Thursday, July 31, 2008

എം.എം. കീരവാണി/മരഗതമണി


പല പേരുകളിലായിട്ടാണ്‌ ഇദ്ദേഹം രംഗത്ത്‌ അറിയപ്പെടുന്നത്‌ - എം.എം കീരവാണി (തെലുങ്ക്‌), മരഗതമണി (തമിഴ്‌, മലയാളം), എം.എം.ക്രീം (ഹിന്ദി). തെലുങ്കിലെ പ്രശ്സ്ത സംവിധായകനായ എസ്‌.എസ്‌.രാജമൌലിയുടെ അടുത്ത ബന്ധുവായ കീരവാണി സിനിമാസംഗീത രംഗത്ത്‌ സജീവമാകുന്നത്‌ അന്നത്തെ മുന്‍നിര തെലുങ്ക്‌ സംഗീതജ്ഞനായ ചക്രവര്‍ത്തിയുടെ സഹായി എന്ന നിലയ്ക്കാണ്‌. മലയാളത്തിലെ രാജാമണിയോടൊത്തും കീരവാണി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

'മനസ്സു മമത' (തെലുങ്ക്‌, 1990) ആണ്‌ കീരവാണിയുടെ സംഗീതത്തില്‍ പുറത്തു വരുന്ന ആദ്യ ചിത്രം. ഇളയരാജയുമായ്‌ പിരിഞ്ഞ ശേഷം കവിതാലയയുടെ ചിത്രങ്ങള്‍ക്ക്‌ പുതിയ സംഗീതസംവിധായകനെ അന്വേഷിച്ചു കൊണ്ടിരുന്ന കെ.ബാലചന്ദര്‍ മരഗതമണിയെ തണ്റ്റെ പുതിയ ചിത്രങ്ങളില്‍ സഹകരിപ്പിക്കുകയുണ്ടായി. വസന്ത്‌ സംവിധാനം ചെയ്ത 'നീ പാതി നാന്‍ പാതി', ബാലചന്ദറിണ്റ്റെ 'അഴകന്‍', 'വാനമേ എല്ലൈ' എന്നീ ചിത്രങ്ങളിലെല്ലാം തന്നെ മികച്ച ഗാനങ്ങളുണ്ടായിരുന്നു.

എന്നാല്‍ കീരവാണിയുടെ ജാതകം തിരുത്തിക്കുറിച്ചത്‌ രാംഗോപാല്‍ വര്‍മ്മയുടെ 'ക്ഷണ ക്ഷണം' (1991) എന്ന ചിത്രമാണ്‌. തെലുങ്ക്‌ സിനിമാസംഗീതത്തില്‍ ഒരു നാഴികക്കല്ലായി മാറിയ ഗാനങ്ങളായിരുന്നു 'ക്ഷണ ക്ഷണ' ത്തില്‍. എസ്‌.പി..ബാലസുബ്രമണ്യം ആലപിച്ച 'ജാമുരാത്തിരി ജാബിലമ്മ', എസ്‌.പി.ബി യും ചിത്രയും ചേര്‍ന്നാലപിച്ച 'അമ്മായി മുദ്ദുയ്യേ വന്തേ' എന്നീ ഗാനങ്ങളിലൂടെ ഇളയരാജാ/ചക്രവര്‍ത്തി യുഗം കഴിഞ്ഞെത്തിയ തെലുങ്ക്‌ സിനിമാസംഗീതത്തില്‍ അനിഷേധ്യമായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു കീരവാണി. 'ക്ഷണ ക്ഷണം' പിന്നീട്‌ തമിഴിലേക്കും (എന്നമ്മോ നടക്ക്ത്‌), തുടര്‍ന്ന് ഹിന്ദിയിലേക്കും (ഹൈറാന്‍) മൊഴിമാറ്റം ചെയ്യപ്പെടുകയുണ്ടായി.

1992 ഇലെ തെലുങ്ക്‌ ബോക്സോഫീസ്‌ ഹിറ്റ്‌ 'ഘരാനാ മൊഗാഡു' എന്ന ചിരഞ്ജീവി ചിത്രത്തോടെ കീരവാണിയുടെ കമേര്‍സ്യല്‍ വാല്യൂ ഉയര്‍ന്നു. ഈ ചിത്രം 'ഏെയ്‌ ഹീറോ' എന്ന പേരില്‍ മലയാളികള്‍ക്കും സുപരിചിതമാണ്‌.

സമ്പുഷ്ടമായ ഓര്‍ക്കെസ്റ്റ്രയും ഹൃദ്യമായ ഈണങ്ങളുമാണ്‌ കീരവാണിയുടെ ഗാനങ്ങളുടെ മനോഹാരിത. ഗാനത്തിലെ ഉപകരണങ്ങളുടേയും വോക്കല്‍സിണ്റ്റേയും 'ടോണല്‍ ക്വാളിറ്റി' കൊണ്ട്‌ കീരവാണിയുടെ ഗാനങ്ങളെ കൂട്ടത്തില്‍ തിരിച്ചറിയാം. ഇദ്ദേഹം മികച്ച ഒരു വയലിനിസ്റ്റ്‌ കൂടെയാണ്‌.

ഹിന്ദിയില്‍ കീരവാണിയുടെ ഈണങ്ങള്‍ കടന്നു ചെല്ലുന്നത്‌ നാഗാര്‍ജുനയുടെ 'ക്രിമിനല്‍' (1995) എന്ന ചിത്രത്തോടെയാണ്‌. കുമാര്‍ സാനു ആലപിച്ച 'തൂ മിലേ ദില്‍ ഖിലേ' കീരവാണിയുടെ എക്കാലത്തേയും മികച്ച ഗാനങ്ങളിലൊന്നാണ്‌. ഈ ഗാനത്തിണ്റ്റെ തെലുങ്ക്‌ പതിപ്പ്‌ (തെലുസാ മനസാ) എസ്‌.പി.ബി യും ചിത്രയും ചേര്‍നാണാലപിച്ചിരിക്കുന്നത്‌.

'അന്നമയ്യ'(1996) എന്ന തെലുങ്ക്‌ ചിത്രത്തിലെ ഗാനങ്ങള്‍ക്ക്‌ കീരവാണിക്ക്‌ ആ വര്‍ഷത്തെ മികച്ച സംഗീതസംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി.

മരഗതമണി ആദ്യമായി മലയാളത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌ 'നീലഗിരി' എന്ന ചിത്രത്തിലാണ്‌. 'സൂര്യമാനസവും' മരഗതമണി തന്നെ. ഭരതണ്റ്റെ 'ദേവരാഗം' ആണ്‌ മരഗതമണി ചെയ്ത ഏെറ്റവും മികച്ച മലയാളം ആല്‍ബം. ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചം. 'ശശികല ചാര്‍ത്തിയ' എന്ന ഗാനം ചിത്രയ്ക്ക്‌ ആ വര്‍ഷത്തെ മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ്‌ നേടിക്കൊടുക്കുകയുണ്ടായി.

'സ്വര്‍ണ്ണച്ചാമരം' (1996) എന്നൊരു ചിത്രം കൂടെ മരഗതമണി മലയാളത്തില്‍ ചെയ്തിട്ടുണ്ട്‌.

ഹിന്ദിയില്‍ അടുത്ത കാലത്തു കേട്ട 'ജിസ്‌ം', 'സുര്‍','ധോക്കാ' എന്നിവയെല്ലാം എം.എം.ക്റീമിണ്റ്റേതാണ്‌.

കീരവാണിയുടെ അടുത്ത ബന്ധുവായ എം.എം.ശ്രീലേഖ നന്നേ ചെറുപ്പം മുതല്‍ക്കു തന്നെ തെലുങ്കു സംഗീത രംഗത്ത്‌ സജീവമാണ്‌. 'താജ്മഹല്‍' (1995) എന്ന ഹിറ്റ്‌ ചിത്രത്തിന്‌ ഈണം നല്‍കിയത്‌ ശ്രീലേഖയാണ്‌.

കീരവാണി ഇപ്പോഴും രംഗത്ത്‌ സജീവമായി തുടരുന്നു.

4 Comments:

Blogger Nikhil Venugopal said...

എം.എം. കീരവാണി/മരഗതമണി

Thursday, July 31, 2008 1:13:00 PM  
Blogger ബൈജു (Baiju) said...

ഈ ബ്ലോഗുകാണാന്‍ വൈകി. ലേഖനങ്ങള്‍ നല്ല നിലവാരം പുലര്‍ത്തുന്നു. എല്ലാ ആശംസകളും......

ശ്രീ കീരവാണയെപ്പറ്റിയുള്ള ലേഖനം ഒരുപാട് പുതിയ അറിവുകള്‍ നല്‍കി.
ശ്രീ ഭരതന്‍റ്റെ "മഞ്ജീരധ്വനി" എന്ന ചിത്രത്തിലെപ്പാട്ടുകളും ഇദ്ദേഹം സ്വരപ്പെടുത്തിയതാണോ?

Thursday, July 31, 2008 5:18:00 PM  
Blogger പാമരന്‍ said...

good one, thanks!

Friday, August 01, 2008 12:05:00 AM  
Blogger ബൈജു സുല്‍ത്താന്‍ said...

കീരവാണിയെപ്പറ്റി കൂടുതല്‍ പറഞ്ഞുതന്നതിന്‌ നന്ദി. പലതും പുതിയ അറിവുകളായിരുന്നു.

മഞ്ജീരധ്വനി യുടെ സംഗീതം ഇളയരാജയാണ്‌.

Sunday, August 03, 2008 4:08:00 PM  

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home