Friday, April 25, 2008

പോണ്ടിച്ചേരി-ചിദംബരം(ഏപ്രില്‍-2006)

'ഉണ്ടിരിക്കും നായര്‍ക്കൊരു വിളി' എന്നു പറഞ്ഞതു പോലെ, ഉണ്ടിരിക്കും പ്രോഗ്രാമ്മര്‍ക്കൊരു വിളി വരുന്നു. മദിരാശിയില്‍ നിന്ന്‌. പഴയ സുഹൃത്ത്‌ രാമന്‍ തന്നെ. ഒരു യാത്രയുടെ സാധ്യതകളെക്കുറിച്ച്‌ വിശദമായ ചര്‍ച്ച നടന്നു. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞിരിക്കുന്നു. വിഷു ദിനത്തില്‍ വീട്ടില്‍ പോകാന്‍ കഴിയാഞ്ഞതിലുള്ള നിരാശ മൂത്തു നില്‍ക്കു സമയമായിരുന്നു. കൈയ്യകലത്തുള്ള സുഹൃത്തുക്കളെല്ലാവരും തന്നെ അവധിയിലും. അവരാരുമില്ലാതെ ബാംഗ്ളൂരിലെ ഒരു അവധിദിനം പോലും വല്ലാതെ വിരസമാണ്‌.. എന്തു ചെയ്യും? ഒടുവില്‍ യത്രയാകുവാന്‍ തീരുമാനിച്ചു. മദിരാശി വഴി പോണ്ടിച്ചേരിക്ക്‌. അവിടുന്ന്‌ സമീപത്തുള്ള ചിദംബരത്തേക്കും.

മടക്കയാത്രയെക്കുറിച്ച്‌ തല്‍ക്കാലം വേവലാതിപെട്ടില്ല. അത്‌ രാമന്‍ എങ്ങിനേയും ഏര്‍പ്പാടാക്കും എന്ന്‌ ഉറപ്പുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ട്‌ അധികമാരേയുമറിയിക്കാതെ ഹൊസൂരേക്ക്‌ വണ്ടി കയറി. മദിരാശിയെത്തിയതിനു ശേഷം വീട്ടിലറിയിക്കാം എന്നു തീരുമാനിച്ചു.

ഹൊസൂറ്‍ നിന്ന്‌ കൃത്യം ഏഴരമണിക്ക്‌ മദിരാശിക്കുള്ള ബസ്സ്‌ പുറപ്പെടുന്നു. സാരഥിയുടെ ഭാഷ്യം ബസ്സ്‌ പുലര്‍ച്ചെ മൂന്നരമണിക്ക്‌ മദിരാശി എത്തുമെന്നയിരുന്നു. തമിഴ്നാട്‌ സര്‍ക്കാര്‍ ബസ്സാണ്‌. സീറ്റുകള്‍ക്കിടയിലുള്ള അകലം നന്നേ കുറവ്‌. ഏഴു മണിക്കൂറ്‍ ഒറ്റയിരുപ്പില്‍ സഞ്ചരിക്കുന്നത്‌ അത്ര സുഖപ്രദമാകാന്‍ വഴിയില്ലെന്ന്‌ യാത്ര പുറപ്പെട്ട്‌ അല്‍പ സമയത്തിനകം ബോദ്ധ്യമായി. യാത്രക്കാര്‍ ഉറങ്ങരുതെന്ന നിര്‍ബ്ബന്ധബുദ്ധിയാണെന്നു തോന്നുന്നു, ഈ സമയമത്രയും പാട്ടും സിനിമയും എന്നു വേണ്ട സര്‍വ്വത്ര ബഹളമായിരുന്നു ബസ്സില്‍.

വെല്ലൂരില്‍ ഏകദേശം അരമണിക്കൂറ്‍ നിര്‍ത്തിയിട്ടതൊഴിച്ചാല്‍ യാത്രയുടെ ഗതിവേഗം പൊതുവേ തൃപ്തികരമായിരുന്നു. പ്രതീക്ഷിച്ചതിലും ഒരല്‍പം നേരത്തേ, പുലര്‍ച്ചെ രണ്ടു മണിക്കു മദിരാശിയിലെ 'ഗിണ്ടി' യില്‍ ബസ്സിറങ്ങി. രാമന്‍ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. താംബരത്തുള്ള രാമണ്റ്റെ വീട്ടില്‍ച്ചെന്ന്‌ ഒരല്‍പം വിശ്രമിച്ചു.

ഇതിനിടെ പദ്ധതിയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞിരുന്നു. എല്ലാ സജ്ജീകരണങ്ങളോടു കൂടി, സൂര്യോദയത്തിനു നന്നേ മുന്‍പു തന്നെ, പുലര്‍ച്ചെ നാലു മണിക്ക്‌ ബൈക്കില്‍ യാത്രയാരംഭിക്കുകയായി. മഹാബലിപുരത്തു ചെന്ന്‌ സൂര്യോദയം കാണുക എന്നതാണ്‌ പ്രഥമലക്ഷ്യം. മദിരാശി നിന്ന്‌ മഹാബലിപുരം വഴി പോണ്ടിച്ചേരി വരെ രാജകീയമായ പാതയാണ്‌. ഈസ്റ്റ്‌ കോസ്റ്റ്‌ റോഡ്‌ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ തീരദേശപാതയോട്‌ ചേര്‍ന്ന്‌ അനേകം വിനോദസഞ്ചാരകേന്ദ്രങ്ങളുണ്ട്‌. വി.ജി.പി ഗോള്‍ഡ ബീച്ച്‌, മഹാബലിപുരം, ആലംപാറ, മുതലിയാര്‍ക്കുപ്പം തുടങ്ങിയവയെല്ലാം അവയില്‍പ്പെടും.

പരിസരം ഉണര്‍ന്നു തുടങ്ങുതേ ഉണ്ടായിരുന്നുള്ളൂ. താമ്പരത്തു നിന്ന്‌ വെളച്ചേരിലിയിലെ ചതുപ്പു നിലങ്ങളും താണ്ടി ഷൊളിങ്കനല്ലൂറ്‍ റോഡും കടന്ന്‌ ഇ.സി.ആറില്‍. ഈസ്റ്റ്‌ കോസ്റ്റ്‌ റോഡില്‍ പ്രവേശിച്ച ഉടന്‍ തന്നെ ആദ്യം കണ്ട ചായക്കടയ്ക്കു മുന്നില്‍ വണ്ടി നിര്‍ത്തി. റേഡിയോവില്‍ നിന്നുയര്‍ന്നു വന്ന ഒരു പഴയ തമിഴ്‌ ഗാനത്തിണ്റ്റെ പശ്ചാത്തലത്തില്‍, ആവി പറക്കുന്ന ചുടുചായയും മോന്തി പരിസരമാകെ ഒരു വിഹഗവീക്ഷണം നടത്തി. നല്ല നിലാവുണ്ടായിരുന്നു. യാത്രയ്ക്കു തെരഞ്ഞെടുത്ത ദിവസം മോശമായില്ലെന്നു ഞാനോര്‍ത്തു. ആകാശത്ത്‌, വിശിഷ്യാ കിഴക്കേചക്രവാളത്തില്‍ ചെറിയൊരു മൂടലുണ്ട്‌. സൂര്യോദയം അതിണ്റ്റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കുവാന്‍ സാധിക്കില്ലെന്ന്‌ ഏതാണ്ട്‌ തീര്‍ച്ചയായി.

മഹാബലിപുരം വരെ ഏതാണ്ട്‌ ഒരു മണിക്കൂറ്‍ യാത്രയുണ്ട്‌. ബ്രാഹ്മമുഹൂര്‍ത്തമായതിനാല്‍ പാതയില്‍ വാഹനങ്ങളും മറ്റു വിഘ്നങ്ങളും വിരളം. എതിരേ വന്നിരുന്ന അപൂര്‍വ്വം ബസ്സുകളെല്ലാം പ്രകാശം താഴ്ത്തി വഴി തെളിച്ചു. ഇടതു വശത്ത്‌, കടലിണ്റ്റെ ഇരുണ്ട മുഖം ഇടയ്ക്കിടെ തിരിഞ്ഞു നോക്കി നിര്‍വൃതിയടഞ്ഞു കൊണ്ട്‌ യാത്ര തുടര്‍ന്നു. ചായക്കടയില്‍ നിന്നും കേട്ട 'സെന്ദൂരപ്പൂവേ' എന്ന ഗാനം മനസ്സില്‍ തിരയിളക്കുന്നു. ആലക്തിക വെളിച്ചം കൊണ്ട്‌ വിദൂരതകളിലെങ്ങോ പൊട്ടു കുത്തിയ ഇരുളിന്‌ വല്ലാത്തൊരു കുളിര്‍മ അനുഭവപ്പെട്ടു. കഴിയുന്നത്ര ദൂരം ഇതേ സ്ഥിതി തുടരാനായെങ്കില്‍ എന്നു കൊതിച്ചു പോയി. ചക്രവാള സീമകളില്‍ രാത്രികള്‍ എന്നും മനോഹരമാണ്‌.

അഞ്ചുമണിയോടു കൂടി മഹാബലിപുരത്തെത്തി. ഭയപ്പെടുത്തു നിശ്ശബ്ദതയാണ്‌ ചുറ്റിലും. തീരത്തേക്കുള്ള പ്രധാന മാര്‍ഗ്ഗം അടച്ചിട്ടിരിക്കുകയായിരുന്നു. നിലാവ്‌ മാര്‍ഗ്ഗം തെളിച്ചു. സമീപത്തെ കടകള്‍ക്കു പിന്നിലൂടെയുള്ള ഊടുവഴിയിലൂടെ ഞങ്ങള്‍ കടല്‍ക്കരയിലെത്തി. പ്രകാശം പരന്നു തുടങ്ങിയിട്ടില്ല. അങ്ങിങ്ങായി ചില തദ്ദേശവാസികള്‍ ഇരിപ്പുറപ്പിച്ചിരിക്കുത്‌ ഞങ്ങള്‍ക്കു കാണാമായിരുന്നു. ആകെപ്പാടെ വൃത്തിഹീനമായാരു ചുറ്റുപാടാണ്‌.

സംഋദ്ധമായ നിലാവാണ്‌ ചുറ്റിലും. ചന്ദ്രനില്‍ നിന്നുതിര്‍ന്നു വന്ന വെള്ളിവെളിച്ചം തിരുവള്ളുവര്‍ ശില്‍പത്തില്‍ തട്ടിത്തെറിച്ചുണ്ടായ നിഴലിണ്റ്റെ അരികു പറ്റി ഞങ്ങളിരുന്നു.

മുന്‍പും ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളതാണ്‌, കാറ്റിണ്റ്റെ ചലനമേതുമില്ലാത്തൊരു കടപ്പുറം. സന്ധ്യകളിലും സ്ഥിതി വ്യത്യസ്തമല്ല. പ്രതീക്ഷകള്‍ക്ക്‌ വിശ്രമം നല്‍കിക്കൊണ്ട്‌ കിഴക്ക്‌ വെള്ള കീറിത്തുടങ്ങി. മൂടിക്കെട്ടി നിന്ന അന്തരീക്ഷം കാഴ്ചയെ മറച്ചു. മേഘങ്ങള്‍ മറ തീര്‍ത്ത ആകാശം കണ്ടു കൊണ്ട്‌ തൃപ്തിപ്പെടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. കടപ്പുറത്തിണ്റ്റെ വടക്കേ അറ്റത്ത്‌ കോവിലിണ്റ്റെ മതിലിനോടു ചേര്‍ന്ന്‌ കൂട്ടിയിട്ടിരു പാറക്കല്ലുകള്‍ക്കിടയില്‍ പ്രകാശം തട്ടിത്തെറിക്കുമ്പോള്‍ കിഴക്ക്‌ മേഘങ്ങള്‍ക്ക്‌ ഓറഞ്ച്‌ നിറമുണ്ടായിരുന്നു.
തുലാവര്‍ഷസന്ധ്യകളിലും വേനല്‍ മഴ വിരുന്നിനെത്തു മേടമാസത്തെ സായാഹ്നങ്ങളിലും കാണു സൂര്യണ്റ്റെ അരുണ വര്‍ണ്ണം.


ആറു മണിയോടെ മഹാബലിപുരത്തു നിന്ന്‌ യാത്ര പുനരാരംഭിച്ചു. നേരം പര പരാ വെളുത്തു. കുറച്ചു ദൂരം മുന്നോട്ടു നീങ്ങിയപ്പോളേക്കും സൂര്യന്‍ മറ നീക്കി പുറത്തു വിരുന്നു. പനകള്‍ക്ക്‌ മുകളില്‍ ജ്വലിച്ചുയര്‍ന്നു നില്‍ക്കു സൂര്യന്‌ പതിവില്ലാത്ത ഒരു സൌന്ദര്യമുണ്ടെന്നു തോന്നി. ചുവപ്പിണ്റ്റെ നിഗൂഢമായ സൌന്ദര്യം.


പ്രശാന്തസുന്ദരമായ പാതയായിരുന്നു ഏറെ ദൂരം. പ്രത്യേകിച്ച്‌ ശ്രദ്ധിക്കാനൊന്നുമില്ലാത്തതിനാല്‍ വണ്ടി അല്‍പം വേഗത്തില്‍ തന്നെ പൊയ്ക്കൊണ്ടിരുന്നു. മുതലിയാര്‍ക്കുപ്പത്തെ തടാകവും ഇടയ്ക്കു പെയ്ത ചാറ്റല്‍ മഴയും അവഗണിച്ചു കൊണ്ട്‌ മൈല്‍ക്കുറ്റികള്‍ താണ്ടി പോണ്ടിച്ചേരിയുടെ പ്രാന്തപ്രദേശങ്ങളിലെത്തിയപ്പൊഴേക്കും വെയിലിനു കടുപ്പമേറി. ഏഴരയോടു കൂടി പോണ്ടിച്ചേരി നഗരത്തില്‍ പ്രവേശിച്ച്‌ കടലൂറ്‍ റോഡിനു സമീപമുള്ള 'ശരവണഭവനി' ല്‍ വണ്ടി നിര്‍ത്തി. വിശപ്പ്‌ കത്തിക്കയറിയിട്ടുണ്ടായിരുന്നു.

ഭക്ഷണശേഷം ക്ഷേത്രനഗരിയായ ചിദംബരത്തേക്കു പോകുക എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു (അരവിന്ദണ്റ്റെ 'ചിദംബരം' എന്ന ചിത്രമായിരുന്നു പ്രചോദനം). എഴുപതു കിലോമീറ്റര്‍ ദൂരമുണ്ട്‌ ചിദംബരത്തേക്ക്‌. പോണ്ടിച്ചേരിയുടെ അതിര്‍ത്തി കടക്കുന്നതു വരെ ഡ്രൈവിംഗ്‌ അത്ര സുഖകരമായ്‌ തോന്നിയില്ല. വീതി കുറഞ്ഞതും സൈക്കിള്‍ യാത്രക്കാരും കാല്‍നടക്കാരും കൈയ്യടക്കി വച്ചിരിക്കുന്നതും ബസ്സുകള്‍ വഴി മുടക്കി നില്‍ക്കുന്നതുമായ വഴികളിലൂടെ ഒരു സര്‍ക്കസ്സ്‌ അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ വണ്ടി ഓടിച്ചു. ദൈവാധീനം ഒന്നു കൊണ്ടു മാത്രമാണ്‌ പ്രത്യേകിച്ച്‌ പരിക്കൊന്നും കൂടാതെ മുന്നോട്ടു നീങ്ങിയത്‌. കടലൂറ്‍ നഗരം താണ്ടുന്നതു വരെ ഇതു തന്നെയായിരുന്നു സ്ഥിതി.

പേരു സൂചിപ്പിക്കുന്ന പോലെ ഒരു കടലോരനഗരമാണ്‌ കടലൂറ്‍. കിഴക്കന്‍ തീരത്തെ പ്രമുഖമായൊരു തുറമുഖം കൂടിയാണ്‌ ഈ നഗരം. പഴക്കം തോന്നിക്കു വീടുകളും വ്യാപാരസ്ഥാപനങ്ങളും കടലൂരിണ്റ്റെ ചരിത്രപരമായ പ്രാമുഖ്യത്തിണ്റ്റെ ദൃഷ്ടാന്തങ്ങളാണ്‌.

ഇടുങ്ങിയ വഴികള്‍ താണ്ടി നഗരം പിന്നിട്ടപ്പോള്‍ ആകാശം വീണ്ടും മേഘാവൃതമായി. വെയിലിണ്റ്റെ കാഠിന്യമറിയാതെ ചിദംബരത്തേക്കുള്ള യാത്ര തുടര്‍ന്നു. മദ്രാസ്സ്‌-നാഗപട്ടണം-വേളാങ്കണ്ണി ദേശീയപാതയാണ്‌ കടലൂരിനേയും ചിദംബരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്നത്‌. ഇരുവശവും പച്ചപ്പു നിറഞ്ഞ നെല്‍പ്പാടങ്ങള്‍ കാഴ്ചയുടെ അതിരുകളെ വെല്ലു വിളിച്ചു കൊണ്ടിരുന്നു. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടു തണല്‍വൃക്ഷങ്ങള്‍ക്കു സമീപം വണ്ടി നിര്‍ത്തി ചിത്രങ്ങളെടുത്തു കൊണ്ടാണ്‌ യാത്ര തുടര്‍ന്നത്‌.

മദ്രാസ്സ്‌-രാമേശ്വരം മീറ്റര്‍ ഗേജ്‌ റയില്‍പ്പാത ഇടയ്ക്കിടെ ഒരു വിളിപ്പാടകലെ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു.

കൃത്യം പത്തു മണിക്ക്‌ ചിദംബരത്തെ നടരാജ ക്ഷേത്രത്തിണ്റ്റെ ഗോപുരത്തിനു മുന്നില്‍ വണ്ടി നിര്‍ത്തി. തലമുറകളെ ഭക്തിസാന്ദ്രമാക്കിയ ചിദംബരം കോവില്‍ ഇതാ കാഴ്ചയ്ക്കപ്പുറം. ഒരു പ്രത്യേക രീതിയില്‍ കുടുമ കെട്ടിയിട്ടുള്ള ഇവിടത്തെ പുരോഹിതരെ പ്രത്യേകം തിരിച്ചറിയാം. ഗോപുര കവാടത്തില്‍ ധ്യാനനിരതനായി ഇരുന്നിരുന്ന ഒരു വൃദ്ധനോട്‌ ക്ഷേത്രത്തിണ്റ്റെ ചരിത്രവും പുരാണവുമൊക്കെ ചോദിച്ചറിഞ്ഞു. തമിഴിലായിരുന്നു ഭാഷ്യം. കേട്ടു പരിച്ചയിച്ചതും സംസാരിച്ചു നടന്നിരുന്നതുമായ തമിഴില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ഈ ഭാഷ.

ദ്രാവിഡശില്‍പകലാപ്രാവീണ്യത്തിണ്റ്റെയും ശിവഭക്തിയുടേയും സമ്മേളനമാണ്‌ ചിദംബരം ക്ഷേത്രം. ശിവണ്റ്റെ നാട്യരൂപമാണ്‌ ഇവിടത്തെ പ്രതിഷ്ഠ. ചോള രാജാക്കന്‍മാര്‍, വിശിഷ്യാ രാജ രാജ ചോളന്‍, ആയിരുന്നു ഈ ക്ഷേത്രത്തിണ്റ്റെ മുഖ്യസൂത്രധാരന്‍. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളെല്ലാം അവയുടെ പിറവിക്കും നിലനില്‍പിനും കടപ്പെട്ടിരിക്കുത്‌ അതാതു കാലങ്ങളില്‍ അവയെ പരിപോഷിപ്പിച്ച രാജവംശങ്ങളോടാണ്‌. ചോളര്‍, പാണ്ഡ്യര്‍, നായ്ക്കര്‍ എന്നീ രാജവംശങ്ങളാണ്‌ ചിദംബരത്ത്‌ തങ്ങളുടെ മുദ്രകള്‍ അവശേഷിപ്പിച്ചിട്ടുള്ളത്‌.


നടരാജക്ഷേത്രമായതു കൊണ്ടു തന്നെ നൃത്തച്ചുവടുകള്‍ പതിഞ്ഞതാണ്‌ ഈ ക്ഷേത്രത്തിലെ ഓരോ കല്ലുകളും. കോവിലിനു നാലു വശത്തും സ്ഥിതി ചെയ്യു ബൃഹത്തായ ഗോപുരങ്ങളിലെല്ലാം ഭരതനാട്യത്തിലെ 108 മുദ്രകള്‍ കൊത്തി വച്ചിരിക്കുന്നു. പ്രധാന കോവിലിനു ചുറ്റും പരന്നു കിടക്കു നാട്യഗൃഹങ്ങളുടെ ഓര്‍മ്മകളില്‍ ഇന്നും ചിലങ്കയുടെ മാറ്റൊലികള്‍ കേള്‍ക്കാം. തൂണുകള്‍ ഇഴ ചേര്‍ത്ത ഈ നാട്യഗൃഹങ്ങള്‍ മധുരയിലെ ആയിരം കാല്‍ മണ്ഡപത്തെ ഓര്‍മ്മിപ്പിക്കുന്നു.

പ്രധാന കൊവിലിണ്റ്റെ ഉള്ളില്‍ പ്രവേശിച്ച്‌ 'ചിദംബര രഹസ്യം'('ചിത സഭയില്‍' ശിവലിംഗമോ നടരാജ വിഗ്രഹമോ അല്ല പ്രതിഷ്ഠ. വെറും ശൂന്യത മാത്രം) ദര്‍ശിച്ചു.

തൊഴുതു പുറത്തു കട ശേഷം ക്ഷേത്രക്കുളത്തിണ്റ്റെ കല്‍പടവുകളിലേക്ക്‌ കാലിറക്കി വച്ച്‌ അല്‍പം വിശ്രമിച്ചു. വെള്ളത്തില്‍ കിഴക്കേഗോപുരത്തിണ്റ്റെ പ്രതിഫലനം കാണാം. ഇവിടത്തെ ഓരോ തൂണുകളിലും മുദ്രകളാണ്‌. നാട്യമുദ്രകള്‍. കുളത്തിനു ചുറ്റുമുള്ള നീണ്ട ഇടനാഴികളിലെ ചുവരുകളില്‍ മാണിക്യവാസകരുടെ തിരുവാസകം ആലേഖനം ചെയ്തിട്ടുണ്ട്‌. തരതമ്യേന, അതിനത്ര പഴക്കം തോന്നിച്ചില്ല.
അങ്ങിനെ നൃത്തവും പുരാണവും ഇതിഹാസവും ഭക്തിയും ചരിത്രവുമെല്ലാം തല വച്ചു മയങ്ങുന്ന ചിദംബരത്തെ കല്‍പടവുകളില്‍ കുറേ നേരം വെറുതേയിരുന്നു.
വെറുമൊരു നിര്‍വൃതി. അത്ര മാത്രം. ദ്രാവിഡ സംസ്കാരത്തിണ്റ്റെ നീട ഇടനാഴികള്‍ തേടിയുള്ള ഒരു യാത്ര അഥവാ ഒരു ഭ്രാന്തന്‍ സ്വപ്നം. ആ സ്വപ്നത്തിലെ പ്രധാനമായൊരേടിതാ എണ്റ്റെ ചുറ്റും ഈ കൊവിലില്‍......

തമിഴ്‌ നാട്ടിലെ ക്ഷേത്രങ്ങളില്‍ പലതു കൊണ്ടും വേറിട്ടു നില്‍ക്കുതാണ്‌ കാഞ്ചീപുരവും ചിദംബരവും. ഭക്തിയുടെ കച്ചവടസാധ്യതകള്‍ ഇനിയും അനാവരണം ചെയ്യപ്പെടാത്ത അപൂര്‍വ്വം ക്ഷേത്രങ്ങളാണ്‌ ഇവ രണ്ടും. ഈ ക്ഷേത്രപരിസരമൊഴിച്ചാല്‍ കറ കളഞ്ഞ ഒരു തമിഴ്‌ ഗ്രാമമാണ്‌ ചിദംബരം. മധുരയും പഴനിയും രാമേശ്വരവുമെല്ലാം താരതമ്യേന തിരക്കേറിയതും എന്നാല്‍ പൂര്‍ണ്ണമായും കച്ചവടവല്‍ക്കരിക്കപ്പെടുകയും ചെയ്തിട്ടുള്ള ക്ഷേത്രങ്ങളാണ്‌.

ഒരു ദു:ഖം അവശേഷിച്ചു. വൃത്തിഹീനമായ ചുറ്റുപാടുകള്‍ ആ ക്ഷേത്രത്തിണ്റ്റെ പവിത്രതയ്ക്ക്‌ ചേര്‍ന്നതാകുന്നില്ല. ശരിയായി പരിപാലിച്ചില്ലെങ്കില്‍ നമ്മുടെ സംസ്കാരത്തിണ്റ്റെ നിറമാര്‍ന്ന ശില്‍പങ്ങള്‍ ഇനി എത്ര കാലം എന്നെ ചോദ്യമാണ്‌ അവശേഷിപ്പിക്കുന്നത്‌. ഇനിയെന്നെങ്കിലും കാണാമെന്ന പ്രതീക്ഷയോടെ, ഒരു മണിക്കൂറ്‍ ചെലവഴിച്ച ശേഷം, പതിനൊന്നു മണിയോടെ മടക്ക യാത്ര ആരംഭിച്ചു.

പിച്ചാവരം എന്ന വിനോദസഞ്ചാരകേന്ദ്രത്തെക്കുറിച്ചറിഞ്ഞത്‌ മടക്കയാത്രയ്ക്കിടയിലാണ്‌. ചിദംബരം-കടലൂറ്‍ ദേശീയപാതയില്‍ നിന്ന്‌ പതിമൂന്നു നാഴിക ഉള്ളിലേക്കു തള്ളി കടല്‍തീരത്തോട്‌ ചേര്‍ന്നു കിടക്കുന്ന ഒരു കായല്‍ പ്രദേശമാണ്‌ പിച്ചാവരം. തമിഴ്നാടിണ്റ്റെ ഉള്‍ഗ്രാമങ്ങളിലൂടെയുള്ള ഈ യാത്ര വളരെ ആകര്‍ഷകമായിരുന്നു. നേരിയ മൂടലുണ്ടാന്നിയിരുതിനാല്‍ വെയിലിന്‌ കാഠിന്യം കുറവായിരുന്നു. നീണ്ടു പരന്നു കിടക്കു വയലേലകള്‍ക്കു നടുവിലുള്ള അമ്മന്‍ കോവിലുകള്‍ തമിഴ്‌ സംസ്കാരത്തിണ്റ്റെ വൈകാരികമായ സങ്കേതങ്ങളാണ്‌. ദാരിദ്യ്രത്തിണ്റ്റെ കഠിനമായ ചൂടേറ്റു തളരുമ്പോള്‍ ഗ്രാമീണര്‍ ആശ്രയം കൊള്ളു ആരാധനാലയങ്ങള്‍... അവയുടെ സുഖമുള്ള മണവുമുള്‍ക്കൊണ്ടു കോണ്ട്‌ യാത്ര തുടര്‍ന്നു.

രാമേശ്വരത്തേക്കുള്ള മീറ്റര്‍ഗേജ്‌ റയില്‍പ്പാത മുറിച്ചു കടന്നപ്പോള്‍ കണ്ട ഒരു ചെറിയ റയില്‍വേസ്റ്റേഷന്‍ എണ്റ്റെ കാഴ്ചയെ പിടിച്ചു നിര്‍ത്തി. ഷൊര്‍ണ്ണൂരിനു സമീപമുള്ള മുള്ളൂര്‍ക്കര സ്റ്റേഷനെപ്പോലൊരെണ്ണം. തമിഴ്‌ ഗ്രാമീണതയുടെ പരിഷ്കാരത്തിണ്റ്റെ ആദ്യകാല ചിഹ്നങ്ങളാണ്‌ ഇവിടങ്ങളിലെ മീറ്റര്‍ഗേജ്‌ റയില്‍പ്പാതകള്‍. ഭാരതിരാജയുടെ 'കിഴക്കേ പോകും റയില്‍' എന്ന ചിത്രം ഞാന്‍ മനസ്സിലോര്‍ത്തു.

കുറെ ദൂരം താണ്ടുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന അപൂര്‍വ്വം കടകളിലൊന്ന്‌ മിക്കവാറും ഒരു 'ഒയിന്‍ ഷാപ്പ്‌' (കള്ള്‌ ഷാപ്പ്‌ എന്നു മലയാള പരിഭാഷ) ആയിരിക്കും. റേഷന്‍ ഷാപ്പ്‌ ഇല്ലെങ്കില്‍ പോലും ഈ പ്രദേശങ്ങളില്‍ വിദേശമദ്യക്കടകള്‍ സുലഭമാണ്‌. മദ്യത്തിണ്റ്റെ സ്വാധീനം അത്രയ്ക്കുണ്ട്‌ ഈ ഗ്രാമീണരില്‍.

പിച്ചാവരത്തെത്തിയപ്പോഴേക്കും വെയിലിണ്റ്റെ കാഠിന്യമേറി. വണ്ടി ഒതുക്കി നിര്‍ത്തി ഒരു ഇളനീരും കുടിച്ച്‌ കായലിണ്റ്റെ വിദൂരതയിലേക്കു കണ്ണും നട്ട്‌ അല്‍പനേരം അങ്ങിനെയിരുന്നു.
ഒര വര്‍ഷം മുന്‍പ്‌ വീശിയടിച്ച സുനാമി നാശം വിതച്ച പ്രദേശങ്ങളാണ്‌ ഇവിടെല്ലാം. ആ ദുരന്തത്തില്‍പ്പെട്ട്‌ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ച പുതിയ കോളനികള്‍ സമീപത്തു കാണാം. എത്തിപ്പേടാന്‍ ബുദ്ധിമുട്ടെങ്കിലും ആകര്‍ഷകമായൊരു വിനോദസഞ്ചാരകേന്ദ്രം തന്നെയൊണ്‌ പിച്ചാവരം.

സൂര്യണ്റ്റെ അഗ്നികിരണങ്ങള്‍ വക വയ്ക്കതെ ഞങ്ങള്‍ പോണ്ടിച്ചേരിക്കു മടക്കയാത്ര ആരംഭിച്ചു. യാത്ര ദുഷ്കരമാക്കിയ സൈക്കിള്‍ യാത്രക്കാരെയും മറി കടന്ന്‌ പോണ്ടിച്ചേരിയിലെത്തി മുറിയെടുത്തപ്പോള്‍ സമയം ഉച്ച തിരിഞ്ഞ്‌ രണ്ടര മണി. തലേദിവസം അടക്കി നിര്‍ത്തിയ നിദ്ര വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ഭക്ഷണശേഷം ഒരല്‍പ നേരം കണ്ണടച്ചു.

വൈകീട്ട്‌ അഞ്ചു മണിയോടെ ബീച്ചിലേക്കു വന്നു. ഫ്രഞ്ച്‌ സ്മരണകള്‍ കോട്ട കെട്ടി നിര്‍ത്തിയിരിക്കുന്ന ഇവിടങ്ങളിലെ തെരുവുകളിലൂടെ അലയുക എതാണ്‌ പോണ്ടിയിലെ പ്രധാന വിനോദം. ഏകദേശം രണ്ടു മണിക്കൂറ്‍ നേരത്തെ അഭ്യാസത്തിനു ശേഷം, ഇരുള്‍ വീണപ്പോള്‍ വീണ്ടും കടല്‍ക്കരയിലെത്തി 'സ്വച്ഛാബ്ധി മണല്‍ത്തിട്ടാം പാദോപധാനം പൂണ്ട്‌' വെറുതേ കുറേ നേരം ചിലവഴിച്ചു. സൂര്യണ്റ്റെ തിരി താഴുകയും കിഴക്കേ ചക്രവാളത്തില്‍ തിങ്കളുദിച്ചുയരുകയും അതിണ്റ്റെ നേര്‍ത്ത വേളിച്ചം കടലിലെ തിരകളെ പാല്‍വര്‍ണ്ണമാക്കുകയും ചെയ്യുന്നത്‌ മനോഹരമായ കാഴ്ചയായിരുന്നു. രാത്രികള്‍ വിരസമായ സമുദ്രത്തെപ്പോലും മനോഹരിയാക്കിക്കളയും. അങ്ങിനെ കടല്‍ത്തിരകളും നിലാവുമായ്‌ അല്‍പ നേരം സല്ലപിച്ച ശേഷം വീണ്ടും പോണ്ടിയിലെ തെരുവുകളിലേക്കു പിന്‍വാങ്ങി. രാത്രി ഭക്ഷണശേഷം പതിനൊന്നു മണിക്ക്‌ വീണ്ടും ബീച്ചിലെത്തി. രാത്രിയുടെ ഇരുണ്ട നിശ്ശബ്ദതയില്‍ തിരകളുടെ സംഗീതം ആസ്വദിച്ചു കൊണ്ട്‌, ഏകാന്തതയുടെ കൂട്ടും പിടിച്ച്‌ ഏറെ നേരം അവിടെയിരുന്നു. ആ അനുഭൂതിയുടെ ലഹരിയില്‍ സമയം പുലര്‍ച്ചെ ഒരയായതു പോലും അറിഞ്ഞില്ല.. ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ രണ്ടു മണി. ഏറെ നേരം പിടിച്ചു നിര്‍ത്തിയ ഉറക്കം പതുക്കെ എന്നെ കീഴ്പ്പെടുത്തി..

അടുത്ത ദിവസം വളരെ വൈകിയാണ്‌ നിദ്ര വിട്ടുണര്‍ത്‌. അന്ന്‌ ഉച്ച വരെ ആകെ കാണാന്‍ കഴിഞ്ഞത്‌ പോണ്ടിച്ചേരിയിലെ മ്യൂസ്യം മാത്രവും. ഉച്ചയോടെ സംഘത്തോട്‌ വിട പറഞ്ഞ്‌ ബാംഗ്ളൂര്‍ക്ക്‌ മടക്കയാത്ര ആരംഭിക്കുകയായി. വില്ലുപുരം താണ്ടി വൈകീട്ട്‌ അഞ്ചരയോടെ തിരുവണ്ണാമലയിലെത്തി. അവിടെ നിന്ന്‌ ബാംഗ്ളൂരിലെത്തുമ്പോള്‍ സമയം രാത്രി പത്തര മണി.

ഒരു യാത്രയ്ക്ക്‌ വിജയകരമായ സമാപനം.

-നിഖില്‍ വേണുഗോപാല്‍
2006

Search Tags: Pondicherry, Mahabalipuram, Cuddalore, Chidambaram, Pichavaram

9 Comments:

Anonymous Anonymous said...

I am alittl confused by your blog. But you are a genius... J.Level

Friday, April 25, 2008 9:11:00 PM  
Blogger മൂര്‍ത്തി said...

നല്ല പോസ്റ്റ് നിഖില്‍..നന്ദി...

Friday, April 25, 2008 10:17:00 PM  
Blogger കണ്ണൂസ്‌ said...

തമിഴ്‌നാട് എന്നാല്‍ ചെന്നൈ മാനഗരമാണെന്ന് വിചാരിചിട്ടുള്ള പലരുമുണ്ട്. ഇങ്ങനെ കാണേണ്ട സ്ഥലങ്ങള്‍ ഇഷ്ടം പോലെയുണ്ട് തമിഴ്നാട്ടില്‍.

ചെന്നൈയില്‍ ആയിരുന്ന രണ്ടു കൊല്ലത്തില്‍ പലവട്ടം നാഗപട്ടണത്തെക്ക് യാത്ര ചെയ്തിട്ടുണ്ട്. (ഞങ്ങളുടെ പ്രധാന ചില ക്ലയന്റുകള്‍ - ഓ.എന്‍.ജി.സി കാരൈക്കല്‍, എം.ആര്‍.എല്‍, കോത്താരി ഷുഗേഴ്സ് ഒക്കെ അവിടെയായിരുന്നു). പോണ്ടിച്ചേരി മുതല്‍ മയിലാടു തുറൈ വരെയുള്ള കടല്‍ത്തീര യാത്ര ഒരു അനുഭവം തന്നെയാണ്‌. സ്വന്തമായി വാഹനസൗകര്യമുണ്ടെങ്കില്‍ പ്രത്യേകിച്ചും. ചിദം‌ബരം, കുംഭകോണം, (ഇതും തിരക്ക് വളരെ കുറഞ്ഞ ദ്രാവിഡ സംസ്കാരം തുടീച്ചു നില്‍ക്കുന്ന ഒരു ക്ഷേത്രം തന്നെ), തഞ്ചാവൂര്‍, നാഗൂര്‍, വേളാങ്കണ്ണി ദേവാലയങ്ങള്‍‍ ഒക്കെ സന്ദര്‍ശിക്കാന്‍ പറ്റിയത് ഈ രണ്ടു കൊല്ലങ്ങളിലെ യാത്രക്കിടയിലാണ്‌.

Friday, April 25, 2008 10:25:00 PM  
Blogger ഭൂമിപുത്രി said...

കുറച്ചുനാള്‍മുന്‍പ് പോണ്ടിച്ചേരിയില്‍ ഞാനും
പോയിരുന്നു. French architecture ന്‍ ഒപ്പം ഓറ്മ്മയില്‍നില്‍ക്ക്കുന്നതു അവിടുത്തെ ദോശയുടെ രുചിയാണ്‍.
ഈ ചിത്രങ്ങള്‍ക്ക് നന്ദി നിഖില്‍.

Saturday, April 26, 2008 12:44:00 AM  
Blogger Mr. K# said...

നല്ല പോസ്റ്റ്.

Saturday, April 26, 2008 1:17:00 PM  
Blogger siva // ശിവ said...

വന്നു ...വായിച്ചു....നന്നായി...കേട്ടോ...

Saturday, April 26, 2008 9:33:00 PM  
Blogger ശ്രീ said...

നല്ല മനോഹരമായ ഒരു യാത്രാവിവരണം. ഒപ്പം നല്ല ചിത്രങ്ങളും.
:)

Tuesday, April 29, 2008 9:46:00 AM  
Blogger nandakumar said...

നിഖില്‍ നന്നായിരിക്കുന്നു വിവരണം. ഒരു വര്‍ഷം മുന്‍പ് പോണ്ടിച്ചേരിയിലും ചിദംബരത്തും പോയതോര്‍മ്മ വന്നു. ചിദംബര ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത അത് മുഴുവന്‍ കരിങ്കല്ലു കൊണ്ടു പണിതിരിക്കുന്നു എന്നതാണ്. അതായത് തറയും, ചുവരും തൂണ്ടും മേല്‍ക്കൂരയും വരെ കരിങ്കല്ലാണ്. പക്ഷെ എത്ര ചൂടുകാലത്തും ക്ഷേത്രത്തിനുള്ളില്‍ ഒരു ചൂടും നമുക്കനുഭവപ്പെടില്ല എന്നു മാത്രമല്ല, നേരിയൊരു കുളിര്‍മ്മയും കിട്ടും. പഴയ കാലത്തുള്ളവരുടെ നിര്‍മ്മാണ വൈദഗ്ദ്ധ്യം നമ്മെ അത്ഭുതപ്പെടുത്തും.
എന്റെ പോണ്ടിച്ചേരി -ചിദംബരം ചിത്രങ്ങള്‍ ഇവിടെ
http://nandanzphotoz.blogspot.com/

Tuesday, April 29, 2008 10:26:00 AM  
Blogger അനില്‍ശ്രീ... said...

ഒരു വര്‍ഷം ചെന്നയില്‍ ജോലി എടുത്ത കാലത്ത് (1997) പോണ്ടിച്ചേരിയില്‍ പോയിരുന്നു. മനോഹരമായ പോണ്ടിച്ചേരി നഗര‍ത്തിന്റെ ഫോട്ടോകള്‍ ഒന്നും കണ്ടില്ലല്ലോ. ചിദംബരം ക്ഷേത്രത്തില്‍ പോയത് 1989 -ല്‍ ഒരു മാസക്കാലത്തോളം നെയ്‌വേലിയില്‍ ചിലവഴിച്ചപ്പോള്‍ ആണ്. നികില്‍ ഓര്‍മകള്‍ ഒരു പാട് പുറകോട്ട് പോയി . നന്ദി.

Tuesday, April 29, 2008 11:32:00 AM  

Post a Comment

Subscribe to Post Comments [Atom]

<< Home