Monday, August 04, 2008

ഇതോ ഇളയരാജ?

മറ്റേതു രംഗത്തുമെന്ന പോലെ വിഗ്രഹവല്‍ക്കരണം സംഗീത രംഗത്തും പ്രകടമാണ്‌. ധിഷണാസ്പര്‍ശമില്ലാത്ത കലാസൃഷ്ടികള്‍ മാധ്യമങ്ങളുടെ ഇടപെടല്‍ കൊണ്ടും അവ ഏറ്റെടുക്കുന്ന അനുവാചകരെ കൊണ്ടും സൃഷ്ടാവിനു നേടിത്തരുന്നത്‌ ദിശ തെറ്റിക്കാന്‍ പോന്ന അംഗീകാരവും പ്രോത്സാഹനവുമാണ്‌.

ഇളയരാജയുടെ പതനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഏതാണ്ട്‌ ഒരു പതിറ്റാണ്ടിനു മുകളില്‍ ദൈര്‍ഘ്യമുണ്ട്‌. തമിഴ്‌ സിനിമാസംഗീതത്തിണ്റ്റെ സാങ്കേതികവല്‍ക്കരണവും ഇളയരാജയുടെ തകര്‍ച്ചയും സംഭവിച്ചത്‌ ഏതാണ്ട്‌ ഒരേ കാലത്താണ്‌. എങ്കിലും ഇക്കാലമത്രയും അദ്ദേഹത്തിണ്റ്റേതായ്‌ പുറത്തു വന്നിരുന്ന അപൂര്‍വ്വം ചില ചിത്രങ്ങളിലെങ്കിലും നല്ല ഗാനങ്ങള്‍ ചെയ്യാന്‍ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ൫ വര്‍ഷങ്ങളായ്‌, കൃത്യമായ്‌ പറഞ്ഞാല്‍ പിതാമഹനും മനസ്സിനക്കരെയ്ക്കും ശേഷം അദ്ദേഹത്തിണ്റ്റേതായ്‌ ഇറങ്ങിയ ഗാനങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഇളയരാജ എന്ന കമ്പോസര്‍ ഈ പണി നിര്‍ത്തുന്നതല്ലേ നല്ലത്‌ എന്നു പോലും തോന്നിപ്പോകുന്നു.

സ്വന്തം സൃഷ്ടികളുടെ മൂല്യശോഷണത്തെക്കുറിച്ച്‌ അതിണ്റ്റെ സൃഷ്ടാവിന്‌ അറിവുണ്ടാകണമെന്നില്ല എന്ന വാദം യുക്തിക്കു നിരക്കുന്നതല്ല. അതും ഇളയരാജയെപ്പോലൊരു സംഗീതസംവിധായകനെക്കുറിച്ചു പറയുമ്പോള്‍. പിന്നീടെന്തിനാണ്‌ ഇത്രയും നിലവാരം കുറഞ്ഞ ഗാനങ്ങള്‍ അദ്ദേഹം പടച്ചു വിടുന്നത്‌? ഓളങ്ങളും മൈഡിയര്‍ കുട്ടിച്ചാത്തനുമൊക്കെ ചെയ്ത അതേ ഇളയരാജ തന്നെയാണ്‌ ഇന്നത്തെ ചിന്താവിഷയം എന്ന അറുബോറന്‍ ആല്‍ബം ചെയ്തത്‌ എന്നത്‌ ഇന്നും ദഹിക്കാനാകാത്ത ഒരു വസ്തുതയാണ്‌. നിലവാരം കുറഞ്ഞ ചിത്രങ്ങളെപ്പോലും തണ്റ്റെ സംഗീതം കൊണ്ടു പിടിച്ചുയര്‍ത്തിയിരുന്നു ഇളയരാജ തന്നെയാണോ ഇത്‌?

ഏതൊരു കലാകാരണ്റ്റേയും ശക്തിയും ദൌര്‍ബല്യവും ആ കലാകാരനെ പിന്തുടര്‍ന്നു പോരുന്ന ഒരു സംഘം ആരാധകവൃന്ദമായിരിക്കും. തികച്ചും ക്രിയാത്മകമായ വിമര്‍ശനവും പ്രോത്സാഹനവും നല്‍കുന്ന ആരാധകര്‍ ഒരു കലാകാരണ്റ്റെ വളര്‍ച്ചയെ സഹായിക്കുമ്പോള്‍ അന്ധമായ ആരാധനയും സ്തുതിപാഠവും ഈ വളര്‍ച്ചയെ വഴി തെറ്റിക്കും എന്നതില്‍ സംശയമില്ല. അദ്ദേഹത്തില്‍ അന്ധമായി വിശ്വസിക്കുന്ന ഒരു പറ്റം സ്തുതിപാഠകരുടെ ജല്‍പനങ്ങളാണോ അദ്ദേഹത്തെ ഇത്തരം ഗാനങ്ങള്‍ വീണ്ടും വീണ്ടും ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌? അതെ എന്നു വേണം കരുതാന്‍.

ഗാനങ്ങള്‍ മാത്രമല്ല, ഇളയരാജയുടെ പശ്ചാത്തലസംഗീതവും ഇന്ന്‌ വളരെ പരിതാപകരമാണ്‌. പച്ചക്കുതിരയും രസതന്ത്രവും വിനോദയാത്രയും ചിന്താവിഷയവുമൊന്നും ചെയ്യാന്‍ ഇത്രയും ചെലവു ചെയ്ത്‌ മദ്രാസ്സില്‍ നിന്ന്‌ ഇളയരാജയെക്കൊണ്ടു വരേണ്ട യാതൊരു ആവശ്യവും മലയാളസിനിമയ്ക്കില്ല. ഇന്ന്‌ രംഗത്ത്‌ തിളങ്ങി നില്‍ക്കുന്ന മറ്റേതൊരു സംഗീതസംവിധായകനും ചെയ്യാവുന്നതേ ഉള്ളൂ.

തമിഴിലും അദ്ദേഹത്തിണ്റ്റെ സ്ഥിതി വ്യത്യസ്തമല്ല. സുഹൃത്തായ ബാലുമഹേന്ദ്രയ്ക്കു വേണ്ടി ചെയ്ത 'അത്‌ ഒരു കനാക്കാലം' ഒഴിച്ചു നിര്‍ത്തിയാല്‍ തമിഴ്‌ സംഗീതത്തിന്‌ കഴിഞ്ഞ ൫ വര്‍ഷമായ്‌ ഇളയരാജ നല്‍കിയ സംഭാവന വട്ടപ്പൂജ്യമാണ്‌. ഒരു പ്രാവശ്യം പോലും ക്ഷമയോടെ കേട്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരൊറ്റ ഗാനം പോലും 'മധു','കണ്‍കള്‍ കവി പാടുതേ', 'ഒരു നാള്‍ ഒരു കനവ്‌', 'മായക്കണ്ണാടി','കസ്തൂരിമാന്‍' എന്നീ ചിത്രങ്ങളിലില്ല. അല്‍പമെങ്കിലും കൊള്ളാവുന്ന ഒരു ഗാനമുണ്ടെങ്കില്‍ അത്‌ സ്വയം പാടിയേ അടങ്ങൂ എന്ന വാശിയും. ആശയാധിഷ്ഠിത സംഗീതമെന്നും അതിഗംഭീരമായ സിംഫണിയെന്നുമൊക്കെ കൊട്ടിഘോഷിച്ച്‌ പുറത്തിറക്കിയ 'തിരുവാസക' ത്തിന്‌ അദ്ദേഹം പണ്ട്‌ ഉദയഗീതത്തിലും ഇരട്ടൈ വാല്‍ കുരുവിയിലും അഗ്നിനക്ഷത്രത്തിലുമൊക്കെ ചെയ്ത സിനിമാഗാനങ്ങളുടെ നിലവാരം പോലുമുണ്ടായിരുന്നില്ല എന്നതാണ്‌ സത്യം. എന്നാല്‍ ബാലമുരളീകൃഷ്ണയെപ്പോലുള്ള പ്രഗത്ഭര്‍ പ്രകീര്‍ത്തിച്ച ഈ സൃഷ്ടിയെപ്പറ്റി അങ്ങിനെ ഒരഭിപ്രായം പറയാന്‍ മാത്രം അതിലെ ട്രാക്കുകള്‍ ആസ്വദിക്കാന്‍ കഴിഞ്ഞോ എന്ന ചോദ്യമാണ്‌ അസ്വാദകരെ ഈ ആല്‍ബം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്‌. അദ്ദേഹം ചെയ്ത 'ഹൌ റ്റു നെയിം ഇറ്റ്‌' എന്ന അതുല്യസൃഷ്ടിയുടെ ഏഴയലത്തു പോലും നിര്‍ഭാഗ്യവശാല്‍ തിരുവാസകം വരുന്നില്ല എന്നതാണ്‌ യാഥാര്‍ത്യം.

ദളപതിക്കു ശേഷമുള്ള ഇളയരാജയുടെ അപചയത്തെ രണ്ടു ഘട്ടങ്ങളായ്‌ തരം തിരിക്കാം. ആദ്യഘട്ടത്തിനു നിദാനമായ്ത്തീര്‍ന്ന ഘടകങ്ങളില്‍ റഹ്മാണ്റ്റെ പ്രഭാവം അവഗണിക്കുക സാധ്യമല്ല. ശബ്ദപ്രപഞ്ചം കൊണ്ട്‌ നല്ലൊരു പറ്റം ആസ്വാദകരെ തണ്റ്റെ വഴി കൊണ്ടു വരാന്‍ റഹ്മാനു കഴിഞ്ഞു എന്നതിലുപരി സ്വന്തം സൃഷ്ടികളുടെ നിലവാരം കുറഞ്ഞു പോയി എന്നതാണ്‌ പ്രധാനമായും ഇളയരാജയുടെ യഥാര്‍ത്ഥ ആസ്വാദകരെ വിഷമിപ്പിച്ചത്‌. എങ്കിലും ഈ കാലഘട്ടത്തിലും ഇടയ്ക്കിടെയെങ്കിലും ഇളയരാജയുടെ മാന്ത്രികസ്പര്‍ശമുള്ള ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു - വീര, ഗുരു, കാലാപാനി, എന്നിങ്ങനെ ഉദാഹരണങ്ങള്‍ നിരത്താം. ഈയൊരു ഘട്ടം 'പിതാമഹന്‍' ,'മനസ്സിനക്കരെ' (2003) എന്നീ ചിത്രങ്ങള്‍ വരെ എത്തി. രണ്ടാം ഘട്ടമെന്നു വിശേഷിപ്പിക്കാവുന്ന 'പോസ്റ്റ്‌ പിതാമഹന്‍' കാലഘട്ടത്തിലാണ്‌ ഇളയരാജയുടെ പതനം പൂര്‍ണ്ണമാകുന്നത്‌. ഇക്കാലഘട്ടത്തില്‍ മൌലികമായ ഈണങ്ങള്‍ ചമയ്ക്കുന്നതിനേക്കാള്‍ തണ്റ്റെ തന്നെ പഴയ ഗാനങ്ങള്‍ പുനരാവിഷകരിക്കുന്നതിലായിരുന്നു അദ്ദേഹത്തിനു താല്‍പര്യം (ശിവ 2006, ചീനി കും). ഇതര ഗാനങ്ങളിലും അദ്ദേഹത്തിണ്റ്റെ പഴയ ഗാനങ്ങളുടെ 'ഹാങ്ങ്‌ ഓവര്‍' പ്രകടമായിരുന്നു. (കസ്തുരിമാനിലെ ഗാനത്തിന്‌ എന്നൈ താലാട്ട വരുവാളോ എന്ന ഗാനവുമായുള്ള അടുപ്പം ശ്രദ്ധിക്കുക. അതു പോലെത്തന്നെ 'പച്ചമല പൂവ്‌' എന്ന ഗാനത്തിണ്റ്റെ മലയാളം പതിപ്പല്ലേ 'എന്തു പറഞ്ഞാലും'?)

എങ്കില്‍പ്പിന്നെ ഇന്നിറങ്ങുന്ന മറ്റ്‌ ഗാനങ്ങളില്‍ ആരുടെ ഗാനങ്ങളാണ്‌ മെച്ചം എന്നത്‌ സ്ഥിരം മുഴങ്ങിക്കേള്‍ക്കുന്ന ഒരു ചോദ്യമാണ്‌. മറ്റുള്ളവര്‍ ഇതിലും നല്ല ഗാനങ്ങള്‍ ചെയ്യുന്നുണ്ടോ ഇല്ലെയോ എന്നത്‌ ഇളയരാജ എന്ന കമ്പോസറെ വിലയിരുത്തുമ്പോള്‍ പരിഗണിക്കപ്പെടുന്ന ഘടകങ്ങളേ അല്ല. കാരണം ഇവിടെ ഇളയരാജ വിലയിരുത്തപ്പെടുന്നത്‌ അദ്ദേഹത്തിണ്റ്റെ തന്നെ മുന്‍കാലസൃഷ്ടികളുടെ വെളിച്ചത്തിലാണ്‌. കൂട്ടത്തില്‍ കേള്‍ക്കുമ്പോള്‍ രസതന്ത്രവും വിനോദയാത്രയുമൊക്കെ വേറിട്ടു നിന്നേക്കാമെന്ന യാഥാര്‍ത്ഥ്യം ഒരിക്കലും നിഷേധിക്കാവുന്നതല്ല. എന്നാല്‍ 1000 ത്തോളം ചിത്രങ്ങള്‍ ചെയ്യുകയും 'ഇളയനിലാ', 'തുമ്പീ വാ', തുടങ്ങിയ അതുല്യമായ ഗാനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ഒരു കമ്പോസറുടെ പേരിനോട്‌ ചേര്‍ത്തു വയ്ക്കാനാകാത്ത സൃഷ്ടികള്‍ എന്ന നിലയ്ക്കാണ്‌ അവ സമീപിക്കപ്പെടുന്നത്‌.

സര്‍ഗ്ഗപാടവം മങ്ങിയതോ, സ്റ്റോക്ക്‌ തീര്‍ന്നു പോയതോ എന്തുമാകട്ടെ കാരണം. താങ്കളുടെ ഇതിഹാസതുല്യമായ പരിവേഷത്തിണ്റ്റെ യുക്തിയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ ഗാനങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍, പ്രിയപ്പെട്ട ഇളയരാജാ സര്‍, ഇനി രംഗത്തു നിന്ന്‌ നിശ്ശബ്ദനായി വിടവാങ്ങുന്നതല്ലേ നല്ലത്‌? 'ഗംഭീരം' എന്ന്‌ അന്ധമായ്‌ വാഴ്ത്തപ്പെടുന്ന സൃഷ്ടികളുടെ വെളിച്ചത്തില്‍ അങ്ങയെ ഇക്കാലമത്രയും പിന്തുടര്‍ന്നു വന്നിരുന്ന ആസ്വാദകവൃന്ദത്തിണ്റ്റെ അവജ്ഞ ഏറ്റു വാങ്ങുന്നതിനേക്കാള്‍ ഭേദമല്ലേ അത്‌? ഇളയരാജ എന്നും അദ്ദേഹത്തിണ്റ്റെ നല്ല ഗാനങ്ങളുടെ പേരില്‍ അറിയപ്പെടാനാണ്‌ അദ്ദേഹത്തിണ്റ്റെ ആരാധകര്‍ ആഗ്രഹിക്കുന്നത്‌. അല്ലാതെ തമിഴ്‌ സിനിമാസംഗീതത്തില്‍ ദൈവീകപരിവേഷമുണ്ടായിരുന്ന ഒരു സംഗീതജ്ഞണ്റ്റെ അതിശയകരവും പരിതാപകരവുമായ പതനത്തിണ്റ്റെ കഥയുടെ പേരിലല്ല.

കുറിപ്പ്‌ :- 'പഴശ്ശി രാജ' അണിയറയില്‍ ഒരുങ്ങുന്നതായ്‌ അറിയുന്നു. മേല്‍പ്പറഞ്ഞതത്രയും എഴുതുമ്പോഴും ചിത്രത്തില്‍ "സംഗീതം: ഇളയരാജ" എന്നു കാണുമ്പോള്‍ മനസ്സ്‌ ഇന്നും എന്തൊക്കെയോ പ്രതീക്ഷിക്കുന്നു. മന:പൂര്‍വ്വമല്ല.. ശീലിച്ചു പോയി...

- നിഖില്‍ വേണുഗോപാല്‍
04-08-2008