Thursday, September 13, 2007

ഓര്‍മ്മകളില്‍ രവീന്ദ്രന്‍


രവീന്ദ്രസംഗീതത്തെ എനിക്കു പരിചയപ്പെടുത്തിയത്‌ ആരാണ്‌? ഒരു പക്ഷെ ആകാശവാണിയായിരിക്കണം. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ തൃശ്ശൂറ്‍ നിലയത്തില്‍ രവീന്ദ്രഗീതങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു പരിപാടി. അവതാരകന്‍ ആരായിരുന്നു എന്നെോര്‍ക്കുന്നില്ല. എങ്കിലും പോയകാലത്തെ ഇഷ്ടഗീതങ്ങളില്‍ പലതും രവീന്ദ്രന്റേതായിരുന്നു എന്നു തിരിച്ചറിയുവാന്‍ തുടങ്ങിയ നിമിഷങ്ങള്‍.. ഒപ്പം ആ സമയത്തു തന്നെ പുറത്തിറങ്ങിയ 'അയാള്‍ കഥയെഴുതുകയാണ്‌' എന്ന ചിത്രത്തിലെ ഗാനങ്ങളുടെ മാധുര്യമോര്‍ത്ത്‌ വിസ്മയിച്ചിരിക്കുന്ന സമയവും.

പിന്നീട്‌ എപ്പഴോ രവീന്ദ്രന്‍ എന്ന സംഗീതജ്ഞന്‍ ഓര്‍മ്മകളുടെ പരിധി വിട്ടു പോയിരുന്നു.. ബോധപൂര്‍വ്വമായിരുന്നില്ല.. ഇളയരാജയുടെ തമിഴ്‌ ഗാനങ്ങളോട്‌ കടുത്ത ആരാധനയും ബഹുമാനവുമായി നടക്കുന്ന കാലം.. മറ്റു സംഗീതജ്ഞരാരും തന്നെ ഒരു പക്ഷെ എന്നിലെ അന്വേഷകന്റെ ത്വരയെ തൊട്ടുണര്‍ത്തിയിരുന്നില്ല എന്നതായിരുന്നു സത്യം.

വര്‍ഷങ്ങള്‍ക്കു ശേഷം ബാംഗ്ളൂറ്‍ നഗരത്തില്‍.. നാട്ടില്‍ നിന്നും വിട്ടു നിന്ന ആദ്യവര്‍ഷം ഓണസമ്മാനമായി ഒരു ചിത്രം. അതിന്റെ കൂടെ അതിമനോഹരമായ കുറേ ഗാനങ്ങളുമെത്തുന്നു..'മിഴി രണ്ടിലും' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എനിക്കു സമ്മാനിച്ചത്‌ പുതുമഴയുടെ സുഖമൂറുന്ന ഗന്ധമായിരുന്നു. രവീന്ദ്രഗീതങ്ങള്‍ സ്മൃതികളില്‍ തിരികെയെത്താന്‍ തുടങ്ങിയ നിമിഷങ്ങള്‍.

ബാംഗ്ളൂരില്‍ വച്ചു പരിചയപ്പെടാനിടയായ ഒരു സുഹൃത്താണ്‌ രവീന്ദ്രഗീതങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാനുള്ള പ്രേരണയും പ്രചോദനവുമായത്‌. ഒരു സംഗീത നിരൂപകനും രവീന്ദ്രന്റെ അടുത്ത സുഹൃത്തുമായ അദ്ദേഹത്തില്‍ നിന്നും രവീന്ദ്രന്റെ പഴയ ഗാനങ്ങള്‍ അതു വരെ കേള്‍ക്കാത്ത സവിശേഷമായ ഒരു നാദവിസ്മയമെന്ന പോലെ കേള്‍ക്കാനും ആസ്വദിക്കുവാനും തുടങ്ങി. പൊന്‍ പുലരൊളിയും പുഴയൊരഴകുള്ള പെണ്ണും രാജീവം വിടരും നിന്‍ മിഴികളുമെല്ലാം രവീന്ദ്രന്റേതായിരുന്നു എന്ന തിരിച്ചറിവ്‌ രവീന്ദ്രഗീതങ്ങളിലേക്കുള്ള പ്രയാണം കൂടുതല്‍ താല്‍പ്പര്യമുണര്‍ത്തുകയായിരുന്നു.

സിനിമാസംഗീതത്തില്‍ പ്രഥമഗുരുവായ ആകാശവാണിയോട്‌ ഒരു സംഗീതസ്നേഹി എന്ന നിലയ്ക്ക്‌ അതിരില്ലാത്ത ആരാധനയും ബഹുമാനവും തോന്നിയത്‌ ഈ പഴയ ഗാനങ്ങള്‍ അന്വേഷിച്ച്‌ ഭൂതകാലത്തേക്കൊരു പ്രയാണം നടത്തിയപ്പോഴാണ്‌. പണ്ട്‌ കേബിള്‍ ടിവി യുടെ അതിപ്രസരം ഉണ്ടാകുതിനു മുന്‍പ്‌ റേഡിയോ ആയിരുന്നു സിനിമാസംഗീതത്തിലേക്കുള്ള വാതായനം. സ്കൂളില്‍ പോകുന്ന കാലം മുതല്‍ക്കേ അലസമായി കേട്ടു മറന്ന പല ഗാനങ്ങളും ഓര്‍മ്മകളുടെ കുഴി തോണ്ടി എടുത്തപ്പോള്‍ അവയില്‍ പലതിനും ഒരു രവീന്ദ്രസ്പര്‍ശമുണ്ടെന്നു ഞാന്‍ തിരിച്ചറിയുകയായിരുന്നു.

എന്താണ്‌ രവീന്ദ്ര സംഗീതത്തിന്റെ സവിശേഷത? ഇതിനുത്തരം തരാന്‍ അദ്ദേഹം ചെയ്തു വച്ചിട്ടു പോയ അസംഖ്യം ഗാനങ്ങള്‍ക്കു മാത്രമേ കഴിയൂ. തേനും വയമ്പും, മനതാരില്‍ എന്നും, പ്രമദവനം, പറയൂ ഞാന്‍, മാമാങ്കം പല കുറി, പാതിരാമയക്കത്തില്‍ എന്നീ ഗാനങ്ങളിലെ വൈവിധ്യവും അതേസമയം ശ്രവണമാത്രയില്‍ പ്രകടമാകു ഈണസഞ്ചാരപഥങ്ങളുമാണ്‌ അവയുടെ വ്യക്തിത്വം.

ഒരു ശരാശരി ആസ്വാദകന്‍(ഞാനുള്‍പ്പടെ) കരുതുന്നതിലും എത്രയോ ഉയരത്തിലാണ്‌ രവീന്ദ്രന്‍ മാഷ്ടെ സൃഷ്ടികള്‍. ഒരു 'പ്രമദവനവും' 'ഹരിമുരളീരവവും' കൊണ്ടവസാനിക്കുന്നതുമല്ല രവീന്ദ്രന്‍ എന്ന സംഗീതസംവിധായകന്റെ റേഞ്ജ്‌. കര്‍ണ്ണാടക സംഗീതവും ലളിതസംഗീതവും യോജ്യമായ അളവില്‍ ചേരുവ ചേര്‍ത്ത 'പൊന്‍ പുലരൊളി പൂ വിതറിയ' (ഇത്തിരിപ്പൂവേ ചുവന്ന പൂവേ), 'രാവില്‍ രാഗനിലാവില്‍' (മഴനിലാവ്‌) എന്നിവ ഈ രണ്ടു സംഗീതശാഖകളിലും അദ്ദേഹത്തിനുണ്ടായിരുന്ന പ്രാവീണ്യം വെളിപ്പെടുത്തുന്നവയാണ്‌.

വെറും ശാസ്ത്രീയത മാത്രമല്ല രവീന്ദ്രന്റെ ഈണങ്ങള്‍. അതില്‍ ഓര്‍ക്ക്സ്റ്റ്രേഷനുണ്ട്‌. ലാളിത്യമുണ്ട്‌. ലാളിത്യത്തിന്റെ സങ്കീര്‍ണ്ണതയുമുണ്ട്‌. ഹംസധ്വനി എന്ന രാഗം തികച്ചും വ്യത്യസ്തമായ രീതികളില്‍ സങ്കല്‍പ്പിക്കുമ്പോഴും (രാവില്‍ രാഗനിലാവില്‍, ഉത്രാടപ്പൂനിലാവേ വാ, രാഗങ്ങളേ മോഹങ്ങളേ, കണ്ണാടിപ്പൂഞ്ചോല, മനതാരില്‍ എന്നും, ഹേയ്‌ കുറുമ്പേ..) ഒരു സിനിമാഗാനത്തിന്റെ എല്ലാ മനോഹാരിതയോടും കൂടി അവ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ്‌ രവീന്ദ്രനെ കാലങ്ങള്‍ അതിജീവിക്കുന്ന ഒരു കമ്പോസറായി മാറ്റുന്നത്‌. . 'ശോഭനം മോഹനം' (മനസ്സേ നിനക്കു മംഗളം), 'രാജീവം വിടരും നിന്‍ മിഴികള്‍' (ബെല്‍റ്റ്‌ മത്തായി), 'ഇത്തിരി നാണം പെണ്ണിന്‍ കവിളിന്‌' (തമ്മില്‍ തമ്മില്‍) എന്നിങ്ങനെ 'ട്രെന്‍ഡ്‌' സംഗീതവും രവീന്ദ്രന്‍ സൃഷ്ടിച്ചിട്ടുണ്ട്‌.

രവീന്ദ്രഗീതങ്ങളില്‍ ഓര്‍ക്കെസ്റ്റ്രയുടെ അനുപാതം പൊതുവേ കുറവാണെന്നൊരു ധാരണയുണ്ട്‌. എന്നാല്‍ അദ്ദേഹം ആവിഷ്കരിച്ചെടുത്ത ചില വയലിന്‍ പ്രയോഗങ്ങള്‍ ഗാനങ്ങളുടെ ഈണങ്ങള്‍ പോലെത്തന്നെ അതീവഹൃദ്യവും മനോഹരവുമാണ്‌. 'മാനം പൊന്‍മാനം കതിര്‍ ചൂടുന്നു' (ഇടവേളയ്ക്കു ശേഷം), 'രാജീവം വിടരും നിന്‍ മിഴികള്‍', 'പാലാഴിപ്പൂമങ്കേ' (പ്രശ്നം ഗുരുതരം) എന്നിവയിലെ വയലിന്‍ പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക.

അദ്ദേഹത്തിന്റെ പല ഗാനങ്ങളും പല രാഗങ്ങളുടെയും ഒരു 'ബെഞ്ച്‌ മാര്‍ക്ക്‌' ആയി കണക്കാക്കാം. ആരാലും കേള്‍ക്കപെടാതെയും ശ്രദ്ധിക്കപ്പെടാതെയും പോയ 'പറയൂ ഞാന്‍ എങ്ങിനെ' (ചൈതന്യം) സാരമതി രാഗത്തിന്‌ സിനിമാസംഗീതത്തിന്റെ ഏറ്റവും മികച്ച സംഭാവനയാണ്‌. അതു പോലെ തന്നെ 'പൊന്‍ പുലരൊളി' ,'ഗോപാംഗനേ അത്മാവിലെ' (നാട്ട), ലീലാതിലകം ചാര്‍ത്തി, ഗോപികാവസന്തം (ഷണ്‍മുഖപ്രിയ), കുടജാദ്രിയില്‍, ശ്രീലതികകള്‍ (രേവതി) എന്നിങ്ങനെ നിരവധി..

മലയാള ലളിതഗാനചരിത്രത്തിലെ ഒരു നാഴികക്കല്ലെന്നു വിശേഷിപ്പിക്കവുന്നതാണ്‌ ൧൯൮൩ ഇല്‍ തരംഗിണി പുറത്തിറക്കിയ 'വസന്തഗീതങ്ങള്‍' എന്ന ലളിതഗാനസമാഹാരം. രവീന്ദ്രന്‍ ഈണം നല്‍കി യേശുദാസ്‌, ചിത്ര എന്നിവര്‍ ആലപിച്ച എണ്ണം പറഞ്ഞ ഗാനങ്ങള്‍ ഒരു ട്രെന്‍ഡിനു തന്നെ തുടക്കമിടുകയായിരുന്നു. 'മാമാങ്കം പലകുറി കൊണ്ടാടി' എന്ന ഗാനം അവയില്‍ ഏറ്റവും പ്രശസ്തമായി. പിന്നീട്‌ ഉത്സവഗാനങ്ങള്‍, പൊന്നോണതരംഗിണി മുതല്‍ ഏറ്റവും അവസാനം പുറത്തിറങ്ങിയ ഋതുഗീതങ്ങള്‍ വരെ അനവധി ലളിതഗാനസമാഹാരങ്ങള്‍ക്ക്‌ രവീന്ദ്രന്‍ ഈണം നല്‍കിയിട്ടുണ്ട്‌.

പുറത്തിറങ്ങാതെ പോയതും സാമ്പത്തികമായി വിജയിക്കാതെ പോയതുമായി അനേകം ചിത്രങ്ങളിലും രവീന്ദ്രഗീതങ്ങള്‍ മികച്ചു നിന്നു (നീലക്കടമ്പ്‌, മഹസ്സര്‍, ടെലിഫോണില്‍ തൊടരുത്‌, സുവര്‍ണക്ഷേത്രം...). തന്റെ ഈണങ്ങള്‍ നിലവാരം പുലര്‍ത്തണമെന്ന നിര്‍ബന്ധബുദ്ധി അദ്ദേഹത്തിനെന്നുമുണ്ടായിരുന്നു.

അവിചാരിതമായി അദ്ദേഹത്തെ കാണുവാനൊരവസരം ലഭിക്കുന്നു - രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌. ഒരു റ്റിവി പ്രോഗ്രാമിന്റെ റിക്കാര്‍ഡിംഗ്‌ കഴിഞ്ഞു മടങ്ങുന്ന അവസരത്തിലാണ്‌ സുഹൃത്തിനോടൊപ്പം എറണാകുളത്തെ കലൂരുള്ള അദ്ദേഹത്തിന്റെ വസതിയില്‍ പോയി അദ്ദേഹത്തെ കാണുത്‌. ഒരു പരുക്കന്‍ സ്വഭാവമാണ്‌ മാഷുക്കെ പൊതു(തെറ്റി)ധാരണ എന്നെയും പിടി കൂടിയതു കൊണ്ടാകാം, വിറയ്ക്കുന്ന ശരീരവുമായാണ്‌ അദ്ദേഹത്തിന്റെ മുന്നില്‍ ചെന്നത്‌. മനസ്സിലെ ആര്‍ദ്രഗാനങ്ങള്‍ക്ക്‌ ജീവന്‍ പകര്‍ന്ന വ്യക്തിയാണ്‌ മുന്നിലിരിക്കുതെന്ന്‌ അപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തീരെ അവശനായിരുന്ന മാഷ്‌ വടക്കുന്നാഥനെക്കുറിച്ചു സംസാരിച്ചു. സംഗീതത്തെക്കുറിച്ച്‌ അദ്ദേഹത്തോടു സംസാരിക്കുവാനുള്ള യോഗ്യതയില്ലായ്മയും, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും ഒരു ചര്‍ച്ചയില്‍ നിന്ന് എന്നെ പുറകോട്ടു വലിച്ചു. യാത്ര പറഞ്ഞിറങ്ങാന്‍ നേരം 'ഇനിയൊരിക്കല്‍ വരൂ.. നമുക്കിരിക്കാം' എന്ന്‌ എന്റെ സുഹൃത്തിനോട്‌ അദ്ദേഹം പറയുമ്പോള്‍ മാഷിന്റേതായി വരാന്‍ പോകുന്ന പുതിയ ഗാനങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയായിരുന്നു മനസ്സില്‍.

രണ്ടാഴ്ചകള്‍ക്കു ശേഷം ആ മരണവാര്‍ത്ത കേട്ടപ്പോള്‍ വല്ലാത്തൊരു ഷോക്കായിരുന്നു.. വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാത്രമായിരുന്നെങ്കിലും പുതിയ ഗാനങ്ങളുമായ്‌ മാഷ്‌ സമീപത്തെവിടെയോ മറഞ്ഞിരിപ്പുണ്ടെന്ന വിശ്വാസമായിരുന്നു അന്നു മലയാള ഗാനങ്ങള്‍ കേള്‍ക്കുവാന്‍ പ്രേരിപ്പിച്ചിരുന്നത്‌.

തരംഗിണിയുടെ ആ വര്‍ഷത്തെ ഓണപ്പാട്ട്‌ മാഷായിരുന്നു ചിട്ടപ്പെടുത്തിയത്‌. ആ സമാഹാരത്തിലെ ഒരു ഗാനത്തിന്റെ വരികള്‍ അനുസ്മരിച്ചു കൊണ്ട്‌ നിര്‍ത്തട്ടെ' - കാലം തിരികെ വരുമോ?..

Search Tags: Raveendran, Malayalam Film Music

Wednesday, September 12, 2007

സൂപ്പര്‍സ്റ്റാറുകളും ചാനലുകളും പിന്നെ സംഗീതവും

മെഗാസീരിയലുകള്‍ കയ്യടക്കി വച്ചിരുന്ന ചാനല്‍ സായാഹ്നങ്ങള്‍ ഇതാ ആകര്‍ഷണീയതയുടെ പുതു മേഖലകള്‍ കടന്നു കയറുന്നു. കണ്ണീര്‍ക്കഥകള്‍ക്കു മുില്‍ സമയം ചെലവഴിച്ചിരുന്ന കുടുംബസദസ്സുകളില്‍ നല്ലൊരു ശതമാനം പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്‌ പുതുമ നിറഞ്ഞ സംഗീത മത്സരങ്ങളും സൂപ്പര്‍ സ്റ്റാറുകളും. വര്‍ഷങ്ങളായി നില നിന്നു പോരുന്ന 'സീരിയല്‍' സംസ്കാരത്തില്‍ നിന്ന്‌ പ്രേക്ഷകരെ അടര്‍ത്തിയെടുത്ത്‌ പിറകേ കോണ്ടു വരിക എന്നത്‌ ചാനലുകളെ സംബന്ധിച്ചിടത്തോളം ചെറുതല്ലാത്ത ഒരു നേട്ടം തയൊണ്‌.

അമൃതാ ടിവി യുടെ 'സൂപ്പര്‍ സ്റ്റാര്‍' എന്ന പ്രോഗ്രാമാണ്‌ ഈ മാറ്റങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌. അതിനു മുന്‍പും ചാനലുകളില്‍ അനേകം സംഗീതമത്സരങ്ങളും സംഗീതാധിഷ്ഠിത പരിപാടികളും ഉണ്ടായിരുന്നെങ്കിലും അവയില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു ലോകമായിരുന്നു സൂപ്പര്‍സ്റ്റാര്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നിട്ടത്‌. മറ്റു പരിപാടികളെ അപേക്ഷിച്ച്‌ തികച്ചും നിറപ്പകിട്ടാര്‍ന്ന ഒരു വര്‍ണ്ണലോകം. മാത്രമല്ല മറ്റു പരിപാടികള്‍ പൊതുവേ അവലംബിച്ചു പോന്നിരുന്നു ഒരു രീതിയില്‍ നിന്നും വഴി മാറി പുതുമ നിറഞ്ഞ സംവിധാനങ്ങളും നിര്‍ണ്ണയരീതികളും കൊണ്ട്‌ പ്രേക്ഷകരെ ആകര്‍ഷിക്കുകയായിരുന്നു 'സൂപ്പര്‍ സ്റ്റാര്‍'. അവതാരകരുടെയും വിധികര്‍ത്താക്കളുടേയും ഇടപെടല്‍ കുറച്ച്‌ പ്രേക്ഷകപങ്കാളിത്തം വര്‍ദ്ധിപ്പിച്ചതാണ്‌ ഇത്രയേറെ പ്രേക്ഷകരെ സൂപ്പര്‍സ്റ്റാറിനു നേടിക്കൊടുത്തത്‌. ആകര്‍ഷകമായ പാരിതോഷികങ്ങള്‍, ഇന്‍സ്റ്റന്റ്‌ പബ്ളിസിറ്റി എിവ മത്സരാര്‍ഥികളുടെ ഒരു സ്വപ്നമായി സൂപ്പര്‍സ്റ്റാറിനെ മാറ്റി. ഇന്ന്‌ സൂപ്പര്‍സ്റ്റാറിന്റെ ചുവടു പിടിച്ച്‌ നിരവധി സംഗീതമത്സരങ്ങള്‍ ചാനലുകളില്‍ അരങ്ങേറുന്നുണ്ട്‌ - ഐഡിയ സ്റ്റാര്‍ സിങ്ങര്‍, സൂപ്പര്‍ സ്റ്റാര്‍ ഗ്ളോബല്‍ എന്നിങ്ങനെ നിരവധി.

'സൂപ്പര്‍ സ്റ്റാര്‍' തുടങ്ങി വച്ച സംഗീതത്തിന്റെ ചില ദൃശ്യക്കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക്‌ പുതുമയാര്‍ന്ന ഒരു അനുഭവം തന്നെയൊയിരുന്നു. എന്നാല്‍ ഈ പരിപാടിയില്‍ കൊണ്ടു വന്ന ചില പ്രവണതകള്‍ സംഗീതത്തിന്റെ മാനദണ്ഡമുപയോഗിച്ചു വിലയിരുത്തിയാല്‍ വിരല്‍ ചൂണ്ടുത്‌ പുതിയതായി ഉരുത്തിരിഞ്ഞു വരുന്ന ഒരു തരം ദൃശ്യസംസ്കാരത്തിലേക്കാണ്‌. ഗാനം ആലപിക്കാന്‍ വരുന്ന മത്സരാര്‍ഥികളുടെ വേഷം, മാനറിസങ്ങള്‍, ചേഷ്ടകള്‍ എന്നിവ വിലയിരുത്തി അവയ്ക്കു മുന്‍തൂക്കം നല്‍കുന്ന രീതിയിലുള്ള ഒരു വിധി നിര്‍ണ്ണയമാണ്‌ ഈ പ്രോഗ്രാം തുടങ്ങി വച്ചത്‌. സംഗീതമാണോ നൃത്തമാണോ ഫാഷനാണോ പെര്‍സണാലിറ്റിയാണോ ഈ പ്രോഗ്രാമ്മില്‍ വിലയിരുത്തപ്പെടുന്നത്‌ എന്നത്‌ ഇപ്പോഴും അവ്യക്തമായി തുടരുന്നു. സംഗീതത്തെ പാടെ ഉപേക്ഷിച്ചു എന്നര്‍ഥമാക്കുന്നില്ല. ദീപക്‌ ദേവ്‌, അല്‍ഫോണ്‍സ്‌, ബാലഭാസ്കര്‍ എന്നിവര്‍ മത്സരാര്‍ഥികളുടെ ആലാപനത്തെ ഇഴ കീറി വിലയിരുത്തുകയും അതിനൊത്ത അഭിപ്രായപ്രകടനങ്ങളും മറ്റും നടത്തുകയുമുണ്ടായി. എന്നാല്‍ ഏറ്റവും വിചിത്രമായ വസ്തുത വിധി നിര്‍ണ്ണയം ഇവരുടെ പരിധിയിലല്ല - പ്രേക്ഷകരുടെ കയ്യിലാണ്‌ എന്നതാണ്‌.

എങ്കില്‍ പിന്നെ വിധി കര്‍ത്താക്കളെന്ന പേരില്‍ ഇത്രയും പേര്‍ നിരന്നിരിക്കേണ്ട കാര്യമെന്ത്‌? വിധി കര്‍ത്താക്കളുടെ കസേരയില്‍ ആരെയെങ്കിലും പിടിച്ചിരുത്തിയിട്ടുണ്ടെങ്കില്‍ അവരുടെ നിര്‍ണ്ണയത്തിന്‌ മുന്‍തൂക്കം നല്‍കേണ്ട ബാധ്യത അവതാരകര്‍ക്കില്ലേ? എന്തടിസ്ഥാനത്തിലാണ്‌ പ്രേക്ഷകരെ വിധി കര്‍ത്താക്കളാക്കുന്നത്‌? ശ്രദ്ധിക്കപ്പെടണമെങ്കില്‍ സംഗീതം മാത്രം പോരാ എന്നൊരു ദു:സ്സൂചന ഇത്തരം പ്രോഗ്രാമ്മുകളിലുടനീളം നിറഞ്ഞു നില്‍പ്പുണ്ട്‌. നിറപ്പകിട്ടാര്‍ന്ന ഒരു സംവിധാനമാണ്‌ ഇത്തരം പരിപാടികളുടേത്‌ എന്ന്‌ നേരത്തേ സൂചിപ്പിച്ചല്ലോ. ഈ നിറം പങ്കെടുക്കാന്‍ വരുന്ന മത്സരാര്‍ഥികളുടെ വേഷത്തിലും ഭാവത്തിലും എല്ലം സ്ഫുരിക്കുന്നുണ്ട്‌. നൃത്തം ചെയ്തു കൊണ്ടും, ആംഗ്യവിക്ഷേപങ്ങള്‍ കാണിച്ചു കൊണ്ടും പാടുക തുടങ്ങിയ പുതിയ 'ആലാപനരീതികള്‍' ഈ വര്‍ണ്ണലോകത്തിന്റെ ചില ഉപോല്‍പ്പന്നങ്ങളാണ്‌. ഇവിടെ വിസ്മരിക്കപ്പെടുത്‌ സംഗീതമാണ്‌. ആലാപനത്തില്‍ പൂര്‍ണ്ണത കൊണ്ടു വരാന്‍ ശ്രമിക്കേണ്ട ഗായികാഗായകന്‍മാരുടെ ശ്രദ്ധ ഇന്ന്‌ ആകര്‍ഷണീയമായി എങ്ങിനെ പാടാം എന്നതിലാണ്‌. ഇങ്ങനെ ആടിപ്പാടുമ്പോള്‍ ആലാപനത്തില്‍ സംഭവിക്കുന്ന പാളിച്ചകള്‍ നിരവധിയാണ്‌. ആടിയും അലറിയും കിതയ്ക്കുമ്പോള്‍ ശ്വാസോച്ഛ്വാസത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ ആലാപനത്തിലെ ഭാവാത്മകതയും പൂര്‍ണ്ണതയും ചോര്‍ത്തിക്കളയും. താരസ്ഥായിയില്‍ അലറുകയും അംഗവിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുന്നത്‌ കാണുമ്പോള്‍ ഇതൊരു സംഗീതമത്സരമാണോ എന്നു പോലും സംശയിച്ചു പോകുന്നു. വികലമായ മലയാളം ഉച്ചാരണം സൃഷ്ടിക്കുന്ന അരോചകത്വം വേറെ. ഇവിടെ സംഗീതം അറിയാവുന്ന വിധി കര്‍ത്താക്കളുടെ പ്രസക്തി എന്താണ്‌? എന്തായാലും അവരുടെ അഭിപ്രായത്തിനു മേലെയാണ്‌ പ്രേക്ഷകരുടെ വിലയിരുത്തല്‍ എന്നിരിക്കെ നൃത്തത്തിലോ ഫാഷന്‍ ഡിസൈനിംഗിലോ പ്രാവീണ്യമുള്ള ആരെയെങ്കിലും വിധി കര്‍ത്താക്കളായി കൊണ്ടു വരുന്നതല്ലേ ഉചിതം?

സംഗീതം ചിട്ടയായി പഠിക്കുകയും സ്വരങ്ങള്‍ ഉറച്ച ശേഷം വര്‍ണ്ണങ്ങള്‍ എത്തുമ്പോള്‍ അരങ്ങേറ്റം നടത്തുകയുമായിരുന്നു പണ്ടത്തെ സംഗീതപഠന രീതി. അതു കോണ്ടു തന്നെ അരങ്ങേറ്റം നടക്കുമ്പോഴേക്കും കുറഞ്ഞപക്ഷം തെറ്റു കൂടാതെ ആലപിക്കുവാനുള്ള പ്രാവീണ്യമെങ്കിലും ഗായകര്‍ക്കുണ്ടാകും. ഇന്ന്‌ നേരെ മറിച്ചാണ്‌ സ്ഥിതി. അരങ്ങേറ്റം ആദ്യം നടത്തുകയും പിന്നെ സംഗീതത്തെക്കുറിച്ചു ചിന്തിക്കുകയുമാണ്‌ ഇപ്പോഴത്തെ രീതി. വളരെ പെട്ടെന്നു ലഭിക്കുന്ന ഒരു പബ്ളിസിറ്റിയും അതിരു വിട്ട പ്രോത്സാഹനവുമാണ്‌ ഈ രീതിയിലേക്ക്‌ ഗായികാഗായകരെ ആകര്‍ഷിക്കുന്നത്‌. സംഗീതത്തിന്റെ ശക്തമായ അടിത്തറയില്ലാതെ ഈ പബ്ളിസിറ്റി എത്ര നാള്‍ നില നില്‍ക്കും എന്നത്‌ അധികമാരും ചിന്തിക്കാതെ പോകുന്നുണ്ട്‌. അതു കൊണ്ടു തന്നെ ഗാനം ആലപിക്കുമ്പോള്‍ വരുന്ന നിസ്സാരമായ പിഴവുകള്‍ നിരവധിയാണ്‌. ശ്രുതിയും താളവും ഒക്കെ തെറ്റിപ്പോകുന്നുണ്ട്‌ പലരുടേയും. ഇത്തരം പിഴവുകള്‍ വിധികര്‍ത്താക്കള്‍ കര്‍ശനമായി ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കില്‍ അതിന്‌ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഒരു വേദിയില്‍ പാടുമ്പോള്‍ അതിനുള്ള അര്‍ഹതയും കഴിവും ഉണ്ടോ എന്നും മത്സരാര്‍ഥികള്‍ സ്വയം വിലയിരുത്തണം. പ്രശസ്തിയും അംഗീകാരവും എത്ര നേരത്തെ ലഭിക്കുന്നോ, വളര്‍ച്ച അത്രയും നേരത്തേ അവസാനിക്കുന്നു. പ്രേക്ഷകരുടെ കരഘോഷമല്ല, മറിച്ച്‌ സംഗീതത്തെക്കുറിച്ച്‌ പാണ്ഡിത്യമുള്ളവര്‍ നല്‍കുന്ന അഭിപ്രായമാണ്‌ കഴിവിന്റെ അംഗീകാരം എന്നത്‌ ഇന്നത്തെ യുവതലമുറ തിരിച്ചറിയേണ്ടതുണ്ട്‌.

ഇതിനൊക്കെ പുറമേ തികച്ചും അരോചകമായ രീതിയിലാണ്‌ ചില ഗായകര്‍ വേദിയില്‍ സംസാരിക്കുന്നതും വോട്ടിനപേക്ഷിക്കുതും. 'എനിക്കു വോട്ട്‌ ചെയ്യൂ പ്ളീസ്സ്സ്സ്സ്സ്സ്സ്സ്സ്‌.......' എന്നു ക്യാമറയ്ക്കു മുന്നില്‍ നിന്ന്‌ യാതൊരു വിധത്തിലുള്ള ചമ്മലുമില്ലാതെ പറയുന്നതു മഹാകഷ്ടം തന്നെ. ഒരു മത്സരാര്‍ഥി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തൊരു കാര്യമാണത്‌. നന്നായി പാടിയിട്ടുണ്ടെങ്കില്‍ അതിനുള്ള അംഗീകാരം തീര്‍ച്ചയായും പിറകേ വന്നു കൊള്ളും. അതിന്‌ ഇങ്ങനെ താണുകേണപേക്ഷിക്കേണ്ട യാതൊരു കാര്യവുമില്ല. (അതെങ്ങിനെ? സംഗീതം അറിയാവുന്നവരുടെ അഭിപ്രായങ്ങള്‍ക്കു മേലെയാണല്ലോ വോട്ട്‌). ഈയ്യിടെ തൃശ്ശൂറ്‍ നഗരം സന്ദര്‍ശിച്ചപ്പോള്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട ചില ഫ്ളക്സുകള്‍ കണ്ടപ്പോള്‍ അതിശയിച്ചു പോയി. ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയില്‍ ....എന്ന വ്യക്തിക്ക്‌ വോട്ടു രേഖപ്പെടുത്തുക എന്ന് പ്രസ്തുത വ്യക്തിയുടെ ഫോട്ടോ സഹിതം നഗരത്തിന്റെ മുക്കിലും മൂലയിലും ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വെറുമൊരു ചാനല്‍ സംഗീതമത്സരത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ഇത്രയേറെ ചെയ്തു കൂട്ടുതിന്റെ സാംഗത്യമാണ്‌ പലപ്പോഴും മനസ്സിലാകാതെ പോകുന്നത്‌.

ഈയടുത്ത കാലത്ത്‌ മറ്റൊരു സംഗീതപരിപാടിയില്‍ ഒരു ഗായിക 'മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി'(ചിത്രം: നോട്ടം) എന്ന ഗാനം ആലപിക്കുത്‌ കാണുവാനിടയായി. ചിത്രയ്ക്ക്‌ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ്‌ നേടിക്കൊടുത്ത ഈ ഗാനത്തിന്റെ പ്രത്യേകത തന്നെ അതിന്റെ ആലാപനത്തിലെ തീവ്രമായ ഭാവാത്മകതയാണ്‌. വരികളിലെ 'മയക്കം' സ്വരങ്ങളില്‍ അനുഭവവേദ്യമാക്കുമ്പോളാണ്‌ ഈ ഗാനം ഒരു അനുഭൂതിയായി മാറുന്നത്‌. എന്നാല്‍ യാതൊരു വിധത്തിലുമുള്ള ഫീലും ഇല്ലാതെ വെറുതെ അലക്ഷ്യമായി സ്വരങ്ങള്‍ മാത്രം ഒപ്പിച്ചു കൊണ്ടാണ്‌ പ്രസ്തുത ഗായിക ഈ ഗാനം ആലപിക്കുന്നത്‌. പബ്ളിസിറ്റിയും അവസരങ്ങളുമാണ്‌ ഇതിലൂടെ ലക്ഷ്യമാക്കുന്നതെങ്കില്‍ ഒരു വസ്തുത ഉറപ്പിച്ചു പറയാം - പൂര്‍ണ്ണത ആഗ്രഹിക്കുന്ന ഒരു സംഗീതസംവിധായകന്‍ അതു ശ്രദ്ധിക്കാനിടയായിട്ടുണ്ടെങ്കില്‍ തന്റെ ഗാനങ്ങള്‍ ആലപിക്കാന്‍ പ്രസ്തുത ഗായികയെ ഒരു കാലത്തും അദ്ദേഹം സമീപിക്കുകയില്ല. പബ്ളിസിറ്റിക്ക്‌ അങ്ങനെ ചില വിപരീതഫലങ്ങളും ഉണ്ട്‌.

ഇത്രയും പറഞ്ഞതില്‍ നിന്ന്‌ ഈ പരിപാടികളില്‍ പങ്കെടുക്കുന്നവരെല്ലാം തന്നെ കഴിവില്ലാത്തവരോ ദിശാബോധം നഷ്ടപ്പെട്ടവരോ ആണെന്നര്‍ഥമാക്കുന്നില്ല. ഭൂരിപക്ഷം പേരും കഴിവുള്ളവരും പ്രതിഭാസ്പര്‍ശമുള്ളവരുമൊക്കെത്തന്നെയാണ്‌. എന്നാല്‍ വിധി നിര്‍ണ്ണയവും മത്സരാര്‍ഥികളില്‍ നിന്നും പ്രതീക്ഷിക്കുന്ന പ്രകടനമാനദണ്ഡങ്ങളും പൊളിച്ചെഴുതിയില്ലെങ്കില്‍ യഥാര്‍ഥ പ്രതിഭകളെ വെളിച്ചത്തു കൊണ്ടു വരാന്‍ കഴിയാതെ വന്നേക്കും. അതു പോലെ തന്നെ തങ്ങള്‍ക്കു ചേരുന്ന ഗാനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ഗായകരും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്‌. അസ്ഥാനത്ത്‌ 'ഇംപ്രാവൈസ്‌' ചെയ്ത്‌ ഗാനങ്ങളെ കശാപ്പു ചെയ്യുന്നവരും ലളിതമായ സംഗതികള്‍ സങ്കീര്‍ണ്ണമാക്കി ഭാവം ചോര്‍ത്തിക്കളയുവരുമൊന്നും കുറവല്ല. പഴയ/നല്ല ഗാനങ്ങള്‍ പാടുമ്പോള്‍ നല്‍കേണ്ട ശ്രദ്ധയും പരിചരണവുമൊന്നും പലരും നല്‍കിക്കാണാറില്ല.

വിധികര്‍ത്താക്കളോട്‌ ഒരു വാക്ക്‌. പരിപാടിയുടെ ഘടന എന്തു തന്നെയായാലും മൂല്യനിര്‍ണ്ണയത്തില്‍ അവശ്യം വേണ്ട ഗൌരവവും സൂക്ഷ്മതയും നില നിര്‍ത്തുക തന്നെ വേണം. ശരത്തും എം.ജി.ശ്രീകുമാറും ഒത്തു ചേരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ ചിലപ്പോള്‍ ഒരു ഹാസ്യപരിപാടിയുടെ നിലവാരത്തിലേക്ക്‌ താഴുന്നുണ്ട്‌. സൂപ്പര്‍ സ്റ്റാര്‍ ഗ്ളോബലില്‍ ആകട്ടെ വിധികര്‍ത്താക്കളുടെ ഇടയില്‍ ജ്യോത്സനയെ പിടിച്ചിരുത്തിയിരിക്കുതെന്തിനാണെ്‌ ഇനിയും മനസ്സിലാകുന്നില്ല. ശാസ്ത്രീയ സംഗീതത്തെക്കുറിച്ചും സിനിമാസംഗീതത്തെക്കുറിച്ചും അവഗാഹമായ പാണ്ഡിത്യമുള്ളവരായിരിക്കണം ഇത്തരം പരിപാടികളില്‍ മൂല്യനിര്‍ണ്ണയം നടത്തേണ്ടത്‌. ഒരു സ്വരം തെറ്റിപ്പാടിയാല്‍ അതു പറഞ്ഞു കൊടുക്കാന്‍ മാത്രമുള്ള പാണ്ഡിത്യവും ഗാനപരിചയവും അനുഭവസമ്പത്തും ജ്യോത്സന എന്ന ഗായികയ്ക്കുണ്ടോ? അതിലും കഷ്ടമാണ്‌ ഗാനമാലപിച്ച്‌ അതിനെക്കുറിച്ചുള്ള വിധികര്‍ത്താക്കളുടെ അഭിപ്രായമറിയാന്‍ ആകാംക്ഷയോടെ കാത്തു നില്‍ക്കുന്ന ഒരു ഗായികയോട്‌ 'യൂ ആര്‍ ലുക്കിംഗ്‌ ബ്യൂട്ടിഫുള്‍' എന്ന കമന്റ്‌ പാസ്സാക്കുന്നത്‌. ഇതെന്തു തരം മൂല്യനിര്‍ണ്ണയമാണ്‌? ഇനി ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമാക്കുന്നത്‌ മറ്റു വല്ലതുമാണെങ്കില്‍ അതിനു സംഗീതത്തെ കൂട്ടു പിടിക്കേണ്ടതുണ്ടോ? വളര്‍ന്നു വരുന്ന സംഗീതതലമുറയോട്‌ ചെയ്യുന്ന അക്ഷന്തവ്യമായ അപരാധങ്ങളാണ്‌ ഇതെല്ലാം.

ഒരു സൂപ്പര്‍ സ്റ്റാറിന്റെ ബലം കൊണ്ടല്ല യേശുദാസ്‌, ചിത്ര, സുജാത എന്നീ ഗായികാഗായകന്‍മാര്‍ പ്രശസ്തിയിലെത്തിയത്‌. കഴിവും അര്‍പ്പണമനോഭാവവും അത്യധ്വാനവുമൊക്കെ കൊണ്ടാണ്‌ അവര്‍ ഓന്നാം കിട കലാകാരന്‍മാരായത്‌. പാടിത്തെളിഞ്ഞു വരുന്ന യുവതലമുറ മാതൃകയാക്കേണ്ടത്‌ ഇവരെയൊക്കെയാണ്‌. സ്വരവും താളവും ശ്രുതിയും തെറ്റാതെ ആലപിക്കുവാനുള്ള പ്രാവീണ്യം നേടിയെടുക്കുകയും സംഗീതം ആത്മാര്‍പ്പണത്തോടു കൂടി അഭ്യസിക്കുകയുമാണ്‌ യുവഗായികാഗായകന്‍മാര്‍ ചെയ്യേണ്ടത്‌. സിനിമാസംഗീതത്തിനും മേലെ ശാസ്ത്രീയസംഗീതം എന്നൊന്നുണ്ട്‌ എന്നത്‌ ഈ തലമുറ ഏതാണ്ട്‌ മറന്നു കഴിഞ്ഞെന്നു തോന്നുന്നു. പ്രശസ്തിയും അംഗീകാരവും തേടിപ്പോകേണ്ട ഒന്നല്ല. അത്‌ കഴിവിന്റെ പിറകേ വരേണ്ടതാണ്‌.

മേല്‍പ്പറഞ്ഞ പോരായ്മകള്‍ പരിഹരിക്കാനാകുമെങ്കില്‍ ആസ്വാദനീയവും നിലവാരമുള്ളതുമായി സൂപ്പര്‍ സ്റ്റാര്‍ പോലുള്ള പരിപാടികളെ മാറ്റിയെടുക്കാവുന്നതാണ്‌.

വാല്‍ക്കഷ്ണം - ഒരു ചാനലിലെ ഹാസ്യപരിപാടിയില്‍ മത്സരാര്‍ഥിയായി യേശുദാസും വിധികര്‍ത്താക്കളായി ഇന്നത്തെ യുവഗായകരും ഇരിക്കുന്നതു കണ്ടു. സത്യമോ മിഥ്യയോ?

Search Tags: Super star, Star singer

ഇളയരാജയും പശ്ചാത്തല സംഗീതവും

ഇന്ത്യന്‍ സിനിമാചരിത്രത്തില്‍, സംഗീതത്തിനുള്ള സ്ഥാനം ചെറുതല്ല. 'സിനിമാഗാനങ്ങള്‍' എന്ന സങ്കല്‍പം പിറവിയെടുക്കുതിനു വളരെ മുന്‍പു തന്നെ , പശ്ചാത്തല സംഗീതത്തിന്റെ സ്വാധീനമില്ലാത്ത ചിത്രങ്ങള്‍ നന്നേ വിരളമായിരുന്നു. നാടകസ്വാധീനത്തില്‍ നിന്നും പിറവി കൊണ്ടതായിരിക്കാം ഈ ആശ്രയത്വമെങ്കിലും, ഇന്ന്‌ കഥയേക്കാളുപരി, കഥാപാത്രങ്ങളേക്കാളുപരി ഒരു ചിത്രത്തിന്റെ വിജയസ്വഭാവം നിര്‍ണ്ണയിക്കുന്നതില്‍ സംഗീതത്തിനുള്ള കഴിവ്‌ അപാരമാണ്‌. സിനിമകള്‍, ബ്ളാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ കാലഘട്ടം പിന്നിട്ടതോടെ സിനിമകളില്‍ ഗാനങ്ങള്‍ ഒഴിച്ചു കൂടാനാകാത്ത ഒരു ഘടകമായ്‌ മാറി. ഗാനങ്ങളുടെ പൊതുവെയുള്ള രൂപവും ഗുണവുമെല്ലാം ഏറെ മാറിയിട്ടുണ്ടെങ്കിലും ആ മേധാവിത്വം ഇന്നും തുടര്‍ന്നു പോരുന്നു.

ഗാനസൃഷ്ടിയിലും ചിത്രീകരണത്തിലും അനന്തമായ സാധ്യതകള്‍ കണ്ടെത്തിയ സംവിധായകരും സംഗീതജ്ഞരും, പശ്ചാത്തലസംഗീതത്തെ അല്‍പം അലംഭാവത്തോടെയാണ്‌ സമീപിച്ചിരുന്നത്‌. ഗാനങ്ങളുടെയത്രയ്ക്ക്‌, വിപുലമായ ഭാവനാവിലാസം സാധ്യമാകുന്ന ഓന്നായ്‌ പശ്ചാത്തല സംഗീതത്തെ അവര്‍ കണ്ടിരുന്നില്ല. അതിനു കാരണം മറ്റൊന്നുമായിരുന്നില്ല - ഒട്ടു മിക്ക ചിത്രങ്ങളിലും പൊതുവേ സമാനസ്വഭാവമുള്ള രംഗങ്ങളായിരിക്കും കടന്നു വരിക. ഈ രംഗങ്ങളിലത്രയും പുതുമ ചോര്‍ന്നു പോകാതെയും, 'ടൈപ്പ്‌' ആകാതെയും, പ്രേക്ഷകനെ വിരസനാക്കാതെയും പ്രസ്തുത രംഗങ്ങള്‍ക്ക്‌ ജീവന്‍ പകരുന്ന സംഗീതം സൃഷ്ടിക്കുക എത്‌ തികച്ചും ശ്രമകരമായ ഒരു കാര്യമാണ്‌.

പശ്ചാത്തലസംഗീതരംഗത്ത്‌ ആദ്യം ഓര്‍ക്കേണ്ട നാമം സലില്‍ ചൌധരിയുടേതാണ്‌. 'മധുമതി', 'ആനന്ദ്‌' തുടങ്ങിയ ഹിന്ദി ചിത്രങ്ങളുടെ ഉദ്വേഗജനകമായ രംഗങ്ങളില്‍ സലില്‍ദായുടെ സംഗീതം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്‌.

സലില്‍ദാ നിര്‍ത്തിയിടത്തു നിന്ന്‌ ഇളയരാജ തുടങ്ങുകയായിരുന്നു. അതു വരെ തുടര്‍ന്നു പോന്നിരുന്ന ശൈലികളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു അനുഭവമായ്‌ മാറുകയായിരുന്നു ഇളയരാജ പശ്ചാത്തലസംഗീതം നല്‍കിയ ചിത്രങ്ങള്‍. ഒരു സംവിധായകന്റെ മനസ്സ്‌ കൃത്യമായ്‌ വായിച്ചെടുക്കുതില്‍ ഇളയരാജയോളം കഴിവുള്ള സംഗീതസംവിധായകര്‍ ഇല്ലെന്നു തന്നെ പറയാം. ഇളയരാജയുടെ സംഗീതത്തോടു ചേരുമ്പോള്‍ ഒരു സിനിമയുടെ പൊതു സ്വഭാവം തന്നെ മാറിപ്പോകുന്നതായ്‌ പല സംവിധായകരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ശരാശരി നിലവാരം മാത്രമുള്ള അനേകം ചിത്രങ്ങള്‍, അവയുടെ വിജയത്തിന്‌, ഇളയരാജയുടെ സംഗീതത്തോട്‌ കടപ്പെട്ടിരിക്കുന്നു.

മഹേന്ദ്രന്റെ 'മുള്ളും മലരും'(1978) എ ചിത്രം പുറത്തിറങ്ങാനിരിക്കുന്ന സമയം. ചിത്രത്തിന്റെ 'ഡബിള്‍ പൊസിറ്റീവ്‌' (പശ്ചാത്തലസംഗീതമില്ലാതെയുള്ള പ്രിന്റ്‌) കണ്ട വിതരണക്കാരാരും തന്നെ ചിത്രം വിതരണത്തിനെടുക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഇളയരാജ റീ-റിക്കാര്‍ഡിംഗ്‌ പൂര്‍ത്തിയാക്കിയതിനു ശേഷം ചിത്രം കണ്ടപ്പോള്‍, മുന്‍പ്‌ ഒരു ഡോക്യുമെന്റ്രി എന്ന പേരില്‍ വിശേഷിപ്പിക്കപ്പെട്ട ആ ചിത്രം വിതരണത്തിനെടുക്കുവാന്‍ ഒരു മത്സരം തന്നെ നടന്നു എന്നത്‌ പഴങ്കഥ..

മേല്‍പറഞ്ഞ കഥയില്‍ നിന്ന്‌ ഒന്നു വ്യക്തമാണ്‌ - രാജയുടെ സംഗീതം ഒരു പ്രേക്ഷകന്റെ മനസ്സില്‍ സൃഷ്ടിക്കു വികാരവിക്ഷോഭങ്ങള്‍, ചില സന്ദര്‍ഭങ്ങളില്‍ കഥാസന്ദര്‍ഭങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്‌.. എന്നാല്‍ ചിത്രം കാണു ഒരു ശരാശരി പ്രേക്ഷകന്‌ ആ സംഗീതശകലം മാത്രമായ്‌ ആസ്വദിക്കുവാനോ അഭിനന്ദിക്കുവാനോ കഴിഞ്ഞെന്നു വരില്ല. അതു കൊണ്ടു തന്നെയൊകാം വൈവിധ്യമാര്‍ന്ന അനേകം പശ്ചാത്തല സംഗീതശകലങ്ങള്‍ സൃഷ്ടിച്ചിട്ടു പോലും അവയില്‍ അന്ദര്‍ലീനമായ സൃഷ്ടിവൈഭവവും, ദീര്‍ഘദൃഷ്ടിയും വേണ്ടത്ര അംഗീകരിക്കപ്പെടുകയോ ബഹുമാനിക്കപ്പെടുകയോ ചെയ്യാതെ പോയത്‌.

ഇന്ത്യന്‍ സിനിമകളില്‍ത്തന്നെ 'തീം മ്യൂസിക്‌' എന്ന സങ്കല്‍പം കൊണ്ടു വരുന്നത്‌ ഇളയരാജയാണ്‌. ബാലു മഹേന്ദ്ര, മണിരത്നം, കെ.ബാലചന്ദര്‍ തുടങ്ങിയ പ്രഗത്ഭരുടെ ചിത്രങ്ങള്‍ക്ക്‌ ഇളയരാജ നല്‍കിയ പശ്ചാത്തലസംഗീതശകലങ്ങള്‍ അവയിലെ ഗാനങ്ങളോളം തന്നീ ജനപ്രീതി നേടുകയുണ്ടായി. അവയില്‍ ഏറ്റവും പ്രശസ്തമായത്‌ 'പുന്നകൈ മന്നന്‍' എന്ന ചിത്രത്തിലെ സംഗീതമാണ്‌. കമ്പ്യൂട്ടര്‍ സംഗീതത്തിന്റെ ആരംഭം എന്ന നിലയ്ക്കാണ്‌ അതു പ്രശസ്തമായതെങ്കിലും, കമല്‍-രേവതി നൃത്ത-പ്രണയരംഗങ്ങള്‍ക്ക്‌ ഇളയരാജയുടെ മനസ്സില്‍ നിന്നുതിര്‍ന്നു വീണ ആ സംഗീതസൃഷ്ടി വര്‍ഷങ്ങള്‍ക്കിപ്പുറം മൊബൈല്‍ ഫോണുകളുടെ റിംഗ്‌ ടോണുകളായി മാറിയിട്ടുണ്ടെങ്കില്‍, കാലങ്ങള്‍ അതിജീവിക്കുന്ന അവയുടെ വശ്യതയാണ്‌ വെളിപ്പെടുത്തുന്നത്‌. ഏകദേശം രണ്ടര മിനിറ്റോളം നീണ്ടു നില്‍ക്കുന്ന ഈ ശകലം, സിനിമയുടെ പശ്ചാത്തലമില്ലെങ്കില്‍ക്കൂടി, പരിപൂര്‍ണ്ണമായും ഒരു സംഗീതസൃഷ്ടി എന്ന നിലയില്‍ ആസ്വദിക്കാവുന്നതാണ്‌.

കഥാസന്ദര്‍ഭങ്ങളെ അണുവിട വിടാതെ പിന്തുടരുന്ന സുക്ഷ്മബുദ്ധി ഇളയരാജയുടെ പശ്ചാത്തലസംഗീതങ്ങളില്‍ ദര്‍ശിക്കാവുന്നതാണ്‌. ഒരു സംഗീതസൃഷ്ടി എന്നതില്‍ക്കവിഞ്ഞ്‌, അവയിലെ ഓരോ നോട്ടുകളുടെയും പിന്നില്‍ അതിഗഹനമായ നിരീക്ഷണബുദ്ധിയും സര്‍ഗ്ഗവൈഭവവും പതിഞ്ഞു കിടപ്പുണ്ട്‌. ഇത്രയും ഉയര്‍ന്ന നിലവാരമുള്ള സംഗീതം വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചിട്ടപ്പെടുത്തുക എന്നതാണ്‌ ഇളയരാജയെ മറ്റു സംഗീതസംവിധായകരില്‍ നിന്നും ബഹുദൂരം മുന്നിലാക്കുന്നത്‌.

'മൌനരാഗം' എന്ന ചിത്രം സൂക്ഷ്മമായ്‌ വിശകലനം ചെയ്താല്‍, പശ്ചാത്തലസംഗീതത്തിലെ ഏടുകളാണ്‌ ആ ചിത്രത്തെ കൂട്ടിയിണക്കുന്നത്‌ എന്നു വ്യക്തമായ്‌ കാണുവാന്‍ സാധിക്കും. ചിത്രത്തിന്റെ ആരംഭം മുതല്‍ ഒരേ ഈണം തന്നെ കഥയിലെ വൈകാരികമുഹൂര്‍ത്തങ്ങളെ പ്രതിനിധാനം ചെയ്യുന്നു. സന്തോഷജനകമായ സന്ദര്‍ഭങ്ങളില്‍ ഗിറ്റാറിലോ സാക്സിലോ ആണ്‌ ഈ ഈണം കടന്നു വരുതെങ്കില്‍, ദു:ഖ ജന്യമായ രംഗങ്ങളില്‍ വയലിനോ സിതാറോ ആയിരിക്കും ഈ ഈണം പുറപ്പെടുവിക്കുത്‌. എന്നാല്‍ പൊടുന്നനെ, ഏവരേയും അതിശയപ്പെടുത്തിക്കൊണ്ട്‌ ഈ തീം മ്യൂസിക്‌ അടിമുടി മാറുന്നു. കഥാവിവരണം വേദനാജനകമായ ഒരു ഫ്ളാഷ്ബാക്‌ രംഗത്തേക്കു തിരിയുമ്പോള്‍, അതു വരെ ചിത്രത്തെ പിന്തുടര്‍ന്ന ഈണങ്ങളെ വിസ്മൃതിയിലേക്കു തള്ളി വിട്ടു കൊണ്ട്‌ പിയാനോ നാദമുയരുന്നു. കഥ വീണ്ടും വര്‍ത്തമാനകാലത്തില്‍ തിരിച്ചെത്തുമ്പോള്‍, ആരംഭത്തില്‍ കേട്ട ഈണങ്ങള്‍ തിരികേ വരുന്നു.. ചിത്രത്തിലെ രണ്ടു പ്രധാന കഥാസരണികള്‍ക്ക്‌ രണ്ടു വ്യത്യസ്ത സംഗീതശൈലി!!. ഹ്രസ്വമെങ്കിലും, മേല്‍പ്രസ്താവിച്ച ആ പിയാനോ നാദം ഇളയരാജയുടെ തീം മ്യൂസിക്കുകളില്‍ വളരെ പ്രശസ്തമായ ഓന്നാണ്‌. കാര്‍ത്തിക്‌-രേവതി ഫ്ളാഷ്ബാക്ക്‌ രംഗങ്ങള്‍ തികച്ചും അപ്രതീക്ഷിതമായി കടന്നു വരുമ്പോള്‍, നേരിയ ഒരു നൊമ്പരമുണര്‍ത്തിക്കൊണ്ട്‌ ഇളയരാജയുടെ സംഗീതം മെല്ലെ മെല്ലെ സിരകളില്‍ കത്തിക്കയറുന്നു..

ഇളയരാജയുടെ പശ്ചാത്തലസംഗീതം, തന്റെ സിനിമാജീവിതത്തിനു തന്നെ വഴിത്തിരിവായത്‌ സംവിധായകന്‍ വംശി നന്ദിയോടെ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ രണ്ടാമതു ചിത്രമായ 'സിതാര'(തെലുങ്ക്‌, 1984) ചിത്രീകരണം പൂര്‍ത്തിയായ്‌ പ്രിവ്യൂ നടക്കു സമയം. സംവിധായകന്‍ കെ.വിശ്വനാഥ്‌, നിര്‍മാതാവ്‌ എഡിഡ നാഗേശ്വര്‍ റാവു തുടങ്ങിയവര്‍ ചിത്രം കണ്ടതിനു ശേഷം വംശിയെ നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്‌. നിരാശനായ വംശി ഇളയരാജയെ സമീപിച്ചു. എന്നാല്‍ ചിത്രം കണ്ട്‌ ഇളയരാജ വളരെ നല്ലൊരു ചിത്രമാണിതെന്നും, ഇത്‌ ശ്രദ്ധിക്കപ്പെടുമെന്നും വംശിക്കുറപ്പു നല്‍കി. ഇളയരാജയുടെ സംഗീതവുമായ്ത്തിരിച്ചെത്തിയ ആ ചിത്രം ഒരു സൂപ്പര്‍ ഹിറ്റ്‌ ആകുക മാത്രമല്ല, ദേശീയ പുരസ്കാരവും പിടിച്ചു പറ്റി.

ചില സന്ദര്‍ഭങ്ങളില്‍, ചിത്രത്തിന്റെ തീം മ്യൂസികിനായി അദ്ദേഹം തെരഞ്ഞെടുക്കുന്നത്‌ ആ ചിത്രത്തിലെ ഏതെങ്കിലും ഗാനത്തിന്റെ ഈണം തന്നെയായിരിക്കും. ഇതേ ഈണം തന്നെ വിവിധ തരം ഉപകരണങ്ങളുപയോഗിച്ച്‌ പ്രണയ-ശോക രംഗങ്ങളില്‍ അദ്ദേഹം പുന:സൃഷ്ടിക്കുന്നു. നായകന്‍, ഗീതാഞ്ജലി, ദളപതി തുടങ്ങി അനേകം ചിത്രങ്ങളില്‍ അദ്ദേഹം ഈ ശൈലി പിന്തുടര്‍ന്നിട്ടുണ്ട്‌. മണിരത്നത്തിന്റെ 'ഗീതാഞ്ജലി' എന്ന തെലുങ്കു ചിത്രം തെ ഉദാഹരണമായെടുക്കാം. പ്രസ്തുത ചിത്രത്തിലെ 'ഓ പ്രിയാ പ്രിയാ' എന്ന ശോകച്ഛായ കലര്‍ന്ന പ്രേമഗാനത്തിന്റെ പല്ലവിയാണ്‌ ആ ചിത്രത്തിലുടനീളം പശ്ചാത്തലസംഗീതമായ്‌ പ്രത്യക്ഷപ്പെടുന്നത്‌. ചിത്രത്തിന്റെ ആരംഭത്തിലെ 'ടൈറ്റില്‍ കാര്‍ഡ്‌' ഇല്‍ ത്തെ ചിത്രയുടെ മനം മയക്കു ആലാപനത്തില്‍ കടന്നു വരുന്നു ഈ ഈണം. പിന്നീട്‌, കഥയിലെ നാടകീയമായ വഴിത്തിരിവുകള്‍ക്കിടയില്ലെല്ലാം, പല രൂപത്തിലും പല ഭാവത്തിലുമായ്‌ ഈ ഈണം പ്രത്യക്ഷപ്പെടുന്നു. ചിത്രത്തിലെ വികാരഭരിതമായ ഒരു രംഗത്ത്‌ ഒരു പുല്ലാങ്കുഴല്‍ നാദമായ്‌ പുനര്‍ജ്ജിക്കുന്ന ഈ സംഗീതം, കഥയേയും കഥാപാത്രങ്ങളേയും മറി കടന്ന്‌, പ്രസ്തുത ചിത്രത്തെ ഏറെ ദൂരം മുന്നോട്ടു കൊണ്ടു പോകുന്നു. പിന്നീട്‌, ശുഭപര്യവസായിയായ കഥാന്ത്യത്തില്‍ പ്രേക്ഷകമനസ്സുകളെ ആഹ്ളാദഭരിതമാക്കിക്കൊണ്ട്‌ ചിത്രയുടെ ആലാപനം വീണ്ടും പ്രത്യക്ഷപ്പെടുന്നു. 'ഗീതാഞ്ജലി' എന്ന ചിത്രത്തിന്റെ വിജയത്തിനു പിന്നില്‍ ഇളയരാജയുടെ സംഗീതസ്പര്‍ശം നല്‍കിയ തിളക്കം വിസ്മരിക്കപ്പെടാവുന്നതല്ല.

ശ്രവണമാത്രയില്‍ത്തന്നെ ഗ്രഹിച്ചെടുക്കാവുന്ന ഒരു സംഗീതശൈലിയാണെങ്കിലും, ഓരോ ചിത്രത്തിനും ഏതു തരം സംഗീതമാണ്‌ ഇളയരാജ നല്‍കുക എന്ന്‌ പ്രവചിക്കുക സാധ്യമല്ല. തികച്ചും അപ്രതീക്ഷിതമായ രംഗങ്ങളിലാകും സിതാര്‍, സാക്സ്‌ തുടങ്ങിയ ഉപകരണങ്ങള്‍ അദ്ദേഹം കൊണ്ടു വരിക. അധികമാരും ശ്രദ്ധിക്കാനിടയില്ലാത്ത ചില പ്രത്യേകതകള്‍ കൂടെ ഇളയരാജയുടെ പശ്ചാത്തലസംഗീതത്തിനുണ്ട്‌. ഒരു ചിത്രം അവസാനിച്ച്‌, പ്രേക്ഷകര്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേല്‍ക്കുമ്പോഴാകും, ഇളയരാജയിലെ പ്രതിഭ സൃഷ്ടിച്ച ചില അപൂര്‍വ്വസുന്ദരമായ സംഗീതശകലങ്ങള്‍ പുറത്തു വരുന്നത്‌. അവസാനത്തെ ടൈറ്റില്‍ കാര്‍ഡ്സിനായിരിക്കും, മിക്കവാറും ഈ സംഗീതം അകമ്പടി സേവിക്കുന്നത്‌. ചിത്രത്തിന്റെ ക്ളൈമാക്സ്‌ രംഗങ്ങളെ പിന്തുടര്‍ന്നു വരുന്ന ഈ സംഗീതം, അതിന്റെ തുടര്‍ച്ചയെന്ന വണ്ണം തികച്ചും അപ്രതീകഷിതമായ്‌ ഒരു സിംഫണിയുടെ ശൈലിയിലുള്ള വയലിന്‍-പിയാനോ സംഗീതമായ്‌ രൂപാന്തരം പ്രാപിക്കും. ചിത്രത്തിന്റെ ഏറ്റവും അവസാനം പ്രത്യക്ഷപ്പെടുന്ന ഈ സംഗീതം, സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സിലെ വികാരചലനങ്ങള്‍ ഒരല്‍പനേരം കൂടി പിടിച്ചു നിര്‍ത്തും. സിനിമയുടെ സ്വാധീനത്തില്‍ നിന്നും കുതറി മാറി യാഥാര്‍ത്യത്തിലേക്കു തിരിച്ചു വന്നു കൊണ്ടിരിക്കുന്ന ഒരു പ്രേക്ഷകനില്‍, ഹൃദയം ആര്‍ദ്രമാക്കുന്ന ഇളയരാജയുടെ സംഗീതമാണ്‌ ഈ അസ്വസ്ഥതയ്ക്കു കാരണമെ തിരിച്ചറിവുണ്ടായില്ലെങ്കിലും, ചിത്രത്തെക്കുറിച്ച്‌ വളരെ നല്ല ഒരു അഭിപ്രായമുണ്ടാകുകയും, അതു വഴി ചിത്രത്തിന്റെ വിജയത്തെതന്നെ സ്വാധീനിക്കാനിടവരികയും ചെയ്യുന്നു.

രാംഗോപാല്‍ വര്‍മ്മയുടെ പ്രഥമചിത്രമായ 'ശിവ' (തെലുങ്ക്‌, 1989), കണ്ടിട്ടുള്ളവര്‍ക്ക്‌ മേല്‍പറഞ്ഞ വസ്തുതകള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാന്‍ സാധിക്കും. ചിത്രത്തിന്റെ ക്ളൈമാക്സില്‍ ആരംഭിക്കു വയലിന്‍ സംഗീതം, പെട്ടെന്നു തന്നെ ഗിറ്റാറിലേക്കും അവിടുന്ന്‌ മേല്‍പറഞ്ഞ സംഗീതസങ്കേതങ്ങളിലേക്കും അലക്ഷ്യമായ്‌ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതു കാണാം. പാശ്ചാത്യസംഗീതത്തിലെ 'സിംഫണി' യോട്‌ വളരെ അടുത്ത്‌ നില്‍ക്കു സംഗീതമാണ്‌ ഈ കേള്‍ക്കുന്നതെന്ന്‌ സിനിമയുടെ സംവിധായകന്‍ പോലും ചിലപ്പോള്‍ മനസ്സിലാക്കിയിട്ടുണ്ടാകാനിടയില്ല. മിനിറ്റുകളുടെ ദൈര്‍ഘ്യത്തില്‍മാത്രം പിറന്നു വീഴുന്നവയാണ്‌ ഈ സൃഷ്ടികള്‍, എന്നു തിരിച്ചറിയുമ്പോളാണ്‌ ഇളയരാജ എന്ന കമ്പോസറെ ബഹുമാനത്തേക്കാളുപരി, വിസ്മയത്തോടും അത്ഭുതത്തോടും കൂടെ ഓര്‍ത്തുപോകുന്നത്‌. 'ബൊബ്ബിളി രാജ' (1990), 'ജഗദേകവീരുഡു അതിലോകസുന്ദരി' (1990) തുടങ്ങിയ തെലുങ്കു ചിത്രങ്ങളിലും ഇതേ ശൈലി ഇളയരാജ പിന്തുടര്‍ന്നിരിക്കുന്നു.

ഇളയരാജ ആവിഷ്കരിച്ച പശ്ചാത്തലസംഗീത ശൈലിയില്‍ പ്രഥമഗണനീയമായ ഒരു ഘടകമാണ്‌ നിശ്ശബ്ദദ. സാധാരണ ഗതിയില്‍, വൈകാരികരംഗങ്ങളാണെങ്കില്‍ പതിഞ്ഞ ശ്രുതിയിലുള്ള വയലിന്‍, സംഘട്ടന രംഗമാണെങ്കില്‍ താരസ്ഥായി വരെ എത്തിയേക്കാവുന്ന വയലിന്‍-സാക്സ്‌ എിവയാണ്‌ ഒരു ശരാശരി ചിത്രത്തില്‍ പ്രയോഗിക്കുന്ന രീതികള്‍. എന്നാല്‍, ഇളയരാജയുടെ പ്രവചനാതീതമായ സര്‍ഗ്ഗാത്മകതയില്‍, പ്രേക്ഷകന്റെയെന്ന പോലെ സംവിധായകന്റേയും പ്രതീക്ഷകള്‍ ചിലപ്പോള്‍ തെറ്റിച്ചു കൊണ്ട്‌, വൈകാരികചലനങ്ങള്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തുമ്പോള്‍, പ്രേക്ഷകന്റെ മാനസികപിരിമുറക്കത്തെ 'സ്റ്റിമുലേറ്റ്‌' ചെയ്തു കൊണ്ട്‌ സംഗീതം നിലച്ചിരിക്കും. ആ നിശ്ശബ്ദത സൃഷ്ടിക്കുവാനുള്ള ഒരു സാഹചര്യമുണ്ടാക്കിക്കൊടുക്കുകയാണ്‌, മറ്റു വാദ്യോപകരണങ്ങള്‍ ചെയ്യുത്‌. ചിത്രത്തില്‍ ലയിച്ചിരിക്കുന്ന പ്രേക്ഷകന്‍, താന്‍ പോലുമറിയാതെ അസുഖകരമായ ആ നിശ്ശബ്ദത സൃഷ്ടിക്കു പിരിമുറുക്കത്തിന്‌ വശംവദനാകുന്നു. മൂന്നാം പിറൈ എന്ന ചിത്രത്തിലെ ക്ളൈമാക്സ്‌ രംഗങ്ങള്‍ ഇതിനുത്തമ ദൃഷ്ടാന്തമാണ്‌. 'നെഞ്ചത്തൈ കിള്ളാതെ', 'ജോണി', 'അഞ്ജലി' തുടങ്ങിയ ചിത്രങ്ങള്‍, പൂര്‍ണ്ണശ്രദ്ധയോടെയാസ്വദിച്ചാല്‍, നിനച്ചിരിക്കാതെ കടന്നു വരു ആ നിശ്ശബ്ദതയുടെ തീവ്രത അനുഭവവേദ്യമാകും. ചിത്രത്തിലെ ഗാനങ്ങളേക്കാളൊരുപക്ഷേ പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിലെ 'ഹാര്‍മണി' യും 'കൌണ്ടര്‍പോയന്റ്‌' ഉമൊക്കെ വളരെ ധാരാളിത്തത്തോടു കൂടി ഇളയരാജ ഉപയോഗിച്ചിരിക്കുന്നത്‌ പശ്ചാത്തലസംഗീതങ്ങളിലാണ്‌. 'അനശ്വരം', 'മംഗളം നേരുന്നു' തുടങ്ങിയ മലയാളചിത്രങ്ങളിലും ഇളയരാജ ഈ രീതി പിന്തുടര്‍ന്നിട്ടുണ്ട്‌.

വിസ്തരിച്ചു പഠിക്കേണ്ട ഒരു പാഠപുസ്തകം തന്നെയൊണ്‌ ഇളയരാജയുടെ പശ്ചാത്തലസംഗീത ശൈലികള്‍.. പാശ്ചാത്യ ചിത്രങ്ങളോടു പോലും കിട പിടിക്കുന്ന 'ഹേ റാം', 'കാലാപാനി', 'ഗുരു' (മലയാളം) എന്നീ ചിത്രങ്ങളിലെ സംഗീതം, ഇന്ത്യന്‍ ചലചിത്ര രംഗത്ത്‌ പരമര്‍ശിക്കപ്പെടുക പോലുമുണ്ടായില്ല എന്നത്‌ തികച്ചും വേദനാജനകം തന്നെ. പ്രതിഭകളെ തിരിച്ചറിയുതില്‍ നമ്മള്‍ ഒരു തികഞ്ഞ പരാജയം തന്നെയെല്ലെ?

Search tags: Ilayaraja, Ilaiyaraja, Re-Recording, Background music

Tuesday, September 11, 2007

മോഹന്‍ലാല്‍ - പുനര്‍ചിന്തനത്തിലെ സാംഗത്യം

സിനിമാശാലകളിലെ നിലയ്ക്കാത്ത ആരവങ്ങള്‍ക്കും ആര്‍പ്പു വിളികള്‍ക്കും മദ്ധ്യേ തിരശ്ശീലയില്‍ മിന്നിമായു നടനഇതിഹാസം. മലയാളസിനിമയുടെ ആസ്വാദനശീലങ്ങള്‍ക്കും അഭിനയസങ്കേതങ്ങള്‍ക്കും നവീനഭാഷ്യങ്ങള്‍ ചമച്ച അഭിനയവിസ്മയം. വര്‍ണ്ണനകള്‍ക്കും വേഷവൈവിധ്യങ്ങള്‍ക്കും അതീതനായ മോഹന്‍ലാല്‍ എന്ന മഹാനടന്‍ മലയാളത്തിന്റെ കളിയരങ്ങില്‍ അരങ്ങേറിയിട്ട്‌ വര്‍ഷമേറെയായി. മറക്കാനാകാത്ത ഒട്ടനവധി അഭിനയമുഹൂര്‍ത്തങ്ങള്‍ മലയാളസിനിമയ്ക്കു നല്‍കിയ ഈ നടന്‌ ഇന്നത്തെ മലയാളസിനിമ തിരികെ നല്‍കുത്‌ എന്താണ്‌? ആശയദാരിദ്യ്രത്തിന്റെ ചുഴിയില്‍പ്പെട്ടുലയുന്ന തിരക്കഥാകൃത്തുക്കളും സംവിധായകരും ശ്രദ്ധ പതിപ്പിക്കേണ്ട ഒരു വിഷയമാണിത്‌. ഇല്ലെങ്കില്‍ ഒരു പക്ഷേ ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെട്ട നടന്‍മാരുടെ കൂട്ടത്തില്‍ നാം മോഹന്‍ലാലിനെ പ്രതിഷ്ഠിക്കുന്ന കാലം വിദൂരമല്ല.

ഒരു സുപ്രഭാതത്തില്‍ ഉദിച്ചുയര്‍ന്ന താരമല്ല മോഹന്‍ലാല്‍. എണ്‍പതുകളിലെ ആദ്യപകുതിയില്‍ വില്ലനായും സഹനടനായുമൊക്കെ ഏറെ അഭിനയിച്ചതിനു ശേഷമാണ്‌ ലാല്‍ മലയാളത്തിന്റെ ഓന്നാം കിട നടനായി മാറുന്നത്‌. ഹരിഹരന്‍, പത്മരാജന്‍, സത്യന്‍ അന്തിക്കാട്‌, പ്രിയദര്‍ശന്‍ എന്നീ സംവിധായകര്‍ വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ ലാല്‍ എന്ന നടനെ വാര്‍ത്തെടുക്കുകയായിരുന്നു. ഇവരുടെയൊക്കെ കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കൊപ്പം തന്നെയൊണ്‌ ലാലിന്റെ താരമൂല്യം വര്‍ധിപ്പിച്ച 'രാജാവിന്റെ മകന്‍' പോലുള്ള ചിത്രങ്ങളും പുറത്തിറങ്ങിയത്‌. 86-93 കാലഘട്ടം മലയാളസിനിമയുടെ എന്ന പോലെത്തെ ലാലിന്റെയും മികച്ച വര്‍ഷങ്ങളായിരുന്നു. കിരീടത്തിലെ സേതുമാധവന്‍, നാടോടിക്കാറ്റിലെ ദാസന്‍, തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍, ഭരതത്തിലെ കല്ലൂറ്‍ രാമനാഥന്‍, കിലുക്കത്തിലെ ജോജി - വൈവിധ്യമാര്‍ന്ന വേഷങ്ങളായിരുന്നു ലാലിനെത്തേടിയെത്തിയിരുത്‌.

നിമിഷനേരത്തിന്റെ ഞൊടിയിടയില്‍പ്പോലും സൂക്ഷ്മമായ ഭാവപ്പകര്‍ച്ചകള്‍ വിരിയിച്ചെടുക്കാന്‍ കഴിവുള്ള അപൂര്‍വ്വം നടന്‍മാരില്‍ ഒരാളാണു ലാല്‍. മിതത്വത്തിന്റെ ഭാഷയിലൂടെ വികാരവിക്ഷോഭങ്ങളെ നിയന്ത്രിച്ച്‌ വല്ലാത്തൊരു അസ്വസ്ഥതയാണ്‌ തന്റെ ശോകാഭിനയത്തിലൂടെ ലാല്‍ പ്രേക്ഷകര്‍ക്ക്‌ പകര്‍ന്നു നല്‍കാറ്‌. ഇത്ര വിദഗ്ദ്ധമായി 'അണ്ടര്‍ പ്ളേ' ചെയ്യു മറ്റൊരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ പോലും ഇല്ല തന്നെ. 'ലാല്‍ സലാം' എന്ന ചിത്രത്തിലെ അവസാന രംഗത്തില്‍ മുരളിയുടെ മരണത്തോട്‌ ഒരിറ്റു കണ്ണീരും ഒരു കണ്‍ചിമ്മലും കൊണ്ടു മാത്രം പ്രതികരിച്ച്‌ പിന്‍വാങ്ങു നെട്ടൂരാന്‍ എന്ന കഥാപാത്രം ഈ രീതിയ്ക്ക്‌ ഏറ്റവും നല്ല ദൃഷ്ടാന്തമാണ്‌. പ്രേക്ഷകന്റെ വേദനകള്‍ കൂടിയേറ്റേടുത്ത്‌ അവയുടെ വൈകാരികതയെ തന്റെ അഭിനയം കൊണ്ടു വെള്ളിത്തിരയില്‍ അനുഭവവേദ്യമാക്കു രീതിയാണ്‌ കമലഹാസന്റേതെങ്കില്‍ (മൂന്നാം പിറ, രാജപാര്‍വൈ ഉദാ:) നേരെ മറിച്ചാണ്‌ ലാലിന്റെ രീതി. അതു കൊണ്ടു തന്നെ ഒരു അഭിനയം എന്ന ഫീല്‍ ലാലിന്റെ പ്രകടനങ്ങളില്‍ പലപ്പോഴും കാണാറില്ല. ഹാസ്യമാകട്ടെ, ശോകമാകട്ടെ, വീരമാകട്ടെ മിതത്വം കലര്‍ത്തിയ സ്വാഭാവികതയാണ്‌ ലാലിന്റെ ശക്തിയും ദൌര്‍ബല്യവുമെല്ലാം. അതു കൊണ്ടു തന്നെ പല രംഗങ്ങളിലും ആദ്യ ടേക്കില്‍ കിട്ടുന്ന പൂര്‍ണ്ണത പിന്നീടെടുക്കുമ്പോള്‍ കുറഞ്ഞു പോകുന്നതായ്‌ സംവിധായകര്‍ അഭിപ്രായപ്പെടാറുണ്ട്‌. ഈ പൂര്‍ണ്ണതയില്‍ ആശ്ചര്യഭരിതരായി 'കട്ട്‌' പറയാന്‍ മറന്ന സംവിധായകരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ സിനിമയുടെ 'ഷോ മാന്‍ ഡയറക്ടര്‍' മണിരത്നവും പെടും.

ഏതു തരം വേഷവും കൈകാര്യം ചെയ്യാനുള്ള വൈവിധ്യമാണ്‌ ലാലിനെ അപൂര്‍വ്വമായൊരു പ്രതിഭയാക്കുത്‌. ഹാസ്യം(കിലുക്കം, ചിത്രം), ശോകം (ഭരതം), വീരം (സ്ഫടികം, ആറാം തമ്പുരാന്‍), പ്രണയം (നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍) എിങ്ങനെ ഒട്ടനവധിയുണ്ട്‌ ഉദാഹരണങ്ങള്‍. ഒരു രണ്ടാം കിട-മൂന്നാം കിട ചിത്രമായാല്‍പ്പോലും അസാധാരണമായ മെയ്‌വഴക്കവും സ്വാഭാവികതയും ചടുലതയും കൊണ്ട്‌ അവയെ സ്മരണീയമായ അഭിനയമുഹൂര്‍ത്തങ്ങളാക്കി മാറ്റാന്‍ ലാലിനു കഴിഞ്ഞിട്ടുണ്ട്‌. 'അധിപന്‍', 'നമ്പര്‍ ൨൦ മദ്രാസ്‌ മെയില്‍', 'താളവട്ടം' എന്നീ ചിത്രങ്ങളിലെ രംഗങ്ങള്‍ ഇവയ്ക്ക്‌ സാക്ഷ്യം. മലയാള സിനിമ ഒരു കാലത്ത്‌ വളരെയധികം പ്രയോജനപ്പെടുത്തിയ ഈ സിദ്ധിയാണ്‌ ഇന്ന്‌ ദുരുപയോഗം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്‌.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുഴങ്ങിക്കേള്‍ക്കുന്ന ഒരു ചോദ്യമാണ്‌ പഴയ ലാലിനെന്തു പറ്റി എന്നത്‌. ഒരിടക്കാലത്ത്‌ ലാല്‍ ചിത്രങ്ങളെ പ്രേക്ഷകര്‍ കൈവിട്ടപ്പോള്‍ ഈയൊരു അവകാശവാദവുമായി ഒട്ടേറെ ചിത്രങ്ങള്‍ പുറത്തു വരികയുണ്ടായി. ലാലിന്റെ 'സ്ക്രീന്‍ പ്രസന്‍സ്‌' ചൂഷണം ചെയ്യുക എന്ന ഒരൊറ്റ ദുരുദ്ദേശ്യത്തോടെ തട്ടിക്കൂട്ടിയിറക്കിയ 'താണ്ഡവം' തുടങ്ങിയ ചിത്രങ്ങളാണ്‌ ലാലിനെ ഈയ്യൊരു ഗതികേടില്‍ കൊണ്ടെത്തിച്ചത്‌ എന്ന്‌ പറയാതെ വയ്യ. കഴമ്പുള്ള കഥയോ അഭിനയമുഹൂര്‍ത്തങ്ങളോ ഒന്നും തന്നെ ഇല്ലാതെ നാഴികകള്‍ നീളമുള്ള നെടുങ്കന്‍ സംഭാഷണങ്ങള്‍ കുത്തി നിറച്ച ഇത്തരം ചിത്രങ്ങള്‍ കൊണ്ട്‌ മലയാള സിനിമ എന്തു നേടി? ഇത്തരം പരാജയങ്ങള്‍ തുടര്‍ക്കഥയാകന്‍ തുടങ്ങിയപ്പോളാണ്‌ ലാല്‍ എന്ന ഹാസ്യനടന്റെ പുനരാവിഷ്കാരം എന്ന അവകാശവുമായി തുളസീദാസിന്റെ 'മിസ്റ്റര്‍ ബ്രഹ്മചാരി', സോനു ശിശുപാലിന്റെ 'വാമനപുരം ബസ്‌ റൂട്ട്‌' എീ ചിത്രങ്ങള്‍ തിയ്യേറ്ററുകളിലെത്തിയത്‌. അവയ്ക്ക്‌ എന്തു സംഭവിച്ചു എന്നു പോലും ഇന്ന്‌ പ്രേക്ഷകര്‍ ഓര്‍ക്കുന്നില്ല.

ഇവിടെ പ്രസക്തമായൊരു ചോദ്യമുണ്ട്‌. പഴയ ലാലിനെ തിരികെ കൊണ്ടു വരണമെന്ന്‌ ആര്‍ക്കാണ്‌ ഇത്ര വാശി? പഴയ കാല ചിത്രങ്ങളുമായൊരു താരതമ്യമാണ്‌ ഈ ആവശ്യത്തിനു പുറകിലെങ്കില്‍ അവ ചാനലുകളില്‍ വീണ്ടും വീണ്ടും കാണുമ്പോള്‍ പ്രേക്ഷകന്‍ സ്വയം ചോദിക്കുകയാണ്‌ - എന്തിനൊരു പുനരാവിഷ്കരണം? അന്നത്തെ നല്ല കഥാപാത്രങ്ങളും നല്ല സിനിമകളും ഒട്ടേറെ പ്രതിഭാധനരുടെ ശ്രമഫലമാണ്‌. ഇന്ന്‌ അത്തരമൊരു സ്ഥിതിവിശേഷമല്ല മലയാള സിനിമയിലുള്ളത്‌. കഥയുടേയും തിരക്കഥയുടേയും സംവിധാനത്തിന്റേയും പോരായ്മകള്‍ മോഹന്‍ലാല്‍ എന്ന നടനിലൂടെ മറച്ചു വയ്ക്കാനാണ്‌ സിനിമാപ്രവര്‍ത്തകര്‍ ഇന്നു ശ്രമിക്കുത്‌. ശരാശരി നിലവാരം പോലുമില്ലാത്ത പല ചിത്രങ്ങളും ഇറക്കിയ കാശെങ്കിലും തിരിച്ചു പിടിക്കുത്‌ ഈ നടന്റെ ബലത്തില്‍ മാത്രമാണ്‌. ഇത്തരം ഉദ്യമങ്ങള്‍ പലപ്പോഴും ഏച്ചു കെട്ടിയാതു പോലെ മുഴച്ചു നില്‍ക്കാറുമുണ്ട്‌ (ഉടയോന്‍ എ ദുരന്തം മറക്കാറായിട്ടില്ല). കഴിഞ്ഞ ഒരു വര്‍ഷക്കാലം കൊണ്ട്‌ വന്നു പോയ ചിത്രങ്ങള്‍, 'തന്‍മാത്ര' ഒഴിച്ചു നിര്‍ത്തിയാല്‍, ലാല്‍ എന്ന നടന്‌ എത്ര മാത്രം ഗുണം (സാമ്പത്തികമൊഴികെ) ചെയ്തു? നൂറു ദിവസങ്ങള്‍ തിയ്യേറ്ററുകളില്‍ നിറഞ്ഞോടിയ 'രസതന്ത്രം', 'വടക്കുാഥന്‍' എന്നിവ നല്‍കു ചില സന്ദേശങ്ങള്‍ കണ്ടില്ലെന്നു നടിച്ചു കൂടാ - നിലവാരം താഴേക്കു പതിക്കുമ്പോഴും കിട്ടുന്നതു കൊണ്ടു തൃപ്തരാകാന്‍ പ്രേക്ഷകര്‍ ശീലിച്ചു തുടങ്ങുകയാണ്‌.

ഇവിടെയാണ്‌ 'ഉദയനാണു താരം' എന്ന ചിത്രം വ്യത്യസ്തമാകുത്‌. പോയ രണ്ട്‌ വര്‍ഷങ്ങളില്‍ മോഹന്‍ലാലിന്റെ ഏറ്റവും മികച്ച പ്രകടനം ഈ ചിത്രത്തിലായിരുന്നു. നാനാ വിധ കാരണങ്ങളാലാണ്‌ ഈ ചിത്രം പബ്ളിസിറ്റി നേടിയതെങ്കിലും പ്രസ്തുത ചിത്രത്തിലെ ലാലിന്റെ പരിപൂര്‍ണ്ണമായ പ്രകടനം അത്ര കണ്ട്‌ ശ്രദ്ധിക്കപ്പെടാതെ പോയോ എൊരു സംശയം. ഉദയഭാനു എ കഥാപാത്രത്തെ വാര്‍ത്തെടുത്ത റോഷന്‍ ആന്‍ഡ്രൂസും ശ്രീനിവാസനും അതിന്റെ ക്രെഡിറ്റ്‌ അവകാശപ്പെടാം. ഒരു സിനിമ നാന്നാകണമെങ്കില്‍ അതിന്റെ എല്ലാ ഘടകങ്ങളും നാന്നാകണമെന്ന്‌ ഈ ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്നത്‌ ബധിരകര്‍ണ്ണങ്ങളിലാണോ പതിച്ചത്‌? കഥാപാത്രത്തിനു വേണ്ടിയാണ്‌ നടനെ തെരഞ്ഞെടുക്കേണ്ടത്‌. മറിച്ചാകരുത്‌.

ഒരു 'ചിത്രം', 'നാടോടിക്കാറ്റ്‌' എിവയൊന്നും ഇനി തിരികെ വരാന്‍ പോകുന്നില്ല. ഈ യാഥാര്‍ത്യത്തോട്‌ താദാത്മ്യം പ്രാപിക്കുകയാണ്‌ ചലച്ചിത്രപ്രവര്‍ത്തകരും പ്രേക്ഷകരും ആദ്യം ചെയ്യേണ്ടത്‌. ലാല്‍ എന്ന നടന്‍ അഭിനയത്തിന്റെ പാതയിലൂടെ ഏറെ സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. ആരംഭകാലത്തെ മെയ്‌വഴക്കവും കൃത്യതയും അദ്ദേഹത്തിന്‌ കൈമോശം വന്നിട്ടുണ്ട്‌. ഇത്‌ മോഹന്‍ലാല്‍ എന്ന നടന്റെ മാത്രം കാര്യമല്ല. ഒരു 'സകലകലാവല്ലവനും' 'അപൂര്‍വ്വ സഹോദരര്‍കളു' മൊന്നും പുന:സൃഷ്ടിക്കാന്‍ ഇനി കമലഹാസനും കഴിയില്ല. ഒരു 'പ്രമദവനം' അതേ കൃത്യതയോടും സൂക്ഷ്മതയോടും വൈകാരികതയോടും കൂടി ആലപിക്കുവാന്‍ യേശുദാസിനും കഴിയില്ല. ഓരോ കലാകാരനേയും സംബന്ധിച്ചിടത്തോളം ഒരു 'പീക്‌ ക്രിയറ്റിവിറ്റി പിര്യേഡ്‌' ഉണ്ട്‌. അത്‌ കടന്നു വന്നിരിക്കു ഒരു നടനാണ്‌ മോഹന്‍ലാല്‍. തന്റെ പൂര്‍വ്വകാലപ്രകടനങ്ങളോടും കഥാപാത്രങ്ങളോടും നീതി പുലര്‍ത്തുന്ന തരത്തിലുള്ള വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്‌. ഇത്തരം ശ്രമങ്ങള്‍ അദ്ദേഹം നടത്തുന്നേയില്ല എന്നു പറയാന്‍ കഴിയില്ലെങ്കിലും ('പരദേശി','ആകാശഗോപുരം' എന്നീ ചിത്രങ്ങളെക്കുറിച്ചു കേള്‍ക്കുന്നു) ഒരു 'അലിഭായി', 'ഹലോ' എന്നിവ ചെയ്യുന്നതിനു മുന്‍പ്‌ അദ്ദേഹം രണ്ടാവര്‍ത്തി ചിന്തിക്കേണ്ടിയിരിക്കുന്നു. 'ഹലോ' എന്ന ചിത്രം കണ്ടപ്പോള്‍ മോഹന്‍ലാലിനോട്‌ സഹതാപമാണ്‌ തോന്നിയത്‌ - തന്റെ അഭിനയമികവ്‌ എവിടെ പ്രകടമാക്കണമെന്ന്‌ നിശ്ചയമില്ലാതെ ഉഴറുന്ന ഒരു നടന്‍.

മോശം കഥാപാത്രങ്ങളുടേയും ചിത്രങ്ങളുടേയും വെളിച്ചത്തിലാണെങ്കില്‍ പോലും മോഹന്‍ലാല്‍ കമ്മേര്‍സ്യല്‍ സിനിമയില്‍ വിട്ടു നില്‍ക്കണമെന്ന്‌ മലയാള സിനിമ ആഗ്രഹിക്കുന്നില്ല. അതു പ്രതിസന്ധികളില്‍പ്പെട്ടുഴലുന്ന മലയാള സിനിമയെ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക്‌ തള്ളി വിടുകയേ ഉള്ളൂ. അത്തരം ചിത്രങ്ങളുടെ എണ്ണം കുറയ്ക്കുകയും മോഹന്‍ലാല്‍ എന്ന നടന്റെ കഴിവുകള്‍ ഒപ്പിയെടുക്കാന്‍ കഴിവുള്ള കഥകളും തിരക്കഥകളും തെരഞ്ഞെടുക്കുകയുമാണ്‌ അദ്ദേഹം ചെയ്യേണ്ടത്‌. കമലഹാസന്‍ ഇവിടെ ലാലിനൊരു മാതൃകയകേണ്ടതാണ്‌. ഒരു കമ്മേര്‍സ്യല്‍ ചിത്രമായാലും കലാമൂല്യമുള്ള ചിത്രമായാലും വ്യത്യസ്തതയ്ക്കും പൂര്‍ണ്ണതയ്ക്കും പുതുമയ്ക്കുമുള്ള അടങ്ങാത്ത അഭിനിവേശമാണ്‌ അദ്ദേഹത്തിന്റെ ഒരോ ചിത്രവും. 'മുംബായ്‌ എക്സ്പ്രസ്സ്‌', 'വേട്ടയാട്‌ വിളയാട്‌' വരാന്‍ പോകു 'ദശാവതാരം' എന്നിവ ഒിനൊന്നു വ്യത്യസ്തമായ ചിത്രങ്ങളാണ്‌. സംവിധായകന്‍, നിര്‍മ്മാതാവ്‌, അഭിനേതാവ്‌ എിങ്ങനെ ഒരു ബഹുമുഖപ്രതിഭയായ കമലഹാസനുമായൊരു താരതമ്യം അനുചിതമാണെങ്കിലും അദ്ദേഹത്തിന്റെ മേല്‍പ്പറഞ്ഞ സംരഭങ്ങള്‍ ലാലിനു മാതൃകയാക്കാവുന്നതാണ്‌.

ഇന്നത്തെ സംവിധായകരോടും പ്രേക്ഷകരോടും ഫാന്‍സ്‌ അസോസിയേഷനുകളോടും ഉള്ള ഒരു അഭ്യര്‍ഥന - ഒരു 'സൂപ്പര്‍ താരം' എന്ന ഇമജില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടനെ നിങ്ങള്‍ തളച്ചിടാതിരിക്കുക. അദ്ദേഹത്തിന്റെ നല്ല ചിത്രങ്ങളത്രയും ഈയൊരു ഇമേജ്‌ ഇല്ലാതിരുന്ന കാലത്താണ്‌ പുറത്തിറങ്ങിയിരുന്നതെന്ന സത്യം മറക്കരുത്‌. 'അലിഭായ്‌' ഒരു മഹാസംഭവമാക്കി മാറ്റാന്‍ അതിന്റെ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതായറിഞ്ഞു. മലയാളസിനിമയുടെ രജനീകാന്തായി മോഹന്‍ലാലിനെ മാറ്റാതിരുന്നാല്‍ നന്ന്‌. ആ നടനില്‍ നിന്നും മലയാള സിനിമയും പ്രേക്ഷകരും ഇനിയും ഒരു പാടു പ്രതീക്ഷിക്കുന്നു.