ഓര്‍മ്മകളില്‍ രവീന്ദ്രന്‍
രവീന്ദ്രസംഗീതത്തെ എനിക്കു പരിചയപ്പെടുത്തിയത് ആരാണ്? ഒരു പക്ഷെ ആകാശവാണിയായിരിക്കണം. വര്‍ഷങ്ങള്‍ക്കു മുന്‍പ് തൃശ്ശൂറ്‍ നിലയത്തില്‍ രവീന്ദ്രഗീതങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു പരിപാടി. അവതാരകന്‍ ആരായിരുന്നു എന്നെോര്‍ക്കുന്നില്ല. എങ്കിലും പോയകാലത്തെ ഇഷ്ടഗീതങ്ങളില്‍ പലതും രവീന്ദ്രന്റേതായിരുന്നു എന്നു തിരിച്ചറിയുവാന്‍ തുടങ്ങിയ നിമിഷങ്ങള്‍.. ഒപ്പം ആ സമയത്തു തന്നെ പുറത്തിറങ്ങിയ 'അയാള്‍ കഥയെഴുതുകയാണ്' എന്ന ചിത്രത്തിലെ ഗാനങ്ങളുടെ മാധുര്യമോര്‍ത്ത് വിസ്മയിച്ചിരിക്കുന്ന സമയവും.
പിന്നീട് എപ്പഴോ രവീന്ദ്രന്‍ എന്ന സംഗീതജ്ഞന്‍ ഓര്‍മ്മകളുടെ പരിധി വിട്ടു പോയിരുന്നു.. ബോധപൂര്‍വ്വമായിരുന്നില്ല.. ഇളയരാജയുടെ തമിഴ് ഗാനങ്ങളോട് കടുത്ത ആരാധനയും ബഹുമാനവുമായി നടക്കുന്ന കാലം.. മറ്റു സംഗീതജ്ഞരാരും തന്നെ ഒരു പക്ഷെ എന്നിലെ അന്വേഷകന്റെ ത്വരയെ തൊട്ടുണര്‍ത്തിയിരുന്നില്ല എന്നതായിരുന്നു സത്യം.
വര്‍ഷങ്ങള്‍ക്കു ശേഷം ബാംഗ്ളൂറ്‍ നഗരത്തില്‍.. നാട്ടില്‍ നിന്നും വിട്ടു നിന്ന ആദ്യവര്‍ഷം ഓണസമ്മാനമായി ഒരു ചിത്രം. അതിന്റെ കൂടെ അതിമനോഹരമായ കുറേ ഗാനങ്ങളുമെത്തുന്നു..'മിഴി രണ്ടിലും' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എനിക്കു സമ്മാനിച്ചത് പുതുമഴയുടെ സുഖമൂറുന്ന ഗന്ധമായിരുന്നു. രവീന്ദ്രഗീതങ്ങള്‍ സ്മൃതികളില്‍ തിരികെയെത്താന്‍ തുടങ്ങിയ നിമിഷങ്ങള്‍.
ബാംഗ്ളൂരില്‍ വച്ചു പരിചയപ്പെടാനിടയായ ഒരു സുഹൃത്താണ് രവീന്ദ്രഗീതങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാനുള്ള പ്രേരണയും പ്രചോദനവുമായത്. ഒരു സംഗീത നിരൂപകനും രവീന്ദ്രന്റെ അടുത്ത സുഹൃത്തുമായ അദ്ദേഹത്തില്‍ നിന്നും രവീന്ദ്രന്റെ പഴയ ഗാനങ്ങള്‍ അതു വരെ കേള്‍ക്കാത്ത സവിശേഷമായ ഒരു നാദവിസ്മയമെന്ന പോലെ കേള്‍ക്കാനും ആസ്വദിക്കുവാനും തുടങ്ങി. പൊന്‍ പുലരൊളിയും പുഴയൊരഴകുള്ള പെണ്ണും രാജീവം വിടരും നിന്‍ മിഴികളുമെല്ലാം രവീന്ദ്രന്റേതായിരുന്നു എന്ന തിരിച്ചറിവ് രവീന്ദ്രഗീതങ്ങളിലേക്കുള്ള പ്രയാണം കൂടുതല്‍ താല്‍പ്പര്യമുണര്‍ത്തുകയായിരുന്നു.
സിനിമാസംഗീതത്തില്‍ പ്രഥമഗുരുവായ ആകാശവാണിയോട് ഒരു സംഗീതസ്നേഹി എന്ന നിലയ്ക്ക് അതിരില്ലാത്ത ആരാധനയും ബഹുമാനവും തോന്നിയത് ഈ പഴയ ഗാനങ്ങള്‍ അന്വേഷിച്ച് ഭൂതകാലത്തേക്കൊരു പ്രയാണം നടത്തിയപ്പോഴാണ്. പണ്ട് കേബിള്‍ ടിവി യുടെ അതിപ്രസരം ഉണ്ടാകുതിനു മുന്‍പ് റേഡിയോ ആയിരുന്നു സിനിമാസംഗീതത്തിലേക്കുള്ള വാതായനം. സ്കൂളില്‍ പോകുന്ന കാലം മുതല്‍ക്കേ അലസമായി കേട്ടു മറന്ന പല ഗാനങ്ങളും ഓര്‍മ്മകളുടെ കുഴി തോണ്ടി എടുത്തപ്പോള്‍ അവയില്‍ പലതിനും ഒരു രവീന്ദ്രസ്പര്‍ശമുണ്ടെന്നു ഞാന്‍ തിരിച്ചറിയുകയായിരുന്നു.
എന്താണ് രവീന്ദ്ര സംഗീതത്തിന്റെ സവിശേഷത? ഇതിനുത്തരം തരാന്‍ അദ്ദേഹം ചെയ്തു വച്ചിട്ടു പോയ അസംഖ്യം ഗാനങ്ങള്‍ക്കു മാത്രമേ കഴിയൂ. തേനും വയമ്പും, മനതാരില്‍ എന്നും, പ്രമദവനം, പറയൂ ഞാന്‍, മാമാങ്കം പല കുറി, പാതിരാമയക്കത്തില്‍ എന്നീ ഗാനങ്ങളിലെ വൈവിധ്യവും അതേസമയം ശ്രവണമാത്രയില്‍ പ്രകടമാകു ഈണസഞ്ചാരപഥങ്ങളുമാണ് അവയുടെ വ്യക്തിത്വം.
ഒരു ശരാശരി ആസ്വാദകന്‍(ഞാനുള്‍പ്പടെ) കരുതുന്നതിലും എത്രയോ ഉയരത്തിലാണ് രവീന്ദ്രന്‍ മാഷ്ടെ സൃഷ്ടികള്‍. ഒരു 'പ്രമദവനവും' 'ഹരിമുരളീരവവും' കൊണ്ടവസാനിക്കുന്നതുമല്ല രവീന്ദ്രന്‍ എന്ന സംഗീതസംവിധായകന്റെ റേഞ്ജ്. കര്‍ണ്ണാടക സംഗീതവും ലളിതസംഗീതവും യോജ്യമായ അളവില്‍ ചേരുവ ചേര്‍ത്ത 'പൊന്‍ പുലരൊളി പൂ വിതറിയ' (ഇത്തിരിപ്പൂവേ ചുവന്ന പൂവേ), 'രാവില്‍ രാഗനിലാവില്‍' (മഴനിലാവ്) എന്നിവ ഈ രണ്ടു സംഗീതശാഖകളിലും അദ്ദേഹത്തിനുണ്ടായിരുന്ന പ്രാവീണ്യം വെളിപ്പെടുത്തുന്നവയാണ്.
വെറും ശാസ്ത്രീയത മാത്രമല്ല രവീന്ദ്രന്റെ ഈണങ്ങള്‍. അതില്‍ ഓര്‍ക്ക്സ്റ്റ്രേഷനുണ്ട്. ലാളിത്യമുണ്ട്. ലാളിത്യത്തിന്റെ സങ്കീര്‍ണ്ണതയുമുണ്ട്. ഹംസധ്വനി എന്ന രാഗം തികച്ചും വ്യത്യസ്തമായ രീതികളില്‍ സങ്കല്‍പ്പിക്കുമ്പോഴും (രാവില്‍ രാഗനിലാവില്‍, ഉത്രാടപ്പൂനിലാവേ വാ, രാഗങ്ങളേ മോഹങ്ങളേ, കണ്ണാടിപ്പൂഞ്ചോല, മനതാരില്‍ എന്നും, ഹേയ് കുറുമ്പേ..) ഒരു സിനിമാഗാനത്തിന്റെ എല്ലാ മനോഹാരിതയോടും കൂടി അവ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് രവീന്ദ്രനെ കാലങ്ങള്‍ അതിജീവിക്കുന്ന ഒരു കമ്പോസറായി മാറ്റുന്നത്. . 'ശോഭനം മോഹനം' (മനസ്സേ നിനക്കു മംഗളം), 'രാജീവം വിടരും നിന്‍ മിഴികള്‍' (ബെല്‍റ്റ് മത്തായി), 'ഇത്തിരി നാണം പെണ്ണിന്‍ കവിളിന്' (തമ്മില്‍ തമ്മില്‍) എന്നിങ്ങനെ 'ട്രെന്‍ഡ്' സംഗീതവും രവീന്ദ്രന്‍ സൃഷ്ടിച്ചിട്ടുണ്ട്.
രവീന്ദ്രഗീതങ്ങളില്‍ ഓര്‍ക്കെസ്റ്റ്രയുടെ അനുപാതം പൊതുവേ കുറവാണെന്നൊരു ധാരണയുണ്ട്. എന്നാല്‍ അദ്ദേഹം ആവിഷ്കരിച്ചെടുത്ത ചില വയലിന്‍ പ്രയോഗങ്ങള്‍ ഗാനങ്ങളുടെ ഈണങ്ങള്‍ പോലെത്തന്നെ അതീവഹൃദ്യവും മനോഹരവുമാണ്. 'മാനം പൊന്‍മാനം കതിര്‍ ചൂടുന്നു' (ഇടവേളയ്ക്കു ശേഷം), 'രാജീവം വിടരും നിന്‍ മിഴികള്‍', 'പാലാഴിപ്പൂമങ്കേ' (പ്രശ്നം ഗുരുതരം) എന്നിവയിലെ വയലിന്‍ പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക.
അദ്ദേഹത്തിന്റെ പല ഗാനങ്ങളും പല രാഗങ്ങളുടെയും ഒരു 'ബെഞ്ച് മാര്‍ക്ക്' ആയി കണക്കാക്കാം. ആരാലും കേള്‍ക്കപെടാതെയും ശ്രദ്ധിക്കപ്പെടാതെയും പോയ 'പറയൂ ഞാന്‍ എങ്ങിനെ' (ചൈതന്യം) സാരമതി രാഗത്തിന് സിനിമാസംഗീതത്തിന്റെ ഏറ്റവും മികച്ച സംഭാവനയാണ്. അതു പോലെ തന്നെ 'പൊന്‍ പുലരൊളി' ,'ഗോപാംഗനേ അത്മാവിലെ' (നാട്ട), ലീലാതിലകം ചാര്‍ത്തി, ഗോപികാവസന്തം (ഷണ്‍മുഖപ്രിയ), കുടജാദ്രിയില്‍, ശ്രീലതികകള്‍ (രേവതി) എന്നിങ്ങനെ നിരവധി..
മലയാള ലളിതഗാനചരിത്രത്തിലെ ഒരു നാഴികക്കല്ലെന്നു വിശേഷിപ്പിക്കവുന്നതാണ് ൧൯൮൩ ഇല്‍ തരംഗിണി പുറത്തിറക്കിയ 'വസന്തഗീതങ്ങള്‍' എന്ന ലളിതഗാനസമാഹാരം. രവീന്ദ്രന്‍ ഈണം നല്‍കി യേശുദാസ്, ചിത്ര എന്നിവര്‍ ആലപിച്ച എണ്ണം പറഞ്ഞ ഗാനങ്ങള്‍ ഒരു ട്രെന്‍ഡിനു തന്നെ തുടക്കമിടുകയായിരുന്നു. 'മാമാങ്കം പലകുറി കൊണ്ടാടി' എന്ന ഗാനം അവയില്‍ ഏറ്റവും പ്രശസ്തമായി. പിന്നീട് ഉത്സവഗാനങ്ങള്‍, പൊന്നോണതരംഗിണി മുതല്‍ ഏറ്റവും അവസാനം പുറത്തിറങ്ങിയ ഋതുഗീതങ്ങള്‍ വരെ അനവധി ലളിതഗാനസമാഹാരങ്ങള്‍ക്ക് രവീന്ദ്രന്‍ ഈണം നല്‍കിയിട്ടുണ്ട്.
പുറത്തിറങ്ങാതെ പോയതും സാമ്പത്തികമായി വിജയിക്കാതെ പോയതുമായി അനേകം ചിത്രങ്ങളിലും രവീന്ദ്രഗീതങ്ങള്‍ മികച്ചു നിന്നു (നീലക്കടമ്പ്, മഹസ്സര്‍, ടെലിഫോണില്‍ തൊടരുത്, സുവര്‍ണക്ഷേത്രം...). തന്റെ ഈണങ്ങള്‍ നിലവാരം പുലര്‍ത്തണമെന്ന നിര്‍ബന്ധബുദ്ധി അദ്ദേഹത്തിനെന്നുമുണ്ടായിരുന്നു.
അവിചാരിതമായി അദ്ദേഹത്തെ കാണുവാനൊരവസരം ലഭിക്കുന്നു - രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്. ഒരു റ്റിവി പ്രോഗ്രാമിന്റെ റിക്കാര്‍ഡിംഗ് കഴിഞ്ഞു മടങ്ങുന്ന അവസരത്തിലാണ് സുഹൃത്തിനോടൊപ്പം എറണാകുളത്തെ കലൂരുള്ള അദ്ദേഹത്തിന്റെ വസതിയില്‍ പോയി അദ്ദേഹത്തെ കാണുത്. ഒരു പരുക്കന്‍ സ്വഭാവമാണ് മാഷുക്കെ പൊതു(തെറ്റി)ധാരണ എന്നെയും പിടി കൂടിയതു കൊണ്ടാകാം, വിറയ്ക്കുന്ന ശരീരവുമായാണ് അദ്ദേഹത്തിന്റെ മുന്നില്‍ ചെന്നത്. മനസ്സിലെ ആര്‍ദ്രഗാനങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന വ്യക്തിയാണ് മുന്നിലിരിക്കുതെന്ന് അപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തീരെ അവശനായിരുന്ന മാഷ് വടക്കുന്നാഥനെക്കുറിച്ചു സംസാരിച്ചു. സംഗീതത്തെക്കുറിച്ച് അദ്ദേഹത്തോടു സംസാരിക്കുവാനുള്ള യോഗ്യതയില്ലായ്മയും, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും ഒരു ചര്‍ച്ചയില്‍ നിന്ന് എന്നെ പുറകോട്ടു വലിച്ചു. യാത്ര പറഞ്ഞിറങ്ങാന്‍ നേരം 'ഇനിയൊരിക്കല്‍ വരൂ.. നമുക്കിരിക്കാം' എന്ന് എന്റെ സുഹൃത്തിനോട് അദ്ദേഹം പറയുമ്പോള്‍ മാഷിന്റേതായി വരാന്‍ പോകുന്ന പുതിയ ഗാനങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയായിരുന്നു മനസ്സില്‍.
രണ്ടാഴ്ചകള്‍ക്കു ശേഷം ആ മരണവാര്‍ത്ത കേട്ടപ്പോള്‍ വല്ലാത്തൊരു ഷോക്കായിരുന്നു.. വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാത്രമായിരുന്നെങ്കിലും പുതിയ ഗാനങ്ങളുമായ് മാഷ് സമീപത്തെവിടെയോ മറഞ്ഞിരിപ്പുണ്ടെന്ന വിശ്വാസമായിരുന്നു അന്നു മലയാള ഗാനങ്ങള്‍ കേള്‍ക്കുവാന്‍ പ്രേരിപ്പിച്ചിരുന്നത്.
തരംഗിണിയുടെ ആ വര്‍ഷത്തെ ഓണപ്പാട്ട് മാഷായിരുന്നു ചിട്ടപ്പെടുത്തിയത്. ആ സമാഹാരത്തിലെ ഒരു ഗാനത്തിന്റെ വരികള്‍ അനുസ്മരിച്ചു കൊണ്ട് നിര്‍ത്തട്ടെ' - കാലം തിരികെ വരുമോ?..
Search Tags: Raveendran, Malayalam Film Music
11 Comments:
രവീന്ദ്രന്‍ മാഷും ഇളയരാജയും ചേര്‍ന്നൊരു ഗാനം ഒരുക്കിയിരുന്നെങ്കിലോ? മ്യൂസിക് ബിറ്റ്സ് രവീന്ദ്രന്റെ..അത് തമ്മില്‍ കോര്‍ത്തിണക്കുന്നത്..ഇളയരാജ.
രവീന്ദ്രന്‍ മാഷിന്റെ ഗാനങ്ങള്‍ക്കിടയിലെ ഉപകരണസംഗീതം ഒന്നാം തരമാണ്. പക്ഷെ അത് ഠപ്പേന്ന് നിന്ന് ഗാനം തുടങ്ങും...കോര്‍ത്തിണക്കലില്‍ എന്തോ ഒരു ഒന്ന് ‘ഇടിക്കുന്നതായി‘ തോന്നും.
ഇന്ന് രാവിലെ നിഖിലിന്റെ ഇളയരാജ പോസ്റ്റിനെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ എന്റെ ഒരു സുഹൃത്തും ഈയഭിപ്രായം പറഞ്ഞു. അവര്‍ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പറഞ്ഞതായിരുന്നു.
ഒരു പാമരന്റെ അഭിപ്രായമായി എടുത്താല്‍ മതിയേ..
ചന്ദനമണിവാതില്‍ പാതി ചാരി എന്ന ഗാനത്തെക്കുറിച്ച് പറയാത്തതുകൊണ്ട് ഞാനതിവിടെ ഓര്‍മിപ്പിക്കുന്നു..
പാട്ടിനിടയ്ക്ക് നല്ല സ്പീഡില്‍ പാട്ട് കൊണ്ടുപോകുന്ന രീതി ചൂണ്ടിക്കാട്ടി ചേട്ടനാണ് ആദ്യമായി രവീന്ദ്രന്‍ എന്ന സംവിധായകനെപ്പറ്റി എന്നോട് പറഞ്ഞത്. അന്ന് കേട്ട ഗാനം (റേഡിയോയില്‍), ആട്ടക്കലാശത്തിലെ “നാണമാവുന്നൂ, മേനിനോവുന്നൂ...”. അങ്ങിനെ ശ്രദ്ധിച്ച് വന്നപ്പോഴാണ് “ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു...” ശ്രദ്ധിച്ചത്. പിന്നെ തിരിഞ്ഞ് നോക്കിയില്ല. ഒരു രവീന്ദ്രന്‍ ഫാനായി.
ആട്ടക്കലാശത്തിലെ “തേങ്ങും ഹൃദയം...”, കൈയ്യും തലയും പുറത്തിടരുത്-ലെ “ആകാശ നീലിമ...” ഫെസ്റ്റിവല്‍ സോങ്‌സിലെ “ഒരു സ്വരം മധുര തരം...”, “എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍...” എല്ലാം എന്റെ ഇഷ്ട രവീന്ദ്രഗാനങ്ങളില്‍ പെടുന്നു.
അദ്ദേഹത്തിന്റെ മരണവാര്‍ത്ത ശരിക്കും ഒരു ഷോക്കായിരുന്നു.
പതിവുപോലെ, നല്ല ലേഖനം.
പതിവുപോലെ നല്ല
കാലം തിരികെ വരുമൊ എന്ന ഗാനം കേള്ക്കാന്നവുമൊ?ലിങ്കുകള്‍ എവിട് എയെങ്കിലും കിട്ടുമോ?അല്ലെങ്കില്‍ എം പീ 3?
പിന്നെ..ചൂളയിലെ ഗാനങള്‍ > ആദ്യഗാനങള്‍ --മിഴിയതളില്‍ കണ്ണീരുമായി..സിന്ദൂരസന്ദ്യക്കു മൌനം ..ഈ പാട്ടുകള്‍ ഇറങിയപ്പോഴേ സം ഗീത ലോകം വലിയ മാട്ട്ഹ്തിനു കാതോര്ത്തതാണു
ഇതും കൂടി കാണുക ..
എന്റെ കുറിപ്പു
http://itapetalukal-onnu.blogspot.com/2007/04/blog-post_3159.html
:)
'കാലം തിരികേ വരുമോ' എന്നത് ഋതുഗീതങ്ങളിലെ 'സായാഹ്നം' എന്നു തുടങ്ങുന്ന ഗാനത്തിലെ വരികളാണ്. കലാകൌമുദിയില്‍ വന്ന താങ്കളുടെ കുറിപ്പു വായിച്ചു. തികച്ചും സന്ദര്‍ഭോചിതം. മാഷ് മരിച്ചപ്പോള്‍ പ്രമദവനവും ഹരിമുരളീരവവും മാത്രമാണ് ഓര്‍മ്മക്കുറിപ്പുകളില്‍ നിറഞ്ഞു നിന്നിരുന്നത്. മാഷ്ടെ അത്ര പോപ്പുലറല്ലാത്തതും എന്നാല്‍ വളരെ മികച്ചതുമായ പല ഗാനങ്ങളെക്കുറിച്ചും ആരും ഒന്നും പറഞ്ഞു കണ്ടില്ല.
മൂര്‍ത്തി,
തങ്കളെപ്പോലെത്തന്നെ ഇളയരാജയും രവീന്ദ്രനും എന്ന ആശയം ഞാനും ഒരു പാടു വിഭാവനം ചെയ്തിട്ടുണ്ട്. എന്നാല്‍ എനിക്കു തോന്നിയിട്ടുള്ളത് രവീന്ദ്രന്റെ ഈണങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഓര്‍ക്കെസ്റ്റ്ര തന്നെയാണ് ഇണങ്ങുക എന്നതാണ്. ശരിയാണോ എന്നറിയില്ല.. എന്നാലും.. കാരണം രവീന്ദ്രന്റെ ഓര്‍ക്കെസ്റ്റ്രയ്ക്കും അദ്ദേഹത്തിന്റെ ഭാവനയും പരിലാളനവും ഉണ്ട്. ഒരിക്കല്‍ എം.എസ്.വിശ്വനാഥനും ഇളയരാജയും ഒന്നിച്ചപ്പോള്‍ മികച്ച ഗാനങ്ങള്‍ പിറന്നു. പൊതുവേ എം.എസ്.വി യുടെ ഗാനങ്ങളില്‍ ഓര്‍ക്കെസ്റ്റ്ര അത്ര മികച്ചതാകാരില്ലായിരുന്നു. അതു കൊണ്ട് രാജ ഓര്‍ക്കെസ്റ്റ്രഷന്‍ ചെയ്തപ്പോള്‍ വളരെ നന്നായി. എന്നാല്‍ രവീന്ദ്രന്റെയും ഇളയരാജയുടേയും ഈണ സഞ്ചാരവും വൈകാരികസങ്കേതങ്ങളും വളരെ വ്യത്യസ്തമാണ് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
നിഖില്‍:
ഈയിടെ ബ്ലോഗില്‍ വായിച്ച വളരെ നല്ല ലേഖനങ്ങളിലൊന്ന്. സിനിമാസംഗീതത്തെപ്പറ്റി വസ്തുനിഷ്ഠമായി എഴുതാന്‍ നിഖില്‍ ഉണ്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. അഭിനന്ദനങ്ങള്‍!
രവീന്ദ്രന്റെ സംഗീതത്തെ ക്കുറിച് ഇനിയും വിശദമായി എഴുതുമോ? ഓര്‍ക്കെസ്ട്രേഷനെക്കുറിച്ച്? ഒരു പാട്ടീല്‍ ചരണങ്ങള്‍ വ്വ്യ്ത്യസ്ഥമായി (ദീക്ഷിതരുടെ പ്പോലെ പെട്ടെന്ന് മധ്യമകാലത്തിലേക്ക് ചാടുന്ന രീതി) ചെയ്യുന്നതിന്റെ വിശദാംശങ്ങള്‍?
ഓര്‍ക്കസ്ട്രേഷനിലെ പുതുമകള്‍:
‘സൌപര്‍ണ്ണികാമൃത വീചികള്‍.....“ ശ്രദ്ധിക്കുക. ഒരേബീറ്റ് ആദ്യം മുതല്‍ അവസാനം വരെ ഒറ്റയടിക്കു പോകുകയാണ്. (തത്തകിട തത്തകിട....). പാട്ട് അതിന്മേല്‍ ചുറ്റി വച്ചിരിക്കയാണ്. അത് ഓടിയും ചാടിയും നീന്തിയും നടന്നും ഒക്കെ അങ്ങനെ പോകുന്നു!
“ഹരിമുരളീരവ”ത്തെക്കുറിച്ച് സംഗീതജ്ഞരായ എന്റെ സുഹൃത്തുക്കള്‍ക്ക് നല്ല അഭിപ്രായമില്ല. “ഇന്നെനിക്ക് പൊട്ടു കുത്താന്‍” (ദേവരാജന്‍) ഉമായി താരതമ്യപ്പെടുത്തിയാല്‍ (നേരിട്ട് താരതമ്യം ശരിയല്ലെങ്കില്‍ക്കൂടി). ഹരിമുരളീരവം ശ്രദ്ധയോടെയല്ല ചെയ്തിട്ടുള്ളത്. അതിലെ കവിതാംശം ഞെട്ടിക്കുന്ന തരത്തില്‍ മോശമാണ്.
“സുന്ദരീ ഒന്നൊരുങ്ങി വാ” ശാസ്ത്രീയ സംഗീതക്കാരെ ഇരുത്തിക്കളഞ്ഞു!
ഇതൊക്കെ പ്രതീക്ഷിക്കുന്നു, നിഖില്‍.
നിഖില്‍ ജി നല്ല ലേഖനം....
ഞാനും രവീന്ദ്രമാഷ്ടെ ഒരു ഫാന്‍ ആണു... അദ്ദേഹത്തിന്റെ സംഗീതത്തീലാണു ദാസേട്ടന്റെ മികച്ച ശബ്ദങ്ങള്‍ കിട്ടിയിരുന്നത് എന്നു ഞാന്‍ കരുതുന്നു...
ദീപം കൈയ്യില്‍ സന്ധ്യാദീപം...(നീലക്കടമ്പ്), പൊയ്കയില്‍...(രാജശില്‍പ്പി), ആറാട്ടുകടവിങ്കല്‍...( വെങ്കലം) തുടങ്ങി ഒരു പാട് പട്ടുകളുണ്ട് ഇഷ്ടപ്പെട്ടത്...
അദ്ദേഹത്തിന്റെ ഓര്‍ക്കസ്ട്രേഷന്‍ തന്നെ ആയിരുന്നു ഒരു പ്രത്യേകത എന്നും തോന്നുന്നു...
എന്നും ചിരിക്കുന്ന, മുടിപ്പൂക്കള്‍ വാടിയാല്‍, തോണിക്കാരനും അവന്റെ പാട്ടും, അരയന്നമേ, ഉത്രാടപ്പൂനിലാവേ..... ഇതെല്ലാം മറക്കാനാവത്തവ...
Raveendrasangeethathinu thulyam Raveendrasangeetham maathram.... Nandhi Nikiji.....
Almost all Raveendran songs can be downloaded from www.entelokam.com
Dedicated to All Raveendran Fans
http://raveendran.8m.com/
Thanks,
Adarsh KR, Dubai/Thriprayar
Great posts, Nikhil. Really appreciate your love and knowledge of music. Linked to your posts here:
http://protoiyer.wordpress.com/2009/01/11/raveendran-maashu-a-redux/
Post a Comment
Subscribe to Post Comments [Atom]
<< Home