Saturday, October 23, 2010

അനുസ്മരണം-സ്വര്‍ണ്ണലത




അകാലത്തില്‍ പൊലിഞ്ഞു വീണ മറ്റൊരു നക്ഷത്രം.. സ്വര്‍ണ്ണലതയുടെ വേര്‍പാടിനെ അങ്ങിനെ മാത്രമേ വിശേഷിപ്പിക്കാനാകൂ.. പ്രശസ്തവും മികവുറ്റതുമായ അനേകം ഗാനങ്ങള്‍ ആലപിക്കുകയും, പിന്നണി ആലാപനത്തിനുള്ള ദേശീയ അവാര്‍ഡ്‌ ലഭിക്കുകയും ചെയ്തെങ്കിലും ഒരു ഗായിക എന്ന നിലയില്‍ സ്വര്‍ണ്ണലത പ്രശസ്തയായില്ല.. അവരുടെ ഗാനങ്ങളിലെ ശോകമൂകമായ അരുണിമ പോലെ അങ്ങു വിദൂരചക്രവാളത്തില്‍ മറഞ്ഞു പോകാന്‍ വിധിക്കപ്പെട്ട സ്വരനൈപുണ്യം..

നീതിക്കു ദണ്ഡനൈ എന്ന ചിത്രത്തിലെ 'ചിന്നഞ്ചിറു കിളിയേ' എന്ന ഗാനത്തിലൂടെ എം.എസ്‌ വിശ്വനാഥനാണ്‌ സ്വര്‍ണ്ണലതയെ സിനിമാ സംഗീതത്തിനു പരിചയപ്പെടുത്തിയത്‌..

തമിഴ്‌ സിനിമാസംഗീതം വിസ്മയകരമായ സുഗന്ധം പരത്തിയിരുന്ന കാലം.. ഇറങ്ങുന്ന ഗാനങ്ങള്‍ ആസ്വാദകരില്‍ വൈകാരികതയും ആഘോഷവും ഹര്‍ഷാരവവും നിറച്ചിരുന്ന കാലം.. ജാനകിക്കും ചിത്രയുക്കുമപ്പുറം മറ്റൊരു പിന്നണി ഗായികയെ ആവശ്യമില്ലെന്നു തോിച്ചിരുന്ന ഇളയരാജാ ഗാനങ്ങളില്‍ പെട്ടന്നതാ ഒരു വേറിട്ട ശബ്ദം.. സ്വര്‍ണ്ണലത തുടങ്ങുകയായിരുന്നു അവിടെ.. 'ഉത്തമ പുത്രി നാന്‍' (ഗുരു ശിഷ്യന്‍) എന്ന ഇളയരാജാ ഗാനം ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും സ്വര്‍ണ്ണലത എന്ന ഗായികയെ രാജ ശ്രദ്ധിച്ചു... അങ്ങിനെ 'ചിത്തമ്പി' യിലെ ഗാനങ്ങളില്‍ സ്വര്‍ണ്ണലത പെയ്തിറങ്ങി.. പിന്നീടങ്ങോട്ട്‌ വൈവിധ്യമാര്‍ന്ന എത്രയെത്ര ഗാനങ്ങള്‍...

പ്രായാധിക്യം പ്രകടിപ്പിച്ചു തുടങ്ങിയ ജാനകിയമ്മയുടെ ഭാവവൈവിധ്യത്തിന്‌ ഒരു പരിധി വരെ സ്വര്‍ണ്ണലത പകരക്കാരിയായി.. ആരംഭകാലത്തില്‍ മാദകത്വം തുളുമ്പുന്ന ഗാനങ്ങളായിരുന്നു സ്വര്‍ണ്ണലതയ്ക്കു ലഭിച്ചതെങ്കിലും പിന്നീടങ്ങോട്ട്‌ വിവിധ ഭാവങ്ങള്‍ അവരുടെ സ്വരമാധുരിയില്‍ ഗാനങ്ങളില്‍ ലയിച്ചു ചേര്‍ന്നു... രതിസ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാരമായ 'മാലയില്‍ യാരോ' (ക്ഷത്രിയന്‍), കാബറെ നൃത്തഗാനമായ 'ആട്ടമാ തേരോട്ടമാ', ഫാണ്റ്റസിയുടെ വര്‍ണ്ണപ്രപഞ്ചം വിരിയിച്ച 'മാസീമാസമാളാന പൊണ്ണ്‌' (ധര്‍മ്മദുരൈ), പ്രണയം പങ്കു വച്ച 'പോവോമാ ഉൂര്‍ഗോലം' (ചിന്നത്തമ്പി), പ്രതീക്ഷയും ശോകവും നല്‍കിയ 'കുയില്‍ പാട്ട്‌ ഓ വന്തതെന്ന ഇളംമാനേ' (എന്‍ രാസാവിന്‍ മനസ്സിലേ), യുവ ഹൃദയങ്ങള്‍ നൃത്തച്ചുവടുകള്‍ വച്ച 'അടി റാക്കമ്മാ കയ്യെത്തട്ട്‌ (ദളപതി) എന്നിങ്ങനെ നീളുന്നു സ്വര്‍ണ്ണലതയുടെ ഭാവോന്‍മീലനം..

ക്യാപ്റ്റന്‍ പ്രഭാകരനിലെ 'ആട്ടമാ തേരോട്ടമാ' സ്വര്‍ണ്ണലതയ്ക്കു വേണ്ടി മാത്രം നിര്‍മ്മിക്കപ്പെട്ട ഗാനമായിരുന്നു.. ഒരു കാബറെ നൃത്തത്തിണ്റ്റെ പശ്ചാത്തലമെങ്കിലും ആ ഗാനത്തില്‍ നിറഞ്ഞു നിന്ന ശോകരസം കലര്‍ന്ന മാദകത്വമാണ്‌ ആ ഗാനത്തെ വേറിട്ടു നിര്‍ത്തുന്നത്‌.. 'പവര്‍ സിങ്ങിംഗ്‌' ഇണ്റ്റെ മറ്റൊരു നല്ല ഉദാഹരണം തന്നെയായി ഈ ഗാനം.. സ്വര്‍ണ്ണലതയുടെ മികച്ച ഗാനങ്ങളിലൊന്നെന്ന്‌ നിസ്സംശയം പറയാം..

ഇളയരാജ കൈ പിടിച്ചുയര്‍ത്തിയ സ്വര്‍ണ്ണലത പിന്നീട്‌ റഹ്മാനിലൂടെ ബഹുദൂരം മുന്നോട്ടു പോയി.. 'പോരാളെ പൊന്നുത്തായേ' (കറുത്തമ്മ) അവര്‍ക്ക്‌ ആദ്യ ദേശീയ പുരസ്കാരവും നേടിക്കൊടുത്തു.. 'മുക്കാല മുക്കാബ്ള' (കാതലന്‍), 'ഹേ രാമ ' (രംഗീല), 'എവനോ ഒരുവന്‍' (അലൈപായുതേ), 'മായാ മച്ചീന്ദ്ര' (ഇന്‍ഡ്യന്‍) തുടങ്ങിയ ഗാനങ്ങള്‍ ശ്രദ്ധേയം..

'ആയിരം ചിറകുള്ള മോഹം' എന്ന ചിത്രത്തിലൂടെ കണ്ണൂറ്‍ രാജനാണ്‌ സ്വര്‍ണ്ണലതയെ മലയാളത്തിലെത്തിച്ചത്‌. മലയാളം സ്വര്‍ണ്ണലതയെ ആവശ്യപ്പെട്ടതെല്ലാം മാദക/രതി സ്പര്‍ശമുള്ള ഗാനങ്ങള്‍ക്കാണെന്നത്‌ ശ്രദ്ധേയമാണ്‌.. എസ്‌.പി.വെങ്കടേഷിണ്റ്റെ 'ഒരു തരി കസ്തൂരി' (ഹൈവേ) സ്വര്‍ണ്ണലതയുടെ മലയാളഗാനങ്ങളില്‍ ഏറ്റവും മികച്ചതെന്നു വിശേഷിപ്പിക്കാവുതാണ്‌. 'മഞ്ഞില്‍ പൂത്ത സന്ധ്യേ' (മിന്നാാമിനുങ്ങിനും മിന്നുകെട്ട്‌), 'നീയൊന്നു പാട്‌' (തച്ചോളി വര്‍ഗ്ഗീസ്‌ ചേകവര്‍), 'മാണിക്യ കല്ലാല്‍' (വര്‍ണ്ണപ്പകിട്ട്‌), 'നന്ദലാല' (ഇന്‍ഡിപ്പെന്‍ഡന്‍സ്‌), 'അവ്വാ അവ്വാ' (സത്യം ശിവം സുന്ദരം), 'കടമിഴിയില്‍ കമലദളം' (തെങ്കാശിപ്പട്ടണം) എന്നിങ്ങനെ നിരവധി ഗാനങ്ങള്‍ സ്വര്‍ണ്ണലത ആലപിച്ചിട്ടുണ്ടെങ്കിലും മലയാളിയായ സ്വര്‍ണ്ണലതയെ മലയാളസിനിമാസംഗീതം എന്നും ഒരു വിളിപ്പാടകലെ അകറ്റി നിര്‍ത്തിയിരുന്നു എന്നു വേണം കരുതാന്‍..

സിനിമാ സംഗീതം ക്ളാവു പിടിച്ചു തുടങ്ങിയ കാലം..പുതിയതായി രംഗത്തു വന്ന ഒരു പാട്‌ ഗായകരും ഗായികമാരും ആലാപന രംഗം പതുക്കെ കയ്യടക്കിയപ്പോള്‍ സ്വര്‍ണ്ണലത എന്ന ഗായിക പതുക്കെ വിസ്മൃതിയിലേക്കു പുറന്തള്ളപ്പെടുകയായിരുന്നു.. അങ്ങിനെ ഒരു ദിവസം ആരോടും പങ്കു വയ്ക്കാത്ത പരിഭവവുമായ്‌ സംഗീത ലോകത്തെ എന്നെന്നേക്കുമായ്‌ വിട്ടു പിരിഞ്ഞ്‌ അവര്‍ മറ്റൊരു ലോകത്തേക്കു യാത്രയായ്‌.. 'കുയില്‍ പാട്ട്‌ ഓ വന്തതെന്ന ഇളംമാനേ' എന്ന ഗാനത്തിലെ ശോകരാഗം പോലെ.... ഒരു നൊമ്പരം ബാക്കി നിര്‍ത്തിക്കൊണ്ട്‌......

'നീ താനേ നാള്‍ തോറും നാന്‍ പാട കാരണം...' എന്ന ഗാനത്തിലെ സ്വരവീചികള്‍ കാതുകളില്‍ മുഴങ്ങുന്നു... ആ സ്വരമാലയിലെ പൂച്ചെണ്ടുകള്‍ കോണ്ട്‌ ഈ അസ്വാദകണ്റ്റെ അന്ത്യാഞ്ജ്ലി....

സ്വര്‍ണ്ണലതയുടെ മികച്ച ഗാനങ്ങള്‍
1. പോവോമാ - ചിന്നത്തമ്പി (ഇളയരാജ)
2. മാലയില്‍ യാരോ മനതോട്‌ പേസ - ക്ഷത്രിയന്‍ (ഇളയരാജ)
3. നീ താനേ നാള്‍ തോറും - പാട്ടു വാത്തിയാര്‍ (ഇളയരാജ)
4. ആട്ടമാ തേരോട്ടമാ - ക്യാപ്റ്റന്‍ പ്രഭാകര്‍ (ഇളയരാജ)
5. അടി റാക്കമ്മാ കയ്യെത്തട്ട്‌ - ദളപതി (ഇളയരാജ)
6. കുയില്‍ പാട്ട്‌ - എന്‍ രാസാവിന്‍ മനസ്സിലേ (ഇളയരാജ)
7. ഊരെല്ലാം ഉന്‍ പാട്ട്‌ - ഊരെല്ലാം ഉന്‍ പാട്ട്‌ (ഇളയരാജ)
8. എന്നൈ തൊട്ട്‌ അള്ളിക്കൊണ്ട - ഉന്നൈ നെനച്ചേന്‍ പാട്ടു പടിച്ചേന്‍ (ഇളയരാജ)
9. മലൈ കോയില്‍ വാസലില്‍ - വീര (ഇളയരാജ)
10. മാസീമാസമാളാന പൊണ്ണ്‌ - ധര്‍മ്മദുരൈ (ഇളയരാജ)
11. കാണാക്കറുങ്കുയിലേ - പാണ്ടിദുരൈ (ഇളയരാജ)
12. പോരാളെ പൊന്നുത്തായെ - കറുത്തമ്മ (എ.ആര്‍. റഹ്മാന്‍)
13. മായാ മച്ചീന്ദ്ര - ഇന്‍ഡ്യന്‍ (എ.ആര്‍. റഹ്മാന്‍)
14. എവനോ ഒരുവന്‍ - അലൈപായുതേ (എ.ആര്‍. റഹ്മാന്‍)
15 .ഹേ രാമാ - രംഗീല (എ.ആര്‍. റഹ്മാന്‍)
16 .പ്രിയതമാ.. (തെലുങ്ക്‌) - പ്രിയതമ (ഇളയരാജ)

- നിഖില്‍ വേണുഗോപാല്‍
14-09-2010