Wednesday, September 12, 2007

സൂപ്പര്‍സ്റ്റാറുകളും ചാനലുകളും പിന്നെ സംഗീതവും

മെഗാസീരിയലുകള്‍ കയ്യടക്കി വച്ചിരുന്ന ചാനല്‍ സായാഹ്നങ്ങള്‍ ഇതാ ആകര്‍ഷണീയതയുടെ പുതു മേഖലകള്‍ കടന്നു കയറുന്നു. കണ്ണീര്‍ക്കഥകള്‍ക്കു മുില്‍ സമയം ചെലവഴിച്ചിരുന്ന കുടുംബസദസ്സുകളില്‍ നല്ലൊരു ശതമാനം പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്‌ പുതുമ നിറഞ്ഞ സംഗീത മത്സരങ്ങളും സൂപ്പര്‍ സ്റ്റാറുകളും. വര്‍ഷങ്ങളായി നില നിന്നു പോരുന്ന 'സീരിയല്‍' സംസ്കാരത്തില്‍ നിന്ന്‌ പ്രേക്ഷകരെ അടര്‍ത്തിയെടുത്ത്‌ പിറകേ കോണ്ടു വരിക എന്നത്‌ ചാനലുകളെ സംബന്ധിച്ചിടത്തോളം ചെറുതല്ലാത്ത ഒരു നേട്ടം തയൊണ്‌.

അമൃതാ ടിവി യുടെ 'സൂപ്പര്‍ സ്റ്റാര്‍' എന്ന പ്രോഗ്രാമാണ്‌ ഈ മാറ്റങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌. അതിനു മുന്‍പും ചാനലുകളില്‍ അനേകം സംഗീതമത്സരങ്ങളും സംഗീതാധിഷ്ഠിത പരിപാടികളും ഉണ്ടായിരുന്നെങ്കിലും അവയില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു ലോകമായിരുന്നു സൂപ്പര്‍സ്റ്റാര്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നിട്ടത്‌. മറ്റു പരിപാടികളെ അപേക്ഷിച്ച്‌ തികച്ചും നിറപ്പകിട്ടാര്‍ന്ന ഒരു വര്‍ണ്ണലോകം. മാത്രമല്ല മറ്റു പരിപാടികള്‍ പൊതുവേ അവലംബിച്ചു പോന്നിരുന്നു ഒരു രീതിയില്‍ നിന്നും വഴി മാറി പുതുമ നിറഞ്ഞ സംവിധാനങ്ങളും നിര്‍ണ്ണയരീതികളും കൊണ്ട്‌ പ്രേക്ഷകരെ ആകര്‍ഷിക്കുകയായിരുന്നു 'സൂപ്പര്‍ സ്റ്റാര്‍'. അവതാരകരുടെയും വിധികര്‍ത്താക്കളുടേയും ഇടപെടല്‍ കുറച്ച്‌ പ്രേക്ഷകപങ്കാളിത്തം വര്‍ദ്ധിപ്പിച്ചതാണ്‌ ഇത്രയേറെ പ്രേക്ഷകരെ സൂപ്പര്‍സ്റ്റാറിനു നേടിക്കൊടുത്തത്‌. ആകര്‍ഷകമായ പാരിതോഷികങ്ങള്‍, ഇന്‍സ്റ്റന്റ്‌ പബ്ളിസിറ്റി എിവ മത്സരാര്‍ഥികളുടെ ഒരു സ്വപ്നമായി സൂപ്പര്‍സ്റ്റാറിനെ മാറ്റി. ഇന്ന്‌ സൂപ്പര്‍സ്റ്റാറിന്റെ ചുവടു പിടിച്ച്‌ നിരവധി സംഗീതമത്സരങ്ങള്‍ ചാനലുകളില്‍ അരങ്ങേറുന്നുണ്ട്‌ - ഐഡിയ സ്റ്റാര്‍ സിങ്ങര്‍, സൂപ്പര്‍ സ്റ്റാര്‍ ഗ്ളോബല്‍ എന്നിങ്ങനെ നിരവധി.

'സൂപ്പര്‍ സ്റ്റാര്‍' തുടങ്ങി വച്ച സംഗീതത്തിന്റെ ചില ദൃശ്യക്കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക്‌ പുതുമയാര്‍ന്ന ഒരു അനുഭവം തന്നെയൊയിരുന്നു. എന്നാല്‍ ഈ പരിപാടിയില്‍ കൊണ്ടു വന്ന ചില പ്രവണതകള്‍ സംഗീതത്തിന്റെ മാനദണ്ഡമുപയോഗിച്ചു വിലയിരുത്തിയാല്‍ വിരല്‍ ചൂണ്ടുത്‌ പുതിയതായി ഉരുത്തിരിഞ്ഞു വരുന്ന ഒരു തരം ദൃശ്യസംസ്കാരത്തിലേക്കാണ്‌. ഗാനം ആലപിക്കാന്‍ വരുന്ന മത്സരാര്‍ഥികളുടെ വേഷം, മാനറിസങ്ങള്‍, ചേഷ്ടകള്‍ എന്നിവ വിലയിരുത്തി അവയ്ക്കു മുന്‍തൂക്കം നല്‍കുന്ന രീതിയിലുള്ള ഒരു വിധി നിര്‍ണ്ണയമാണ്‌ ഈ പ്രോഗ്രാം തുടങ്ങി വച്ചത്‌. സംഗീതമാണോ നൃത്തമാണോ ഫാഷനാണോ പെര്‍സണാലിറ്റിയാണോ ഈ പ്രോഗ്രാമ്മില്‍ വിലയിരുത്തപ്പെടുന്നത്‌ എന്നത്‌ ഇപ്പോഴും അവ്യക്തമായി തുടരുന്നു. സംഗീതത്തെ പാടെ ഉപേക്ഷിച്ചു എന്നര്‍ഥമാക്കുന്നില്ല. ദീപക്‌ ദേവ്‌, അല്‍ഫോണ്‍സ്‌, ബാലഭാസ്കര്‍ എന്നിവര്‍ മത്സരാര്‍ഥികളുടെ ആലാപനത്തെ ഇഴ കീറി വിലയിരുത്തുകയും അതിനൊത്ത അഭിപ്രായപ്രകടനങ്ങളും മറ്റും നടത്തുകയുമുണ്ടായി. എന്നാല്‍ ഏറ്റവും വിചിത്രമായ വസ്തുത വിധി നിര്‍ണ്ണയം ഇവരുടെ പരിധിയിലല്ല - പ്രേക്ഷകരുടെ കയ്യിലാണ്‌ എന്നതാണ്‌.

എങ്കില്‍ പിന്നെ വിധി കര്‍ത്താക്കളെന്ന പേരില്‍ ഇത്രയും പേര്‍ നിരന്നിരിക്കേണ്ട കാര്യമെന്ത്‌? വിധി കര്‍ത്താക്കളുടെ കസേരയില്‍ ആരെയെങ്കിലും പിടിച്ചിരുത്തിയിട്ടുണ്ടെങ്കില്‍ അവരുടെ നിര്‍ണ്ണയത്തിന്‌ മുന്‍തൂക്കം നല്‍കേണ്ട ബാധ്യത അവതാരകര്‍ക്കില്ലേ? എന്തടിസ്ഥാനത്തിലാണ്‌ പ്രേക്ഷകരെ വിധി കര്‍ത്താക്കളാക്കുന്നത്‌? ശ്രദ്ധിക്കപ്പെടണമെങ്കില്‍ സംഗീതം മാത്രം പോരാ എന്നൊരു ദു:സ്സൂചന ഇത്തരം പ്രോഗ്രാമ്മുകളിലുടനീളം നിറഞ്ഞു നില്‍പ്പുണ്ട്‌. നിറപ്പകിട്ടാര്‍ന്ന ഒരു സംവിധാനമാണ്‌ ഇത്തരം പരിപാടികളുടേത്‌ എന്ന്‌ നേരത്തേ സൂചിപ്പിച്ചല്ലോ. ഈ നിറം പങ്കെടുക്കാന്‍ വരുന്ന മത്സരാര്‍ഥികളുടെ വേഷത്തിലും ഭാവത്തിലും എല്ലം സ്ഫുരിക്കുന്നുണ്ട്‌. നൃത്തം ചെയ്തു കൊണ്ടും, ആംഗ്യവിക്ഷേപങ്ങള്‍ കാണിച്ചു കൊണ്ടും പാടുക തുടങ്ങിയ പുതിയ 'ആലാപനരീതികള്‍' ഈ വര്‍ണ്ണലോകത്തിന്റെ ചില ഉപോല്‍പ്പന്നങ്ങളാണ്‌. ഇവിടെ വിസ്മരിക്കപ്പെടുത്‌ സംഗീതമാണ്‌. ആലാപനത്തില്‍ പൂര്‍ണ്ണത കൊണ്ടു വരാന്‍ ശ്രമിക്കേണ്ട ഗായികാഗായകന്‍മാരുടെ ശ്രദ്ധ ഇന്ന്‌ ആകര്‍ഷണീയമായി എങ്ങിനെ പാടാം എന്നതിലാണ്‌. ഇങ്ങനെ ആടിപ്പാടുമ്പോള്‍ ആലാപനത്തില്‍ സംഭവിക്കുന്ന പാളിച്ചകള്‍ നിരവധിയാണ്‌. ആടിയും അലറിയും കിതയ്ക്കുമ്പോള്‍ ശ്വാസോച്ഛ്വാസത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ ആലാപനത്തിലെ ഭാവാത്മകതയും പൂര്‍ണ്ണതയും ചോര്‍ത്തിക്കളയും. താരസ്ഥായിയില്‍ അലറുകയും അംഗവിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുന്നത്‌ കാണുമ്പോള്‍ ഇതൊരു സംഗീതമത്സരമാണോ എന്നു പോലും സംശയിച്ചു പോകുന്നു. വികലമായ മലയാളം ഉച്ചാരണം സൃഷ്ടിക്കുന്ന അരോചകത്വം വേറെ. ഇവിടെ സംഗീതം അറിയാവുന്ന വിധി കര്‍ത്താക്കളുടെ പ്രസക്തി എന്താണ്‌? എന്തായാലും അവരുടെ അഭിപ്രായത്തിനു മേലെയാണ്‌ പ്രേക്ഷകരുടെ വിലയിരുത്തല്‍ എന്നിരിക്കെ നൃത്തത്തിലോ ഫാഷന്‍ ഡിസൈനിംഗിലോ പ്രാവീണ്യമുള്ള ആരെയെങ്കിലും വിധി കര്‍ത്താക്കളായി കൊണ്ടു വരുന്നതല്ലേ ഉചിതം?

സംഗീതം ചിട്ടയായി പഠിക്കുകയും സ്വരങ്ങള്‍ ഉറച്ച ശേഷം വര്‍ണ്ണങ്ങള്‍ എത്തുമ്പോള്‍ അരങ്ങേറ്റം നടത്തുകയുമായിരുന്നു പണ്ടത്തെ സംഗീതപഠന രീതി. അതു കോണ്ടു തന്നെ അരങ്ങേറ്റം നടക്കുമ്പോഴേക്കും കുറഞ്ഞപക്ഷം തെറ്റു കൂടാതെ ആലപിക്കുവാനുള്ള പ്രാവീണ്യമെങ്കിലും ഗായകര്‍ക്കുണ്ടാകും. ഇന്ന്‌ നേരെ മറിച്ചാണ്‌ സ്ഥിതി. അരങ്ങേറ്റം ആദ്യം നടത്തുകയും പിന്നെ സംഗീതത്തെക്കുറിച്ചു ചിന്തിക്കുകയുമാണ്‌ ഇപ്പോഴത്തെ രീതി. വളരെ പെട്ടെന്നു ലഭിക്കുന്ന ഒരു പബ്ളിസിറ്റിയും അതിരു വിട്ട പ്രോത്സാഹനവുമാണ്‌ ഈ രീതിയിലേക്ക്‌ ഗായികാഗായകരെ ആകര്‍ഷിക്കുന്നത്‌. സംഗീതത്തിന്റെ ശക്തമായ അടിത്തറയില്ലാതെ ഈ പബ്ളിസിറ്റി എത്ര നാള്‍ നില നില്‍ക്കും എന്നത്‌ അധികമാരും ചിന്തിക്കാതെ പോകുന്നുണ്ട്‌. അതു കൊണ്ടു തന്നെ ഗാനം ആലപിക്കുമ്പോള്‍ വരുന്ന നിസ്സാരമായ പിഴവുകള്‍ നിരവധിയാണ്‌. ശ്രുതിയും താളവും ഒക്കെ തെറ്റിപ്പോകുന്നുണ്ട്‌ പലരുടേയും. ഇത്തരം പിഴവുകള്‍ വിധികര്‍ത്താക്കള്‍ കര്‍ശനമായി ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കില്‍ അതിന്‌ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഒരു വേദിയില്‍ പാടുമ്പോള്‍ അതിനുള്ള അര്‍ഹതയും കഴിവും ഉണ്ടോ എന്നും മത്സരാര്‍ഥികള്‍ സ്വയം വിലയിരുത്തണം. പ്രശസ്തിയും അംഗീകാരവും എത്ര നേരത്തെ ലഭിക്കുന്നോ, വളര്‍ച്ച അത്രയും നേരത്തേ അവസാനിക്കുന്നു. പ്രേക്ഷകരുടെ കരഘോഷമല്ല, മറിച്ച്‌ സംഗീതത്തെക്കുറിച്ച്‌ പാണ്ഡിത്യമുള്ളവര്‍ നല്‍കുന്ന അഭിപ്രായമാണ്‌ കഴിവിന്റെ അംഗീകാരം എന്നത്‌ ഇന്നത്തെ യുവതലമുറ തിരിച്ചറിയേണ്ടതുണ്ട്‌.

ഇതിനൊക്കെ പുറമേ തികച്ചും അരോചകമായ രീതിയിലാണ്‌ ചില ഗായകര്‍ വേദിയില്‍ സംസാരിക്കുന്നതും വോട്ടിനപേക്ഷിക്കുതും. 'എനിക്കു വോട്ട്‌ ചെയ്യൂ പ്ളീസ്സ്സ്സ്സ്സ്സ്സ്സ്സ്‌.......' എന്നു ക്യാമറയ്ക്കു മുന്നില്‍ നിന്ന്‌ യാതൊരു വിധത്തിലുള്ള ചമ്മലുമില്ലാതെ പറയുന്നതു മഹാകഷ്ടം തന്നെ. ഒരു മത്സരാര്‍ഥി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തൊരു കാര്യമാണത്‌. നന്നായി പാടിയിട്ടുണ്ടെങ്കില്‍ അതിനുള്ള അംഗീകാരം തീര്‍ച്ചയായും പിറകേ വന്നു കൊള്ളും. അതിന്‌ ഇങ്ങനെ താണുകേണപേക്ഷിക്കേണ്ട യാതൊരു കാര്യവുമില്ല. (അതെങ്ങിനെ? സംഗീതം അറിയാവുന്നവരുടെ അഭിപ്രായങ്ങള്‍ക്കു മേലെയാണല്ലോ വോട്ട്‌). ഈയ്യിടെ തൃശ്ശൂറ്‍ നഗരം സന്ദര്‍ശിച്ചപ്പോള്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട ചില ഫ്ളക്സുകള്‍ കണ്ടപ്പോള്‍ അതിശയിച്ചു പോയി. ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയില്‍ ....എന്ന വ്യക്തിക്ക്‌ വോട്ടു രേഖപ്പെടുത്തുക എന്ന് പ്രസ്തുത വ്യക്തിയുടെ ഫോട്ടോ സഹിതം നഗരത്തിന്റെ മുക്കിലും മൂലയിലും ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വെറുമൊരു ചാനല്‍ സംഗീതമത്സരത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ഇത്രയേറെ ചെയ്തു കൂട്ടുതിന്റെ സാംഗത്യമാണ്‌ പലപ്പോഴും മനസ്സിലാകാതെ പോകുന്നത്‌.

ഈയടുത്ത കാലത്ത്‌ മറ്റൊരു സംഗീതപരിപാടിയില്‍ ഒരു ഗായിക 'മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി'(ചിത്രം: നോട്ടം) എന്ന ഗാനം ആലപിക്കുത്‌ കാണുവാനിടയായി. ചിത്രയ്ക്ക്‌ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ്‌ നേടിക്കൊടുത്ത ഈ ഗാനത്തിന്റെ പ്രത്യേകത തന്നെ അതിന്റെ ആലാപനത്തിലെ തീവ്രമായ ഭാവാത്മകതയാണ്‌. വരികളിലെ 'മയക്കം' സ്വരങ്ങളില്‍ അനുഭവവേദ്യമാക്കുമ്പോളാണ്‌ ഈ ഗാനം ഒരു അനുഭൂതിയായി മാറുന്നത്‌. എന്നാല്‍ യാതൊരു വിധത്തിലുമുള്ള ഫീലും ഇല്ലാതെ വെറുതെ അലക്ഷ്യമായി സ്വരങ്ങള്‍ മാത്രം ഒപ്പിച്ചു കൊണ്ടാണ്‌ പ്രസ്തുത ഗായിക ഈ ഗാനം ആലപിക്കുന്നത്‌. പബ്ളിസിറ്റിയും അവസരങ്ങളുമാണ്‌ ഇതിലൂടെ ലക്ഷ്യമാക്കുന്നതെങ്കില്‍ ഒരു വസ്തുത ഉറപ്പിച്ചു പറയാം - പൂര്‍ണ്ണത ആഗ്രഹിക്കുന്ന ഒരു സംഗീതസംവിധായകന്‍ അതു ശ്രദ്ധിക്കാനിടയായിട്ടുണ്ടെങ്കില്‍ തന്റെ ഗാനങ്ങള്‍ ആലപിക്കാന്‍ പ്രസ്തുത ഗായികയെ ഒരു കാലത്തും അദ്ദേഹം സമീപിക്കുകയില്ല. പബ്ളിസിറ്റിക്ക്‌ അങ്ങനെ ചില വിപരീതഫലങ്ങളും ഉണ്ട്‌.

ഇത്രയും പറഞ്ഞതില്‍ നിന്ന്‌ ഈ പരിപാടികളില്‍ പങ്കെടുക്കുന്നവരെല്ലാം തന്നെ കഴിവില്ലാത്തവരോ ദിശാബോധം നഷ്ടപ്പെട്ടവരോ ആണെന്നര്‍ഥമാക്കുന്നില്ല. ഭൂരിപക്ഷം പേരും കഴിവുള്ളവരും പ്രതിഭാസ്പര്‍ശമുള്ളവരുമൊക്കെത്തന്നെയാണ്‌. എന്നാല്‍ വിധി നിര്‍ണ്ണയവും മത്സരാര്‍ഥികളില്‍ നിന്നും പ്രതീക്ഷിക്കുന്ന പ്രകടനമാനദണ്ഡങ്ങളും പൊളിച്ചെഴുതിയില്ലെങ്കില്‍ യഥാര്‍ഥ പ്രതിഭകളെ വെളിച്ചത്തു കൊണ്ടു വരാന്‍ കഴിയാതെ വന്നേക്കും. അതു പോലെ തന്നെ തങ്ങള്‍ക്കു ചേരുന്ന ഗാനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ഗായകരും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്‌. അസ്ഥാനത്ത്‌ 'ഇംപ്രാവൈസ്‌' ചെയ്ത്‌ ഗാനങ്ങളെ കശാപ്പു ചെയ്യുന്നവരും ലളിതമായ സംഗതികള്‍ സങ്കീര്‍ണ്ണമാക്കി ഭാവം ചോര്‍ത്തിക്കളയുവരുമൊന്നും കുറവല്ല. പഴയ/നല്ല ഗാനങ്ങള്‍ പാടുമ്പോള്‍ നല്‍കേണ്ട ശ്രദ്ധയും പരിചരണവുമൊന്നും പലരും നല്‍കിക്കാണാറില്ല.

വിധികര്‍ത്താക്കളോട്‌ ഒരു വാക്ക്‌. പരിപാടിയുടെ ഘടന എന്തു തന്നെയായാലും മൂല്യനിര്‍ണ്ണയത്തില്‍ അവശ്യം വേണ്ട ഗൌരവവും സൂക്ഷ്മതയും നില നിര്‍ത്തുക തന്നെ വേണം. ശരത്തും എം.ജി.ശ്രീകുമാറും ഒത്തു ചേരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ ചിലപ്പോള്‍ ഒരു ഹാസ്യപരിപാടിയുടെ നിലവാരത്തിലേക്ക്‌ താഴുന്നുണ്ട്‌. സൂപ്പര്‍ സ്റ്റാര്‍ ഗ്ളോബലില്‍ ആകട്ടെ വിധികര്‍ത്താക്കളുടെ ഇടയില്‍ ജ്യോത്സനയെ പിടിച്ചിരുത്തിയിരിക്കുതെന്തിനാണെ്‌ ഇനിയും മനസ്സിലാകുന്നില്ല. ശാസ്ത്രീയ സംഗീതത്തെക്കുറിച്ചും സിനിമാസംഗീതത്തെക്കുറിച്ചും അവഗാഹമായ പാണ്ഡിത്യമുള്ളവരായിരിക്കണം ഇത്തരം പരിപാടികളില്‍ മൂല്യനിര്‍ണ്ണയം നടത്തേണ്ടത്‌. ഒരു സ്വരം തെറ്റിപ്പാടിയാല്‍ അതു പറഞ്ഞു കൊടുക്കാന്‍ മാത്രമുള്ള പാണ്ഡിത്യവും ഗാനപരിചയവും അനുഭവസമ്പത്തും ജ്യോത്സന എന്ന ഗായികയ്ക്കുണ്ടോ? അതിലും കഷ്ടമാണ്‌ ഗാനമാലപിച്ച്‌ അതിനെക്കുറിച്ചുള്ള വിധികര്‍ത്താക്കളുടെ അഭിപ്രായമറിയാന്‍ ആകാംക്ഷയോടെ കാത്തു നില്‍ക്കുന്ന ഒരു ഗായികയോട്‌ 'യൂ ആര്‍ ലുക്കിംഗ്‌ ബ്യൂട്ടിഫുള്‍' എന്ന കമന്റ്‌ പാസ്സാക്കുന്നത്‌. ഇതെന്തു തരം മൂല്യനിര്‍ണ്ണയമാണ്‌? ഇനി ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമാക്കുന്നത്‌ മറ്റു വല്ലതുമാണെങ്കില്‍ അതിനു സംഗീതത്തെ കൂട്ടു പിടിക്കേണ്ടതുണ്ടോ? വളര്‍ന്നു വരുന്ന സംഗീതതലമുറയോട്‌ ചെയ്യുന്ന അക്ഷന്തവ്യമായ അപരാധങ്ങളാണ്‌ ഇതെല്ലാം.

ഒരു സൂപ്പര്‍ സ്റ്റാറിന്റെ ബലം കൊണ്ടല്ല യേശുദാസ്‌, ചിത്ര, സുജാത എന്നീ ഗായികാഗായകന്‍മാര്‍ പ്രശസ്തിയിലെത്തിയത്‌. കഴിവും അര്‍പ്പണമനോഭാവവും അത്യധ്വാനവുമൊക്കെ കൊണ്ടാണ്‌ അവര്‍ ഓന്നാം കിട കലാകാരന്‍മാരായത്‌. പാടിത്തെളിഞ്ഞു വരുന്ന യുവതലമുറ മാതൃകയാക്കേണ്ടത്‌ ഇവരെയൊക്കെയാണ്‌. സ്വരവും താളവും ശ്രുതിയും തെറ്റാതെ ആലപിക്കുവാനുള്ള പ്രാവീണ്യം നേടിയെടുക്കുകയും സംഗീതം ആത്മാര്‍പ്പണത്തോടു കൂടി അഭ്യസിക്കുകയുമാണ്‌ യുവഗായികാഗായകന്‍മാര്‍ ചെയ്യേണ്ടത്‌. സിനിമാസംഗീതത്തിനും മേലെ ശാസ്ത്രീയസംഗീതം എന്നൊന്നുണ്ട്‌ എന്നത്‌ ഈ തലമുറ ഏതാണ്ട്‌ മറന്നു കഴിഞ്ഞെന്നു തോന്നുന്നു. പ്രശസ്തിയും അംഗീകാരവും തേടിപ്പോകേണ്ട ഒന്നല്ല. അത്‌ കഴിവിന്റെ പിറകേ വരേണ്ടതാണ്‌.

മേല്‍പ്പറഞ്ഞ പോരായ്മകള്‍ പരിഹരിക്കാനാകുമെങ്കില്‍ ആസ്വാദനീയവും നിലവാരമുള്ളതുമായി സൂപ്പര്‍ സ്റ്റാര്‍ പോലുള്ള പരിപാടികളെ മാറ്റിയെടുക്കാവുന്നതാണ്‌.

വാല്‍ക്കഷ്ണം - ഒരു ചാനലിലെ ഹാസ്യപരിപാടിയില്‍ മത്സരാര്‍ഥിയായി യേശുദാസും വിധികര്‍ത്താക്കളായി ഇന്നത്തെ യുവഗായകരും ഇരിക്കുന്നതു കണ്ടു. സത്യമോ മിഥ്യയോ?

Search Tags: Super star, Star singer

8 Comments:

Blogger myexperimentsandme said...

പരിപാടി “സൂപ്പര്‍ സ്റ്റാറിനെ” കണ്ടെത്താനുള്ളതല്ലേ. സൂപ്പര്‍ സ്റ്റാറെന്നാല്‍ എല്ലാ കഴിവും കുറച്ച് കുറച്ച് അവിയല്‍ പരുവത്തില്‍ എന്നാവും ഉദ്ദേശിക്കുന്നത്.

കഴിവുള്ളവര്‍ എന്നായാലും ശ്രദ്ധിക്കപ്പെടും എന്ന് താത്വികമായി പറയാമെങ്കിലും ഇക്കാലത്ത് പ്രായോഗികമായി നോക്കിയാല്‍ കഴിവ് മാത്രം പോരാ, നല്ല മാര്‍ക്കറ്റിംഗ് തന്ത്രവും അറിഞ്ഞിരിക്കണം എന്ന് തോന്നുന്നു. യേശുദാസാണെങ്കിലും ചലച്ചിത്രഗാനരംഗത്ത് നില്‍‌ക്കാന്‍ പാടാനുള്ള കഴിവ് മാത്രമാണോ ഉപയോഗിച്ചത്? (അറിയില്ല, ശരിക്കും). പാടാന്‍ കഴിവുള്ള വേണുഗോപാല്‍ മുതലായവര്‍ പിന്നോട്ട് പോയിട്ടുണ്ടെങ്കില്‍ അതിന് കാരണം?

സീരിയലില്‍ നിന്ന് ആള്‍ക്കാരെ പിടിച്ച് മാറ്റാന്‍ പറ്റിയെങ്കിലും വീടുകളിലെ അമ്മൂമ്മമാരുടെ വയറ്റത്താണ് ഇതടിച്ചത്. അവര്‍ക്കിപ്പോഴും സീരിയല്‍ തന്നെ പഥ്യം :)

പക്ഷേ ആള്‍ക്കാരെ ഒരുമണിക്കൂറെങ്കിലും റ്റിവിയുടെ മുന്നില്‍ നിന്നൊന്ന് മാറ്റിയിരുത്താന്‍ എന്ത് പരിപാടിയാവും നല്ലത്? പവര്‍ കട്ട്? :)

Wednesday, September 12, 2007 11:43:00 PM  
Blogger krish | കൃഷ് said...

ജഡ്ജിമാരെക്കൊണ്ട് ശരിക്കും ജഡ്ജിംഗ് നടത്തിയാല്‍ കാര്യം നടക്കുകില്ല. ചാനലുകാര്‍ക്ക് വേണ്ടത് നിറയെ എസ്.എം.എസ്. ആണ്. അപ്പോഴല്ലേ കാശ്‌ കിട്ടുകയുള്ളൂ.

Thursday, September 13, 2007 4:06:00 PM  
Blogger ശ്രീ said...

“ഇതിനൊക്കെ പുറമേ തികച്ചും അരോചകമായ രീതിയിലാണ്‌ ചില ഗായകര്‍ വേദിയില്‍ സംസാരിക്കുന്നതും വോട്ടിനപേക്ഷിക്കുതും. 'എനിക്കു വോട്ട്‌ ചെയ്യൂ പ്ളീസ്സ്സ്സ്സ്സ്സ്സ്സ്സ്‌.......' എന്നു ക്യാമറയ്ക്കു മുന്നില്‍ നിന്ന്‌ യാതൊരു വിധത്തിലുള്ള ചമ്മലുമില്ലാതെ പറയുന്നതു മഹാകഷ്ടം തന്നെ.“

ഇത് ഞാനും അംഗീകരിക്കുന്നു
:)

Thursday, September 13, 2007 4:19:00 PM  
Blogger സുല്‍ |Sul said...

:)

Thursday, September 13, 2007 4:27:00 PM  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എല്ലാരും ചെവിയില്‍ പതുക്കെയും ഉറക്കെയും പറഞ്ഞ് നടക്കുന്ന കാര്യം ഇത്രേം ഉച്ചത്തില്‍ വിളിച്ചു പറയുമ്പോള്‍ ഇത്തിരി കൂടി കളിയാക്കാം.. ബാക്കി കമന്റില്‍ വന്നോളും അല്ലേ?

തുടങ്ങട്ടേ?
ആ “ഫ്ലാറ്റ് ഫ്ലാറ്റ് “ എന്ന് കേള്‍ക്കുമ്പോള്‍ കിട്ടാന്‍പോവുന്ന സമ്മാനത്തെ ഓര്‍മ്മിപ്പിക്കാനാണോ അതിങ്ങനെ പറഞ്ഞോണ്ടിരിക്കുന്നത് എന്ന് ഒരു വാല്‍ക്കഷ്ണം തമാശ ആര്‍ക്കും തോന്നും. :)

Thursday, September 13, 2007 4:42:00 PM  
Anonymous Anonymous said...

ഒരു റിയാലിറ്റി ഷോ എന്നതല്ലാതെ ഒരു മഹാ ഗായകനെ/ഗായികയെ കണ്ടത്തെല്‍ എന്ന അജണ്ടയൊന്നും ഇത്തരം പരിപാടികള്‍ക്കുണ്ടെന്നു തോന്നുന്നില്ല.ദേശീയ മാധ്യമങ്ങള്‍ കൊണ്ടാറുള്ള Indian Idol, Star Voice of India,fame Gurukul,Zee Saregamapa തുടങ്ങിയ സംഗിത റിയാലിറ്റി ഷോകളിലെ വിജയികളുടെ വല്ല അഡ്രസ്സും ഉണ്ടോ ഇപ്പോള്‍?

Wednesday, September 19, 2007 1:05:00 PM  
Blogger Santhosh said...

തുളസി പറഞ്ഞതു തന്നെ കാര്യം. “മറ്റൊരു റ്റി. വി. പരിപാടി” എന്ന നിലയില്‍ നോക്കിയാല്‍ പ്രശ്നമില്ല:)

Saturday, September 22, 2007 11:28:00 AM  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

ഒരു വിനോദ പരിപാടി എന്നതില്‍ കവിഞ്ഞ് ഇതിനൊന്നും അത്രയ്ക്ക് പ്രാധാന്യം കൊടുക്കേണ്ട എന്നുതന്നെയാണ്‍് എനിക്കും തോനുന്നത്.

Saturday, September 22, 2007 3:07:00 PM  

Post a Comment

Subscribe to Post Comments [Atom]

<< Home