോഹണ്റ്റെ ചിത്രങ്ങളില്‍ പോലും ഈ പറഞ്ഞ ഒരു സംവിധായകണ്റ്റെ 'പ്രസന്‍സ്‌' നമുക്ക്‌ അനുഭവപ്പെടും. മണിരത്നം ചിത്രങ്ങളില്‍ നമുക്കനുഭവവേദ്യമാകുന്നത്‌ ആകെപ്പാടെയുള്ള സാങ്കേതികതയും നടീനടന്‍മാരും മാത്രമാണ്‌.

പൊതുവേ എണ്‍പതുകളിലെ സംവിധായകരുടെ ഇഷ്ട വിഷയങ്ങളിലൊന്നായിരുന്നു ലൈംഗികത. മേല്‍പ്പറഞ്ഞ സംവിധായ്കര്‍ക്കൊന്നും അതിണ്റ്റെ ആസക്തിയില്‍ നിന്നും കുതറി മാറാന്‍ കഴിഞ്ഞിട്ടില്ല. സിന്ധു ഭൈരവി അവതരിപ്പിച്ച അതേ ബാലചന്ദര്‍ തന്നെയാണ്‌ അപൂര്‍വ്വ രാഗങ്ങളും മന്‍മഥ ലീലയുമൊക്കെ സംവിധാനം ചെയ്തത്‌. ഒരു മികച്ച ചിത്രമായ മൂന്നാം പിറയില്‍ പ്പോലും അതിണ്റ്റെ അടിയൊഴുക്കുകള്‍ പ്രകടമാണ്‌. എന്നാല്‍ അതിണ്റ്റെ ആവിഷ്കാര രീതിയില്‍ ഈ സംവിധായകരത്രയും അവരുടെ 'ക്രിയേറ്റിവിറ്റി' പ്രകടമാക്കിയിട്ടുണ്ട്‌. കഥാഘടനയുടെ മേലെ കയറി വരാതെ അടിയൊഴുക്കുകള്‍ നിയന്ത്രിച്ച്‌ ചില ഷോട്ടുകളിലൂടെ ലൈംഗികത വളരെ കാവ്യാത്മകമായി അവതരിപ്പിക്കുകയാണ്‌ ഇവര്‍ ചെയ്യാറ്‌. (തൂവാനത്തുമ്പികളും വൈശാലിയുമൊന്നും നമ്മള അശ്ളീല ഗണത്തില്‍ പെടുത്തിയിട്ടുള്ള ചിത്രങ്ങളല്ലല്ലോ). മോഹണ്റ്റെ 'ആലോലം', 'മംഗളം നേരുന്നു' എന്നീ ചിത്രങ്ങളിലെ പ്രതിപാദന ശൈലി ശ്രദ്ധിക്കുക. ആഭാസകരമെന്നു തോന്നിപ്പിച്ചേക്കാവുന്ന ഒരു ഫ്രെയിം പോലും ഈ ചിത്രങ്ങളില്‍ കാണില്ല. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മണിരത്നം ചിത്രങ്ങളില്‍ കണ്ടു വരുന്ന പ്രവണതകളെ രണ്ടാമതു പറഞ്ഞ ഗണത്തിലാണു പെടുത്തേണ്ടിയിരിക്കുന്നത്‌. 'പല്ലവി അനുപല്ലവി', 'അഗ്നിനക്ഷത്രം' എന്തിന്‌ നായകനും അലൈപായുതേ പോലും ഇവയില്‍ നിന്നും മുക്തമല്ല. നിര്‍മ്മാതാക്കളുടെ സമ്മര്‍ദ്ദം എന്നത്‌ ഒരു മികച്ച സംവിധായകന്‍ പറയേണ്ട ഒരു ഒഴിവു കഴിവല്ല.

പാത്രസൃഷ്ടികളിലെ വൈകല്യം മണിരത്നം ചിത്രങ്ങളെ പലപ്പോഴും ആശയക്കുഴപ്പത്തിലേക്കു തള്ളിവിടാറുണ്ട്‌.(൩ പ്രാവശ്യം കണ്ടിട്ടും മൌനരാഗത്തില്‍ രേവതിയുടെ കഥാപാത്രത്തിണ്റ്റെ പ്രശ്നമെന്തായിരുന്നു എന്നു വ്യക്തമായി ഇനിയും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല). നടീനടന്‍മാരുടെ പ്രകടനവുമായ്‌ കൂട്ടി വായിക്കാതെ കഥാഘടനയോട്‌ ഇവ എത്രമാത്രം ഒത്തു പോകുന്നുണ്ട്‌ എന്നതാണ്‌ ഇവിടെ പ്രസക്തമായ ചോദ്യം. മിതത്വം പാലിക്കാനുള്ള കഴിവില്ലായ്മയാണ്‌ ഈ അതിവൈകാരികതയുടെ അതിപ്രസരത്തിണ്റ്റെ മൂലകാരണം. ഇപ്പറഞ്ഞ വൈകല്യങ്ങള്‍ കൊണ്ടാണ്‌ മികച്ച പ്രമേയങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വൈദഗ്ദ്യമുള്ള മണിരത്നത്തിണ്റ്റെ ചിത്രങ്ങള്‍ ഉദ്ദേശിച്ച നിലവാരത്തിലേക്കുയരാതിരിക്കാന്‍ കാരണവും. ഇവയ്ക്ക്‌ പ്രത്യക്ഷോദാഹരണങ്ങളാണ്‌ 'അഞ്ജലി' , 'കണ്ണത്തില്‍ മുത്തമിട്ടാല്‍', 'ഗീതാഞ്ജലി' എന്നിവ (ബേബി ശ്യാമിലിയുടേ പുരസ്കാരസമ്മാനിതമായ പ്രകടനം പരാമര്‍ശയോഗ്യം തന്നെ. എന്നിട്ടുമെന്തേ മണിരത്നത്തിനൊരു മികച്ച സംവിധായകന്‍ കിട്ടിയില്ല?)

ഇത്രയും പറഞ്ഞതില്‍ നിന്ന്‌ മണിരത്നം അപ്പാടെ മോശമായൊരു സംവിധായകന്‍ എന്നൊന്നും അര്‍ഥമാക്കുന്നില്ല (അനുവാചകര്‍ക്ക്‌ അങ്ങിനെ തോന്നിയെങ്കില്‍ ക്ഷമിക്കുക). രാജ്യത്തെ ഏറ്റവും മികച്ച സംവിധായകന്‍ പുലര്‍ത്തേണ്ട നിലവാരഗുണഗണങ്ങള്‍ അക്കമിട്ടു നിരത്തുമ്പോള്‍ മണിരത്നത്തിന്‌ എവിടെ മാര്‍ക്കിടും എന്നൊരാവര്‍ത്തി ചിന്തിച്ചു പോയെന്നു മാത്രം.

മാര്‍ക്കു നല്‍കേണ്ട ചില പ്രത്യേകതകളുണ്ട്‌ മണിരത്നത്തിന്‌. വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പ്രമേയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള കഴിവാണൊന്ന്‌. മറ്റൊന്ന്‌ അദ്ദേഹത്തിണ്റ്റെ ചിത്രങ്ങളില്‍ കാണുന്ന സാങ്കേതികമികവും പൂര്‍ണ്ണതയും. (കടപ്പാട്‌. ഛായാഗ്രഹണം-പി.സി.ശ്രീറാം, കല-തോട്ടാ ധരണി, ചിത്രസംയോജനം-ബി.ലെനിന്‍/വി.ടി.വിജയന്‍, സംഗീതം-ഇളയരാജ/എ.ആര്‍. റഹ്മാന്‍). അദേഹത്തിണ്റ്റെ ചിത്രങ്ങള്‍ മേല്‍പ്പറഞ്ഞവയ്ക്കെല്ലാം ഒരു ട്രെന്‍ഡ്‌ സെറ്റര്‍ തന്നെയായിരുന്നു. സഹകരിക്കുന്ന കലാകാരന്‍മാരില്‍ നിന്നും മികച്ച പ്രകടനം പുറത്തെടുപ്പിക്കുന്നതില്‍ മണിരത്നത്തിനു അപാരമായ കഴിവാണുള്ളത്‌. സംഗീതത്തില്‍ ഇളയരാജയായിക്കൊള്ളട്ടെ ഇ.ആര്‍.റഹ്മാന്‍ ആയിക്കൊള്ളട്ടെ, അഭിനയത്തില്‍ രേവതിയോ കമലഹാസനോ മോഹന്‍ലാലോ ബേബി ശ്യാമിലിയോ ആയിക്കൊള്ളട്ടെ അവരുടെയൊക്കെ മികച്ച ചില സീക്വന്‍സുകളും പ്രകടനങ്ങളും മണിരത്നം ചിത്രങ്ങളില്‍ കാണനാകുന്നത്‌ അതു കൊണ്ടാണ്‌.

ഹിന്ദിയിലെ സുഭാഷ്‌ ഘായ്‌, മലയാളത്തിലെ ഐ.വി.ശശി എന്നിവരുടെ ഗണത്തില്‍പ്പെടുത്താവുന്ന താരത്തിളക്കമുള്ളൊരു സംവിധായകനാണ്‌ മണിരത്നം. അവിടെ അവസാനിക്കുന്നു വിശേഷണങ്ങള്‍. സാങ്കേതികതയുടെ അതിശയോക്തിക്കും അതിഭാവുകത്വതിനുമൊന്നും ഒരു സംവിധായകനെ അവിടെ നിന്നും ഉയര്‍ത്താനാകില്ല. അതിനു തുടക്കം മുതല്‍ ഒടുക്കം വരെ പിഴവുകളേതുമില്ലാതെ ഒരു നല്ല ചിത്രം എടുക്കാന്‍ കഴിയണം

മണിരത്നത്തിനു അതു കഴിയട്ടെ. അതു വരെ നമുക്ക്‌ കാക്കാം...

4-3-2008

14 Comments:

Blogger ശ്രീ said...

നല്ലൊരു ലേഖനം തന്നെ.

മുഴുവനായിട്ടും ഇല്ലെങ്കിലും കുറച്ചൊക്കെ യോജിയ്ക്കുന്നു.

Wednesday, March 05, 2008 10:53:00 AM  
Blogger വിന്‍സ് said...

ഇപ്പം എന്നതാ ചേട്ടാ പ്രശ്നം... മണി ഇനി പടം എടുക്കല്ലെന്നാണോ??

നായകനിലെ അഭിനയത്തിനു കമലിനെ ഇത്രയും പൊക്കേണ്ട കാര്യം ഉണ്ടോ?? ചില സീനുകളില്‍ പക്കാ ഓവറല്ലായിരുന്നോ കമല്‍. പ്രെത്യേകിച്ചും സെന്റിമെന്റ്സ് സീന്‍സില്‍. ചിരിച്ചു പതം കെട്ടു പോവും അതൊക്കെ കണ്ടാല്‍. എന്റെ അഭിപ്രായത്തില്‍ മണി രത്നത്തിന്റെ കഴിവാണു നായകന്റെ വിജയം. താങ്കളുടെ പല അഭിപ്രായത്തോടും യോജിക്കാന്‍ കഴിയുന്നില്ല എങ്കിലും ലേഖനം നന്നായി.

Wednesday, March 05, 2008 11:19:00 AM  
Anonymous Anonymous said...

vyathyasthamaaya chinthakal...

Thursday, March 06, 2008 11:34:00 AM  
Anonymous Anonymous said...

vyathyasthamaaya chinthakal...

Thursday, March 06, 2008 11:34:00 AM  
Blogger ചിതല്‍ said...

നല്ല ലേഖനം..
മാര്‍ക്കു നല്‍കേണ്ട ചില പ്രത്യേകതകളുണ്ട്‌ മണിരത്നത്തിന്‌. വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പ്രമേയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള കഴിവാണൊന്ന്‌.

ഇത് വളരെ കറക്റ്റാണ്. ദേശസ്നേഹം എന്ന ലേബലില്‍ എടുത്ത റോജയും, ദില്‍സേയിലും എല്ലാം എന്ത് ഭംഗിയായിട്ടാണ് പ്രണയം പറയുന്നത്..
മെയിന്‍ സബജക്റ്റില്‍ നിന്ന് വേറെ ഒരു സബ്ജക്റ്റിലേക്ക് അതീവ ഹ്രദ്യമായി പലസിനിമയിലും മണിരത്നം നമ്മെ കൊണ്ട് പോകുന്നുണ്ട്..
അത് പോലെ കണ്ണത്തില്‍ മുത്തമിട്ടാല്‍..(എന്റെ അഭിപ്രായത്തില്‍ മണിരത്നത്തിന്റെ ഏറ്റവും നല്ല സിനിമ, തമിഴിലെ എനിക്ക് ഏറ്റവും ഇഷടപ്പെട്ട സിനിമ)
എന്നാലും പലരും പറയുന്ന പോലെ സംഭവം ആണ് എന്ന അഭിപ്രായം ഒന്നും എനിക്കും ഇല്ല..

Thursday, March 06, 2008 12:07:00 PM  
Blogger കണ്ണൂസ്‌ said...

വിഗ്രഹവത്‌കരണം മുഖമുദ്രയാക്കിയിരിക്കുന്ന സിനിമാമേഖലയില്‍, വിഗ്രഹങ്ങളെ വിമര്‍ശന ബുദ്ധ്യാ സമീപിക്കുന്നതു നല്ലതു തന്നെ. കുറ്റങ്ങളും കുറവുകളും വിളിച്ചു പറയാനും ആരെങ്കിലും വേണമല്ലോ.

നിഖിലിന്റെ പല അഭിപ്രായങ്ങളോടും യോജിക്കുമ്പോഴും, പല നിരീക്ഷണങ്ങളും അല്പം മുന്‍‌വിധിയോടെ നടത്തിയതാണെന്നുള്ള പരാതിയും ഉണ്ട്.

മണിരത്നം ആത്യന്തികമായി ഒരു നിര്‍മ്മിതാവിന്റെ സം‌വിധായകനാണ്‌. സഹോദരങ്ങളുടെ ദുരവസ്ഥയില്‍ നിന്ന് പഠിച്ച പാഠമായിരിക്കാം. അതുകൊണ്ട് തന്നെ വ്യ്വസായ മസാലകള്‍ എവിടെ, എങ്ങിനെ ചേര്‍ക്കണം എന്ന് നന്നായി അറിയുന്ന ആളും. മണിരത്നം പടങ്ങളില്‍ നിഖില്‍ ചൂണ്ടിക്കാണിച്ച പല വ്യവസ്ഥാപിത പൊരുത്തപ്പെടലുകളും അതുകൊണ്ടു തന്നെ ഉണ്ടായതാണെന്നാണ്‌ എന്റെ അഭിപ്രായം.

ഒരു സം‌വിധായകന്‍ എന്ന നിലയില്‍, തന്റെ നടന്‍‌മാരില്‍ നിന്നും സാങ്കേതിക വിദഗ്ദരില്‍ നിന്നും എത്രമാത്രം പ്രകടനം ഊറ്റിയെടുക്കാന്‍ കഴിയുന്നു എന്നതും അയാളുടെ കഴിവിന്റെ അളവുകോല്‍ ആവണം. നായകന്‍ എന്ന ചിത്രത്തില്‍ കമലിന്റേത് ഗംഭീരമായ പ്രകടനമായിരുന്നു. പക്ഷേ കമല്‍ എന്ന് ഊതിപ്പെരുപ്പിച്ച ഐക്കണിന്‌ വേറെ എത്ര ചിത്രങ്ങളില്‍ അതുപോലെ പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്? (അദ്ദേഹത്തിന്‌ ഭരത് നേടിക്കൊടുത്ത മൂന്നാം‌പിറയുടേയും ഇന്ത്യന്റേയും കാര്യം ദയവു ചെയ്ത് പറയല്ലേ!). നുള്ളിപ്പെറുക്കി നോക്കിയാല്‍ ഒരു ചിപ്പിക്കുള്‍ മുത്തോ, മഹാനദിയോ, അന്‍‌പേ ശിവമോ കൂടി കണ്ടേക്കാം. പി.സി.ശ്രീരാം, ദോട്ടാധരിണി, എ.ആര്‍.റഹ്മാന്‍ ഒക്കെ അവരുടെ മികച്ച സൃഷ്ടികള്‍ നടത്തുന്നത് മണി ചിത്രങ്ങളിലാണെന്നത് മറന്നു കൂടാ. ('റോജ'യിലെ പുതുവെള്ളൈമഴൈ ഓര്‍ക്കുന്നോ? അലൈപായുതേയിലേ സ്നേഹിതനേയും). എണ്‍പതുകളുടെ അവസാനമിറങ്ങിയ നായകനെ, ഈയിടെയിറങ്ങിയ അധോലോക ചിത്രങ്ങളുടെ അപ്പോസ്തലനായ രാംഗോപാല്‍ വര്‍മ്മ ചെയ്ത കമ്പനി എന്ന ചിത്രവുമായി താരതമ്യപ്പെടുത്തി നോക്കൂ. അപ്പോഴാണ്‌ മണിരത്നം എന്ന സമ്വിധായകന്റെ വ്യത്യസ്തത ബോധ്യപ്പെടുക.

മണിയുടെ ചിത്രങ്ങളെ താരതമ്യപ്പെടുത്തിയ മറ്റു തമിഴ് ചിത്രങ്ങളിലും അഭിപ്രായവ്യത്യാസമുണ്ട്. പശിയുംവീടും എടുത്ത ബാലുമഹേന്ദ്ര തന്നെയണോ മൂന്നാം‌പിറൈ പോലൊരു നാലാംകിട തറ പടം ചെയ്തത് എന്ന് സംശയിച്ചു പോവും. അതുപോലെ തന്നെ ബാലചന്ദറിന്റെ സിന്ധുഭൈരവിയെപ്പറ്റിയുള്ള പരാമര്‍ശവും. അദ്ദേഹത്തിന്റെ മോശപ്പെട്ട ചിത്രങ്ങളില്‍ ഒന്നായേ അതിനെ കാണാന്‍ പറ്റൂ. (മണിരത്‌നം ചിത്രങ്ങളില്‍ അതിഭാവുകത്വം ആരോപിക്കുന്ന നിഖില്‍ സിന്ധുഭൈരവിയെ നല്ല പടമായി കാണുന്നത് അത്‌ഭുതം!). വാനമേ എല്ലൈ പോലുള്ള പടങ്ങളെപ്പറ്റി ഒന്നും പറഞ്ഞുമില്ല.

മണിയുടെ ചിത്രങ്ങളിലും കന്നത്തില്‍ മുത്തമിട്ടാള്‍, റോജ മുതലായവ ക്ലാസിക് എന്നു പറയാനില്ലെങ്കിലും മികച്ചവ തന്നെ എന്നു പറയേണ്ടി വരും. കഥയുടെ സെന്‍സിറ്റീവ് സ്വഭാവമായിരിക്കാം ഇരുവര്‍ പരാജയപ്പെടാന്‍ കാരണമായത്. (മോഹന്‍‌ലാലിന്റെ 'തകര്‍പ്പന്‍' ഓവര്‍‌ആക്റ്റിംഗും :). എന്തായാലും മൗനരാഗത്തില്‍ നിന്ന് ഗുരുവിലേക്ക് വളരെയൊന്നും വളര്‍ന്നിട്ടില്ല മണിരത്‌നം. അദ്ദേഹത്തെ ഇന്ത്യയിലെ ന:1 സം‌വിധായകന്‍ ആയി ആരെങ്കിലും കാണുന്നുവെങ്കില്‍, അതവരുടെ പ്രശ്നം!

Monday, April 07, 2008 12:29:00 PM  
Blogger കണ്ണൂസ്‌ said...

tracking

Monday, April 07, 2008 12:29:00 PM  
Anonymous Anonymous said...

നല്ല പോസ്റ്റ്. നിര്‍മ്മാതാവിന്റെ അനിയനാണോ എന്നത് ഒരു സംവിധായകനെ വിലയിരുത്തുന്നതിനുള്ള ഒരു ഘടകം ആയിക്കൂടാ.നായകനെ താരതമ്യപ്പെടുത്തുന്നുണ്ടെങ്കില്‍ അത് സത്യയുമായല്ലേ? കമ്പനിയുമായാണോ? റോജ മൂന്നാംകിടയാണെന്നാനെന്റെ അഭിപ്രായം. ഉപരിപ്ലവമായ ദേശസ്നേഹം. ബോംബൈയും ഉപരിപ്ലവം തന്നെ.

കണ്ണൂസ് എഴുതിയ മറ്റു അഭിപ്രായങ്ങളോട് യോജിക്കുന്നു

Monday, April 07, 2008 1:07:00 PM  
Blogger കണ്ണൂസ്‌ said...

അനോണി മാഷേ, നായകന്‍ എടുത്ത സമയം കൂടി ഓര്‍ക്കുക. ആരെലെ, ജാരെലെ, അപുന്‍ എന്നൊക്കെ പറയുന്ന ധര്‍മേന്ദ്രയുടെ കഥാപാത്രത്തെ അല്ലാതെ ഇന്ത്യന്‍ സിനിമക്ക് ബോംബൈ അധോലോകം ഒരു ടാബൂ ആയിരുന്ന സമയത്താണ്‌ നായകന്‍ ഒരു ട്റെന്റ് സെറ്റര്‍ ആവുന്നത്. അതിനു പുറകിലുള്ള ഗൃഹപാഠത്തിനാണ്‌ മാര്‍ക്ക്. സത്യ തീര്‍ച്ചയയും കമ്പനിയേക്കാല്‍ മെച്ചപ്പെട്ട സിനിമയായിരുന്നു. പക്ഷേ, രാംഗോപാല്‍ വര്‍മ്മ എന്ന സമ്വിധായകന്റെ ഗ്രാഫ് കൂടി മനസ്സിലാക്കാനാണ്‌ ഞാന്‍ കമ്പനി ഉദാഹരിച്ചത്.

പിന്നെ റോജയുടെ കാര്യം. ഉപരിപ്ലവമായ ദേശീയത എന്നത് തീര്‍ത്തും തെറ്റാണ്‌. റോജയില്‍ ദേശീയത ഒരു ഘടകമേ അല്ല. തമിഴാ തമിഴാ എന്ന പാട്ടിന്റെ സീനുകളില്‍ മാത്രമാണ്‌ അല്പ്പമെങ്കിലും ദേശീയ വികാരം മുതലാക്കാനുള്ള ശ്രമം മണി നടത്തുന്നത്. അല്ലാതെ നോക്കിയാല്‍ നൂറു ശതമാനം തിരുനെല്‍‌വേലിക്കാരി റോജ എന്ന ഗ്രാമീണ പെണ്‍കുട്ടിയുടെ കഥയാണ്‌ അത്. പട്ടാളത്തലവന്‍റ്റെ മുഖത്ത് നോക്കി "എനക്ക് എന്‍ പുരുഷന്‍ വേണം" എന്നലറുന്ന ചിത്രത്തില്‍ ദേശീയത സെന്റിമെന്റ്റലൈസ് ചെയ്തിട്ടുണ്ടെന്നോ? തീവ്രവാദി നേതാവു പോലും കാഴ്ച്ചക്കാരുടെ സ്നേഹം നേടുന്ന ഒരു ക്ലൈമാക്സ് ആണ് റോജക്ക് എന്നു കൂടി ഓര്‍ക്കുക. മധു എന്ന അഭിനേത്രിയുടെ ചിത്രമാണ്‌ റോജ. (അജ്ഞാത ശവം തിരിച്ചറിയാന്‍ റോജയെ വിളിച്ചു കൊണ്ടു പോവുന്ന സീന്‍ ഓര്‍മ്മയുണ്ടോ? കഠിനമായ പിരിമുറുക്കത്തില്‍ നിന്ന് ശവത്തിന്റെ മുഖത്തെ തുണി മാറുന്ന മുറക്ക് റോജയുടെ അയയുന്ന, ആശ്വാസത്തിലേക്ക് നീങ്ങുന്ന മുഖം ശവത്തിന്റെ ഒരു ഷോട്ട് പോലും കാണിക്കാതെ കാഴ്‌ചക്കാരിലേക്ക് പകരുന്ന ആ കലക്കല്ലേ സം‌വിധാനം എന്നൊക്കെ പറയുക?) ബോംബെയും, ദില്‍ സേ യും മനപൂര്‍‌വം ദേശീയത മുതലാക്കാന്‍ ശ്രമിച്ച ചിത്രങ്ങളാണ്‌ എന്ന് സമ്മതിക്കുന്നു.

Monday, April 07, 2008 1:36:00 PM  
Blogger അരവിന്ദ് :: aravind said...

മണിരത്നത്തിനെ എനിക്കിഷ്ടമായിരുന്നു. ഇനി ഒരു പടമിറക്കിയാലും ഒന്നു പോയി കണ്ടു നോക്കാന്‍ ‍ തോന്നുന്ന ബ്രാന്റ് വാല്യു മണിരത്നത്തിനുണ്ട്.
പക്കാ ആര്‍ട്ട് ഫിലിം ചെയ്ത് ചലച്ചിത്രരംഗത്ത് ഒരു ബുദ്ധിജീവി ആകാനൊന്നും മണിരത്നത്തിന് സ്കോപ്പും/താല്‍‌പ്പര്യവും ഉള്ളതായി തോന്നിയിട്ടില്ല. എല്ലാം പക്കാ കൊമേഴ്സ്യല്‍ പടങ്ങള്‍. എങ്കിലും സാധാരണ കണ്ടുവരുന്ന മസാല/മെലോഡ്രാമ/പോട്ട് ബോയിലര്‍ റ്റൈപ്പ് ബൊളിവുഡ്/മോളിവുഡ് പടങ്ങളേക്കാള്‍ മെച്ചമായിരുന്നു, മണിരത്നത്തിന്റെ ചിത്രങ്ങള്‍ എന്നതാണ് വ്യത്യാസം-ഒരു എന്റെര്‍റ്റെയിന്റ്മെന്റ് വാല്യു പെഴ്സ്‌പെക്ടിവില്‍.
സംഗീതം, വസ്ത്രാലങ്കാരം, പ്രത്യേകിച്ച് സിനിമോട്ടോഗ്രാഫി, നൃത്തം, പോസ്റ്റര്‍ ഡിസൈന്‍ മുതലായ തുറകളിലും വ്യത്യസ്തത/ശ്രദ്ധ പണ്ട് കാലത്തേ മണിരത്നം പടങ്ങള്‍ക്കുണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നു. ഇപ്പൊഴല്ലേ അതൊക്കെ സര്‍‌വ്വസാധാരണമായത്? സന്തോഷ് ശിവന്റെ ചായഗ്രഹണം പണ്ട് എത്രത്തോളം വേറെ ആള്‍ക്കാര്‍ ഉപയോഗിച്ചിരുന്നു? മണിരത്നത്തിന്റേത് പണ്ട് തൊട്ടേ ഒരു ഡിഫറന്റ് അപ്രോച്ച് (ഇന്ത്യന്‍ സിനിമാലോകത്ത്) ആയിരുന്നു എന്ന് മാത്രം.
നായകന്‍ നല്ല ഒരു പടമായാണ് തോന്നിയത്. അഹെഡ് ഓഫ് ഇറ്റ്‌സ് റ്റൈംസ്. കമലിന്റെ അഭിനയം വണ്‍ ഓഫ് എ കൈന്‍ഡ് ആയും തോന്നി. രാം‌ഗോപാല്‍ വര്‍മ്മയുടെ ഷോലെ എന്ന ഇന്നത്തെ പടം അതിന്റെ മുന്നില്‍ എന്തിന് കൊള്ളാം!
ഇരുവരും നല്ല പടമായാണ് അനുഭവപ്പെട്ടത്! അത്ഭുതമെന്ന് പറയട്ടെ, മോഹന്‍ലാലിന്റെ പെര്‍ഫോര്‍മന്‍സ് ആണ് അതിന്റെ ഹൈ‌ലൈറ്റായി എനിക്ക് തോന്നിയത്! ഈയടുത്തിറങ്ങിയ യുവ യും തരക്കേടില്ലാത്ത ഒരു പടമായാണ് എനിക്ക് തോന്നിയത്. കണ്‍‌വേജിംഗ് സ്റ്റോറി ലൈന്‍സ് രസകരമായി തോന്നി.
ബോം‌ബേയും നല്ല പടമായിരുന്നു. ചില സീനുകളൊക്കെ സൂപ്പര്‍ ആണ്.
ദില്‍ സേ, അലൈ‌പ്പായുതേമുതലായവ മഹാബോറായിത്തോന്നുകയും ചെയ്തു.
പണ്ട് മണിരത്നം എങ്ങിനെയായിരുന്നുവോ, ഏറെക്കുറേ ആ ലെവലില്‍ തന്നെ നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ "പരാജയം" എന്ന് എനിക്ക് തോന്നുന്നു. പുതിയതെന്തുണ്ട് കൈയ്യില്‍ എന്ന ചോദ്യത്തിന് ഒന്നുമില്ല എന്ന് പറയേണ്ടി വരുന്നു.

Monday, April 07, 2008 1:45:00 PM  
Blogger Nikhil Venugopal said...

കണ്ണൂസ്‌.... താങ്കളുടെ കുറിപ്പുകള്‍ക്ക്‌ നന്ദി.... ചിലവയോടുള്ള മറുപടി.. ൧. 'പശി' ബാലു മഹേന്ദ്ര ചിത്രമല്ല. സംവിധാനം: ദൊരൈ.. അഭിനയത്തിന്‌ ശോഭയ്ക്ക്‌ ദേശീയ അംഗീകാരം. പിന്നെ ബാലു മഹേന്ദ്ര ഒരു തികഞ്ഞ സംവിധായകന്‍ എന്ന അഭിപ്രായമൊന്നും എനിക്കും ഇല്ല. ആദ്യചിത്രമായ അഴിയാത കോലങ്ങളും മൂടുപനിയുമൊക്കെ വളരെ 'ചൂടന്‍' പ്രമേയങ്ങളായിരുന്നു. പിന്നെ 'നീങ്കള്‍ കേട്ടവൈ', 'ഓളങ്ങള്‍', 'യാത്ര' എന്നിങ്ങനെ ശരാശരി ചിത്രങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ഏെറെ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ ബാലു മഹേന്ദ്രയെ വ്യത്യസ്തനാക്കുന്നത്‌ പ്രമേയങ്ങളുടെ കാവ്യാത്മകമായ ആവിഷ്കാരമാണ്‌ (പ്രമേയങ്ങള്‍ വളിപ്പെങ്കിലും). തമിഴില്‍ ഈയൊരു പ്രത്യേകത പിന്നിട്‌ മഹേന്ദ്രനില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ (ഉതിരിപ്പൂക്കള്‍, നെഞ്ചത്തൈ കിള്ളാതെ, ജോണി). അദ്ദേഹത്തിണ്റ്റെ മറ്റു ചിത്രങ്ങളെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായത്തോട്‌ യോജിക്കുന്നു. (എങ്കിലും മൂന്നാം പിറൈ ഒരു തറ പടമെന്ന അഭിപ്രായം ഇല്ല) ൨. അവാര്‍ഡു ലഭിച്ച കമല്‍ ചിത്രങ്ങളേക്കാള്‍ സ്വാതി മുത്യവും, സാഗരസംഗമവും, പുഷ്പകവിമാനവും, തേവര്‍ മകനുന്‍ ഒക്കെയാണ്‌ വ്യക്തിപരമായി എനിക്കിഷ്ടം. പിന്നെ കോമഡി ചിത്രങ്ങളും. ഇവിടെയും കമല്‍ ഒരു പൂറ്‍ണ്ണ നടനാണെന്ന അഭിപ്രായമൊന്നും എനിക്കില്ല. എന്നാല്‍ നായകനിലെ കമലിണ്റ്റെ പ്രകടനം ചിത്രത്തെ മറ്റൊരു തലത്തിലേക്കുയര്‍ത്തി എന്നു പറയാതിരിക്കാന്‍ വയ്യ. ൩. രാംഗോപാല്‍ വര്‍മ്മ യുടെ സത്യയും കമ്പനിയുമൊന്നും നായകനുമായൊരു താരതമ്യം പോലും അര്‍ഹിക്കുന്നില്ല. എന്നാല്‍ നായകനു തുല്യം വയ്ക്കാവുന്ന ഒരു ചിത്രം വര്‍മ്മ ചെയ്തിട്ടുണ്ട്‌ - അദ്ദേഹത്തിണ്റ്റെ ആദ്യ ചിത്രമായ 'ശിവ' (തെലുങ്ക്‌, ൧൯൮൯, തമിഴില്‍ 'ഉദയം'). ഒരു ചിത്രമെന്ന നിലയില്‍ കുറേക്കൂടെ 'പെര്‍ഫെക്ഷന്‍' ശിവ ആണെന്നാണെണ്റ്റെ അഭിപ്രായം. ൪. സിന്ധു ഭൈരവി - ഈ ചിത്രത്തെക്കുറിച്ച്‌ പരാമര്‍ശിക്കണമെന്നു കരുതിയതല്ല. 'വരുമയിന്‍ നിറം ശിവപ്പ്‌' ഒക്കെയായിരുന്നു ഉദ്ദേശിച്ചത്‌. എഴുതി വന്നപ്പോള്‍ തെറ്റിപ്പോയി. ബാലചന്ദറിണ്റ്റെ സംഗീതഞ്ജാനം വിളിച്ചു പറയാന്‍ വേണ്ടി മാത്രമെടുത്ത ചിത്രമാണ്‌ സിന്ധു ഭൈരവി. വാനമേ എല്ലൈ തീര്‍ച്ചയായും ഒരു വ്യത്യസ്ത ചിത്രമായിരുന്നു... താങ്കളുടെ അഭിപ്രായത്തോട്‌ യോജിക്കുന്നു. മനസ്സില്‍ കോറിയിട്ടതു പോലെ എഴുതാന്‍ കഴിഞ്ഞില്ല. പ്രധാനപെട്ട പലതും വിട്ടു പോയി. ഈയ്യിടെ 'തൂവാനത്തുമ്പികള്‍' എന്ന പത്മരാജന്‍ ചിത്രം വീണ്ടും കാണുകയായിരുന്നു. പ്രത്യേകതകളൊന്നുമില്ലാത്ത ഒരു കഥയുടെ കാവ്യാത്മകമായ ആവിഷ്കാരം. എം.ടി.യുടെ 'മഞ്ഞ്‌' വായിക്കുന്ന ഒരു പ്രതീതിയാണ്‌ തുമ്പികളും നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളുമൊക്കെ നമുക്കു പകര്‍ന്നു തരുന്നതായ്‌ എനിക്കു തോന്നിയിട്ടുള്ളത്‌. മണിയുടെ ചിത്രങ്ങളില്‍ ഇല്ലാത്തതും ഈ 'ഫീല്‍' ആണ്‌. (തീര്‍ത്തും എന്നല്ല - പല്ലവി അനുപല്ലവി യില്‍ ഈ കാവ്യാത്മകതയുടെ ഒരു നനുത്ത സ്പര്‍ശം ഉണ്ടായിരുന്നു. എന്നാല്‍ ശേഷം തഥൈവ)

Tuesday, April 08, 2008 12:37:00 PM  
Blogger Roby said...

നിഖില്‍, ലേഖനം കാണാന്‍ വൈകി.

മണിരത്നം ഇന്ത്യയിലെ ഏറ്റവും നല്ല സംവിധായകന്‍ എന്ന് ആരാണ് പറഞ്ഞത്? ഏറ്റവും മികച്ച 15 സംവിധായകരില്‍ അദ്ദേഹം വരില്ല.

അദ്ദേഹത്തിന്റെ സിനിമകളിലെ അതിവൈകാരികതയും പൈങ്കിളിത്വവുമൊക്കെ പറയുന്ന കൂട്ടത്തില്‍ വിട്ടു പോകാന്‍ പാടില്ലാത്തതാണ് റോജ, ബോംബെ തുടങ്ങിയ ചിത്രങ്ങളില്‍ പ്രകടമായിരുന്ന ഹിന്ദുവര്‍ഗീയത. ഉപരിപ്ലവമായ രാഷ്ട്രീയബോധവും സമകാലിക ചൂടന്‍-രാഷ്ട്രീയ സംഭവങ്ങള്‍ മേമ്പൊടി ചാലിച്ച പൈങ്കിളിത്വവുമല്ലേ മണിരത്നം ചിത്രങ്ങളുടെ മുഖമുദ്ര. നായകന്‍ പല സീക്വന്‍സുകളിലും ഗോഡ്ഫാദര്‍ ഓര്‍മ്മിപ്പിച്ചു. അമോറെസ് പെറോസിന്റെ ഇന്ത്യന്‍ മസാല വേര്‍ഷനായിരുന്നില്ലേ ആയുധ എഴുത്ത്?

ഗുരു സംവിധാനം ചെയ്ത മണിരത്നം നാളെ നിങ്ങള്‍ക്ക് കാശുണ്ടെങ്കില്‍ കല്യാണവീഡിയോ പിടിക്കാനും വരും.

Tuesday, April 15, 2008 6:28:00 AM  
Blogger Roby said...

comment tracking

Tuesday, April 15, 2008 6:29:00 AM  
Anonymous james said...

...ha..ha..wat a non sense...who s ths motherfucker nikil..moron...

Monday, April 11, 2011 9:07:00 PM  

Post a Comment

Subscribe to Post Comments [Atom]

<< Home