Friday, April 25, 2008

പോണ്ടിച്ചേരി-ചിദംബരം(ഏപ്രില്‍-2006)

'ഉണ്ടിരിക്കും നായര്‍ക്കൊരു വിളി' എന്നു പറഞ്ഞതു പോലെ, ഉണ്ടിരിക്കും പ്രോഗ്രാമ്മര്‍ക്കൊരു വിളി വരുന്നു. മദിരാശിയില്‍ നിന്ന്‌. പഴയ സുഹൃത്ത്‌ രാമന്‍ തന്നെ. ഒരു യാത്രയുടെ സാധ്യതകളെക്കുറിച്ച്‌ വിശദമായ ചര്‍ച്ച നടന്നു. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞിരിക്കുന്നു. വിഷു ദിനത്തില്‍ വീട്ടില്‍ പോകാന്‍ കഴിയാഞ്ഞതിലുള്ള നിരാശ മൂത്തു നില്‍ക്കു സമയമായിരുന്നു. കൈയ്യകലത്തുള്ള സുഹൃത്തുക്കളെല്ലാവരും തന്നെ അവധിയിലും. അവരാരുമില്ലാതെ ബാംഗ്ളൂരിലെ ഒരു അവധിദിനം പോലും വല്ലാതെ വിരസമാണ്‌.. എന്തു ചെയ്യും? ഒടുവില്‍ യത്രയാകുവാന്‍ തീരുമാനിച്ചു. മദിരാശി വഴി പോണ്ടിച്ചേരിക്ക്‌. അവിടുന്ന്‌ സമീപത്തുള്ള ചിദംബരത്തേക്കും.

മടക്കയാത്രയെക്കുറിച്ച്‌ തല്‍ക്കാലം വേവലാതിപെട്ടില്ല. അത്‌ രാമന്‍ എങ്ങിനേയും ഏര്‍പ്പാടാക്കും എന്ന്‌ ഉറപ്പുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ട്‌ അധികമാരേയുമറിയിക്കാതെ ഹൊസൂരേക്ക്‌ വണ്ടി കയറി. മദിരാശിയെത്തിയതിനു ശേഷം വീട്ടിലറിയിക്കാം എന്നു തീരുമാനിച്ചു.

ഹൊസൂറ്‍ നിന്ന്‌ കൃത്യം ഏഴരമണിക്ക്‌ മദിരാശിക്കുള്ള ബസ്സ്‌ പുറപ്പെടുന്നു. സാരഥിയുടെ ഭാഷ്യം ബസ്സ്‌ പുലര്‍ച്ചെ മൂന്നരമണിക്ക്‌ മദിരാശി എത്തുമെന്നയിരുന്നു. തമിഴ്നാട്‌ സര്‍ക്കാര്‍ ബസ്സാണ്‌. സീറ്റുകള്‍ക്കിടയിലുള്ള അകലം നന്നേ കുറവ്‌. ഏഴു മണിക്കൂറ്‍ ഒറ്റയിരുപ്പില്‍ സഞ്ചരിക്കുന്നത്‌ അത്ര സുഖപ്രദമാകാന്‍ വഴിയില്ലെന്ന്‌ യാത്ര പുറപ്പെട്ട്‌ അല്‍പ സമയത്തിനകം ബോദ്ധ്യമായി. യാത്രക്കാര്‍ ഉറങ്ങരുതെന്ന നിര്‍ബ്ബന്ധബുദ്ധിയാണെന്നു തോന്നുന്നു, ഈ സമയമത്രയും പാട്ടും സിനിമയും എന്നു വേണ്ട സര്‍വ്വത്ര ബഹളമായിരുന്നു ബസ്സില്‍.

വെല്ലൂരില്‍ ഏകദേശം അരമണിക്കൂറ്‍ നിര്‍ത്തിയിട്ടതൊഴിച്ചാല്‍ യാത്രയുടെ ഗതിവേഗം പൊതുവേ തൃപ്തികരമായിരുന്നു. പ്രതീക്ഷിച്ചതിലും ഒരല്‍പം നേരത്തേ, പുലര്‍ച്ചെ രണ്ടു മണിക്കു മദിരാശിയിലെ 'ഗിണ്ടി' യില്‍ ബസ്സിറങ്ങി. രാമന്‍ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. താംബരത്തുള്ള രാമണ്റ്റെ വീട്ടില്‍ച്ചെന്ന്‌ ഒരല്‍പം വിശ്രമിച്ചു.

ഇതിനിടെ പദ്ധതിയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞിരുന്നു. എല്ലാ സജ്ജീകരണങ്ങളോടു കൂടി, സൂര്യോദയത്തിനു നന്നേ മുന്‍പു തന്നെ, പുലര്‍ച്ചെ നാലു മണിക്ക്‌ ബൈക്കില്‍ യാത്രയാരംഭിക്കുകയായി. മഹാബലിപുരത്തു ചെന്ന്‌ സൂര്യോദയം കാണുക എന്നതാണ്‌ പ്രഥമലക്ഷ്യം. മദിരാശി നിന്ന്‌ മഹാബലിപുരം വഴി പോണ്ടിച്ചേരി വരെ രാജകീയമായ പാതയാണ്‌. ഈസ്റ്റ്‌ കോസ്റ്റ്‌ റോഡ്‌ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ തീരദേശപാതയോട്‌ ചേര്‍ന്ന്‌ അനേകം വിനോദസഞ്ചാരകേന്ദ്രങ്ങളുണ്ട്‌. വി.ജി.പി ഗോള്‍ഡ ബീച്ച്‌, മഹാബലിപുരം, ആലംപാറ, മുതലിയാര്‍ക്കുപ്പം തുടങ്ങിയവയെല്ലാം അവയില്‍പ്പെടും.

പരിസരം ഉണര്‍ന്നു തുടങ്ങുതേ ഉണ്ടായിരുന്നുള്ളൂ. താമ്പരത്തു നിന്ന്‌ വെളച്ചേരിലിയിലെ ചതുപ്പു നിലങ്ങളും താണ്ടി ഷൊളിങ്കനല്ലൂറ്‍ റോഡും കടന്ന്‌ ഇ.സി.ആറില്‍. ഈസ്റ്റ്‌ കോസ്റ്റ്‌ റോഡില്‍ പ്രവേശിച്ച ഉടന്‍ തന്നെ ആദ്യം കണ്ട ചായക്കടയ്ക്കു മുന്നില്‍ വണ്ടി നിര്‍ത്തി. റേഡിയോവില്‍ നിന്നുയര്‍ന്നു വന്ന ഒരു പഴയ തമിഴ്‌ ഗാനത്തിണ്റ്റെ പശ്ചാത്തലത്തില്‍, ആവി പറക്കുന്ന ചുടുചായയും മോന്തി പരിസരമാകെ ഒരു വിഹഗവീക്ഷണം നടത്തി. നല്ല നിലാവുണ്ടായിരുന്നു. യാത്രയ്ക്കു തെരഞ്ഞെടുത്ത ദിവസം മോശമായില്ലെന്നു ഞാനോര്‍ത്തു. ആകാശത്ത്‌, വിശിഷ്യാ കിഴക്കേചക്രവാളത്തില്‍ ചെറിയൊരു മൂടലുണ്ട്‌. സൂര്യോദയം അതിണ്റ്റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കുവാന്‍ സാധിക്കില്ലെന്ന്‌ ഏതാണ്ട്‌ തീര്‍ച്ചയായി.

മഹാബലിപുരം വരെ ഏതാണ്ട്‌ ഒരു മണിക്കൂറ്‍ യാത്രയുണ്ട്‌. ബ്രാഹ്മമുഹൂര്‍ത്തമായതിനാല്‍ പാതയില്‍ വാഹനങ്ങളും മറ്റു വിഘ്നങ്ങളും വിരളം. എതിരേ വന്നിരുന്ന അപൂര്‍വ്വം ബസ്സുകളെല്ലാം പ്രകാശം താഴ്ത്തി വഴി തെളിച്ചു. ഇടതു വശത്ത്‌, കടലിണ്റ്റെ ഇരുണ്ട മുഖം ഇടയ്ക്കിടെ തിരിഞ്ഞു നോക്കി നിര്‍വൃതിയടഞ്ഞു കൊണ്ട്‌ യാത്ര തുടര്‍ന്നു. ചായക്കടയില്‍ നിന്നും കേട്ട 'സെന്ദൂരപ്പൂവേ' എന്ന ഗാനം മനസ്സില്‍ തിരയിളക്കുന്നു. ആലക്തിക വെളിച്ചം കൊണ്ട്‌ വിദൂരതകളിലെങ്ങോ പൊട്ടു കുത്തിയ ഇരുളിന്‌ വല്ലാത്തൊരു കുളിര്‍മ അനുഭവപ്പെട്ടു. കഴിയുന്നത്ര ദൂരം ഇതേ സ്ഥിതി തുടരാനായെങ്കില്‍ എന്നു കൊതിച്ചു പോയി. ചക്രവാള സീമകളില്‍ രാത്രികള്‍ എന്നും മനോഹരമാണ്‌.

അഞ്ചുമണിയോടു കൂടി മഹാബലിപുരത്തെത്തി. ഭയപ്പെടുത്തു നിശ്ശബ്ദതയാണ്‌ ചുറ്റിലും. തീരത്തേക്കുള്ള പ്രധാന മാര്‍ഗ്ഗം അടച്ചിട്ടിരിക്കുകയായിരുന്നു. നിലാവ്‌ മാര്‍ഗ്ഗം തെളിച്ചു. സമീപത്തെ കടകള്‍ക്കു പിന്നിലൂടെയുള്ള ഊടുവഴിയിലൂടെ ഞങ്ങള്‍ കടല്‍ക്കരയിലെത്തി. പ്രകാശം പരന്നു തുടങ്ങിയിട്ടില്ല. അങ്ങിങ്ങായി ചില തദ്ദേശവാസികള്‍ ഇരിപ്പുറപ്പിച്ചിരിക്കുത്‌ ഞങ്ങള്‍ക്കു കാണാമായിരുന്നു. ആകെപ്പാടെ വൃത്തിഹീനമായാരു ചുറ്റുപാടാണ്‌.

സംഋദ്ധമായ നിലാവാണ്‌ ചുറ്റിലും. ചന്ദ്രനില്‍ നിന്നുതിര്‍ന്നു വന്ന വെള്ളിവെളിച്ചം തിരുവള്ളുവര്‍ ശില്‍പത്തില്‍ തട്ടിത്തെറിച്ചുണ്ടായ നിഴലിണ്റ്റെ അരികു പറ്റി ഞങ്ങളിരുന്നു.

മുന്‍പും ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളതാണ്‌, കാറ്റിണ്റ്റെ ചലനമേതുമില്ലാത്തൊരു കടപ്പുറം. സന്ധ്യകളിലും സ്ഥിതി വ്യത്യസ്തമല്ല. പ്രതീക്ഷകള്‍ക്ക്‌ വിശ്രമം നല്‍കിക്കൊണ്ട്‌ കിഴക്ക്‌ വെള്ള കീറിത്തുടങ്ങി. മൂടിക്കെട്ടി നിന്ന അന്തരീക്ഷം കാഴ്ചയെ മറച്ചു. മേഘങ്ങള്‍ മറ തീര്‍ത്ത ആകാശം കണ്ടു കൊണ്ട്‌ തൃപ്തിപ്പെടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. കടപ്പുറത്തിണ്റ്റെ വടക്കേ അറ്റത്ത്‌ കോവിലിണ്റ്റെ മതിലിനോടു ചേര്‍ന്ന്‌ കൂട്ടിയിട്ടിരു പാറക്കല്ലുകള്‍ക്കിടയില്‍ പ്രകാശം തട്ടിത്തെറിക്കുമ്പോള്‍ കിഴക്ക്‌ മേഘങ്ങള്‍ക്ക്‌ ഓറഞ്ച്‌ നിറമുണ്ടായിരുന്നു.
തുലാവര്‍ഷസന്ധ്യകളിലും വേനല്‍ മഴ വിരുന്നിനെത്തു മേടമാസത്തെ സായാഹ്നങ്ങളിലും കാണു സൂര്യണ്റ്റെ അരുണ വര്‍ണ്ണം.


ആറു മണിയോടെ മഹാബലിപുരത്തു നിന്ന്‌ യാത്ര പുനരാരംഭിച്ചു. നേരം പര പരാ വെളുത്തു. കുറച്ചു ദൂരം മുന്നോട്ടു നീങ്ങിയപ്പോളേക്കും സൂര്യന്‍ മറ നീക്കി പുറത്തു വിരുന്നു. പനകള്‍ക്ക്‌ മുകളില്‍ ജ്വലിച്ചുയര്‍ന്നു നില്‍ക്കു സൂര്യന്‌ പതിവില്ലാത്ത ഒരു സൌന്ദര്യമുണ്ടെന്നു തോന്നി. ചുവപ്പിണ്റ്റെ നിഗൂഢമായ സൌന്ദര്യം.


പ്രശാന്തസുന്ദരമായ പാതയായിരുന്നു ഏറെ ദൂരം. പ്രത്യേകിച്ച്‌ ശ്രദ്ധിക്കാനൊന്നുമില്ലാത്തതിനാല്‍ വണ്ടി അല്‍പം വേഗത്തില്‍ തന്നെ പൊയ്ക്കൊണ്ടിരുന്നു. മുതലിയാര്‍ക്കുപ്പത്തെ തടാകവും ഇടയ്ക്കു പെയ്ത ചാറ്റല്‍ മഴയും അവഗണിച്ചു കൊണ്ട്‌ മൈല്‍ക്കുറ്റികള്‍ താണ്ടി പോണ്ടിച്ചേരിയുടെ പ്രാന്തപ്രദേശങ്ങളിലെത്തിയപ്പൊഴേക്കും വെയിലിനു കടുപ്പമേറി. ഏഴരയോടു കൂടി പോണ്ടിച്ചേരി നഗരത്തില്‍ പ്രവേശിച്ച്‌ കടലൂറ്‍ റോഡിനു സമീപമുള്ള 'ശരവണഭവനി' ല്‍ വണ്ടി നിര്‍ത്തി. വിശപ്പ്‌ കത്തിക്കയറിയിട്ടുണ്ടായിരുന്നു.

ഭക്ഷണശേഷം ക്ഷേത്രനഗരിയായ ചിദംബരത്തേക്കു പോകുക എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു (അരവിന്ദണ്റ്റെ 'ചിദംബരം' എന്ന ചിത്രമായിരുന്നു പ്രചോദനം). എഴുപതു കിലോമീറ്റര്‍ ദൂരമുണ്ട്‌ ചിദംബരത്തേക്ക്‌. പോണ്ടിച്ചേരിയുടെ അതിര്‍ത്തി കടക്കുന്നതു വരെ ഡ്രൈവിംഗ്‌ അത്ര സുഖകരമായ്‌ തോന്നിയില്ല. വീതി കുറഞ്ഞതും സൈക്കിള്‍ യാത്രക്കാരും കാല്‍നടക്കാരും കൈയ്യടക്കി വച്ചിരിക്കുന്നതും ബസ്സുകള്‍ വഴി മുടക്കി നില്‍ക്കുന്നതുമായ വഴികളിലൂടെ ഒരു സര്‍ക്കസ്സ്‌ അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ വണ്ടി ഓടിച്ചു. ദൈവാധീനം ഒന്നു കൊണ്ടു മാത്രമാണ്‌ പ്രത്യേകിച്ച്‌ പരിക്കൊന്നും കൂടാതെ മുന്നോട്ടു നീങ്ങിയത്‌. കടലൂറ്‍ നഗരം താണ്ടുന്നതു വരെ ഇതു തന്നെയായിരുന്നു സ്ഥിതി.

പേരു സൂചിപ്പിക്കുന്ന പോലെ ഒരു കടലോരനഗരമാണ്‌ കടലൂറ്‍. കിഴക്കന്‍ തീരത്തെ പ്രമുഖമായൊരു തുറമുഖം കൂടിയാണ്‌ ഈ നഗരം. പഴക്കം തോന്നിക്കു വീടുകളും വ്യാപാരസ്ഥാപനങ്ങളും കടലൂരിണ്റ്റെ ചരിത്രപരമായ പ്രാമുഖ്യത്തിണ്റ്റെ ദൃഷ്ടാന്തങ്ങളാണ്‌.

ഇടുങ്ങിയ വഴികള്‍ താണ്ടി നഗരം പിന്നിട്ടപ്പോള്‍ ആകാശം വീണ്ടും മേഘാവൃതമായി. വെയിലിണ്റ്റെ കാഠിന്യമറിയാതെ ചിദംബരത്തേക്കുള്ള യാത്ര തുടര്‍ന്നു. മദ്രാസ്സ്‌-നാഗപട്ടണം-വേളാങ്കണ്ണി ദേശീയപാതയാണ്‌ കടലൂരിനേയും ചിദംബരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്നത്‌. ഇരുവശവും പച്ചപ്പു നിറഞ്ഞ നെല്‍പ്പാടങ്ങള്‍ കാഴ്ചയുടെ അതിരുകളെ വെല്ലു വിളിച്ചു കൊണ്ടിരുന്നു. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടു തണല്‍വൃക്ഷങ്ങള്‍ക്കു സമീപം വണ്ടി നിര്‍ത്തി ചിത്രങ്ങളെടുത്തു കൊണ്ടാണ്‌ യാത്ര തുടര്‍ന്നത്‌.

മദ്രാസ്സ്‌-രാമേശ്വരം മീറ്റര്‍ ഗേജ്‌ റയില്‍പ്പാത ഇടയ്ക്കിടെ ഒരു വിളിപ്പാടകലെ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു.

കൃത്യം പത്തു മണിക്ക്‌ ചിദംബരത്തെ നടരാജ ക്ഷേത്രത്തിണ്റ്റെ ഗോപുരത്തിനു മുന്നില്‍ വണ്ടി നിര്‍ത്തി. തലമുറകളെ ഭക്തിസാന്ദ്രമാക്കിയ ചിദംബരം കോവില്‍ ഇതാ കാഴ്ചയ്ക്കപ്പുറം. ഒരു പ്രത്യേക രീതിയില്‍ കുടുമ കെട്ടിയിട്ടുള്ള ഇവിടത്തെ പുരോഹിതരെ പ്രത്യേകം തിരിച്ചറിയാം. ഗോപുര കവാടത്തില്‍ ധ്യാനനിരതനായി ഇരുന്നിരുന്ന ഒരു വൃദ്ധനോട്‌ ക്ഷേത്രത്തിണ്റ്റെ ചരിത്രവും പുരാണവുമൊക്കെ ചോദിച്ചറിഞ്ഞു. തമിഴിലായിരുന്നു ഭാഷ്യം. കേട്ടു പരിച്ചയിച്ചതും സംസാരിച്ചു നടന്നിരുന്നതുമായ തമിഴില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ഈ ഭാഷ.

ദ്രാവിഡശില്‍പകലാപ്രാവീണ്യത്തിണ്റ്റെയും ശിവഭക്തിയുടേയും സമ്മേളനമാണ്‌ ചിദംബരം ക്ഷേത്രം. ശിവണ്റ്റെ നാട്യരൂപമാണ്‌ ഇവിടത്തെ പ്രതിഷ്ഠ. ചോള രാജാക്കന്‍മാര്‍, വിശിഷ്യാ രാജ രാജ ചോളന്‍, ആയിരുന്നു ഈ ക്ഷേത്രത്തിണ്റ്റെ മുഖ്യസൂത്രധാരന്‍. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളെല്ലാം അവയുടെ പിറവിക്കും നിലനില്‍പിനും കടപ്പെട്ടിരിക്കുത്‌ അതാതു കാലങ്ങളില്‍ അവയെ പരിപോഷിപ്പിച്ച രാജവംശങ്ങളോടാണ്‌. ചോളര്‍, പാണ്ഡ്യര്‍, നായ്ക്കര്‍ എന്നീ രാജവംശങ്ങളാണ്‌ ചിദംബരത്ത്‌ തങ്ങളുടെ മുദ്രകള്‍ അവശേഷിപ്പിച്ചിട്ടുള്ളത്‌.


നടരാജക്ഷേത്രമായതു കൊണ്ടു തന്നെ നൃത്തച്ചുവടുകള്‍ പതിഞ്ഞതാണ്‌ ഈ ക്ഷേത്രത്തിലെ ഓരോ കല്ലുകളും. കോവിലിനു നാലു വശത്തും സ്ഥിതി ചെയ്യു ബൃഹത്തായ ഗോപുരങ്ങളിലെല്ലാം ഭരതനാട്യത്തിലെ 108 മുദ്രകള്‍ കൊത്തി വച്ചിരിക്കുന്നു. പ്രധാന കോവിലിനു ചുറ്റും പരന്നു കിടക്കു നാട്യഗൃഹങ്ങളുടെ ഓര്‍മ്മകളില്‍ ഇന്നും ചിലങ്കയുടെ മാറ്റൊലികള്‍ കേള്‍ക്കാം. തൂണുകള്‍ ഇഴ ചേര്‍ത്ത ഈ നാട്യഗൃഹങ്ങള്‍ മധുരയിലെ ആയിരം കാല്‍ മണ്ഡപത്തെ ഓര്‍മ്മിപ്പിക്കുന്നു.

പ്രധാന കൊവിലിണ്റ്റെ ഉള്ളില്‍ പ്രവേശിച്ച്‌ 'ചിദംബര രഹസ്യം'('ചിത സഭയില്‍' ശിവലിംഗമോ നടരാജ വിഗ്രഹമോ അല്ല പ്രതിഷ്ഠ. വെറും ശൂന്യത മാത്രം) ദര്‍ശിച്ചു.

തൊഴുതു പുറത്തു കട ശേഷം ക്ഷേത്രക്കുളത്തിണ്റ്റെ കല്‍പടവുകളിലേക്ക്‌ കാലിറക്കി വച്ച്‌ അല്‍പം വിശ്രമിച്ചു. വെള്ളത്തില്‍ കിഴക്കേഗോപുരത്തിണ്റ്റെ പ്രതിഫലനം കാണാം. ഇവിടത്തെ ഓരോ തൂണുകളിലും മുദ്രകളാണ്‌. നാട്യമുദ്രകള്‍. കുളത്തിനു ചുറ്റുമുള്ള നീണ്ട ഇടനാഴികളിലെ ചുവരുകളില്‍ മാണിക്യവാസകരുടെ തിരുവാസകം ആലേഖനം ചെയ്തിട്ടുണ്ട്‌. തരതമ്യേന, അതിനത്ര പഴക്കം തോന്നിച്ചില്ല.
അങ്ങിനെ നൃത്തവും പുരാണവും ഇതിഹാസവും ഭക്തിയും ചരിത്രവുമെല്ലാം തല വച്ചു മയങ്ങുന്ന ചിദംബരത്തെ കല്‍പടവുകളില്‍ കുറേ നേരം വെറുതേയിരുന്നു.
വെറുമൊരു നിര്‍വൃതി. അത്ര മാത്രം. ദ്രാവിഡ സംസ്കാരത്തിണ്റ്റെ നീട ഇടനാഴികള്‍ തേടിയുള്ള ഒരു യാത്ര അഥവാ ഒരു ഭ്രാന്തന്‍ സ്വപ്നം. ആ സ്വപ്നത്തിലെ പ്രധാനമായൊരേടിതാ എണ്റ്റെ ചുറ്റും ഈ കൊവിലില്‍......

തമിഴ്‌ നാട്ടിലെ ക്ഷേത്രങ്ങളില്‍ പലതു കൊണ്ടും വേറിട്ടു നില്‍ക്കുതാണ്‌ കാഞ്ചീപുരവും ചിദംബരവും. ഭക്തിയുടെ കച്ചവടസാധ്യതകള്‍ ഇനിയും അനാവരണം ചെയ്യപ്പെടാത്ത അപൂര്‍വ്വം ക്ഷേത്രങ്ങളാണ്‌ ഇവ രണ്ടും. ഈ ക്ഷേത്രപരിസരമൊഴിച്ചാല്‍ കറ കളഞ്ഞ ഒരു തമിഴ്‌ ഗ്രാമമാണ്‌ ചിദംബരം. മധുരയും പഴനിയും രാമേശ്വരവുമെല്ലാം താരതമ്യേന തിരക്കേറിയതും എന്നാല്‍ പൂര്‍ണ്ണമായും കച്ചവടവല്‍ക്കരിക്കപ്പെടുകയും ചെയ്തിട്ടുള്ള ക്ഷേത്രങ്ങളാണ്‌.

ഒരു ദു:ഖം അവശേഷിച്ചു. വൃത്തിഹീനമായ ചുറ്റുപാടുകള്‍ ആ ക്ഷേത്രത്തിണ്റ്റെ പവിത്രതയ്ക്ക്‌ ചേര്‍ന്നതാകുന്നില്ല. ശരിയായി പരിപാലിച്ചില്ലെങ്കില്‍ നമ്മുടെ സംസ്കാരത്തിണ്റ്റെ നിറമാര്‍ന്ന ശില്‍പങ്ങള്‍ ഇനി എത്ര കാലം എന്നെ ചോദ്യമാണ്‌ അവശേഷിപ്പിക്കുന്നത്‌. ഇനിയെന്നെങ്കിലും കാണാമെന്ന പ്രതീക്ഷയോടെ, ഒരു മണിക്കൂറ്‍ ചെലവഴിച്ച ശേഷം, പതിനൊന്നു മണിയോടെ മടക്ക യാത്ര ആരംഭിച്ചു.

പിച്ചാവരം എന്ന വിനോദസഞ്ചാരകേന്ദ്രത്തെക്കുറിച്ചറിഞ്ഞത്‌ മടക്കയാത്രയ്ക്കിടയിലാണ്‌. ചിദംബരം-കടലൂറ്‍ ദേശീയപാതയില്‍ നിന്ന്‌ പതിമൂന്നു നാഴിക ഉള്ളിലേക്കു തള്ളി കടല്‍തീരത്തോട്‌ ചേര്‍ന്നു കിടക്കുന്ന ഒരു കായല്‍ പ്രദേശമാണ്‌ പിച്ചാവരം. തമിഴ്നാടിണ്റ്റെ ഉള്‍ഗ്രാമങ്ങളിലൂടെയുള്ള ഈ യാത്ര വളരെ ആകര്‍ഷകമായിരുന്നു. നേരിയ മൂടലുണ്ടാന്നിയിരുതിനാല്‍ വെയിലിന്‌ കാഠിന്യം കുറവായിരുന്നു. നീണ്ടു പരന്നു കിടക്കു വയലേലകള്‍ക്കു നടുവിലുള്ള അമ്മന്‍ കോവിലുകള്‍ തമിഴ്‌ സംസ്കാരത്തിണ്റ്റെ വൈകാരികമായ സങ്കേതങ്ങളാണ്‌. ദാരിദ്യ്രത്തിണ്റ്റെ കഠിനമായ ചൂടേറ്റു തളരുമ്പോള്‍ ഗ്രാമീണര്‍ ആശ്രയം കൊള്ളു ആരാധനാലയങ്ങള്‍... അവയുടെ സുഖമുള്ള മണവുമുള്‍ക്കൊണ്ടു കോണ്ട്‌ യാത്ര തുടര്‍ന്നു.

രാമേശ്വരത്തേക്കുള്ള മീറ്റര്‍ഗേജ്‌ റയില്‍പ്പാത മുറിച്ചു കടന്നപ്പോള്‍ കണ്ട ഒരു ചെറിയ റയില്‍വേസ്റ്റേഷന്‍ എണ്റ്റെ കാഴ്ചയെ പിടിച്ചു നിര്‍ത്തി. ഷൊര്‍ണ്ണൂരിനു സമീപമുള്ള മുള്ളൂര്‍ക്കര സ്റ്റേഷനെപ്പോലൊരെണ്ണം. തമിഴ്‌ ഗ്രാമീണതയുടെ പരിഷ്കാരത്തിണ്റ്റെ ആദ്യകാല ചിഹ്നങ്ങളാണ്‌ ഇവിടങ്ങളിലെ മീറ്റര്‍ഗേജ്‌ റയില്‍പ്പാതകള്‍. ഭാരതിരാജയുടെ 'കിഴക്കേ പോകും റയില്‍' എന്ന ചിത്രം ഞാന്‍ മനസ്സിലോര്‍ത്തു.

കുറെ ദൂരം താണ്ടുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന അപൂര്‍വ്വം കടകളിലൊന്ന്‌ മിക്കവാറും ഒരു 'ഒയിന്‍ ഷാപ്പ്‌' (കള്ള്‌ ഷാപ്പ്‌ എന്നു മലയാള പരിഭാഷ) ആയിരിക്കും. റേഷന്‍ ഷാപ്പ്‌ ഇല്ലെങ്കില്‍ പോലും ഈ പ്രദേശങ്ങളില്‍ വിദേശമദ്യക്കടകള്‍ സുലഭമാണ്‌. മദ്യത്തിണ്റ്റെ സ്വാധീനം അത്രയ്ക്കുണ്ട്‌ ഈ ഗ്രാമീണരില്‍.

പിച്ചാവരത്തെത്തിയപ്പോഴേക്കും വെയിലിണ്റ്റെ കാഠിന്യമേറി. വണ്ടി ഒതുക്കി നിര്‍ത്തി ഒരു ഇളനീരും കുടിച്ച്‌ കായലിണ്റ്റെ വിദൂരതയിലേക്കു കണ്ണും നട്ട്‌ അല്‍പനേരം അങ്ങിനെയിരുന്നു.
ഒര വര്‍ഷം മുന്‍പ്‌ വീശിയടിച്ച സുനാമി നാശം വിതച്ച പ്രദേശങ്ങളാണ്‌ ഇവിടെല്ലാം. ആ ദുരന്തത്തില്‍പ്പെട്ട്‌ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ച പുതിയ കോളനികള്‍ സമീപത്തു കാണാം. എത്തിപ്പേടാന്‍ ബുദ്ധിമുട്ടെങ്കിലും ആകര്‍ഷകമായൊരു വിനോദസഞ്ചാരകേന്ദ്രം തന്നെയൊണ്‌ പിച്ചാവരം.

സൂര്യണ്റ്റെ അഗ്നികിരണങ്ങള്‍ വക വയ്ക്കതെ ഞങ്ങള്‍ പോണ്ടിച്ചേരിക്കു മടക്കയാത്ര ആരംഭിച്ചു. യാത്ര ദുഷ്കരമാക്കിയ സൈക്കിള്‍ യാത്രക്കാരെയും മറി കടന്ന്‌ പോണ്ടിച്ചേരിയിലെത്തി മുറിയെടുത്തപ്പോള്‍ സമയം ഉച്ച തിരിഞ്ഞ്‌ രണ്ടര മണി. തലേദിവസം അടക്കി നിര്‍ത്തിയ നിദ്ര വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ഭക്ഷണശേഷം ഒരല്‍പ നേരം കണ്ണടച്ചു.

വൈകീട്ട്‌ അഞ്ചു മണിയോടെ ബീച്ചിലേക്കു വന്നു. ഫ്രഞ്ച്‌ സ്മരണകള്‍ കോട്ട കെട്ടി നിര്‍ത്തിയിരിക്കുന്ന ഇവിടങ്ങളിലെ തെരുവുകളിലൂടെ അലയുക എതാണ്‌ പോണ്ടിയിലെ പ്രധാന വിനോദം. ഏകദേശം രണ്ടു മണിക്കൂറ്‍ നേരത്തെ അഭ്യാസത്തിനു ശേഷം, ഇരുള്‍ വീണപ്പോള്‍ വീണ്ടും കടല്‍ക്കരയിലെത്തി 'സ്വച്ഛാബ്ധി മണല്‍ത്തിട്ടാം പാദോപധാനം പൂണ്ട്‌' വെറുതേ കുറേ നേരം ചിലവഴിച്ചു. സൂര്യണ്റ്റെ തിരി താഴുകയും കിഴക്കേ ചക്രവാളത്തില്‍ തിങ്കളുദിച്ചുയരുകയും അതിണ്റ്റെ നേര്‍ത്ത വേളിച്ചം കടലിലെ തിരകളെ പാല്‍വര്‍ണ്ണമാക്കുകയും ചെയ്യുന്നത്‌ മനോഹരമായ കാഴ്ചയായിരുന്നു. രാത്രികള്‍ വിരസമായ സമുദ്രത്തെപ്പോലും മനോഹരിയാക്കിക്കളയും. അങ്ങിനെ കടല്‍ത്തിരകളും നിലാവുമായ്‌ അല്‍പ നേരം സല്ലപിച്ച ശേഷം വീണ്ടും പോണ്ടിയിലെ തെരുവുകളിലേക്കു പിന്‍വാങ്ങി. രാത്രി ഭക്ഷണശേഷം പതിനൊന്നു മണിക്ക്‌ വീണ്ടും ബീച്ചിലെത്തി. രാത്രിയുടെ ഇരുണ്ട നിശ്ശബ്ദതയില്‍ തിരകളുടെ സംഗീതം ആസ്വദിച്ചു കൊണ്ട്‌, ഏകാന്തതയുടെ കൂട്ടും പിടിച്ച്‌ ഏറെ നേരം അവിടെയിരുന്നു. ആ അനുഭൂതിയുടെ ലഹരിയില്‍ സമയം പുലര്‍ച്ചെ ഒരയായതു പോലും അറിഞ്ഞില്ല.. ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ രണ്ടു മണി. ഏറെ നേരം പിടിച്ചു നിര്‍ത്തിയ ഉറക്കം പതുക്കെ എന്നെ കീഴ്പ്പെടുത്തി..

അടുത്ത ദിവസം വളരെ വൈകിയാണ്‌ നിദ്ര വിട്ടുണര്‍ത്‌. അന്ന്‌ ഉച്ച വരെ ആകെ കാണാന്‍ കഴിഞ്ഞത്‌ പോണ്ടിച്ചേരിയിലെ മ്യൂസ്യം മാത്രവും. ഉച്ചയോടെ സംഘത്തോട്‌ വിട പറഞ്ഞ്‌ ബാംഗ്ളൂര്‍ക്ക്‌ മടക്കയാത്ര ആരംഭിക്കുകയായി. വില്ലുപുരം താണ്ടി വൈകീട്ട്‌ അഞ്ചരയോടെ തിരുവണ്ണാമലയിലെത്തി. അവിടെ നിന്ന്‌ ബാംഗ്ളൂരിലെത്തുമ്പോള്‍ സമയം രാത്രി പത്തര മണി.

ഒരു യാത്രയ്ക്ക്‌ വിജയകരമായ സമാപനം.

-നിഖില്‍ വേണുഗോപാല്‍
2006

Search Tags: Pondicherry, Mahabalipuram, Cuddalore, Chidambaram, Pichavaram

Thursday, April 24, 2008

രവീന്ദ്രന്‍ അഭിമുഖം :- അയിലൂര്‍ രാമനാഥ്‌

സംഗീതം : ദൈവം നല്‍കിയ ഭിക്ഷ - രവീന്ദ്രന്‍

'തണ്ടര്‍ ബേര്‍ഡ്സി' ണ്റ്റെ ഗേറ്റ്‌ തുറന്നടഞ്ഞു. സംഗീതസംവിധായക പ്രതിഭ രവീന്ദ്രന്‍ സ്നേഹോഷ്മളമായ പുഞ്ചിരിയാല്‍ സ്വാഗതം ചെയ്യുന്നു. കേട്ടു പരിചയിച്ച ഗൌരവക്കാരനും കണിശക്കാരനുമായ രവീന്ദ്രനെയല്ല കാണാന്‍ കഴിഞ്ഞത്‌. വലിപ്പച്ചെറുപ്പങ്ങളില്ലാതെ സംഗീതത്തിണ്റ്റെ സ്നേഹഭാഷ്യത്തിലെഴുതിയ വാക്കുകള്‍ പങ്കു വച്ച നിഷ്കളങ്കനായ ഒരു വ്യക്തിയെയാണ്‌. അങ്ങകലെ മനോവീണയില്‍ നിന്ന്‌ ഒഴുകിയെത്തുന്ന ഒറ്റക്കമ്പി നാദവും, വീണ്ടും ഋതുരാഗം ചൂടുന്ന പ്രമദവനവും, തളിരണിഞ്ഞുലയുന്ന ശ്രീലതികകളും ഭാവസാന്ദ്രമാക്കുന്ന അന്തരീക്ഷത്തില്‍, കീബോര്‍ഡിലൂടെ ഓടുന്ന വിരലുകളിടുന്ന ഒരു നവരാഗത്തിണ്റ്റെ ശ്രുതിയില്‍ രവീന്ദ്രന്‍ സംസാരിച്ചു തുടങ്ങി. മലയാളസിനിമാസംഗീതത്തിലെ ഇന്നത്തെ ട്രെന്‍ഡിനെക്കുറിച്ച്‌, തണ്റ്റെ ശൈലിയെക്കുറിച്ച്‌, എല്ലാം.

മലയാളഗാനങ്ങളുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ചുള്ള മുറവിളികള്‍ എങ്ങും ഉയര്‍ന്നു കേള്‍ക്കാമല്ലോ. രവീന്ദ്രന്‍ പ്രതികരിക്കുന്നതെങ്ങിനെ?
നമ്മള്‍ അതിനെയൊന്നും തള്ളിപ്പറയേണ്ട ആവശ്യമില്ല. ഇന്നത്തെ തലമുറ ഇഷ്ടപ്പെടുന്ന ഒരു താളഘടന. അതിനനുയോജ്യമായ സംഗീതരീതിയാണ്‌ ഇന്നുള്ളത്‌. മലയാളഗാനമായാല്‍ ഇങ്ങനെയായിരിക്കണം എന്ന ഒരു സങ്കല്‍പം നമുക്കുണ്ടായിപ്പോയി. അതില്‍ നിന്നും വ്യതിചലിക്കുന്ന ഒന്നിനേയും നാം അംഗീകരിക്കാന്‍ തയ്യാറല്ല. പക്ഷേ ഏതാണ്‌ നല്ലത്‌, എന്താണ്‌ സത്യവും ശരിയും എന്ന്‌ മനസ്സിലാക്കുന്ന ഒരു കാലം വരും.

പക്ഷേ പഴയഗാനങ്ങളുടെ മാധുര്യം..... ?
സൈഗാളിണ്റ്റെ 'സോജാ രാജകുമാരി' കേട്ടിട്ടില്ലേ? കമുകറയുടെ 'ആത്മവിദ്യാലയമേ' കേട്ടിട്ടില്ലേ? കെ.എസ്‌.ജോര്‍ജ്ജിണ്റ്റെ പാട്ടു കേട്ടിട്ടില്ലേ? അവയൊക്കെ ഒരു കാലഘട്ടത്തിണ്റ്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗാനങ്ങളായിരുന്നു. അവയ്ക്ക്‌ അതിണ്റ്റെ പ്രത്യേകതകളുണ്ടായിരുന്നു.അവര്‍ ഒരു കാലഘട്ടത്തിണ്റ്റെ ആള്‍ക്കാരുമായിരുന്നു. ആ ശൈലിയില്‍ ഇന്ന്‌ 'പ്രമദവനം' പാടിയാല്‍ ആരും കേട്ടുകൊണ്ടിരിക്കുകയില്ല. ഇന്നത്തെ പാട്ടുകള്‍ക്ക്‌ യോജിച്ച ആലാപനരീതിയോ ശൈലിയോ അല്ല അവരുടേതൊന്നും. അതു കൊണ്ടു തന്നെ അവര്‍ ഇന്നത്തെ പാട്ടുകള്‍ പാടിയാല്‍ ആരും ഇഷ്ടപ്പെടുകയുമില്ല. തിരുവനന്തപുരത്ത്‌ ഇന്നാള്‍ കഴിഞ്ഞ മലയാളഗാനസുവര്‍ണ്ണജൂബിലി ആഘോഷങ്ങളില്‍ ഒന്നാം തലമുറ, രണ്ടാം തലമുറ, മൂന്നാം തലമുറ എന്നിങ്ങെനെ മൂന്നു തലമുറകളിലെ ഗായകരുടെ പാട്ടുകള്‍ ഉണ്ടായിരുന്നു. ജാനമ്മ ഡേവിഡ്‌ എന്ന 'അമ്മ' പാടിയപ്പോള്‍ നിലയ്ക്കാത്ത കരഘോഷമായിരുന്നു. അത്‌ ആ പഴയ പാട്ടിണ്റ്റെ മൂല്യമാണ്‌ കാണിക്കുന്നത്‌. അവര്‍ തന്നെ അടുത്തിടെ ചിത്ര പാടിയ ഒരു പാട്ട്‌ പാടിയാല്‍ ആരെങ്കിലും അഭിനന്ദിക്കുമോ? അത്‌ ഒരു കാലഘട്ടത്തിണ്റ്റെ സംഗീതമായിരുന്നു. അപ്പോള്‍ കാലത്തിനനുസരിച്ച്‌ മാറ്റങ്ങള്‍ വരണം.

ഓരോ ചിത്രത്തിലെ ഗാനങ്ങളിലും പുലര്‍ത്തുന്ന തികഞ്ഞ വ്യത്യസ്തതയും പരീക്ഷണാത്മകതയും രവീന്ദ്രന്‍ എന്ന സംഗീതസംവിധായകനെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. രാഗനിലാവ്‌ പെയ്യുന്ന രാവില്‍ നിന്നും, അനുരാഗം വിഴിയുന്ന രാജീവം വിടരും മിഴികളുടെ ചാരുത ആവാഹിച്ച്‌ മനതാരില്‍ എന്നും പൊന്‍കിനാവും കൊണ്ടു വരുന്ന ഹൃദയേശ്വരിയുടെ ഹൃദയത്തുടിപ്പുകളിലൂടെ, താളം തെറ്റിപ്പോയ താരാട്ടിണ്റ്റെ തെറ്റുന്ന ശ്രുതിയുടെ ഭാവോന്‍മീലനത്തിലൂടെ, തൊഴുതിട്ടും തൊഴുതിട്ടും കൊതി തീരാത്ത ഭക്തിസാന്ദ്രമായ മനസ്സിണ്റ്റെ ആവിഷ്കാരത്തിലൂടെ, വള്ളംകളി മേളം തിമിര്‍ക്കുന്ന പായിപ്പാട്ടാറിണ്റ്റെ ഓളങ്ങളിലൂടെ, പലകുറി കൊണ്ടാടിയ മാമാങ്കചരിത്രസ്മരണികയിലൂടെ, മിന്നാമിന്നിപ്പൂവും ചൂടിയ ഈ നീലരാവിണ്റ്റെ ഗഹനതയിലൂടെ, ഇപ്പോഴിതാ പൊങ്ങച്ചസഞ്ചി തുറക്കുന്ന ബാലമനസ്സുകളുടെ ചിത്രത്തിലൂടെ, അനവധി അനവധി കഥാസന്ദര്‍ഭങ്ങള്‍ക്ക്‌ ഭാവതീവ്രത പകര്‍ന്ന സംഗീതത്തിലും വ്യതിരിക്തത പ്രകടിപ്പിച്ച രവീന്ദ്രന്‌ അതിനേക്കുറിച്ചും പറയുവാനുണ്ട്‌.

'പുഴയോരഴകുള്ള പെണ്ണ്‌' പോലുള്ള ഒരു ഗാനം ആരുടേയും സങ്കല്‍പത്തിനുമപ്പുറമായിരുന്നല്ലോ?
എല്ലാം ഒരേ രീതിയില്‍ ഒരു സംഗീതസംവിധായകണ്റ്റെ സംഗീതത്തിലൂടെ വരുന്നുവെങ്കില്‍ അതിന്നര്‍ഥം സ്വയം എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാന്‍ കഴിവില്ലെന്നുള്ളതാണ്‌. ഒന്നിനെത്തന്നെ പിന്തുടരാതെ വ്യത്യസ്തത പുലര്‍ത്താന്‍ ശ്രമിക്കുന്നതാണ്‌ സര്‍ഗാത്മകസൃഷ്ടി. എല്ലായ്പ്പോഴും 'ഏഴു സ്വരങ്ങളും' പോലുള്ള പാട്ടുകള്‍ മാത്രമാണുണ്ടാക്കുന്നതെങ്കില്‍ അതിലെന്ത്‌ അര്‍ഥമാണുള്ളത്‌?

രവീന്ദ്രണ്റ്റെ ഗാനങ്ങളില്‍ കണ്ടു വരുന്ന ഒരു പൊതുസ്വഭാവ വിശേഷമുണ്ട്‌. പഞ്ചമം വരെയുള്ള സ്വരങ്ങളുടെ ഒരു വിന്യാസം. പ്രത്യേകിച്ച്‌ യേശുദാസ്‌ പാടുമ്പോള്‍, ഈ രീതിയെക്കുറിച്ച്‌.. ?
എന്നെ സംബന്ധിച്ചിടത്തോളം ഒരു ഗാനം ഞാന്‍ യേശുദാസിനു വേണ്ടി സംവിധാനം ചെയ്യുമ്പോള്‍ അദ്ദേഹത്തിണ്റ്റെ ശബ്ദത്തെ പരമാവധി ഉപയോഗപ്പെടുത്തണം എന്ന നിര്‍ബന്ധം എനിക്കുണ്ട്‌. ഒരു ഗാനം യേശുദാസിനാണ്‌ എന്നു പറയുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ കാണുകയാണ്‌. അദ്ദേഹത്തിണ്റ്റെ ശബ്ദസാധ്യതകളാണ്‌ എണ്റ്റെ മനസ്സില്‍ തെളിയുന്നത്‌. അദേഹത്തിണ്റ്റെ ശബ്ദത്തില്‍ നിന്ന്‌ എന്തൊക്കെ കിട്ടുമെന്ന്‌ ഞാന്‍ മനസ്സിലാക്കി വച്ചിരിക്കുന്നതില്‍ നിന്നാണ്‌ കമ്പോസിംഗ്‌ തുടങ്ങുന്നത്‌. ഇന്ന്‌ മലയാളഗായകരില്‍ ഏറ്റവും റേഞ്ച്‌ കൂടുതലുള്ള ഗായകന്‍ യേശുദാസാണെന്നതില്‍ സംശയമില്ല. ഓരോ ഗായകനും ഓരോ റേഞ്ചുണ്ട്‌. അത്‌ മനസ്സിലാക്കി വേണം ഗാനം രൂപപ്പെടുത്താന്‍. എത്രയോളം മുകളിലേക്കു പോകാമോ, അത്രത്തോളം താഴേക്കു പോകാനും യേശുദാസിനു കഴിയും. അദ്ദേഹം താഴ്സ്ഥായിയില്‍ പാടുമ്പോള്‍ അതിണ്റ്റെ അഴക്‌ ഒന്നു വേറെ തന്നെയാണ്‌.

ക്ളാസിക്കലിസം ഒളിച്ചു കളിക്കുന്നുണ്ടല്ലോ താങ്കളുടെ ഗാനങ്ങളില്‍. എല്ലാ ഗാനങ്ങളും രാഗാധിഷ്ഠിതമായാണോ ചെയ്യാറ്‌?
ഒരിക്കലുമല്ല. ഒരു ഗാനവും ഞാന്‍ മനപ്പൂര്‍വ്വം രാഗാധിഷ്ഠിതമായി ചെയ്യാറില്ല. മോഹനത്തില്‍ ഒരു പാട്ട്‌ എന്നോ, കല്യാണിയില്‍ ഒരു പാട്ട്‌ എന്നോ എന്ന ഒരു മുന്‍വിധിയോടു കൂടി ഇതുവരെ ഒരു ഗാനവും കമ്പോസ്‌ ചെയ്തിട്ടില്ല. ഗാനത്തിണ്റ്റെ സന്ദര്‍ഭവും ഗായകനേയും മനസ്സിലാക്കിക്കഴിഞ്ഞാല്‍ പെട്ടിയും വച്ച്‌ ഇരിക്കും. അതില്‍ നിന്ന്‌ ഒരു ഗാനം ഉരുത്തിരിഞ്ഞ്‌ വരികയാണ്‌. പിന്നീട്‌ നോക്കുമ്പോഴായിരിക്കും അതേതെങ്കിലും ഒരു രാഗത്തിലാണല്ലോ എന്നറിയുക. അതങ്ങനെ ആയിപ്പോവുകയാണ്‌. 'പ്രമദവനം' റ്റ്യൂണ്‍ ചെയ്തു കഴിഞ്ഞ്‌ അത്‌ യേശുദാസ്‌ പാടിനോക്കി പറയുമ്പോഴാണ്‌ അറിയുന്നത്‌ അത്‌ ചലനാട്ടയിലാണെന്ന്‌. നാട്ടയുടെ സ്പര്‍ശം ഉണ്ടെന്നു മാത്രമേ കരുതിയിരുന്നുള്ളൂ. എല്ലാ ഗാനങ്ങളും അങ്ങനെത്തന്നെ. ഒരു രാഗത്തിലായിപ്പോവുകയാണ്‌. ദൈവാനുഗ്രഹമെന്നേ പറയേണ്ടൂ. തെറ്റുകള്‍ പറ്റാറില്ല. പല്ലവി ഒരു രാഗത്തിലാണെന്ന്‌ കണ്ടു കഴിഞ്ഞാല്‍ ചരണങ്ങളും ആ രാഗത്തില്‍ തന്നെയായിരിക്കും. മനപ്പൂര്‍വ്വം ചില അന്യസ്വരപ്രയോഗങ്ങള്‍ നടത്താറുണ്ട്‌. അതിനനുസരിച്ചുള്ള കോര്‍ഡ്‌ മാറ്റങ്ങളും മറ്റുമുണ്ടാകും.

(ഹംസധ്വനി രാഗത്തിണ്റ്റെ വശ്യസൌന്ദര്യം സ്വരങ്ങളിലെഴുതിയ രവീന്ദ്രനോട്‌ ഈ ചോദ്യം പ്രസക്തമായിത്തോന്നി)
ഹംസധ്വനി രാഗത്തോട്‌ എന്തെങ്കിലും പ്രത്യേക മമത...? (രാഗങ്ങളേ മോഹങ്ങളേ, രാവില്‍ രാഗനിലാവില്‍, മനതാരില്‍ എന്നും പൊന്‍കിനാവും, ഉത്രാടപ്പൂനിലാവേ വാ എന്നീ ഗാനങ്ങള്‍ ഓര്‍മ്മിച്ചു കൊണ്ട്‌.. )
ഒരു രാഗത്തോട്‌ പ്രത്യേകിച്ചെന്തെങ്കിലും താല്‍പര്യമൊന്നുമില്ല. ഞാന്‍ സംഗീതസംവിധായകനാകുന്നതിനു മുന്‍പുള്ള കാലം. ഞാന്‍ ബഹുമാനിക്കുന്ന ഒരു പ്രസിദ്ധ സംഗീതസംവിധായകന്‍ എന്നോടൊരിക്കല്‍ പറഞ്ഞു, ഹംസധ്വനിയില്‍ സിനിമാഗാനങ്ങളുണ്ടാക്കുന്നത്‌ അസാധ്യമാണെന്നും ഉണ്ടാക്കിയാല്‍ തന്നെ ശോഭിക്കുകയില്ലെന്നും. അതൊരു വെല്ലുവിളിയായി മനസ്സില്‍ കൊണ്ടു നടന്നു. അവസരം കിട്ടിയപ്പോള്‍ മറിച്ചാണെന്ന്‌ തെളിയിക്കുവാനായി. പക്ഷേ പലരും ഹംസധ്വനിയെ വികൃതമാക്കുന്നതു കണ്ടപ്പോള്‍ ഞാനതു നിര്‍ത്തി.

ഹിന്ദുസ്ഥാനി സംഗീതസങ്കല്‍പങ്ങള്‍ ഗാനങ്ങളിലുപയോഗിക്കാറുണ്ടോ?ലയത്തിനാണ്‌ ഹിന്ദുസ്ഥാനിസംഗീതത്തില്‍ പ്രാധാന്യം കൂടുതല്‍. അതുകൊണ്ടു തന്നെ പ്രേമഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ ഹിന്ദുസ്ഥാനിച്ഛായ ഒരു വ്യത്യസ്തതയ്ക്കായി ഞാന്‍ നല്‍കാറുണ്ട്‌. 'നിഴലായ്‌ ഓര്‍മ്മകള്‍' എന്ന 'വിഷ്‌ണു' വിലെ ഗാനത്തിണ്റ്റെ സന്ദര്‍ഭം നോക്കിയപ്പോള്‍ അതിനൊരു ഗസല്‍ച്ഛായ നല്‍കിയാല്‍ കൊള്ളാമെന്നു തോന്നി. അങ്ങിനെയിരുന്ന്‌ കമ്പോസ്‌ ചെയ്തപ്പോഴാണ്‌ ആ ഗാനം ഉണ്ടായത്‌. അതു പോലെ 'കളിപ്പാട്ടമായ്‌.. '

വേറൊരു പ്രത്യേകത ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടല്ലോ. ഒരു ഗാനത്തിണ്റ്റെ ഈണം വേറൊരു ഗാനത്തിണ്റ്റെ വരികള്‍ക്കിടയിലെ സംഗീതമായി ഉപയോഗിക്കുന്നത്‌---? (1985 ലെയും 1987 ലെയും തരംഗിണി ഉത്സവഗാനങ്ങള്‍ ഓര്‍ക്കുക)
അതെ. അത്‌ വ്യത്യസ്തത എന്ന നിലയ്ക്കാണ്‌ ചെയ്തത്‌. വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണത്‌. ഒരു രാഗത്തിലുള്ള ഗാനത്തിണ്റ്റെ ബിറ്റ്‌ വേറൊരു രാഗത്തിലുള്ള ഗാനവുമായി ബന്ധപ്പെടുത്തുക എളുപ്പമല്ല. നേരത്തേ ഹിറ്റായിരുന്ന ആ ഗാനങ്ങളെ ഒന്ന്‌ ഓര്‍മ്മയില്‍ കൊണ്ടു വരിക എന്ന ഒരു ലക്ഷ്യവും ഉണ്ടായിരുന്നു. പക്ഷേ പലരും കരുതിയത്‌ എണ്റ്റെ സ്റ്റോക്കൊക്കെ തീര്‍ന്നു എന്നും അതു കൊണ്ട്‌ പഴയ പാട്ടു തന്നെ എടുത്ത്‌ കോപ്പിയടിച്ചു എന്നുമാണ്‌. പലരും അനുമോദിച്ചപ്പോള്‍ മറ്റു പലരും കഴിവില്ലായ്മയായാണ്‌ ചിത്രീകരിച്ചത്‌. എന്തു ചെയ്യാം?

കമ്പോസ്‌ ചെയ്യുവാനെടുക്കുന്ന സമയം?
അങ്ങനെ ക്ളിപ്തമായ സമയമൊന്നുമില്ല. ഞാനുദ്ദേശിക്കുന്ന രീതിയില്‍ ഈണം വരണം. അതിനെത്ര സമയമെടുക്കുന്നോ അത്രയുമെടുക്കും. 'സൌപര്‍ണ്ണികാമൃത വീചികള്‍' എന്ന ഗാനം ഒരു ദിവസം ഉച്ചഭക്ഷണം കഴിഞ്ഞ്‌ സ്റ്റുഡിയോവില്‍ ചെന്ന്‌ അഞ്ചു മിനിട്ടു കൊണ്ട്‌ രൂപപ്പെടുത്തിയെടുത്തതാണ്‌.

ആദ്യം റ്റ്യൂണിട്ട്‌ പിന്നീട്‌ വരികളെഴുതുന്ന സമ്പ്രദായത്തോട്‌ യോജിക്കുന്നുണ്ടോ?
രണ്ടും കൊള്ളാം. ചില സന്ദര്‍ഭങ്ങളില്‍ റ്റ്യൂണിട്ട്‌ കൊടുക്കേണ്ടി വരും. ഞാന്‍ അന്‍പതു ശതമാനം വരികള്‍ക്കനുസരിച്ച്‌ റ്റ്യൂണിടുമ്പോള്‍ അന്‍പതു ശതമാനം ആദ്യം റ്റ്യൂണിട്ടു കൊടുക്കുന്നു. പക്ഷേ ആരാണ്‌ ഗാനരചയിതാവ്‌ എന്നതാണ്‌ പ്രധാനം. എഴുതുന്നയാള്‍ക്ക്‌ സംഗീതബോധമുണ്ടെങ്കില്‍ റ്റ്യൂണീട്ട്‌ എഴുതിയതാണെന്ന്‌ തോന്നുകയില്ല. പുറമെ അവര്‍ പാടുന്നില്ലെങ്കിലും അകമേ അവര്‍ പാടുന്നുണ്ടാകും. 'സൌപര്‍ണ്ണികാമൃത വീചികള്‍', 'പത്ത്‌ വെളുപ്പിന്‌' തുടങ്ങിയവ പാട്ടാദ്യം എഴുതിയവയാണ്‌.

സംഗീതത്തിണ്റ്റെ ഇന്നത്തെ അവസ്ഥ....
ഇന്ന്‌ കലാരംഗത്താകെ കച്ചവടമന:സ്ഥിതിയാണ്‌. ശുദ്ധമായ സംഗീതം വിട്ട്‌ മറ്റേയാളേക്കാള്‍ എങ്ങനെ സ്കോര്‍ ചെയ്യാം, എങ്ങനെ ചെയ്താല്‍ കൂടുതല്‍ ലാഭമുണ്ടാകും എന്ന രീതിയിലാണ്‌ എല്ലാവരും ചിന്തിക്കുന്നത്‌. കലാമൂല്യമുള്ള ഒന്ന്‌ എന്നതിനു പകരം ലാഭമുള്ള ഒന്ന്‌ എന്നായിരിക്കുന്നു സംഗീതം. അറിയുവാനുള്ള ജിജ്ഞാസ ഇല്ലാതായിരിക്കുന്നു. അത്‌ അറിവില്ലായ്മ കൊണ്ടാണ്‌. കള്ളത്തരം കാണിച്ച്‌ കോപ്പിയടിച്ച്‌ ഗാനങ്ങള്‍ ഉണ്ടാക്കുന്നവരെ അഭിനന്ദിക്കുന്ന കാലമാണിന്ന്‌. സിനിമ, കല എന്നതൊക്കെ ക്വാളിറ്റിയേക്കാളും ഭാഗ്യത്തെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്‌. (അടുത്തിടെ ഇറങ്ങിയ ചില തമിഴ്‌ ഗാനങ്ങളേയും കൂടി ചൂണ്ടിക്കാണിച്ചു കൊണ്ട്‌ രവീന്ദ്രന്‍ പറയുന്നു--) നമ്മള്‍ കഷ്ടപ്പെട്ട്‌ മേല്‍സ്ഥായിയും കീഴ്സ്ഥായിയും രാഗവും സ്വരവും നോക്കി പാട്ട്‌ ഉണ്ടാക്കിയിട്ട്‌ ഒരു കാര്യവുമില്ല എന്നായിരിക്കുന്നു.

ഇന്നത്തെ ആസ്വാദനനിലവാരത്തെക്കുറിച്ച്‌?
ഇന്നത്തെ കുട്ടികള്‍ക്ക്‌ കര്‍ണ്ണാടകസംഗീതത്തിണ്റ്റെ പാരമ്പര്യത്തെക്കുറിച്ചൊ പ്രാധാന്യത്തെക്കുറിച്ചോ ഒന്നുമറിഞ്ഞു കൂട. എന്തിന്‌, മലയാളി കുട്ടികള്‍ക്ക്‌ മലയാളം നന്നായി എഴുതുവാനും വായിക്കുവാനും അറിയാത്ത അവസ്ഥയാണിന്നുള്ളത്‌. ശാസ്ത്രീയസംഗീതത്തെക്കുറിച്ചോ രാഗത്തെക്കുറിച്ചോ സ്വരത്തെക്കുറിച്ചോ ഒന്നുമറിയുന്നില്ല. അവരതോര്‍ത്ത്‌ വിഷമിക്കുന്നുമില്ല. മ്യൂസിക്‌ ചാനലില്‍ വരുന്ന പാട്ടുകളും വിദേശകാസറ്റുകളും കേള്‍ക്കേണ്ടി വരുമ്പോള്‍ അവര്‍ വെറും രസത്തിനായ്‌ മാത്രം പാട്ടു കേള്‍ക്കുന്നവരായി മാറുന്നു. കേള്‍ക്കുമ്പോഴുള്ള ഒരു രസമല്ലാതെ മറ്റൊന്നും അവര്‍ ചിന്തിക്കുന്നേയില്ല. മുപ്പത്തിയഞ്ച്‌ രൂപ കൊടുത്ത്‌ ഒരു കാസറ്റ്‌ വാങ്ങിക്കുന്ന ഒരാള്‍ ആ.... എന്ന്‌ നീട്ടുന്ന ഒരു പാട്ട്‌ കേള്‍ക്കുന്നതിനേക്കാള്‍ മൊത്തത്തില്‍ രസമുളവാക്കുന്ന ഒരു 'ഫുട്‌ ടാപ്പ്‌' കേള്‍ക്കാനാണ്‌ ഇഷ്ടപ്പെടുന്നത്‌. പല രീതിയിലുള്ള ദൈനംദിന പ്രശ്നങ്ങള്‍ക്കു ശേഷം പാട്ട്‌ കേള്‍ക്ക്ക്കാനിരിക്കുന്ന ഒരാള്‍ക്ക്‌ രാഗമെന്തെന്നന്വേഷിക്കുവാനോ സ്വരസഞ്ചാരമെന്തെന്ന്‌ നോക്കുവാനോ ഉള്ള സമയമില്ല. ഒരു മണിക്കൂറ്‍ നേരം ശബ്ദമുഖരിതമായ ഒരന്തരീക്ഷം. ഇതിലപ്പുറം ഒന്നുമയാള്‍ക്കു വേണ്ട.

സംഗീതനിലവാരത്തിലെ ഏറ്റക്കുറച്ചിലുകള്‍...?
ഞാന്‍ എനിക്കു വേണ്ടി മാത്രം സംഗീതം ഉണ്ടാക്കിയിട്ടു കാര്യമില്ല. ജനങ്ങള്‍ ഇഷ്ടപ്പെടുന്നതെന്തോ അതാണ്‌ ഞാനവര്‍ക്ക്‌ കൊടുകേണ്ടത്‌. ജനങ്ങളുടെ അഭിരുചി മാറിക്കൊണ്ടേയിരിക്കുന്നു. ഞാന്‍ ഇന്നതേ ചെയ്യൂ, ഇതാണ്‌ ശാസ്ത്രീയവശം എന്നൊക്കെ പറഞ്ഞിരിക്കുകയാണെങ്കില്‍ ഞാന്‍ വേറെ എന്തെങ്കിലും പണി നോക്കേണ്ടി വരും. ജനങ്ങള്‍ പലതരത്തിലുള്ള സംഗീതം കേള്‍ക്കുന്നവരാണ്‌. നമ്മളാണെങ്കില്‍ നമ്മളുടേതു മാത്രവും. അവര്‍ക്കെപ്പോഴും ആസ്വാദ്യകരമായ വ്യത്യസ്തതയാണാവശ്യം. അത്‌ നമ്മുടെ ചുമതലയാണ്‌. അതു കൊണ്ട്‌ തന്നെയാണ്‌ ഞാനിന്ന്‌ സംഗീതസംവിധായകനായിരിക്കുന്നതും. ആസ്വാദകരെ പലതട്ടുകളിലായി തിരിച്ച്‌ ഓരോരുത്തരും ഇഷ്ടപ്പെടുന്ന രീതിയില്‍ സംഗീതം ചെയ്യാനാണ്‌ ഞാന്‍ ശ്രമിക്കുന്നത്‌. അതു കൊണ്ട്‌ ഒന്നിനെ മോശമാണെന്നു പറയുമ്പോള്‍ അപ്പുറത്ത്‌ അതിഷ്ടപ്പെടുന്ന വിഭാഗമുണ്ടെന്ന്‌ മറക്കരുത്‌.

പക്ഷേ ഒരു ന്യൂനപക്ഷത്തിനു വേണ്ടി ഭൂരിപക്ഷത്തെ നിരാശപ്പെടുത്തണോ?
സംഗീതം എണ്റ്റെ തൊഴില്‍ കൂടിയാണ്‌. തികച്ചും തെറ്റെന്ന്‌ അറിഞ്ഞു കൊണ്ടു തന്നെ ചിലപ്പോള്‍ നമുക്ക്‌ ചിലതൊക്കെ ചെയ്യേണ്ടി വരാറുണ്ടല്ലോ. അതു പോലെയാണ്‌ ഇതും. രവീന്ദ്രനാണ്‌ സംഗീതമെങ്കില്‍ ക്ളാസ്സിക്കലൊക്കെ ഫിറ്റ്‌ ചെയ്ത്‌ വലിച്ചിഴയ്ക്കുമെന്നൊരു പറച്ചില്‍ തന്നെയുണ്ട്‌. അതുകൊണ്ടു മാത്രം ഒരു നിര്‍മ്മാതാവും സംഗീതസംവിധാനം എന്നെ ഏല്‍പിക്കാതെ പിന്‍മാറരുത്‌.ഏതു തരം സംഗീതവും എനിക്ക്‌ കൈകാര്യം ചെയ്യാനാവുമെന്ന്‌ ഞാന്‍ തെളിയിക്കണമല്ലോ. റാപ്‌ മ്യൂസിക്‌ എന്നു പറയുന്നത്‌ സംഗീതം പാടുന്നതിനു പകരം പറയുന്ന ഒരിനമാണ്‌. പറയുന്നതിനേയും സംഗീതമാക്കിയിരിക്കുന്നു. പല നിര്‍മ്മാതാക്കളും പറയാറുണ്ട്‌ ഒരു റാപ്‌ വേണമെന്ന്‌. അവര്‍ പറയുന്നതാകട്ടെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നതു കൊണ്ടും. എഴുപതു ശതമാനം പേരും നല്ല സംഗീതം ഇഷ്ടപ്പെടുന്നവരാണ്‌. പക്ഷേ കൊടുക്കുന്നത്‌ വാങ്ങുക എന്നൊരു ഗതികേട്‌ അവര്‍ക്കുണ്ട്‌. ആരോട്‌ പറയാന്‍? ഒരു നിവൃത്തിയുമില്ല. പക്ഷേ നല്ലതു കൊടുക്കുകയാണെങ്കില്‍ രണ്ടു കൈയ്യും നീട്ടി അവര്‍ സ്വീകരിക്കും. നല്ലതിനെ ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ജനങ്ങളാണ്‌ നമ്മുടെ നാട്ടില്‍. എണ്റ്റെ അനുഭവത്തില്‍ നിന്നാണ്‌ ഞാനിതു പറയുന്നത്‌. കിട്ടുന്നില്ല. എങ്കില്‍ കിട്ടുന്നതായിക്കോട്ടെ എന്ന മനോഭാവമാണവര്‍ക്ക്‌. എന്നെ സംബന്ധിച്ചിടത്തോളം കാസറ്റ്‌ സംഗീതമെന്നോ സിനിമാസംഗീതമെന്നോ വ്യത്യാസമില്ല. നല്ല സംഗീതം ഉണ്ടാക്കണമെന്നാണെനിക്കാഗ്രഹം. ജനങ്ങള്‍ക്ക്‌ എന്നെ മറക്കാതിരിക്കാന്‍ നല്ല സംഗീതമെത്തിച്ചു കൊടുക്കണം. അതിനു വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ ഞാന്‍ തയ്യാറാണ്‌.

നവാഗത സംഗീതസംവിധായകരില്‍ പ്രതീക്ഷയുണര്‍ത്തുന്നവര്‍?
ശരത്‌. അയാളുടെ പാട്ടുകളില്‍ സംഗീതമുണ്ട്‌. അയാള്‍ക്ക്‌ സംഗീതമറിയാം. ശരതിനെ അഭിനന്ദിക്കണം.

ധാരാളം പുതിയ ഗായകരെ പരിചയപ്പെടുത്തിയിട്ടുള്ള രവീന്ദ്രന്‍ പുതിയ ഗായകരെക്കുറിച്ച്‌..?
യുവഗായകര്‍ യേശുദാസിനെ അന്ധമായി അനുകരിക്കാന്‍ ശ്രമിക്കുന്നവരാണ്‌. അത്തരമൊരാളെക്കൊണ്ട്‌ ഞാന്‍ പാടിക്കില്ല. രംഗത്ത്‌ നിലനില്‍ക്കാന്‍ കഴിയാതെ വരുന്നതും അതു കൊണ്ടാണ്‌. ശൈലിയിലേ അയാള്‍ക്ക്‌ യേശുദാസിനെ അനുകരിക്കാന്‍ പറ്റൂ. സമ്പ്രദായങ്ങളും മറ്റു വശങ്ങളും അയാള്‍ക്കുണ്ടാകുന്നില്ല. അതിനു കാരണവുമുണ്ട്‌. സ്റ്റേജുകളില്‍ പാടിപ്പഴകുന്നത്‌ യേശുദാസിണ്റ്റെ ഗാനങ്ങളാണ്‌. അറിഞ്ഞോ അറിയാതെയോ ആ ശൈലി ഉറച്ചു പോകുന്നു. ഒരു ഗായകനെ ഗായകനാക്കി മാറ്റേണ്ടത്‌ സംഗീതസംവിധായകനാണ്‌. അയാളുടെ കഴിവുകള്‍ മനസ്സിലാക്കി, നിര്‍ദേശങ്ങള്‍ നല്‍കി, അയാളെ പരിശീലിപ്പിച്ച്‌ ഉപയോഗപ്പെടുത്തണം. ബോബനും മോളിയും കഥാപാത്രങ്ങളായി വരുന്നു 'ദി പ്രസിഡണ്റ്റ്‌' എന്ന ചിത്രത്തില്‍ കുട്ടികള്‍ പാടുന്ന ഒരു ഗാനമുണ്ട്‌. മദ്രാസ്സില്‍ തന്നെയുള്ള കുറേ കുട്ടികളെക്കൊണ്ടാണ്‌ ഞാന്‍ പാടിച്ചിരിക്കുന്നത്‌. പാട്ടില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ചെറിയ കുട്ടികള്‍.

പുതിയ സിനിമകള്‍ ഏതൊക്കെ?
പാവം ഐ.എ. ഐവാച്ചന്‍, ദി പ്രസിഡണ്റ്റ്‌.

വേണു നാഗവള്ളിയുടെ സംവിധാനത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കുവാനും രവീന്ദ്രന്‍ തയ്യാറെടുക്കുന്നു.

പുതിയ സംരംഭങ്ങള്‍... ?
ഒരു അയ്യപ്പഭക്തിഗാന കാസറ്റ്‌ ഇറക്കിയാലോ എന്ന ആലോചനയിലാണ്‌. കേള്‍ക്കാന്‍ നല്ല സുഖമുള്ള ഭക്തി ഉണ്ടാക്കുന്ന ഗാനങ്ങള്‍. കേട്ട്‌ ഇഷ്ടപ്പെടുന്നവര്‍ വാങ്ങട്ടെ. അല്ലെങ്കില്‍ നഷ്ടമാകട്ടെ. എന്തായാലും കുഴപ്പമില്ല. അത്‌ എണ്റ്റെ സംഗീതത്തെ വിലയിരുത്തുന്ന ജനങ്ങള്‍ക്ക്‌ വിട്ടു കൊടുക്കുന്നു..

-അയിലൂര്‍ രാമനാഥ്‌

1994 ചിത്രഭൂമി (ഒക്ടോബര്‍ 23 ലക്കം 30) യില്‍ പ്രസിദ്ധീകരിച്ചത്‌

More on www.sangeetham.info

Thursday, April 17, 2008

ഗായികയ്ക്ക്‌ ഒരു കത്ത്‌

പ്രിയപ്പെട്ട ഗായിക വായിച്ചറിയുവാന്‍ ഒരു പാവം പ്രേക്ഷകന്‍ എഴുതുന്ന കത്ത്‌..

എന്തെന്നാല്‍... ഒരു ചിങ്ങമാസത്തില്‍ തന്നെ മലയാള പിന്നണി ഗാനാലാപനശാഖയിലേക്ക്‌ കടന്നു വന്ന ഗായികയാണ്‌ താങ്കള്‍. പിന്നീട്‌ സ്റ്റേജ്‌ ഷോകളിലെ ഒരു മുഖ്യ ആകര്‍ഷണമായി മാറി താങ്കളുടെ സാന്നിധ്യം. സ്റ്റേജില്‍ താങ്കളുള്‍പ്പടെയുള്ള യുവഗായിക നിര തുടങ്ങി വച്ച 'ആടിപ്പാടല്‍' കേരളമൊട്ടാകെ പ്രചുരപ്രചാരം നേടുകയും താങ്കള്‍ക്ക്‌ ഒട്ടേറെ ആരാധകരെ നേടിത്തരികയും ചെയ്തു എന്നത്‌ പരമമായ ഒരു സത്യം മാത്രമാണ്‌. ഇതില്‍ ഈ പാവം പ്രേക്ഷകന്‌ എന്തു കാര്യം എന്നു ചിന്തിക്കുന്നുണ്ടാകും. കാര്യമുണ്ട്‌...

പാടുന്നതിനൊപ്പം ആടുന്നത്‌ ഒരു കുറ്റമാണോ എന്ന ചോദ്യത്തെ മുന്‍നിര്‍ത്തി ഇന്ന്‌ മലയാളദേശത്തങ്ങോളമിങ്ങോളം, എന്തിന്‌ മറുനാടന്‍ മലയാളികള്‍ക്കിടയില്‍പോലും, ചൂടേറിയ വാഗ്വാദങ്ങള്‍ ഒട്ടനവധി നടന്നു വരുന്നതിനാല്‍, അതിലേക്ക്‌ കൂടുതല്‍ എരിവു പകരാനോ അഭിപ്രായം പറയുവാനോ അടിയന്‍ മുതിരുന്നില്ല. ഈ ജല്‍പനത്തിണ്റ്റെ മുഖ്യ കാരണം ഈയ്യിടെ വിഡ്ഡിപ്പെട്ടിയില്‍ കാണാനിടയായ താങ്കളുടെ ഒരു പാട്ടാണ്‌. പാട്ടിനെ ഇഷ്ടപ്പെടുന്ന പാവം മലയാളികള്‍ അറിഞ്ഞോ അറിയാതെയോ പാട്ടുമായ്‌ ബന്ധപ്പെട്ട എന്തെങ്കിലും കണ്ടാല്‍ ഉടനെ ശ്രദ്ധിക്കും.. അങ്ങിനെ ശ്രദ്ധിക്കാനിടയായതാണ്‌. അല്ലാതെ മന:പൂര്‍വ്വമല്ല... താങ്കള്‍ ക്ഷമിക്കുക.

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പുറത്തു വന്ന 'അഗ്നിനക്ഷത്രം' എന്ന തമിഴ്‌ ചിത്രത്തില്‍ ഇളയരാജ ഈണമിട്ട്‌ ചിത്ര പാടി അനസ്വരമാക്കിയ 'നിന്നുക്കോരീ വര്‍ണ്ണം' എന്ന ഗാനത്തിണ്റ്റെ ചിങ്ങമാസം പതിപ്പിനെ ക്കുറിച്ചാണ്‌ ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്യമിക്കുന്നത്‌. ഏതായാലും ഒരു കാര്യത്തില്‍ താങ്കളോട്‌ നന്ദി രേഖപ്പെടുത്തട്ടെ - ഈ ഗാനം ഇങ്ങനേയും ആലപിക്കാം എന്നത്‌ അടിയങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അറിവു തന്നെയാണ്‌. പിന്നെ ഭാഗ്യവശാല്‍ ഓര്‍ക്കെസ്റ്റ്രയുടെ ഗുണം കൊണ്ടും പല്ലവിയില്‍ ഒത്തു വന്ന തമിഴ്‌ വരികളുടെ സ്ഫുടത കൊണ്ടും മാത്രമാണ്‌ ഗാനമേതെന്ന്‌ തിരിച്ചറിയാന്‍ അടിയങ്ങള്‍ക്ക്‌ കഴിഞ്ഞത്‌.. അത്ര മാത്രം 'ഇമ്പ്രൊവസേഷന്‍' ഈ ഗാനത്തില്‍ കൊണ്ടു വരാന്‍ താങ്കള്‍ക്കു കഴിഞ്ഞതില്‍ പരമമായ അഭിനന്ദനം.

ഇനി വളരെ അനൌപചാരികമായ്‌ ഒന്നു ചോദിച്ചോട്ടെ - ഇതിലും ഭേദം ഈ പാട്ട്‌ സൃഷ്ടിച്ച വാലി-ഇളയരാജ-ചിത്ര എന്നിവരുടെ മുഖത്തേക്ക്‌ ഒരല്‍പം ചെളി വാരി എറിയുന്നതല്ലേ? അവരെ മാത്രമാക്കേണ്ട. വര്‍ഷങ്ങളായ്‌ ഈ ഗാനാങ്ങള്‍ മനസ്സില്‍ താലോലിക്കുന്ന അസംഖ്യം ഗാനാസ്വാദകരേയും ഉള്‍പ്പെടുത്താം.. വൃത്തികേടായ്‌ മാത്രമേ പാടൂ എന്ന വാശിയാണോ അതോ ഗാനം സൃഷ്ടിച്ചവരോടുള്ള പുച്ഛം കലര്‍ന്ന ധാര്‍ഷ്ട്യമാണോ അതല്ല ശരിക്കു പാടേണ്ടതെങ്ങിനെയാണെന്ന അറിവില്ലായ്മയാണോ താങ്കളുടെ പ്രകടനത്തിനു പിന്നിലെ ചേതോവികാരമെന്നത്‌ അടിയയനറിയില്ല. അറിയേണ്ട കാര്യവുമില്ല. എന്നാല്‍ പരിചിതമായ ഈണങ്ങള്‍ സ്റ്റേജില്‍ വികൃതമായി പുനരാവിഷ്കരിക്കപ്പെടുമ്പോള്‍ അതിനോട്‌ പ്രതികരിക്കാനുള്ള ബാധ്യത ഒരു ആസ്വാദകെണ്റ്റെ അവകാശമാണ്‌.

താങ്കളുടെ പ്രകടനത്തോടുള്ള രോഷം പുകയുന്നത്‌ ഈയൊരൊറ്റ ഗാനത്തിണ്റ്റെ പശ്ചാത്തലത്തില്‍ മാത്രമല്ല. തേനും വയമ്പും, വാന്‍മേഘം എന്നിങ്ങനെ ഒട്ടനവധി 'പ്രകടനങ്ങള്‍' താങ്കളുടേതായ്‌ സ്റ്റേജില്‍ അരങ്ങറിയപ്പോള്‍ മുതല്‍ അക്കമിട്ടു വച്ചതാണ്‌. പണ്ടുള്ളവര്‍ കഷ്ടപ്പേട്ട്‌, ബുദ്ധിമുട്ടി സൃഷ്ടിച്ചു വെച്ച ഗാനങ്ങള്‍ ഇന്ന്‌ ആര്‍ക്ക്‌ വേണമെങ്കിലും എടുത്ത്‌ എങ്ങിനെ വേണമെങ്കിലും അമ്മാനമാടാം എന്നാണോ? എങ്കില്‍ സമീപഭാവിയില്‍ തന്നെ മോക്ഷമു ഗലദ യും വാതാപിയും വെങ്കിടാചലനിലയവുമൊക്കെ ഇങ്ങനെ അന്‍പതു പേര്‍ നൃത്തം ചെയ്യുന്ന ഒരു സദസ്സില്‍ പുനരവതരിക്കുമോ? അല്ല, അവ കൂടെ ദര്‍ശിക്കുവാനുള്ള ഭാഗ്യം അടിയങ്ങള്‍ക്കു കിട്ടുമോ എന്നറിയാന്‍ വേണ്ടി ചോദിച്ചു പോയതാണ്‌.

ഈയ്യടുത്ത്‌ മലയാളികള്‍ കഥകള്‍ കണ്ട്‌ കരഞ്ഞു മടുത്തപ്പോള്‍ പാട്ടിണ്റ്റെ പേരില്‍ കരയാന്‍ അവസരമൊരുക്കിത്തന്ന ഒരു 'യഥാര്‍ഥ ഷോ' കാണാനിടയായി. താങ്കള്‍ ഒരു ഗായിക മാത്രമല്ല ഒരു ദാര്‍ശനിക കൂടിയാണെന്ന്‌ വളരെ വൈകിയാണ്‌ അടിയനറിവായത്‌. അതില്‍ പങ്കെടുത്ത്‌ കരയാന്‍ വന്ന ഒരു മത്സരാര്‍ഥിയോട്‌ താങ്കള്‍ ഉപദേശിച്ചു കൊടുത്ത കാര്യങ്ങള്‍ കേട്ടപ്പോള്‍ രോമാഞ്ചകഞ്ചുകിതനായി എന്നു മാത്രമേ ലളിതമായ്‌ പറയേണ്ടൂ.. അതായത്‌ അവാര്‍ഡുകളേക്കാള്‍ നിര്‍വൃതി തരുന്നത്‌ പാട്ടു കേട്ട്‌ കയ്യടിക്കുന്നവരുടെ കരഘോഷമാണെന്നുള്ള താങ്കളുടെ ഉല്‍ബോധനം വളരെ നന്നായി. ചുരുക്കിപ്പറഞ്ഞാല്‍ സംഗീതത്തെക്കുറിച്ച്‌ അല്‍പമെങ്കിലും വിവരമുള്ള ചിലര്‍ അഭിപ്രായം പറഞ്ഞ്‌ അങ്ങിനെ നല്‍കപ്പെടുന്ന അവാര്‍ഡുകളേക്കാള്‍(അവാര്‍ഡുകള്‍ കുറ്റമറ്റ സംവിധാനമല്ലെങ്കില്‍ക്കൂടി) തിളക്കമുള്ളതാണ്‌ വെറും നൈമിഷിക ആസ്വാദനത്തിനായ്‌ (എല്ലായ്പ്പോഴും എന്ന വിവക്ഷ ഇല്ല) ഒത്തു കൂടുന്ന ഒരു കൂട്ടം ജനാവലി മുഴക്കുന്ന കരഘോഷമെന്ന്‌. (അവാര്‍ഡുകള്‍ കിട്ടാത്തതു കൊണ്ടാണ്‌ താങ്കള്‍ അതു പറഞ്ഞതെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അതവരുടെ അസൂയ കൊണ്ടാണെന്നു കരുതിയാല്‍ മതി) കൊള്ളാം. പാടിത്തെളിഞ്ഞു വരുന്ന യുവതലമുറയ്ക്കു പകര്‍ന്ന്‌ നല്‍കാന്‍ പറ്റിയ സന്ദേശം. നാളെ റോക്കറ്റ്‌ സയന്‍സിനെ ക്കുറിച്ച്‌ പ്രബന്ധമെഴുതുന്നവന്‍ പ്രസ്തുത വിഷയത്തെക്കുറിച്ച്‌ അറിവുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക്‌ വില കല്‍പ്പിക്കുന്നതിനേക്കാള്‍ വഴിയിലൂടെ നടന്നു പോകുന്ന നാലു പേരെ വിളിച്ചു കൂട്ടി വായിച്ചു കേള്‍പ്പിച്ച്‌ അവരുടെ കയ്യടി നേടിയാല്‍ മതിയായിരിക്കും. ജീവിതം ധന്യമാകും. നേരെ ചൊവ്വേ പാടരുത്‌, വളഞ്ഞു പുളഞ്ഞു മാത്രമേ പാടാവൂ എന്ന ധ്വനി താങ്കളുടെ അഭിപ്രായങ്ങള്‍ക്ക്‌ മാറ്റു കൂട്ടുന്നു. ഗംഭീരം.

അതിലും ഗംഭീരമായത്‌ ഒരു പ്രമുഖ പത്രത്തിനു നല്‍കിയ അഭിമുഖമാണ്‌. വിമര്‍ശകര്‍ പാടിക്കൊണ്ട്‌ നൃത്തം ചെയ്തു നോക്കട്ടെ, അപ്പോളറിയാം അതിണ്റ്റെ ബുദ്ധിമുട്ടെന്ന്‌ വിമര്‍ശകവൃന്ദത്തിണ്റ്റെ മുഖം നോക്കി വിളിച്ചു പറയാന്‍ എത്ര പേര്‍ ധൈര്യം കാണിച്ചിട്ടുണ്ട്‌? അതായത്‌ എന്നെ തല്ലണ്ടമ്മാവാ..ഈ ജന്‍മത്ത്‌ ഞാന്‍ നന്നാകാന്‍ പോകുന്നില്ല എന്നത്‌ തന്നെ. വളര്‍ച്ചയുടെ ചവിട്ടുപടികളിലൊന്നാണ്‌ വിമര്‍ശനമെന്നത്‌ താങ്കള്‍ക്ക്‌ ഒരു പക്ഷെ അറിയില്ലായിരിക്കും.

നൃത്തം ചെയ്തു കൊണ്ടു മാത്രമേ പാടൂ എന്ന വാശി നല്ലതു തന്നെയാണ്‌ - ചിങ്ങമാസം, ധൂം മചാലേ ധൂം, കറുപ്പിനഴക്‌ എന്നിങ്ങനെയുള്ള ഗാനങ്ങള്‍ ആലപിക്കുമ്പോള്‍. അത്തരം ഗാനങ്ങള്‍ നിങ്ങള്‍ സ്വേച്ഛ പോലെ ആലപിച്ചു കൊള്‍ക. ചോദിക്കാനും പറയാനുമൊന്നും ആരും വരില്ല. രവീന്ദ്രനേയും ഇളയരാജയേയുമൊക്കെ വെറുതേ വിടുക. ഇതൊരപേക്ഷയാണ്‌. ചിത്രയേയും സുജാതയേയും പോലൊന്നും പാടിയില്ലെങ്കിലും ഒരു ഗാനത്തോട്‌ കാണിക്കാവുന്ന ഏറ്റവും കുറഞ്ഞ ആദരവെങ്കിലും കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതു സ്ഥലങ്ങളില്‍ അവ പാടാതിരിക്കുക. അതാണ്‌ നിങ്ങള്‍ക്ക്‌ നിങ്ങളുടെ ബഹുമാന്യരായ സംഗീതഗുരുക്കള്‍ക്കു നല്‍കാവുന്ന ഏറ്റവും വില കൂടിയ ആദരവും സമ്മാനവും.

ഈ കത്ത്‌ താങ്കള്‍ വായിക്കുമെന്ന പ്രതീക്ഷയൊന്നും ഈയുള്ളവന്‍ വച്ചു പുലര്‍ത്തുന്നില്ല. എങ്കിലും ഒരു ആസ്വാദകന്‍ എന്ന നിലയ്ക്ക്‌ പ്രതികരിക്കേണ്ടത്‌ അടിയണ്റ്റെ കടമയാണ്‌. ബാധ്യതയും.

എന്ന്‌ വിധേയന്‍,പാവം ഗാനാസ്വാദകന്‍.